ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം 7

“ടോണി… നിങ്ങള് ഇപ്പൊ തന്നെ ഒരുപാട് ചെയ്തു. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ…” സുജിത്ത് എന്തൊക്കെയോ പറയാൻ ശ്രമിച്ചു.

“ശരി നിൻ്റെ മനസ്സിൽ എന്തെങ്കിലും പ്ലാനുണ്ടോ?” ടോണി സുജിത്തിനോട് ചോദിച്ചു.

സുജിത്തിൻ്റെ തല വീണ്ടും താണു. അവൻ വെട്ടി വിയർത്തു.

“എടാ നിന്നെ വിഷമിപ്പിക്കാൻ അല്ല. നിന്നെയും അവളെയും പറ്റുന്നത്രയും കാലം ഞങൾ സഹായിക്കും. പക്ഷേ ഈ നാട്ടിൽ ഒരു കുടുംബമായി ജീവിക്കുമ്പോൾ അതൊന്നും ഒന്നുമാകില്ല.”

“ശരി ടോണി നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?” ഹരിയാണ് അത് ചോദിച്ചത്

“ഞാൻ ആലോചിച്ചിട്ട് രണ്ടു വഴിയാണ് ഉള്ളത്. ഒന്ന് ഇവൻ അവളെ നാട്ടിൽ തന്നെ നിർത്തി ഒറ്റയ്ക്ക് ഇങ്ങോട്ട് ഇവിടെ നിന്ന് ജോലി ചെയ്യുക. പറ്റുമ്പോൾ നാട്ടിൽ പോവുക. …പക്ഷേ അതിൽ ഒരു കുഴപ്പമുള്ളത് ഇത്രയും വലിയ വീടും കാറും സൗകര്യങ്ങളും ഒക്കെ ഉണ്ടായിട്ടും ഇവൻ മീരയെ എന്തുകൊണ്ട് ഇങ്ങോട്ട് കൊണ്ടുവരുന്നില്ല എന്നതിന് ഒരു കാരണവും പറയാനില്ല എന്നതാണ്. കുറച്ചുകാലം എന്തെങ്കിലും നുണ പറഞ്ഞു പിടിച്ചു നിന്നാൽ പോലും നാൾക്കുനാൾ സംശയം കൂടും. പിടിക്കപ്പെടും. പിടിക്കപ്പെട്ടാൽ പിന്നെ അറിയാമല്ലോ… ”

“വേണ്ട… അത് വേണ്ട… അവളെ പിരിഞ്ഞ്….അതുവേണ്ട…. ” സുജിത്ത് പറഞ്ഞു.

“അതെ രണ്ടു യുവ മിഥുനങ്ങളെ വേർപിരിക്കുന്നത് അല്ലെങ്കിലും പാപമാണ്, ” വിക്കി കൂട്ടിച്ചേർത്തു.

“എന്താണ് രണ്ടാമത്തെ ഓപ്ഷൻ?” ഫൈസൽ ചോദിച്ചു.

ഗ്ലാസിൽ ബാക്കിയുള്ള മദ്യം കൂടി ഇറക്കിയ ശേഷം ടോണി സുജിത്തിനെ നോക്കി. പിന്നെ സാവകാശം എഴുന്നേറ്റ് ജനലിനരുകിൽ പോയി പുറത്തെ വിജനതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, ” ഈ ഹാപ്പി വില്ലയിൽ വെച്ചാണ് കൂട്ടുകാരായിരുന്ന നമ്മൾ ഒരു കുടുംബം പോലെയായത്,” ടോണി ഒന്ന് നിർത്തിയ ശേഷം തിരിഞ്ഞ് മറ്റുള്ളവരെ നോക്കിക്കൊണ്ട് തുടർന്നു,

“രണ്ടാമത്തെ ഓപ്ഷൻ ഒരു ഓപ്ഷൻ ആണോ അല്ലയോ എന്ന് പോലും തീരുമാനിക്കേണ്ടത് ഞാനോ നിങ്ങളോ അല്ല, സുജിത്താണ്. പക്ഷേ ഒന്നെനിക്ക് ഉറപ്പാണ്, നമ്മൾ ഉണ്ടാക്കിയ ഈ കുടുംബത്തിന് സുജിത്തും മീരയും വേർപിരിയാതെ അവരെ സഹായിക്കാൻ പറ്റുന്ന ഒരേയൊരു ഓപ്ഷൻ അതാകും.”

