“വേണ്ട…അയാൾ എന്നെ അവിടേം വെറുതെ വിടില്ല”
“ആര്?? നിന്റെ വല്യച്ഛനെ പറഞ്ഞു മനസിലാക്കിയതാണല്ലോ പിന്നെന്താ?”
“എന്നെ ഇവിടുന്നൊന്ന് കൊണ്ടോകുവോ ആരേലും കണ്ടാൽ എന്നെ പിന്നെയാ പുഴെൽ നോക്കിയാ മതി” അവൾ കുറച്ചകലെയായി കലങ്ങിയൊഴുകുന്ന പുഴയിലേക്ക് നോക്കി പറഞ്ഞു.
“എന്നാ ചെന്ന് ചാടെടി…ഓരോരോ മെനക്കേട്”
പല്ലിറുമ്മിക്കൊണ്ടാവൻ പറഞ്ഞതും ഞെട്ടിയവളവനെ നോക്കി..ഒരുവേള അവളിൽ അവന്റെ മിഴിയുടക്കി…തലയിലെ തട്ടം നനഞ്ഞു കുതിർന്ന മുടിയോടോട്ടി കിടക്കുന്നു..നെറ്റിയിലൂടെ വെള്ളത്തുള്ളികൾ ഊർന്നിറങ്ങി കവിളിലേ കണ്ണീരുമായി ചേർന്ന് താഴെകൊഴുകുന്നു..ചുവന്നുതുടുത്ത മുഖം കണ്ടിട്ടൊരു ബാംബ്ലൂസ് നാരങ്ങ പോലെ..
അവന്റെ മുഖത്തേക്കൊന്ന് നോക്കിയവൾ തന്റെ വീർത്തുന്തിയ വയറിലേക്ക് നോട്ടം താഴ്ത്തി..വിതുമ്പിക്കൊണ്ടാവളാ വയറിൽ പൊതിഞ്ഞു പിടിച്ചു..
“ഉമ്മിയെക്കൊണ്ടാവില്ല പൊന്നാ……”
അതവന്റെ നെഞ്ചിലൊന്നു കൊളുത്തി…ഒരിക്കലും കണ്ടിട്ടില്ലാത്തൊരമ്മയുടെ ഓർമ അവനുള്ളിലൂടെ കടന്ന് പോയി..
“അവനെയൊന്നു നോക്കിയ ശേഷം അവളാ മഴയിലേക്കിറങ്ങി നടന്നു..
ബോധം വന്നൊരു നിമിഷം നെറ്റിയിലൊരടി അടിച്ചു കൊണ്ടവൻ കുട ബാഗിൽ നിന്നും വലിച്ചെടുത്തവളുടെ പിന്നാലെ ചെന്നു..ട്രെയിനോ മിസ്സായി ഇനി ഇതിനും കൂടെ സമാധാനം പറയാൻ വയ്യ..അല്ലാതെ അവളുടെയാ നിൽപവന്റെ മനസാക്ഷിയെ കുത്തിയെന്നവൻ സമ്മതിച്ചില്ല..
”ദേ പെണ്ണെ…ആ പാലത്തിനു മുകളിൽ ചെന്നു ചാട്…അപ്പോ പെട്ടെന്ന് പണി തീർന്ന് കിട്ടും അല്ലാണ്ടിങ്ങനെ കരയിൽ ചൂണ്ട ഇടാൻ നിക്കുമ്പോലെ നിന്നാലൊന്നും കാര്യം നടക്കൂല…“
പുഴയോരത്തു നില്കുന്നവളോട് പറഞ്ഞതും അവളൊന്ന് തിരിഞ്ഞ് കൂർപ്പിച്ചു നോക്കി..
