ദേവനന്ദ – 4
Devanandha Part 4 | Author : Villi
[ Previous Part ]
” നന്ദുവേട്ട… ”
കട്ടിലിൽ കണ്ണടച്ചാണ് കിടന്നതെങ്കിലും ദേവു ആണതെന്നെനിക്ക് മനസിലായി..
” വിഷമമായോ… സാരമില്ല ഏട്ടനല്ലേ? ”
അവൾ ആശ്വസിപ്പിക്കാൻ വന്നതാണോ. പക്ഷെ അത് കേൾക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
” താൻ കിടന്നോ എനിക്ക് നല്ല തലവേദന ”
എല്ലാറ്റിനും കാരണക്കാരി അവളാണെന്നു മനസ്സു പലതവണ വിളിച്ചു പറഞ്ഞിട്ടും അവളെ വെറുക്കനോ അവളോട് ദേഷ്യപ്പെടാനോ എനിക്ക് ആവില്ലായിരുന്നു ..
ഒന്നും മിണ്ടാതെ അവൾ കിടന്നുറങ്ങി..
…………………..
രാവിലെ അവൾ തന്ന അച്ഛന്റെ ഫോട്ടോയുമായി അയാൾ പോകാനിടയുള്ള സ്ഥലങ്ങളിൽ ഒക്കെ ഹരിയേയും കൂട്ടി ഒന്നന്വേഷിച്ചു നോക്കി. എങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം…
എങ്കിലും അവസാന ശ്രമം എന്നോണം ഒന്നുകൂടി അന്ന്വേഷിച്ചപ്പോളാണ് ദേവു പറയാത്ത അല്ലെങ്കിൽ അവൾ പോലും അറിയാത്ത അവളുടെ അച്ഛന്റെ ഒരു സുഹൃത്തിനെ കണ്ടത്തിയത് ..
ഗോവിന്ദൻ ! അവളുടെ അച്ഛനെക്കാൾ പ്രായം കൂടുതലാണ് എങ്കിലും ഇപ്പോളും നല്ല ആരോഗ്യവാനാണ് അദ്ദേഹം.. …
ഞാൻ ആരാണെന്നു അറിഞ്ഞപ്പോൾ തന്നെ ഉള്ള അയാളുടെ സ്നേഹ പ്രകടനത്തിൽ നിന്ന് എനിക്കൊരു കാര്യം ഉറപ്പായിരുന്നു . അച്ഛനെ കുറിച്ചിയാൾക്ക് എന്തൊക്കെയോ അറിയാം എന്ന്.
” അജയൻ എനിക്ക് ഒരു അനിയനെ പോലെ ആയിരുന്നു. എല്ലാത്തിലും അവനെനിക്ക് ഒരു സഹായി ആയിരുന്നു. പല വിഷമങ്ങളും അവനുണ്ടായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ അവന്റെ സ്വഭാവം അങ്ങനെ ആണ് ഒന്നും ആരോടും പറയില്ല. എല്ലാം സ്വയം അനുഭവിച്ചു അങ്ങ് തീർക്കും.. ഇടക്ക് ഞാൻ കുറച്ചു കാശൊക്കെ കൊടുത്തു സഹായിക്കുമായിരുന്നു എങ്കിലും വേറെ ഒന്നും എനിക്കുമറിയില്ല..
ഒരു ദിവസം അവൻ ഇവിടെ വന്നിരുന്നു. വീട്ടിലെന്തൊക്കെയോ പ്രശ്നങ്ങൾ ആണെന്നോ. അതുകൊണ്ട് മോളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങുക ആണെന്നോ… അത്യാവശ്യമായി ഒരു വീട് വാടകക്ക്
എടുത്ത് തരണമെന്നൊക്കെ പറഞ്ഞു..
അതനുസരിച്ചു ഞാൻ അവനെയും കൂട്ടി ഒരു വീട് കാണിച്ചു കൊടുത്തതും ആണ്. അടുത്ത ദിവസം തന്നെ താമസം മാറാം…. കുറച്ചു കാശു കിട്ടാനുണ്ട്. കിട്ടിയാൽ ഉടനെ വരാം എന്നു പറഞ്ഞു പോയത് ആണ് .. പിന്നെ ഞാൻ കണ്ടിട്ടില്ല അവനെ… എന്താ മോനെ അവനെന്തിങ്കിലും അപകടം…… ? ”
” അങ്ങനെ ഒന്നുമില്ല ചേട്ടാ.. രണ്ടു ദിവസം ആയിട്ടു വിളിച്ചിട്ടു കിട്ടുന്നില്ല എന്നവൾ പരാതി പറഞ്ഞു. അച്ഛനോട് പറയാതെ ഇറങ്ങി പോന്നതിന്റെ ദേഷ്യം ഇപ്പോളും ഉണ്ട് അച്ഛന് അവളോട്. അതിന്റെ ആകും എന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ .. സമാധാനം തരുന്നില്ല അപ്പൊ ചുമ്മാ ഒന്ന് വന്നു അന്ന്വേഷിച്ചിട്ട് പോകാമെന്നു കരുതി അത്രെ ഒള്ളൂ.. ”
ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഒരു നുണ തട്ടിവിട്ടു.. കാണാനില്ല എന്ന് വെറുതെ പറഞ്ഞു പ്രശ്‌നം ആക്കേണ്ട എന്നും കരുതി. ഏതായാലും അയാളത് വിശ്വസിച്ചു..
” അവൻ പൊന്നു പോലെ നോക്കിയതല്ലേ ആ മോളെ ? അപ്പോൾ അതിന്റേതായാ ദേഷ്യമൊക്കെ ആർക്കാണെങ്കിലും കാണും…അവനെക്കാൾ നന്നായി ദേവു മോളെ മോന് നോക്കൻ പറ്റുമെന്ന് അവന്
തോന്നിയാൽ ഈ പിണക്കം ഒക്കെ അങ്ങ് മാറിക്കോളും.. അവനുടനെ തന്നെ വരും മോനെ പിണക്കം ഒക്കെ മറന്നു .. ”
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛൻ വരികയോ വിളിക്കുകയോ എന്തെങ്കിലും ചെയ്‌താൽ അറിയിക്കാം എന്ന് പറഞ്ഞു എന്റെ ഫോൺ നമ്പറും വാങ്ങിയാണ് അയാൾ ഞങ്ങളെ യാത്ര ആക്കിയത്
ആ ചേട്ടൻ പറഞ്ഞു തന്ന ഒന്ന് രണ്ടിടങ്ങളിൽ കൂടി ഒന്ന് കയറിയിട്ടാണ് വീട്ടിലേക്കു തിരിച്ചത്. പക്ഷെ അവിടെ നിന്നും യാതൊന്നുമറിയാൻ കഴിഞ്ഞില്ല.
ഹരിയെ യാത്ര ആക്കി വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു ..
കയറി ചെന്നതേ ദേവു എന്റെ അടുത്തേക്ക് ഓടി വന്നു.. അവളുടെ മുഖത്തു ഭയവും പരിഭ്രാന്തിയും നിഴലിച്ചിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…
