അതെ സുജിത്തിൻ്റെ കണ്ണിൽ ഇരുണ്ട് കയറിയ അനിശ്ചിതത്വത്തിൻ്റെ രാത്രിയിലെ പൊൻ വെളിച്ചമായിരുന്നു അവർ മുന്നോട്ട് വെച്ച ഐഡിയ. സത്യം പറഞ്ഞാല് പണ്ടേ ബിസിനസ് കുടുംബത്തിൽ ജനിച്ച ഫൈസലിൻ്റെയായിരുന്നു സ്റ്റാർട്ടപ്പ് ഐഡിയയും ബിസിനസ്സും, ഫണ്ടിംഗ് മൊത്തം ടോണിയുടെ, ആപ്പ് ഡിസൈൻ ചെയ്തത് ഹരി, ഉണ്ടാക്കിയത് വിക്കിയും,
സിദ്ദുവും. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാഞ്ഞിട്ടും ആ ഗ്രൂപ്പിൽ സുജിത്ത് ഉൾപ്പെട്ടത് അവൻ അവരുടെ, പ്രത്യേകിച്ചും ടോണിയുടെ കൂട്ടുകാരൻ ആയതുകൊണ്ട് മാത്രമായിരുന്നു. ആരും അതൊരിക്കലും കാണിച്ചില്ലെങ്കിലും മറ്റാരേക്കാൾ നന്നായി സുജിത്തിന് സ്വയം അത് ബോധ്യം ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവൻ തന്നെക്കൊണ്ടാവും വിധമെല്ലാം അവർക്ക് ഒരു ബാധ്യത ആവാതിരിക്കാൻ കമ്പനിയുടെ വളർച്ചയ്ക്ക് വേണ്ടി ശ്രമിച്ചു. അതുകൊണ്ടുതന്നെ ഒഫീഷ്യൽ ടൈറ്റിൽ ലോജിസ്റ്റിക് മാനേജർ എന്നായിരുന്നെങ്കിലും പ്രോഡക്റ്റ് ട്രെയിനിങ്ങും, കസ്റ്റമർ കോൾ എടുക്കുന്നതും മുതൽ പർച്ചേസിംഗും ഡ്രൈവിങ്ങും എന്തിനധികം ഭക്ഷണം ഉണ്ടാക്കാനും ക്ലീനിങ്ങിനും വരുന്ന ചേച്ചിയുടെ സൂപ്പർവിഷൻ വരെ എല്ലാം അവൻ കണ്ടറിഞ്ഞു ചെയ്തു.
അവനെ സംബന്ധിച്ച് അവന് മറ്റൊരു പണി എവിടെയും കിട്ടാനില്ല. അതുകൊണ്ട് അവൻ്റെ രക്ഷ അത് കമ്പനിയുടെ രക്ഷയാണ് എന്ന് അവൻ നേരത്തെ ഉറപ്പിച്ചിരുന്നു. അന്നത്തോടെ അവൻ്റെ ആ തീരുമാനം ഒന്നുകൂടി ദൃഢമായി. സുജിത്തിൻ്റെ മുഖത്തെ പുഞ്ചിരിക്കൊപ്പം എല്ലാവരുടെ മുഖവും തെളിഞ്ഞു. “അപ്പോ പിന്നെ എല്ലാവരും കൈയ്യടിച്ച് പാസാക്കുകയല്ലേ,” ഹരി വിളിച്ചു ചോദിച്ചു. “അതൊക്കെ എപ്പോഴേ പാസ്സായി,” വിക്കി പൊട്ടിച്ചിരിച്ചു.
“അപ്പോ നമ്മുടെ ഹാപ്പി വില്ല ഒരുങ്ങുകയാണ്, നമ്മുടെ സുജിത്തിൻ്റെ മീരയെ വരവേൽക്കാൻ, അങ്ങനെ വീണ്ടും ഒരു വീടായി മാറാൻ” ഫൈസൽ ഉറക്കെ പറഞ്ഞു.
