അവൻ ആ മുറിയുടെ പടിയിറങ്ങി. പുറത്തെ ഇരുട്ടിലേക്ക് അവൻ നടന്നു മറയുമ്പോൾ, അനന്യ അവിടെ തകർന്നു നിൽക്കുകയായിരുന്നു. സ്വന്തം അമ്മ സംരക്ഷിക്കാത്ത, സ്വന്തം വീട് നരകമായ ഒരുവന്റെ വേദനയ്ക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അവൾ വിതുമ്പി.
അർജുന്റെ മനസ്സ് വീണ്ടും പഴയ കാലത്ത് പോയി..
പുഴയോരത്തുകൂടിയുള്ള ആ റോഡ് വിജനമായിരുന്നു. വരുൺ അവിടെ എനിക്കായി കാത്തുനിന്നിരുന്നു. പണ്ട് അച്ഛന്റെ ആക്സിഡന്റ് നടന്ന അതേ സ്ഥലത്തിന് അടുത്തായി ഞാൻ എന്റെ സൈക്കിൾ ചവിട്ടി വീഴ്ത്തി. റോഡിലെ കൊക്കയിലേക്ക് എന്റെ ബാഗും പുസ്തകങ്ങളും ചിതറിക്കിടക്കുന്ന രീതിയിൽ ഇട്ടു. എന്റെ ഒരു ചെരിപ്പ് പുഴയുടെ വക്കിലും മറ്റൊന്ന് റോഡിലും ഉപേക്ഷിച്ചു.
ഒരു വശത്ത് ചളിയിൽ പുരണ്ട സൈക്കിൾ… മറ്റൊരിടത്ത് ചിതറിക്കിടക്കുന്ന എന്റെ ഓർമ്മകൾ. ഒരു ലോറി ഇടിച്ച് തെറിപ്പിച്ചത് പോലെ റോഡിൽ ഞാൻ തന്നെ കൃത്രിമമായി ചില പാടുകൾ ഉണ്ടാക്കി. ആ രാത്രിയിലെ ശക്തമായ മഴയിൽ തെളിവുകൾ പകുതിയും മാഞ്ഞുപോകുമെന്ന് എനിക്കറിയാമായിരുന്നു. പുഴയിലെ ഒഴുക്ക് നോക്കി നിൽക്കുമ്പോൾ വരുൺ എന്റെ അരികിലെത്തി.
വരുൺ: “ദേവാ… നീ ഉറപ്പിച്ചു കഴിഞ്ഞോ?”
ഞാൻ: “അതെ വരുൺ. നാളെ നേരം വെളുക്കുമ്പോൾ, പുഴയിൽ വീണ മകനെ തിരഞ്ഞ് എന്റെ അമ്മ കരയുന്നത് എനിക്ക് കാണണ്ട. കുറച്ചു ദിവസം കഴിഞ്ഞ അവർ എല്ലാം മറക്കും….”
ഞാൻ കീറിമാറ്റിയ അച്ഛന്റെയും എന്റെയും ആ ഫോട്ടോ കയ്യിൽ മുറുക്കിപ്പിടിച്ചു. “ഈ ചിത്രം തെളിവാണ് വരുൺ. എന്റെ അച്ഛനെ കൊന്നവർക്ക് മുന്നിൽ, മരിച്ചെന്ന് അവർ കരുതുന്ന ഈ മകൻ തിരിച്ചുവരും. അന്ന് ഈ ഫോട്ടോയിലെ മൂന്നാമത്തെ ആളെ അവർക്ക് പറഞ്ഞു കൊടുക്കേണ്ടി വരും.”
