എബി എഴുന്നേറ്റു.അവർ കൊല്ലം ബീച്ചിന്റെ തീരത്തിലൂടെ പതുക്കെ നടന്നു. തിരമാലകൾ കാലിൽ തൊടുമ്പോഴും എബിയുടെ മനസ്സ് ഹാരിസ് സാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..
ബീച്ചിലെ തിരമാലകൾക്കരികിൽ വർഷ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു പൂക്കളുള്ള ചുരിദാറിൽ അവൾ അതിസുന്ദരിയായിരുന്നു.
“എന്താ എബി ഇത്ര ആലോചന?” വർഷ അവന്റെ അരികിലേക്ക് നടന്നു വന്നു.
“ഒന്നുമില്ല വർഷേ… ഈ കടൽ കാണുമ്പോൾ ചില പഴയ കാര്യങ്ങൾ ഓർത്തുപോയി.”എബി പതുക്കെ പറഞ്ഞു.
വർഷ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ പ്രണയത്തേക്കാൾ ഉപരി എന്തോ വലിയൊരു പക എരിയുന്നത് അവൾ കണ്ടു. പക്ഷേ, അത് എന്തിനാണെന്ന് അവൾക്ക് ചോദിക്കാൻ തോന്നിയില്ല..
⏩⏩
കൊല്ലത്തെ ആ പഴയ കഫേയുടെ മൂലയിലിരുന്ന് ഉണ്ണിയും ടിറ്റോയും തങ്ങളുടെ പുതിയ ‘മിഷൻ’ വിജയിച്ച ആവേശത്തിലായിരുന്നു. എബി തന്റെ ബൈക്കിന്റെ ചാവി വിരലിലിട്ട് കറക്കി അവരുടെ സംസാരം കേട്ടു നിന്നു.
“എബി ചേട്ടാ… കാര്യങ്ങൾ പക്കയാണ്. സന്ദീപിന്റെ പെങ്ങൾ ശരണ സെറ്റായി. ഇന്നലെ രാത്രി മുഴുവൻ ചാറ്റിംഗായിരുന്നു. അവളുടെ വീട്ടിലെ കാര്യങ്ങളൊക്കെ അവൾ പതുക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.”ഉണ്ണി തന്റെ ഫോൺ കാണിച്ചുകൊണ്ട് പറഞ്ഞു.
“ഇവിടെ ബബിതയും വീണിട്ടുണ്ട് അളിയാ…” ടിറ്റോ ചിരിച്ചു. “ഇഷാന്റെ പെങ്ങളാണെന്ന ഗമയൊന്നുമില്ല ബബിതയ്ക്ക്. ടിറ്റോ എന്ന പേര് കേട്ടാൽ തന്നെ പുള്ളിക്കാരി ഇപ്പോൾ ഉരുകും. ഇഷാൻ വീട്ടിൽ നടത്തുന്ന ആയുധ ഇടപാടുകളെക്കുറിച്ച് അവൾക്ക് ചില സൂചനകളുണ്ട്.”
സന്ദീപും ഇഷാനും കോളേജിൽ എബിയെ തകർക്കാൻ നടക്കുമ്പോൾ, അവരുടെ സ്വന്തം പെങ്ങന്മാരായ ശരണയും ബബിതയും എബിയുടെ ചങ്ങാതിമാരുടെ കൈവെള്ളയിലായിക്കഴിഞ്ഞു. ശത്രുക്കളുടെ കുടുംബരഹസ്യങ്ങൾ ചോർത്താൻ ഇതിലും നല്ലൊരു വഴി വേറെയില്ലെന്ന് എബിക്ക് അറിയാമായിരുന്നു.
“സൂക്ഷിക്കണം… സന്ദീപും ഇഷാനും വിവരമറിഞ്ഞാൽ സംഗതി കൈവിട്ടുപോകും. പക്ഷേ, അവരോടുള്ള പക തീർക്കാൻ അവരുടെ പെങ്ങന്മാരെ വേദനിപ്പിക്കരുത്. “എബി ഗൗരവത്തോടെ ഓർമ്മിപ്പിച്ചു..
