”ചേതനയറ്റ നിൻ അംഗമെൻ അംഗത്തിൽ-
ചേർത്തുകൊണ്ടിപ്പൊഴേ ചാവു ഞാൻ…”
ആ വരികൾ വായിച്ചപ്പോൾ മീരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. അവൾ വരികൾ വിശദീകരിക്കാൻ ശ്രമിച്ചു.
“മരണത്തിന് പോലും വേർപെടുത്താൻ കഴിയാത്ത ഒന്നാണ് യഥാർത്ഥ അനുരാഗം. മരിച്ചാലും അവർ നിഴലായി കൂടെയുണ്ടാകും…”
പറഞ്ഞു പൂർത്തിയാക്കും മുൻപേ മീരയുടെ ദൃഷ്ടി ഗ്രൗണ്ടിനു നേരെയുള്ള സ്കൂൾ ഗേറ്റിന് സമീപമെത്തി.
അവിടെ, ഒരു മരത്തണലിൽ ഇന്നലെ കണ്ട അതേ യുവാവ്!
വെള്ള ഷർട്ടും കറുത്ത പാന്റും.
അവൻ അനങ്ങാതെ കണ്ണിമചിമ്മാതെ അവളെത്തന്നെ നോക്കി നിൽക്കുകയാണ്.
വെയിലിൽ അവന്റെ സുന്ദരമായ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
ആ നോട്ടത്തിൽ ഒരു തരം വശ്യതയും അധികാരവുമുണ്ടായിരുന്നു.
മീരയുടെ ശ്വാസം ഒന്ന് തടഞ്ഞു.
കയ്യിലിരുന്ന ചോക്ക് കഷ്ണം തറയിൽ വീണു പൊട്ടി.
തന്റെ സന്ദീപ് തന്നെയല്ലേ അവിടെ നിൽക്കുന്നത്?
വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മദനനെ തേടി ലീല പോയതുപോലെ, സന്ദീപ് തന്നെ തേടി വന്നതാണോ?
അവൾ അറിയാതെ വരികൾ തെറ്റിച്ചു പാടാൻ തുടങ്ങി.
പുസ്തകത്തിലെ വരികൾക്ക് പകരം അവളുടെ ഉള്ളിലെ വേദന വാക്കുകളായി പുറത്തുവന്നു:
”കാറ്റിൽ നിൻ ഗന്ധം…
മണ്ണിൽ നിൻ സ്പർശം…
നീ പോയിട്ടില്ല സന്ദീപ്…!!”
മുന്ബെഞ്ചിലിരുന്ന ശ്രുതി എന്ന പെൺകുട്ടി പതുക്കെ എഴുന്നേറ്റു.
“ടീച്ചർ… പുസ്തകത്തിൽ അങ്ങനെയല്ലല്ലോ ഉള്ളത്. ‘ഇപ്പൊഴേ ചാവു ഞാൻ’ എന്നല്ലേ ടീച്ചർ…”
മീര പെട്ടെന്ന് ഞെട്ടി കുട്ടിയെ നോക്കി.
ക്ലാസ്സിലെ കുട്ടികളെല്ലാം പരസ്പരം നോക്കി അടക്കം പറയുകയും ചിരിക്കുകയും ചെയ്യുന്നു.
“ടീച്ചർ സന്ദീപ് എന്ന് പറഞ്ഞോ?”
ഒരു കുട്ടി പിന്നിലിരുന്ന് ചോദിച്ചു.
മീരയുടെ മുഖം ചുവന്നു തുടുത്തു.
ഗേറ്റിനടുത്തേക്ക് അവൾ വീണ്ടും നോക്കിയപ്പോൾ അവിടെ ആരുമില്ല! വെറും ശൂന്യമായ സ്കൂൾ മുറ്റം മാത്രം.
”ക്ഷമിക്കണം കുട്ടികളെ… എനിക്ക്…. എനിക്ക്….ചെറിയൊരു തലവേദനയുണ്ട്.”
അവൾ വിക്കി.
ഒരു മാതൃകാ അധ്യാപികയായ മീര ടീച്ചർക്ക് ക്ലാസ്സിൽ വരികൾ തെറ്റുക എന്നത് ആർക്കും വിശ്വസിക്കാനാവുമായിരുന്നില്ല.
കുട്ടികളുടെ പരിഹാസം നിറഞ്ഞ ചിരി അവളുടെ കാതുകളിൽ തുളച്ചുകയറി.
അവൻ തന്നെ പിന്തുടരുകയാണ് എന്ന് അവൾക്ക് തോന്നി…
ക്ലാസ്സ് തീരാൻ കാത്തുനിൽക്കാതെ അവൾ സ്റ്റാഫ് റൂമിലേക്ക് വേഗത്തിൽ നടന്നു.
ബാഗിൽ ഇരുന്ന ഫോൺ ആ സമയം വീണ്ടും വൈബ്രേറ്റ് ചെയ്തു. അവൾ വിറയ്ക്കുന്ന വിരലുകളോടെ അത് തുറന്നു നോക്കി.
”നീല സാരിയിൽ നീ ഇന്നും സുന്ദരിയാണ് മീരേ… ലീലയെപ്പോലെ നീ എന്നെ തിരയണ്ട, ഞാൻ നിന്റെ തൊട്ടുപിന്നിലുണ്ട്. പക്ഷേ ക്ലാസ്സിൽ നിനക്ക് വരികൾ തെറ്റിയത് എനിക്ക് ഇഷ്ടപ്പെട്ടില്ല. നിന്റെ ശ്രദ്ധ നഷ്ടപ്പെടരുത്… കേട്ടല്ലോ……”
മീരയുടെ ഉള്ളിൽ ഭയം തണുത്തുറഞ്ഞു.അവൾ ആ സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങി..അവൻ തന്നെ കാണുന്നുണ്ട്! താൻ ഏത് നിറത്തിലുള്ള സാരിയാണ് ഉടുത്തതെന്ന് അവൻ അറിഞ്ഞിരിക്കുന്നു. അവൾ സ്കൂൾ വരാന്തയിലൂടെ ഓടുകയായിരുന്നു.നേരത്തേ താൻ കണ്ടത് അവനെ തന്നെ…!!
മീര ഗ്രൗണ്ടിലൂടെ സ്കൂൾ ഗേറ്റിനടുത്തേക്ക് കിതച്ചുകൊണ്ട് ഓടിയെത്തി.
പക്ഷേ, അവിടെ ആ മരത്തണലിൽ ആരുമുണ്ടായിരുന്നില്ല.
ദൂരെ ഒരു കറുത്ത ‘ഥാർ’ പൊടിപടലങ്ങൾ ഉയർത്തി റോഡിലേക്ക് വേഗത്തിൽ പാഞ്ഞുപോകുന്നത് അവൾ കണ്ടു.
ആ കാറിന്റെ ഗ്ലാസുകൾ അടച്ചിരുന്നു.. ഉള്ളിലുള്ളത് ആരാണെന്ന് തിരിച്ചറിയാൻ കഴിയില്ല. എങ്കിലും അവളുടെ മനസ്സ് പറഞ്ഞു…
അത് അവൻ തന്നെയായിരുന്നു!
