കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 2 42അടിപൊളി 

സണ്ണി പതുക്കെ തന്റെ ഗ്ലാസ്സിലെ വൈൻ കുടിച്ചു തീർത്തു. “എബിക്ക് എന്നെ സംശയമില്ലെന്നാണ് ഞാൻ കരുതുന്നത്.പക്ഷേ അവന്റെ കൂടെയുള്ള ആ പുതിയ പിള്ളേർ..ഞാൻ തന്നെ കൊണ്ടു കൊടുത്താതാ ഷാഹിറും അലക്സ്,അവർ വല്ലാത്ത ബുദ്ധിയുള്ളവരാ.”

“ബുദ്ധിയുള്ളവരെ പൂട്ടാൻ അതിനേക്കാൾ വലിയ ബുദ്ധി വേണം,” അൻസി പറഞ്ഞു. “നാളത്തെ കോളേജ് ഡേയിൽ വെച്ച് നമുക്ക് ആദ്യത്തെ വെടി പൊട്ടിക്കാം. സബ് രജിസ്ട്രാറുടെ മകളെ ഉപയോഗിച്ച് ഉണ്ണിയെ കുടുക്കാം. ഉണ്ണി വീണാൽ എബി താനേ പുറത്തു വരും.”

ഡിന്നർ കഴിഞ്ഞ് സണ്ണി പുറത്തിറങ്ങുമ്പോൾ അൻസി വക്കീലിനോട് പതുക്കെ പറഞ്ഞു, “സണ്ണിയെ അമിതമായി വിശ്വസിക്കരുത് മാത്യു… അവൻ ആരെയും ചതിക്കാൻ മടിക്കില്ല. എബി വീണുകഴിഞ്ഞാൽ അടുത്ത ഇര സണ്ണി തന്നെയാകണം.” വക്കീൽ അത് കേട്ട് ഒന്ന് തലയാട്ടി.

സണ്ണി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ കടൽക്കാറ്റിന് ചോരയുടെ മണമുണ്ടായിരുന്നു. എബി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് കരുതുമ്പോഴും, വലിയവീട്ടിലെ അധികാരം പിടിച്ചെടുക്കാൻ അവനെ ഇല്ലാതാക്കണമെന്ന വാശി സണ്ണിയുടെ ഉള്ളിൽ പുകയുകയായിരുന്നു.

ആ രാത്രി കൊല്ലം നഗരം ഉറങ്ങുമ്പോഴും എബിയുടെ ഉള്ളിൽ കനൽ എരിയുകയായിരുന്നു. സണ്ണിയും അൻസിയും ചേർന്ന് നെയ്യുന്ന വലകളെക്കുറിച്ച് മല്ലിക ടീച്ചറിൽ നിന്നും ട്രിസയിൽ നിന്നും ലഭിച്ച സൂചനകൾ അവനെ വിശ്രമിക്കാൻ അനുവദിച്ചില്ല. വർഷയെ നേരിട്ടു കണ്ട് ചില കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അവന് തോന്നി.

വർഷയുടെ വീടിനു മുന്നിൽ ബൈക്ക് നിർത്തുന്നത് അപകടമാണെന്ന് എബിക്ക് അറിയാമായിരുന്നു. വക്കീലിന്റെ ആളുകൾ എവിടെയെങ്കിലും നിരീക്ഷിക്കുന്നുണ്ടാകാം.അവൻ വീടിന് പുറകിലെ ഇടവഴിയിൽ ബൈക്ക് ഒതുക്കി. ആറടിയിലധികം പൊക്കമുള്ള ആ മതിൽ എബിക്ക് ഒരു തടസ്സമായിരുന്നില്ല.ഒരൊറ്റ കുതിപ്പിന് മതിൽ ചാടി അവൻ അകത്തെത്തി.

പഴയ വലിയവീട്ടിലെ ശീലങ്ങൾ അവനെ സഹായിച്ചു. പൈപ്പിലൂടെ അനായാസം വലിഞ്ഞു കയറി അവൻ ടെറസിലെത്തി. അവിടെ നിന്നും താഴേക്ക് ഇറങ്ങുന്ന ഗോവണിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ പൂച്ചയെപ്പോലെ അവൻ താഴേക്ക് ഇറങ്ങി. നേരെ വർഷയുടെ മുറിയുടെ വാതിൽക്കൽ എത്തി.

പതുക്കെ വാതിലിൽ മുട്ടി. “വർഷേ…” എബി താഴ്ന്ന സ്വരത്തിൽ വിളിച്ചു.

വർഷ ഞെട്ടി എഴുന്നേറ്റു. ഈ സമയത്ത് എബി ഇവിടെ വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പേടിയോടെ വാതിൽ തുറന്ന അവൾ കണ്ടത് ഇരുട്ടിൽ ശ്വാസം അടക്കിപ്പിടിച്ചു നിൽക്കുന്ന എബിയെയാണ്.

“എബി! നീ… നീ എങ്ങനെ ഇവിടെ?” വർഷ വിശ്വസിക്കാനാവാതെ അവനെ അകത്തേക്ക് വലിച്ചു കയറ്റി വാതിൽ അടച്ചു.

“എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട് വർഷേ… കൂടുതൽ സമയമില്ല,” എബിയുടെ ശബ്ദത്തിൽ ഒരു പോലീസ് ഓഫീസറുടെ ഗൗരവമുണ്ടായിരുന്നു.

“നീ എന്താ ഈ കാണിക്കുന്നത്? ആരെങ്കിലും കണ്ടാൽ…” വർഷയുടെ വാക്കുകൾ എബി തടഞ്ഞു.

“വർഷേ, ട്രിസയെ നീ കണ്ട കാര്യം സണ്ണി അറിഞ്ഞിട്ടുണ്ട്. സണ്ണിയും മാത്യു വക്കീലും ചേർന്ന് നിന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ പ്ലാൻ ചെയ്യുന്നു. അൻസി… വക്കീലിന്റെ ഭാര്യ, അവൾ നിന്നെ കാണാൻ വരും. അവർ എന്ത് പറഞ്ഞാലും നീ വിശ്വസിക്കരുത്.”

വർഷ പകച്ചുപോയി. “എബി… നീ എന്തൊക്കെയാ ഈ പറയുന്നത്? സണ്ണി നിന്റെ കൂടെ നടക്കുന്നവനല്ലേ? പിന്നെ അൻസി മാഡം എന്തിനാ എന്നെ കാണുന്നത്?”

“സണ്ണി എന്റെ കൂടെ നടക്കുന്നത് എന്നെ പൂട്ടാനാണ് വർഷേ. എന്റെ അച്ഛനെതിരെ അവർ ചില ചതികൾ പ്ലാൻ ചെയ്യുന്നുണ്ട്. വിനിതയുടെ അടുത്ത കൂട്ടുകാരിയായത് കൊണ്ട് നിന്നെ അവർ ഒരു കരുവായി ഉപയോഗിക്കും. നീ ആരോടും ഒന്നും പറയണ്ട… പ്രത്യേകിച്ച് വിനിതയോട് പോലും.”

എബി അവളുടെ കൈകളിൽ മുറുകെ പിടിച്ചു. വർഷ അവന്റെ കണ്ണുകളിലേക്ക് നോക്കി. പണ്ടത്തെ ആ പാവം എബിയല്ല ഇത്. ഇതിനു മുൻപ് ഒരിക്കലും കാണാത്ത ഒരു തീക്ഷ്ണത അവന്റെ കണ്ണുകളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *