എബി തന്റെ മുട്ടുകൊണ്ട് ഇഷാന്റെ വയറിന് ആഞ്ഞു ചവിട്ടി. ഇഷാൻ ശ്വാസം കിട്ടാതെ നിലത്ത് പിടഞ്ഞു. ചുറ്റും നിന്ന ഗുണ്ടകൾ എബിയുടെ ആ രൂപം കണ്ട് അനങ്ങാൻ പോലുമുള്ള ധൈര്യമില്ലാതെ നിന്നുപോയി. പത്തനംതിട്ടയിലെ ആ പഴയ തറവാട് കാലത്ത് താൻ നേരിട്ട ഗുണ്ടകളേക്കാൾ എത്രയോ നിസ്സാരന്മാരാണ് ഇവരെന്ന് എബിക്ക് അറിയാമായിരുന്നു.
അലക്സും ഷാഹിറും ഓടിവന്ന് ഉണ്ണിയെ എഴുന്നേൽപ്പിച്ചു. ഉണ്ണിയുടെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു. എബി തന്റെ തൂവാലയെടുത്ത് ഉണ്ണിയുടെ മുഖം തുടച്ചു.
“വാടാ…നമുക്ക് പോകാം.”
അവർ നടന്നു നീങ്ങുമ്പോൾ മൈതാനത്തിന്റെ മറുവശത്ത് നിന്ന് ഒരാൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.അവൻ കൈയിലിരുന്ന സിഗരറ്റ് നിലത്തിട്ട് കാലുകൊണ്ട് അമർത്തി കെടുത്തി. എബിയുടെ പോലീസ് വീര്യം അവനും ഓരോ ദിവസവും തലവേദനയാകുകയായിരുന്നു.
പെട്ടെന്ന് എബിയുടെ ഫോണിലേക്ക് വർഷയുടെ കോൾ വന്നു. “എബി… നീ ഉത്സവപ്പറമ്പിലുണ്ടോ? അവിടെ വലിയൊരു അടി നടന്നുവെന്ന് കേട്ടു. നീ ഒക്കെയാണോ?”
വർഷയുടെ ശബ്ദത്തിലെ ആവലാതി കേട്ടപ്പോൾ എബി തന്റെ ദേഷ്യം പതുക്കെ അമർത്തി. “ഞാൻ ഓക്കെയാണ് വർഷേ… ചെറിയൊരു പ്രശ്നം ഉണ്ടായെന്നേയുള്ളൂ.നീ പേടിക്കണ്ട.”
വർഷയോട് സംസാരിച്ചു ഫോൺ വെച്ചപ്പോൾ എബിക്ക് മറ്റൊരു മെസ്സേജ് കൂടി വന്നു. അത് ട്രിസയുടെ വകയായിരുന്നു: “ഇഷാനെ തല്ലിയത് നന്നായി എബി.പക്ഷേ സണ്ണി ഇപ്പോൾ മാത്യു വക്കീലിന്റെ അടുക്കലാണ്. അവർ നിന്നെ പൂട്ടാൻ സബ് രജിസ്ട്രാറെ തന്നെ കരുവാക്കാൻ പോകുന്നു.”
കൊല്ലം നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, കടലിനോട് ചേർന്നുള്ള മാത്യു വക്കീലിന്റെ ആഡംബര വില്ലയിൽ അന്ന് രാത്രി ഒരു പ്രത്യേക ഡിന്നർ ഒരുക്കിയിരുന്നു. വക്കീലിന്റെ ഭാര്യ അൻസി എല്ലാം വളരെ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്.വലിയവീട്ടിലെ ഓരോ നീക്കങ്ങളിലും അൻസിക്ക് കൃത്യമായ ധാരണയുണ്ട്; പലപ്പോഴും വക്കീലിന്റെ ബുദ്ധിയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത് അൻസിയുടെ തന്ത്രങ്ങളാണ്.
