തിരിച്ചു നടക്കുമ്പോൾ അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.
ചുറ്റും നിൽക്കുന്ന കുട്ടികളും സഹപ്രവർത്തകരും തന്നെ വിചിത്രമായി നോക്കുന്നത് അവൾ അറിഞ്ഞതേയില്ല.
വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ എടുത്തു. ആ വാട്സാപ്പ് ചാറ്റ് വീണ്ടും തുറന്നു. വിരലുകൾ വിറച്ചുകൊണ്ടിരുന്നെങ്കിലും അവൾ ദേഷ്യവും സങ്കടവും കലർന്ന ആ മറുപടി ടൈപ്പ് ചെയ്തു:
”എന്തിനാ… എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? നീ എന്നെ പറ്റിക്കുകയല്ലേ? എവിടെനിന്നാണ് നിനക്ക് എന്റെ രഹസ്യങ്ങൾ കിട്ടിയത്? ആരാ നീ?!!!”
സന്ദേശം അയച്ചതും അവൾ ഫോണിലേക്ക് തന്നെ നോക്കി നിന്നു.
രണ്ട് സെക്കൻഡുകൾക്കുള്ളിൽ അത് ഡെലിവർ ആയി.
പക്ഷേ… ബ്ലൂ ടിക്ക് വന്നില്ല. അവൻ അത് വായിച്ചില്ല. അവൾ വീണ്ടും വീണ്ടും ഫോണിലേക്ക് നോക്കി.
മിനിറ്റുകൾ കടന്നുപോയി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
സ്കൂൾ മുറ്റത്തെ ഉച്ച വെയിലിൽ ഉരുകി നിൽക്കുന്ന മീരയെ സഹപ്രവർത്തകരിൽ ഒരു ടീച്ചർ വന്ന് വിളിച്ചു.
”മീരേ, എന്തുപറ്റി? വല്ലാത്തൊരു വെപ്രാളം…എന്തിനാ ഓടിയത്..?”
സ്റ്റാഫ് റൂമിലെ സുമ ടീച്ചറാണ്.
”ഏയ്… ഒന്നുമില്ല. എനിക്ക്… എനിക്ക് വീട്ടിൽ പോകണം. അമ്മയ്ക്ക് സുഖമില്ല…”
കള്ളം പറയുമ്പോൾ മീരയുടെ ശബ്ദം ഇടറി.
അവൾ വേഗം തന്റെ കാറിനടുത്തേക്ക് നടന്നു.
കാറിനുള്ളിൽ കയറി ഇരുന്നിട്ടും അവളുടെ കണ്ണുകൾ ഫോണിൽ തന്നെയായിരുന്നു. മറുപടി വന്നില്ല. അവൻ തന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത് എന്തിനാണ്?!!
കാർ സ്റ്റാർട്ട് ചെയ്ത് അവൾ സ്കൂൾ ഗേറ്റിന് പുറത്തിറങ്ങി. ആ ഥാർ പോയ വഴിയേ അവൾ കണ്ണോടിച്ചു. ശൂന്യമായ റോഡ് മാത്രം അവൾ കണ്ടു.
സ്കൂളിൽ നിന്നും തിരിച്ചുള്ള യാത്രയിൽ മീരയുടെ കൈകൾ സ്റ്റിയറിംഗിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
ആ കറുത്ത ഥാറും, ഫോണിലെ സന്ദേശവും, ക്ലാസ്സിൽ കുട്ടികൾക്ക് മുന്നിൽ വെച്ച് തനിക്ക് പറ്റിയ അബദ്ധവും എല്ലാം അവളുടെ തലയ്ക്കുള്ളിൽ ഒരു പെരുന്തച്ചനെപ്പോലെ കൊട്ടിക്കയറി.
വീട്ടിലെത്തിയ മീര തളർച്ചയോടെ കാറിൽ നിന്നിറങ്ങി. ഉമ്മറത്ത് ദേവകി അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.
”ആ… മീരേ, നീ വന്നോ? ഇതെന്താ നേരത്തെ?”
ദേവകി അമ്മ സംശയത്തോടെ ചോദിച്ചു.
”ഒന്നുല്ല… എന്തോ ഒരു തലവേദന പോലെ ദേവകി അമ്മേ.. വയ്യാത്ത പോലെ തോന്നി.”
മീര തന്റെ തോളിലെ ബാഗ് ചാരുകസേരയിലേക്ക് മാറ്റി വെച്ചുകൊണ്ട് പറഞ്ഞു. അവളുടെ മുഖം വിളറിയിരുന്നു.
”ഓഹ്.. എന്നാൽ നീ ഒന്ന് വിശ്രമിക്ക്. ഞാൻ ഇവിടെ നിൽക്കണോ മോളെ?”
”വേണ്ട ദേവകി അമ്മേ.. ഞാൻ നോക്കിക്കോളാം. അമ്മയ്ക്ക് മരുന്ന് കൊടുത്തില്ലേ?”
മീര അകത്തെ മുറിയിലേക്ക് നോക്കി ചോദിച്ചു.
”ഓഹ്.. കൊടുത്തു. പിന്നെ… അമ്മയ്ക്ക് ഈ ഓർമ്മക്കുറവ് വല്ലാത്ത പോലെയാകുന്നുണ്ട് മീരേ.. ഇന്ന് ഉച്ചയ്ക്ക് എന്നോട് ചോദിക്കുവാ, ‘സന്ദീപ് വന്നോ?’ എന്ന്.. എന്തൊക്കെയോ മനോവിഷമം പോലെ.”
മീരയുടെ ഉള്ളിലൊന്ന് പിടഞ്ഞു. അവൾ കഷ്ടപ്പെട്ട് ഒരു പുഞ്ചിരി വരുത്തി പറഞ്ഞു:
“പ്രായം ആയില്ലേ ദേവകി അമ്മേ.. അതിന്റെയാ.. ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതാകും.”
ദേവകി അമ്മ മുറ്റത്തേക്ക് ഇറങ്ങി. മീര ഒരു ദീർഘനിശ്വാസം വിട്ടു. പക്ഷേ ഗേറ്റിനടുത്തേക്ക് എത്തിയ ദേവകി അമ്മ പെട്ടെന്ന് തിരിഞ്ഞു നിന്നു.
”ആഹ്.. മോളെ.. ഒരു കാര്യം പറയാൻ വിട്ടുപോയി.
മോൾ വരുന്നതിന് കുറച്ചു മുമ്പ് ഒരു ചെറുപ്പക്കാരൻ ആ ഗേറ്റിന്റെ അടുത്തു നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ ഉമ്മറത്ത് വന്ന് ഒന്ന് എത്തി നോക്കുമ്പോഴേക്കും അയാൾ പൊയ്ക്കളഞ്ഞു. ആരാണെന്ന് മനസ്സിലായില്ല.. നല്ല ഉയരമുള്ള ഒരാളായിരുന്നു.”