ഉണ്ണി ശരണയോട് ഫോണിൽ സംസാരിക്കുകയാണ്. അപ്പുറത്ത് ടിറ്റോ ബബിതയ്ക്ക് മെസ്സേജ് അയക്കുന്ന തിരക്കിലും..
എബിയുടെ ഉള്ളിലെ ‘പോലീസ് ബുദ്ധി’ എവിടെയോ ഒന്ന് അപായമണി മുഴക്കുന്നുണ്ടായിരുന്നു.
“ചേട്ടായി…ശരണ പറയുകയാണ്, സന്ദീപിന്റെ അച്ഛൻ ഇന്ന് രാത്രി എങ്ങോട്ടോ പോകുന്നുണ്ടെന്ന്. നമുക്ക് പുറകെ വിട്ടാലോ?”.ഉണ്ണി ആവേശത്തോടെ എബിയുടെ അടുത്തേക്ക് വന്നു.
എബി ഒന്നും മിണ്ടിയില്ല.അവൻ പതുക്കെ ടിറ്റോയെ നോക്കി. ടിറ്റോയുടെ മുഖത്തും അതേ ആവേശം.”ബബിതയും പറഞ്ഞു എബി ചേട്ടാ…ഇഷാന്റെ ബാഗിൽ പുതിയൊരു പോടീ അവൾ കണ്ടെന്ന്.”
“ഉണ്ണീ… ടിറ്റോ… നിങ്ങൾ ഒരു കാര്യം ആലോചിച്ചിട്ടുണ്ടോ? സന്ദീപും ഇഷാനും അത്ര മണ്ടന്മാരാണോ? സ്വന്തം പെങ്ങന്മാർ വഴി കാര്യങ്ങൾ ചോരുമെന്ന് അവർക്ക് അറിയില്ലേ?”
“അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്? അവർക്ക് നമ്മളെ സംശയമില്ല,”.ടിറ്റോ പറഞ്ഞു.
“സംശയമില്ലാത്തതല്ല…അവർ നിങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുകയാണ്. ശരണയും ബബിതയും നിങ്ങളെ പ്രണയിക്കുകയല്ല, പകരം നിങ്ങൾ എവിടെയാണെന്നും ഞാൻ എന്താണ് പ്ലാൻ ചെയ്യുന്നതെന്നും അവർക്ക് ചോർത്തിക്കൊടുക്കുകയാണ്.”.എബിയുടെ വാക്കുകൾ കേട്ട് ഉണ്ണിയുടെയും ടിറ്റോയുടെയും മുഖം വിളറി.
————–
അതേസമയം, കൊല്ലം നഗരത്തിലെ ഒരു രഹസ്യ കേന്ദ്രത്തിൽ സന്ദീപും ഇഷാനും ശരണയോടും ബബിതയോടും സംസാരിക്കുകയായിരുന്നു.
“എങ്ങനെയുണ്ട് ശരണാ? അവൻ വിശ്വസിച്ചോ?” സന്ദീപ് ചിരിച്ചു കൊണ്ട് ചോദിച്ചു.
“പിന്നല്ലാതെ… ഉണ്ണി ഇപ്പോൾ എന്റെ കൈവെള്ളയിലാണ് ചേട്ടാ. എബി പറയുന്ന ഓരോ കാര്യവും അവൻ എന്നോട് പറയുന്നുണ്ട്. ഇന്ന് രാത്രി നമ്മൾ കൊടുക്കുന്ന ആ വ്യാജ ലൊക്കേഷനിലേക്ക് അവൻ എബിയെയും കൊണ്ട് വരും,” ശരണ തന്റെ ഫോൺ മേശപ്പുറത്ത് വെച്ച് പുച്ഛത്തോടെ പറഞ്ഞു.
ബബിതയും ഒട്ടും പുറകിലല്ലായിരുന്നു. “ടിറ്റോ പാവമാണ് ചേട്ടാ… എബി ഒരു ബിസിനസ് മാൻ ആണോ ക്രിമിനലാണോ എന്ന് അവർക്ക് സംശയമുണ്ടോ എന്ന് ഞാൻ ചോദിച്ചു.പക്ഷേ അവന് ഇപ്പോഴും അതൊന്നും അറിയില്ലെന്നാണ് തോന്നുന്നത്.”