ഡൈനിംഗ് ടേബിളിൽ വിലകൂടിയ വൈനും വിഭവങ്ങളും നിരന്നു.സണ്ണി അല്പം ഗൗരവത്തോടെയാണ് വന്നിരിക്കുന്നത്. ഉത്സവപ്പറമ്പിൽ വെച്ച് എബി ഇഷാനെ തല്ലിയ വിവരം സണ്ണിയെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
“എന്താ സണ്ണീ… ഒരുമാതിരി തൂക്കിക്കൊല്ലാൻ കൊണ്ടുപോകുന്ന പ്രതിയെപ്പോലെ ഇരിക്കുന്നത്? ഒന്ന് റിലാക്സ് ചെയ്യ്,” മാത്യു വക്കീൽ വൈൻ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു കൊണ്ട് പറഞ്ഞു.
“എബി കൈവിട്ടു പോകുകയാണ് വക്കീലേ… ഇഷാനെ അവൻ ഉത്സവപ്പറമ്പിലിട്ട് പെരുമാറി. അത് വെറുമൊരു അടിയല്ല, അവൻ എന്തോ വലിയ പ്ലാനിലാണ്. കാവ്യ മിസ്സുമായും മല്ലികയുമായും അവൻ അടുക്കാൻ നോക്കുന്നുണ്ട്,” സണ്ണി തന്റെ ദേഷ്യം മറച്ചുവെച്ചില്ല.
അൻസി പതുക്കെ സണ്ണിയുടെ പ്ലേറ്റിലേക്ക് ചിക്കൻ റോസ്റ്റ് വിളമ്പി. അവൾ ഒന്ന് പുഞ്ചിരിച്ചു—ആ ചിരിയിൽ എന്തോ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.
“സണ്ണീ…എബിയെ തല്ലി തോൽപ്പിക്കാൻ നോക്കുന്നത് മണ്ടത്തരമാണ്.അവൻ വലിയവീട്ടിലെ ചോരയാണ്, പത്തനംതിട്ടയിലെ ആ പഴയ തറവാട് ചരിത്രം മറക്കണ്ട. അവനെ പൂട്ടണമെങ്കിൽ ശരീരം കൊണ്ടല്ല, നിയമം കൊണ്ട് കളിക്കണം,” അൻസി ശാന്തമായി പറഞ്ഞു.
“അൻസി പറയുന്നത് ശരിയാണ് സണ്ണീ,” വക്കീൽ ഇടപെട്ടു. “സബ് രജിസ്ട്രാർ രാമകൃഷ്ണൻ ഇപ്പോൾ നമ്മുടെ കൈപ്പിടിയിലാണ്. ഇഷാൻ അയാളെ വിരട്ടിയത് നന്നായി.ഇനി രാമകൃഷ്ണൻ വഴി എബിയുടെ അച്ഛൻ ഹാരിസിനെതിരെ നമുക്ക് ചില രേഖകൾ ഉണ്ടാക്കാം.ഹാരിസ് പണ്ട് ഒതുക്കിത്തീർത്ത ആ പഴയ ലോക്കപ്പ് മരണം…അത് വീണ്ടും പൊക്കിയെടുത്താൽ എബിയുടെ കളി അവിടെ തീരും.”
സണ്ണി അൻസിയെ നോക്കി.അവളാണ് ഈ ഐഡിയയുടെ പിന്നിലെന്ന് സണ്ണിക്ക് മനസ്സിലായി. “പക്ഷേ ട്രിസ… അവൾ കൊല്ലത്തുണ്ട്. അവൾ എബിയെ എന്നു കാണുന്നുണ്ട്.”
അൻസിയുടെ മുഖത്തെ ചിരി ഒന്ന് കൂടി കടുത്തു. “ട്രിസയെക്കുറിച്ച് സണ്ണി പേടിക്കണ്ട. അവൾ എന്റെ പഴയ സ്റ്റുഡന്റ് അല്ലേ…അവളെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം.എബി ഇപ്പോൾ വിശ്വസിക്കുന്നത് വർഷയെയാണ്.ആ വർഷയെ തന്നെ നമുക്ക് എബിക്ക് എതിരെ ഉപയോഗിക്കാം.”
