ഹോട്ടലിനുള്ളിൽ കയറി ഭക്ഷണത്തിന് മുന്നിൽ ഇരുന്നാണെന്റെ ചിന്ത എന്ന് ദേവുവിന്റെ ചോദ്യം കേട്ടപ്പോളാണ് ഓർമ വന്നത്..
വിശക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും അവൾക് നല്ല വിശപ്പുണ്ടെന്നവളുടെ ഭക്ഷണം കഴിക്കുന്ന രീതിയിൽ നിന്നെനിക് മനസിലായി..
” ഇതാണോ തനിക്കൊന്നും കഴിക്കാൻ വേണ്ടാന്ന് പറഞ്ഞത് ? ”
വായിൽ നിറയെ മസാലദോശ ആയതു കൊണ്ടാകാം എന്റെ തമാശക്ക് മറുപടി ഒരു ചിരി മാത്രമായി അവൾ ഒതുക്കിയത്..
ഞങ്ങൾ യാത്ര തുടർന്നു. വഴിയിൽ കാണുന്ന എന്തും അവൾക്ക് കൗതുകമുണർത്തുന്ന കാഴ്ചകൾ ആയിരുന്നു. കൂട്ടിൽ നിന്നും പരത്തി വിട്ട പ്രാവിനെ ആണെനിക്ക് അപ്പോൾ ഓർമ വന്നതും.
കേരള തമിഴ്നാട് അതിർത്തി കടന്നതേ കാഴ്ച ഭംഗി ഏറുന്ന മുന്തിരി തോട്ടങ്ങൾ എത്തി. കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന മുന്തിരി….. ചോളം.. നെല്ലു..തെങ്ങു … അങ്ങനെ കേരളത്തിൽ നിന്നടിച്ചിറക്കപ്പെട്ടതെല്ലാ നല്ല തലയെടുപ്പോൾടെ ഞങ്ങളെ നോക്കി പുച്ഛത്തോടെ നിൽക്കുന്നതായി തോന്നി. . വള്ളിപ്പടർപ്പുകയിൽ ആടി
ഉലയുന്ന മുന്തിരി കുലകൾ ആരെയും ആകർഷിക്കുന്ന അല്ലെങ്കിൽ കൊതിപ്പിക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു.
മുണ്ടിരി കണ്ട കൗതുകത്തിൽ ഞാൻ ഇടയ്ക്കു കാർ വഴിയരികിൽ നിർത്തി ഇറങ്ങി. കൂടെ അവളും….
” എഡോ നമുക്ക് മുന്തിരി കഴിച്ചാലോ ? ”
എന്റെ ചോദ്യം കേട്ടു എന്റെ അരികിലേക്ക് നീങ്ങി നിന്ന അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.. ഞാനവളെ പിരികം പൊക്കി ഒന്ന് ചിരിച്ചു കാട്ടിയതും..
എന്റെ ഉദ്ദേശ്യം മനസിലാക്കിയ അവൾ മിന്നൽ വേഗത്തിൽ തോട്ടത്തിലേക്ക് ചാടി ഇറങ്ങി ഒരു പിടി മുന്തിരി കുല വലിച്ചു പറിച്ചു കൊണ്ട് ഓടി വണ്ടിക്കടുത്തേക്കു വന്നു.. പിറകെ ആ തോട്ടത്തിന്റെ ഉടമസ്ഥനും..
” ഡെയ് യാരുടാ അത് തിരുട്ടു പസങ്കളാ…(.തമിഴ് .) ”
” നന്ദുവേട്ട വേഗം വണ്ടി എടുത്തോ.. ”
അതും പറഞ്ഞു ദേവു ചാടി വണ്ടിയിൽ കയറി.
ഭാഷ അറിയില്ലെങ്കിലും ഓടി വരുന്നതിനിടയിൽ അയാൾ പറഞ്ഞത് തെറി ആണന്നു മനസിലാക്കി ഞങ്ങൾ വേഗം അവിടെന്നു സ്ഥലം വിട്ടു.