വരുണിന്റെ ബൈക്കിന് പിന്നിൽ ഇരുന്ന് ഞാൻ ആ നഗരത്തിന്റെ അതിർത്തി കടക്കുമ്പോൾ, ദൂരെ എന്റെ വീടിന്റെ ലൈറ്റുകൾ ഓരോന്നായി അണയുന്നത് ഞാൻ കണ്ടു. ശാലിനി ഇപ്പോൾ വിശ്വനാഥന്റെ നെഞ്ചിൽ ഉറങ്ങുകയായിരിക്കും. തന്റെ മകന്റെ ചോര റോഡിൽ വീണെന്ന് നാളെ അവൾ അറിയുമ്പോൾ, ആ കണ്ണീരിൽ എത്രത്തോളം സത്യമുണ്ടാകുമെന്ന് എനിക്കറിയണം.
”വിട… ദേവ് ആനന്ദ് മരിച്ചു. ഇനി അർജുൻ മാത്രം.”
ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ കാത്തുനിൽക്കുമ്പോൾ ഞാൻ എന്റെ ഫോണിലെ സിം കാർഡ് ഊരി പുഴയിലേക്ക് എറിഞ്ഞു. ഡിജിറ്റൽ ലോകത്ത് ഞാൻ ഒരു പുതിയ വിലാസം സൃഷ്ടിക്കും….
പിന്നെ കോളേജ് പഠനം…ജോലി.. ഫ്രാൻസ്.. അവസാനം.. ഇവിടെ…
അർജുൻ തന്റെ സംസാരം നിർത്തി ആ ഇരുട്ടിലേക്ക് നോക്കി നിന്നപ്പോൾ, അനന്യയ്ക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. ഇത്രയും കാലം താൻ ‘സ്പെല്ലിംഗ് മിസ്റ്റേക്ക്’ വരുത്തുന്ന ഒരു പാവം പയ്യൻ എന്ന് കരുതി കളിയാക്കിയിരുന്ന അർജുൻ, ഉള്ളിൽ ഒരു വലിയ അഗ്നിപർവ്വതം ചുമന്നാണ് നടന്നിരുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.
അവൾ സാവധാനം അവന്റെ അടുത്തേക്ക് നടന്നു. വിറയ്ക്കുന്ന കൈകളാൽ അവന്റെ തോളിൽ പിടിച്ചു.
”ദേവാ…” അവൾ ആദ്യമായി അവനെ ആ പേര് വിളിച്ചു. “നിന്നോട് എന്ത് പറയണം എന്ന് എനിക്കറിയില്ല. ആ ഏഴ് വയസ്സുകാരൻ അനുഭവിച്ച നരകം… നിന്റെ അമ്മയുടെ ആ നിശബ്ദത… അത് കേൾക്കുമ്പോൾ തന്നെ എനിക്ക് ശ്വാസം മുട്ടുന്നു.”
അർജുൻ പ്രതികരിക്കാതെ നിന്നു. അനന്യ അവനെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി.
”നീ എന്നോട് അന്ന് ചോദിച്ചില്ലേ, എന്തിനാണ് നീ ആ സ്പെല്ലിംഗ് മിസ്റ്റേക്കുകൾ വരുത്തുന്നതെന്ന്? ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു… നിന്റെ മനസ്സ് ആ പഴയ പാസ്റ്റിൽ തറഞ്ഞുപോയതുകൊണ്ടായിരുന്നു അത്. തന്റെ അമ്മ മറ്റൊരാളുടെ കൈകളിൽ അമരുന്നത് കാണേണ്ടി വന്ന ഒരു കുഞ്ഞിന് എങ്ങനെയാണ് ജീവിതത്തിൽ ശ്രദ്ധിക്കാൻ കഴിയുക?”
അനന്യ തന്റെ ക്യാബിനിൽ അസ്വസ്ഥയായി ഇരിക്കുകയായിരുന്നു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന നിർണ്ണായകമായ ബോർഡ് മീറ്റിംഗിന്റെ അജണ്ട അവളുടെ മുന്നിലുണ്ട്. കമ്പനിയുടെ ലാഭവിഹിതം ജീവനക്കാർക്ക് നൽകാതെ പുതിയ ‘ഷെൽ പ്രോജക്റ്റുകളിലേക്ക്’ മാറ്റാനുള്ള നീക്കമാണ് അവിടെ നടക്കാൻ പോകുന്നത്.