”എന്നെ നോക്കിപേടിപ്പിക്കാതെ കയറിവരാൻ നോക്കെടി…ഞാൻ വല്ല ഹോസ്റ്റലിലും ആക്കിത്തരാം..ഇതാരുടെ ആണേലും ജീവനല്ലേ അതിനു വേണ്ടി ജീവിക്കാൻ നോക്ക്..അവള് ചാവാൻ ഇറങ്ങിയേക്കുന്നു “
അവൻ ആ കുട നീട്ടിപിടിച്ചു.അതിനുള്ളിലായി റോഡിലേക്ക് നടക്കുമ്പോൾ അവളവനെ ഒന്നു പാളിനോക്കി..വൈകിട്ട് സ്റ്റേഷനിൽ വച്ച കണ്ടപ്പോൾ തീരെ ശ്രദ്ധിച്ചിരുന്നില്ല..പക്ഷെ ഇടക്കെപ്പോളോ ആ കുട്ടിക്ക് അവളുടെ വീട്ടിൽ കഴിയാൻ മാറ്റാരുടെയും അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞവനെ അവളൊന്നു തലയുയർത്തി നോക്കി..തനിക്കുവേണ്ടി ഒരുവാക്കെങ്കിലും പറഞ്ഞ ഒരേ ഒരാൾ..
പോലീസ് കട്ട് ചെയ്‌ത മുടിയും കട്ടി മീശയും…മുഖത്തു ഗൗരവം മാത്രം..മുന്നോട്ട് നോക്കിനടന്നിരുന്നവൻ ഇടക്കൊന്നു ചെരിഞ്ഞു നോക്കിയതും അവൾ മുഖം താഴ്ത്തി…
അവൾ നടത്തം നിർത്തി..എന്തേ എന്നാ ഭാവത്തിൽ അവളെ നോക്കിയതും..
“ എന്നെ കൂടെ കൊണ്ടോകാമോ..ഇവിടെ എനിക്കു പേടിയാ..”
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു..മിനിട്ടുകൾ മാത്രം പരിചയമുള്ളവനോട് ഇങ്ങനെ ചോദിക്കാൻ മാത്രം എന്ത് സുരക്ഷിതത്വ ബോധമാണവൻ നൽകിയതെന്ന് അവൾ ചിന്തിച്ചുകൂടെയില്ല
“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ..ഞാനെന്താ കാണുന്നോർക്കൊക്കെ അഭയം കൊടുക്കാൻ നടക്കുവാണെന്ന് തോന്നുന്നോ..അല്ലാ ഇത്രയൊക്കെ ഒപ്പിക്കാൻ നേരത്ത് ഈ ധൈര്യം ഒക്കെ എവിടന്ന് വന്നു? ”
അത് കേട്ടതും അവളുടെ കണ്ണുകൾ താഴ്ന്നു..ചുണ്ടുകൾ വിതുമ്പി മൂക്കിൻതുമ്പ് വിറക്കാൻ തുടങ്ങി..
“ദേ പിന്നേം ഇതെന്തോന്ന് കൊച്ചെ ഡാമോ ഇങ്ങനെ തുറന്ന് വിടാൻ..ഞാൻ കൊണ്ടോയി വല്ല ഹോസ്റ്റലിലും ആക്കിത്തരാം എന്നിട്ടെനിക്ക് ഇടുക്കി എത്തേണ്ടതാണ്..നീ കയറിക്കെ” അവളുടെ ഏങ്ങൽ കേട്ടതും അവനൊന്നു മയപെടുത്തി…
“ 8 മാസമായെനിക്ക്..കുറച്ചു ദിവസം… വാവയോന്ന് പുറത്ത് വരുന്നതുവരെ കഴിയാനൊരിടം തന്നാൽ മതിയെനിക്ക്…അതിനു മുമ്പേ അവനെന്നെ കണ്ടെത്തിയാൽ പിന്നെന്റെ വാവയെ എനിക്ക് ജീവനോടെ കിട്ടില്ല” പറഞ്ഞതുമവൾ പൊട്ടികരഞ്ഞിരുന്നു..ഊർന്നവന്റെ കാലിലേക്ക് വീഴാണൊരുങ്ങിയവളെ അവൻ ഉയർത്തിപിടിച്ചു…