കാറിൽ കയറിയിട്ടും ഞങ്ങൾക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല.
” താനെന്ത് പണിയാടോ കാണിച്ചത്.. ഇത്തിരി പറിച്ചെടുക്കാൻ ഉള്ളതിന് ആ തോട്ടം മൊത്തവും പറിച്ചിങ്ങടുത്തല്ലോ ? ആ പാണ്ടിയുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. ”
” ആഹാ. നന്ദുവേട്ടനല്ലേ പറഞ്ഞെ മുന്തിരി പറിക്കാൻ. ന്നിട്ടിപ്പോ ഞാൻ കുറ്റക്കാരി ”
അവളുടെ മുഖത്തിന് അഴകുകൂട്ടുന്ന ആ നുണക്കുഴി കാണത്തക്ക വിധം അവൾ ചുണ്ടു കൂർപ്പിച്ചു..
” അതിന് ഇത്രയും പറിച്ചെടുക്കണം ആയിരുന്നോ. അത് പോട്ടെ ! ആ ഇരിക്കുന്ന കുപ്പിയിൽ വെള്ളം കാണും. അതെടുത്താ മുന്തിരി ഒന്നു കഴുകി എടുക്കു. കണ്ടിട്ട് തന്നെ കൊതിയാകുന്നു… ”
” അയ്യടാ മോനെ. അങ്ങനെ ഇപ്പൊ അങ്ങ് കഴിക്കണ്ടാ… എന്നെ കുറ്റം പറഞ്ഞതല്ലേ.. ഇതേ ഞാൻ തന്നെ തിന്നോളം… ”
” എന്റെ പൊന്നെടോ. ചതിക്കല്ലേ… ഞാൻ പറഞ്ഞതൊക്കെ പിൻവലിച്ചു….. സോറി…. ”
എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ചിരിച്ചു അവൾ മുന്തിരി കുപ്പിയിലെ വെള്ളത്തിൽ കഴുകി എനിക്ക് നേരെ നീട്ടി … ആദ്യമായാണ് അവളിത്ര സന്തോഷിച്ചു കാണുന്നത്. ഇന്നലെ വരെ സങ്കടങ്ങളും കണ്ണുനീരും തോരാത്ത ദേവുവിൽ നിന്നും വളരെ കുറുമ്പും കുട്ടിത്തവും നിറഞ്ഞ ഒരു ദേവു അവൾക്കുള്ളിൽ ഇന്നും ഉണ്ട് ഞാൻ തിരിച്ചറിഞ്ഞു.
“മുഴുവനും തീർക്കല്ലേ നന്ദുവേട്ട. ഇത്തിരി അച്ഛന് കൊടുക്കണം. ”
മുന്തിരി കഴിക്കുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു.
” ആഹ് കൊടുത്തേക്കാം.. മോള് കട്ടോണ്ട് വന്നതാണെന്ന് പറഞ്ഞു തന്നെ കൊടുക്കാം..പോരെ.. . ”
” ഓഹ് പിന്നെ.. ഞാൻ ഒറ്റക്കല്ലല്ലോ കൂട്ടിനു ഈ കള്ളനും ഉണ്ടായിരുന്നു എന്ന് ഞാനും പറയും ”
” അല്ലെടോ.. അപ്പൊ എന്നെ കാണുമ്പോൾ അച്ഛനോട് ഞാൻ ആരാണെന്നു പറയും താൻ ? ”
പെട്ടന്നവളുടെ മുഖം കരുത്തു. സന്തോഷം നിറഞ്ഞിരുന്ന അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘം വന്നു മൂടുന്നത് ഞാൻ കണ്ടു . അവൾക് അതിന് ഒരു ഉത്തരം പറയാൻ കഴിയില്ല എന്നെനിക് മനസിലായി.
