“ ഇയാളുടെ ശരിക്കുമുള്ള പേരെന്താ.??”
രേവതി മറ്റൊന്നും ചോദിക്കാനില്ലാത്ത പോലെ ചോദിച്ചു
“ ശ്രീക്കുട്ടൻ..” അച്ചു എടുത്തടിച്ചപോലെ അമ്മക്ക് ഉത്തരം കൊടുത്തു.
അമ്മു ചിരി അടക്കി എന്നെത്തന്നെ നോക്കിയിരുന്നു.
“ ഏയ്.. അങ്ങനെയല്ല!!!. എൻ്റെ പേര് ശ്രീരഞ്ജൻ എന്നാ.. ”
“ ഹേ.. അപ്പോ ശ്രീക്കുട്ടൻ എന്നല്ലേ..”
“ നീ എന്തൊക്കെയാ ഈ പറയുന്നേ.?? നിന്നോട് ആരാ ഈ മണ്ടത്തരം ഒക്കെ പറഞ്ഞ് തന്നത്??”
എന്നെ നോക്കി അന്തിച്ചിരുന്ന അച്ചൂനോട് ചിരിച്ചുകൊണ്ട് ഞാൻ തിരക്കി.
കൈ മലർത്തി കാണിക്കാൻ അല്ലാതെ അവൾക്ക് ഒന്നും കഴിഞ്ഞില്ല.
“ എവിടാ ജോലി ചെയ്യുന്നെ??”
വീണ്ടും രേവതിയുടെ ശബ്ദം കേട്ടു
“ ഞാൻ IT… DSP ltd ിൽ.. അവിടെ ടൗൺ ഹാളിൻ്റെ ഒപ്പോസിറ്റ്. ”
“ ഹാ.. ഇതിന് മുൻപോ??”
“ അല്ലാ.. ഫസ്റ്റ് ടൈം ആണ്. ”
“ ഹോ.. വീട് ഓകെ എവിടാ.. ??”
അങ്ങ് തുടങ്ങി ഒരു മാതിരി questioning ആയിരുന്നു പിന്നങ്ങോട്ട്. തെറ്റ് പറയാൻ പറ്റില്ല. മോൾടെ കൂടെ ഇങ്ങനെ വീട്ടിൽ ഒരുന്ന് ചോറ് കേറ്റുമ്പോ ചോദിച്ച് അറിയേണ്ടത് അവരുടെയും ആവശ്യമാണല്ലോ..
ഒരുപാട് ചോദിച്ചെങ്കിലും ഒരു അപരിചിതനോട് പറയാൻ മടിക്കുന്ന ഉത്തരങ്ങളൊന്നും പ്രതീക്ഷിക്കാത്ത മട്ടിലായിരുന്നു ഓരോ ചോദ്യങ്ങളും. ചോദ്യങ്ങൾക്ക് ശേഷം ഒരു പുഞ്ചിരി സമ്മാനിച്ച് എൻ്റെ ഒഴിഞ്ഞ പാത്രത്തിലേക്ക് വീണ്ടും ചോറ് വിളമ്പാൻ തുടങ്ങി.
“ അവിടെ ഒരു ചാന്ദിനിയെ അറിയുമോ?? അവിടെയാ അതിനും ജോലി.”
“ ങും.. അറിയാം.”
ചാന്ദിനി.. എൻ്റെ ഒന്ന് രണ്ട് ക്യാബിന് അപ്പുറത്ത് ഇരിക്കുന്ന ഒരു പെണ്ണ്. കണ്ട് പരിചയമുണ്ട്. പ്രൊഫഷൻ ഭാഗമായി എപ്പോളോ സംസാരിച്ചിട്ടുമുണ്ട്. ഒരു ജാഡ തെണ്ടി.അത്രേ ഉള്ളു..
കഴിച്ച് എഴുന്നേൽക്കുന്ന വരെയും രേവതി ചോദ്യോത്യരങ്ങൾ തുടർന്നു. ഇപ്പൊ ആ മുഖത്ത് ഒരു ചെറിയ തെളിച്ചമൊക്കെയുണ്ട്.
“ ആഹാരം ഒക്കെ ഇഷ്ടപ്പെട്ടോ.. ??”