“എന്താണ് നീ കാര്യം പറ,” ഫൈസൽ ചോദിച്ചു. ടോണി സുജിത്തിൻ്റെ മുഖത്തേക്ക് നോക്കി. സുജിത്തിൻ്റെ മുഖത്തും മറ്റുള്ളവരെപ്പോലെ ആകാംക്ഷ തളം കെട്ടി.

“സുജിത്തിന് സമ്മതമാണെങ്കിൽ, നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ അവനും മീരയും നമ്മുടെ കൂടെ ഹാപ്പി വില്ലയിൽ തന്നെ താമസിക്കട്ടെ. നമ്മുടെ കുടുംബത്തിലെ ആദ്യത്തെ ദമ്പതികളായി. അഡ്വാൻസിൻ്റെയോ വാടകയുടെയോ തലവേദനയില്ലാതെ, ചെലവുകൾ ഇതുവരെ എങ്ങനെയാണോ നമ്മൾ കമ്പനിയുടെ ഓപ്പറേഷൻസ് കോസ്റ്റിൽ ഉൾപ്പെടുത്തിയത് അതുപോലെ തന്നെ.

മീരയെ ട്രെയിൻ ചെയ്താൽ നമ്മുടെ ഒരു റിസപ്ഷനിസ്റ്റ് അല്ലെങ്കിൽ കോൾ സെൻ്റർ എക്സിക്യൂട്ടീവ് അല്ലെങ്കിൽ അഡ്മിൻ പോലെ വില്ല നടത്തിക്കൊണ്ട് പോവാൻ ആകുകയാണെങ്കിൽ പുറം കാര്യങ്ങൾ മാത്രം സുജിത്തിന് ഫോക്കസ് ചെയ്യാമല്ലോ. അങ്ങനെയാണെങ്കിൽ നമുക്ക് ഒരു ചെറിയ സാലറി മീരയ്ക്കും കണ്ടുപിടിക്കാം.

പക്ഷേ എല്ലാവർക്കും, പ്രത്യേകിച്ച് സുജിത്തിന് സമ്മതമാണെങ്കിൽ മാത്രം,” ടോണി പറഞ്ഞു നിർത്തി. വീണ്ടും അവിടമാകെ നിശബ്ദത നിറഞ്ഞു. ഓരോരുത്തരുടെയും നിശ്വാസങ്ങൾ അലയടിച്ചു.

ഒടുവിൽ ഹരി തൊണ്ടയനക്കി, ” കേട്ടിട്ട് വളരെ നല്ലൊരു ഐഡിയയാണ്, നമ്മുടേത് ഒരു കുടുംബമാണ്, സുജി നമ്മുടെ ഒരു സഹോദരനും. സഹോദരനും ഭാര്യക്കും തണലൊരുക്കുക എന്നത് നമ്മുടെ ജോലിയാണ്. പക്ഷേ സുജിത്ത് ആണ് തീരുമാനിക്കേണ്ടത്. കാരണം പുറത്തുനിന്ന് നോക്കുന്നവർക്ക് ചെലപ്പോ മറ്റ് അഞ്ച് ആണുങ്ങൾ താമസിക്കുന്ന വീട്ടിൽ ഒരു കുടുംബമായി എങ്ങനെ….”

ഹരിക്ക് വാചകം മുഴുമിപ്പിക്കാനായില്ല. സുജിത്തിൻ്റെ തേങ്ങൽ അതിനിടയിൽ കയറി. അതെ സുജിത്ത് തേങ്ങുകയായിരുന്നു. ഒരു നിമിഷം എല്ലാവരും അമ്പരന്ന് നിൽക്കെ സുജിത്ത് ടോണിയെ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. അവൻ കരച്ചിൽ അവസാനിപ്പിച്ച് ചിരിച്ചുകൊണ്ട്, “താങ്ക്സ് എടാ നിങ്ങളൊക്കെ ഞാൻ എങ്ങിനെയാണ് നന്ദി പറയേണ്ടത്,” എന്ന് പറഞ്ഞപ്പോഴാണ് അത് ആനന്ദ കണ്ണീരാണ് എന്ന് അവർക്ക് മനസിലായത്.

Updated: January 12, 2026 — 2:12 am

Leave a Reply

Your email address will not be published. Required fields are marked *