“അല്ല, ഇനി മീരയ്ക്ക് ഇത് സമ്മതമല്ലെങ്കിൽ… ” ഹരി ഒരു നിമിഷം ചിന്തിച്ച ശേഷം ചോദിച്ചു. സുജിത്ത് ഇടയിൽ കേറി, “അവൾ സമ്മതിക്കും… ഒളിച്ചോട്ടമൊഴികെ എന്തും അവൾ സമ്മതിക്കും. കാരണം എന്നെയല്ലാതെ വേറെ ഒരാളെ കെട്ടേണ്ടി വന്നാൽ അവൾക്ക് ഭ്രാന്തുപിടിക്കും. ”
“അങ്ങനെ ഒരു പെണ്ണിനെ കിട്ടിയ നീ ഭാഗ്യം ചെയ്തവനാണ്, ” ഹരി പറഞ്ഞു. “അങ്ങിനെ ഒരു പെണ്ണിനെയും, നിങ്ങളെപ്പോലെ ഉള്ള കൂട്ടുകാരെയും,” സുജിത്ത് തിരുത്തി.
“അല്ല ഇനി എങ്ങാനും ബ്രോയുടെയോ അണ്ണിയുടെയോ വീട്ടിൽ നിന്ന് ഇവരുടെ കൂടെ താമസിക്കാൻ ഇടയ്ക്കൊക്കെ ആരെങ്കിലും വന്നാലോ?” വിക്കി കുഴഞ്ഞു മറിഞ്ഞ് ആലോചിച്ച് ചോദിച്ചു.
“എടാ ആദ്യത്തെ കാര്യങ്ങള് ആദ്യം…പിന്നെ ബാക്കിയെല്ലാം…എന്തായാലും കല്യാണം കഴിഞ്ഞ് ആദ്യ വർഷം അങ്ങനെ ആരും വരില്ല. ആദ്യ വർഷം മുഴുവൻ ഇവരെ ആണ് എല്ലാവരും അങ്ങോട്ട് വിളിക്കുക.ഇനി അത് കഴിഞ്ഞാലും ആവശ്യമെങ്കിൽ അങ്ങനെ ആരും വരാതെ നമ്മൾ നോക്കും. എന്നിട്ടും ആരെങ്കിലും എന്നെങ്കിലും വന്നാൽ നമ്മൾ ഒരുമിച്ച് അത് മാനേജ് ചെയ്യും. തലയ്ക്ക് മീതെ വെള്ളം വന്നാൽ അതിന് മീതെ വള്ളം…” ഹരി പറഞ്ഞു.
“എടാ വിക്കി എന്നാലും ഇത്രേം ബുദ്ധി നീ പണിയിൽ കാണിച്ചിരുന്നെങ്കിൽ നമ്മുടെ സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങൾ പാതി കുറഞ്ഞേനെ,” ഫൈസൽ പറഞ്ഞതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
അങ്ങനെ ബാക്കി കാര്യങ്ങൾ എല്ലാം തീരുമാനമായിരുന്നതുകൊണ്ട് കഷ്ടിച്ച് രണ്ടുമാസത്തിനുള്ളിൽ അതായത് ഡിസംബറിൽ വിവാഹം നടന്നു. കഷ്ടിച്ച് ഒരാഴ്ച്ച നാട്ടിൽ വിരുന്നും മറ്റുമായി ചിലവിട്ട ശേഷം സുജിത്തും മീരയും ബാംഗ്ലൂരിലെത്തി. അവൾ ആദ്യമായിട്ടായിരുന്നു അത്രയും വലിയൊരു നഗരം കാണുന്നത്.
മെട്രോയും ഫ്ലൈ ഓവറുകളും വാഹന തിരക്കും ഒന്നും പോരാഞ്ഞിട്ട് ഉച്ചയോടെടുത്ത നേരത്തും ബാംഗ്ലൂരിലെ തണുപ്പും കണ്ട് അന്തം വിട്ടുപോയ മീര റെയിൽവേ സ്റ്റേഷനീല വെച്ച് തന്നെ സുജിത്തിൻ്റെ കൈ മുറുകെ പിടിച്ചു. അത് കൈ പിന്നെ വിട്ടത് സ്റ്റേഷൻ്റെ വെളിയിൽ നിർത്തിയിട്ട കാറിൻറെ അരികിൽ ടോണിയെ കണ്ടപ്പോഴാണ്. ടോണിയും ബാക്കിയുള്ളവരും ജോലിത്തിരക്കെന്ന പേരും പറഞ്ഞ് നേരത്തെ തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചിരുന്നു. മീര വരുമ്പോഴേക്കും വില്ല ഒരുക്കാൻ.