തൻ്റെ പാചകത്തിൽ മറ്റുള്ളവർ തൃപ്തരാണോ എന്ന് അറിയാനുള്ള ഏതൊരു പെണ്ണിൻ്റെയും ത്വര. അത് സ്വഭാവികമാണ്.
“ ആൻ്റീ.. ഞാൻ ഇത്രക്ക് സ്വാദോട് കൂടെ വല്ലോം കഴിക്കുന്നത് കാലങ്ങൾക്ക് ശേഷമാ.. പണ്ട് അമ്മയും അമ്മായിയും ഒക്കെ വെച്ച് വിളമ്പിതന്നത് ഓർമ വന്നു.”
ഒന്ന് പുകഴ്ത്തി കയ്യിലെടുക്കാമെന്ന് വിചാരിച്ച് പറഞ്ഞതാണെങ്കിലും അതാണ് സത്യം…
എൻ്റെ പറച്ചില് കേട്ട് രേവതി ആകെ അങ്ങ് സുഖിച്ചു.
കൂടെ അമ്മുവിൻ്റെ വക ഒരു ചോദ്യവും.
“ ഇവിടെ വന്നിട്ട് നട്ടിൽ പോയില്ലേ?? ഇനി എന്നാ പോകുന്നെ??”
“ ഇനി പോയിട്ടും വല്യ കാര്യമില്ല.. അവിടെ കാണാനും വെച്ച് വിളമ്പി തരാനും ഒന്നും ആരുമില്ല..”
ആ പറച്ചിലിൽ എല്ലാരുടെയും മുഖത്ത് വന്ന മാറ്റം ഞാൻ കണ്ടു. തുടർന്ന് ചോദിക്കില്ലെന്നറിയം.. എങ്കിലും അവരുടെ മുന്നിൽ പിന്നെ ഇരിക്കാൻ തോന്നിയില്ല. എഴുന്നേറ്റ് പോകുന്നത് മര്യാദ അല്ലെന്ന് തോന്നിയത് കൊണ്ട് അവിടെ തന്നെയിരുന്നു. രേവതിയുടെ കണ്ണുകൾ എന്നെത്തന്നെ നോക്കി. അതിൽ സാധരണയുള്ള കടുപ്പം ഇപ്പോഴില്ല. അച്ചു തുടർന്ന് എന്തോ ചോദിക്കാൻ തുടങ്ങിയെങ്കിലും രേവതി നയത്തിൽ അവളെ തടഞ്ഞു.
പിന്നെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് സമയം മുന്നോട്ട് പോയി.
സമയം മൂന്നരയായി. ഒരു ഓർമപ്പെടുത്തൽ പോലെ ഞാൻ പറഞ്ഞു.
“ പോകണ്ടേ.??” അമ്മുവിനെ നോക്കി ഞാൻ ചോദിച്ചു..
ഹാം.. എന്നാ പോയേക്കാം. വാ.. അമ്മുവും ok പറഞ്ഞു.
“ അതേ.. എങ്കിൽ കേക്ക് ഇരുപ്പുണ്ട് . രാത്രിയിൽ മുറിക്കാൻ ഇരുന്നതാ. പിന്നെ ഇപ്പൊ നിങ്ങളുമുണ്ടല്ലോ. അതകൂടെ കട്ട് ചെയ്തിട്ട് ഇറങ്ങാം” ഞാൻ പറഞ്ഞത് കെട്ട് എഴുന്നേറ്റ അമ്മുവിനോട് രേവതി പറഞ്ഞു.
കേട്ടയുടനെ അച്ചു ഹാപ്പി. മുഖത്ത് ഒരു തെളിച്ചം. അതുപിന്നെ എപ്പോഴും അങ്ങനെതനെയാണല്ലോ.
കേക്ക് കട്ട് ചെയ്യാം എന്ന് പറഞ്ഞ ഉടനെ അമ്മു വയറിൽ ഒന്ന് തലോടി. ഇനി ഇതിൽ സ്ഥലമുണ്ടോ എന്ന് നോക്കും പോലെ. പിന്നീട് എന്നെ ഒരു നോട്ടം. തുടർന്ന് മറ്റു കണ്ണുകളും. ഒരു അനുവാദം പോലെ.
