ഗൾഫിലെ മാലാഖമാർ – 2 89അടിപൊളി 

പിന്നെ അവശേഷിക്കുന്ന സകല ധൈര്യവും സംഭരിച്ച് അവൾ ഡൈൽ ചെയ്തു. രണ്ടാമത്തെ റിംങ്ങിൽ മറുതലയ്ക്കൽ കോളെടുത്തു. ഒന്ന് രണ്ട് നിമിഷം രണ്ട് വശത്തും നിശബ്ദത ആയിരുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം മറു തലയ്ക്കൽ നിന്നും വിറയാർന്ന ശബ്ദത്തോടെ

” മോളെ……”

അവൾ ഒന്നും മിണ്ടിയില്ല

” ഹലോ … മോളേ .. ആര്യേ ”

ആ ശബ്ദത്തിന് വിറയൽ കൂടുന്നതായി തോന്നി , അവൾ ഒരുക്കൂട്ടിയ സകല ശക്തിയും ഒലിച്ചു പോകുന്ന പോലെ അതൊരു പൊട്ടിക്കരച്ചിലായി മാറി.

“അച്ഛാ……… ”

മറുതലയ്ക്കലും മറിച്ചായിരുന്നില്ല

” എൻ്റെ പൊന്നു മോളേ ….”

” എന്നോട് ക്ഷമിക്കച്ഛ….. ഞാൻ നിങ്ങളെയെല്ലാം ഒരുപാട് വിഷമിപ്പിച്ചു. എന്നോട് ക്ഷമിക്ക്”

” അങ്ങിനൊന്നും പറയരുത് മോളെ , നിൻ്റെ വാക്ക് കേൾക്കാതെ നിൻ്റെ ജീവിതം നശിപ്പിച്ചത് ഞങ്ങളായിരുന്നു, ഞങ്ങളോട് നീയാണ് ക്ഷമിക്കേണ്ടത് മോളെ , നിൻ്റമ്മ നിന്നെ ഓർത്ത് കരയാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല , നി ഞങ്ങളെ വിളിച്ചല്ലൊ അതിലും വലുതായി ഞങ്ങൾക്കിനി ഒന്നും കിട്ടാനില്ല , നി ക്ഷമിച്ചൂന്ന് ഒരു വാക്ക് അത്രേം മതി മോളെ അച്ഛന് സമാധാനത്തോടെ മരിക്കാൻ”

അവളുടെ കൈ വിറച്ചു , ഫോൺ നിലത്തേക്ക് വീണു അവൾ കണ്ണുപൊത്തി ഏങ്ങി ഏങ്ങി പൊട്ടിക്കരഞ്ഞു. അപ്പോളും ഫോണിൽ അച്ഛൻ്റെ ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു.

” ഭാഗ്യേ ഓടി വാ ….. ഭാഗ്യേ ദേ നമ്മുടെ മോള് വിളിക്കുന്നു ”

ആ ശബ്ദം വിങ്ങുന്നതായി അവൾക്ക് തോന്നി, പിന്നെ അവിടെന്തോ നിലത്ത് വീണ് ഉടയുന്ന ശബ്ദം, അമ്മേട കൈയ്യിലിരുന്ന എന്തോ വീണ് പൊട്ടിയിട്ടുണ്ട്.

” മോളേ … ആര്യേ ”

പിന്നെ പൊട്ടിക്കരയുന്ന അമ്മയുടെ ശബ്ദം കേട്ട് അവൾ ശരിക്കും തളർന്നു

” മോളേ….. മോളേ… എന്തെങ്കിലുമൊന്ന് ഈ അമ്മയോട് സംസാരിക്ക് മോളെ ”

അവ്യക്തമായി കരച്ചിലിനിടയിൽ അവൾ അമ്മയെ വിളിച്ചു.

” അമ്മേ……”

പിന്നെ രണ്ട് വശത്തും ഏങ്ങലുകൾ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളു. ആര്യക്ക് ചായയുമായി വന്ന സ്നേഹ പുറകിൽ നിന്ന് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. അവളുടെ വിറയാർന്ന കൈയ്യിൽ നിന്നും ചൂട് ചായ കൈയ്യിലേക്ക് തുളുമ്പി , അതിൻ്റെ വേദനപോലും അവൾക്ക് കാര്യമായി തോന്നിയില്ല, ജീവിതത്തിൽ ഒരിക്കൽ പോലും നടക്കുമെന്ന് കരുതിയ ഒന്നിനല്ല താൻ സാക്ഷ്യം വഹിക്കുന്നത്.

താനടക്കം എത്രയോപേർ ആ അച്ഛനും അമ്മയ്ക്കും വേണ്ടി പറഞ്ഞിട്ടുണ്ട് അത് കേൾക്കുന്നതു പോലും ദേഷ്യപ്പെട്ടിരുന്ന ആളാ അവരെ വിളിച്ച് സംസാരിക്കുന്നത്. അവൾക്ക് സ്വയം വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ആര്യയുടെ വിശേഷങ്ങളറിയാൻ അവർ സ്നേഹയെ ആയിരുന്നു വിളിച്ചിരുന്നത് ,

അതുകൊണ്ട് തന്നെ അവരുടെ ഒരു മകളെപ്പോലെ തന്നെയാണ് അവർക്ക് സ്നേഹയും അവരുടെ ഉള്ളം തൊട്ടറിഞ്ഞവളുമാണ്, അതുകൊണ്ട് തന്നെ അതവൾക്കൊരു സ്പെഷ്യൽ മൊമെൻ്റ് ആയിരുന്നു. അവൾ ചായ തഴെ വച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആര്യയെ പുറകിലൂടെ കഴുത്തിൽ കൈകൾ ചുറ്റി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അതിനെക്കാളുപരി സ്വയം അവളെ തന്നെ നിയന്ത്രിക്കാൻ പാടുപെട്ടു

പിന്നെ നേരെ ആര്യക്ക് മുന്നിലായി സോഫയിൽ വന്നിരുന്ന് അവൾ ഫോൺ കോൾ കട്ട് ചെയ്ത് കരഞ്ഞു കൊണ്ട് ആര്യയുടെ വീട്ടിലേക്ക് വീഡിയോകോൾ കണക്ട് ചെയ്തു. ആര്യ അത് ഒട്ടും പ്രതീക്ഷിച്ചതല്ല വർഷങ്ങൾക്ക് ശേഷം ആര്യ അച്ഛനേയും അമ്മയേയും കൊതിയോടെ നോക്കിയിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ മാത്രം ആരും കുറച്ച് നേരം ഒന്നും മിണ്ടിയില്ല , പരസ്പരം നോക്കി ഇരുന്ന് കരയുന്നതല്ലാതെ ആർക്കും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

” അമ്മേ , അച്ഛാ സമാധാനമായില്ലെ ദേ നിങ്ങളുടെ മോൾ , ഇനി എന്നെ വിളിക്കാതെ നേരിട്ടായിക്കോണം മൂവരും കേട്ടൊ. നിങ്ങൾക്ക് സന്തോഷമായില്ലെ ?”

സ്നേഹ ഇടയ്ക്ക് തലയിട്ട് സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ ശ്രമിച്ചു.

” മോളെ സ്നേഹേ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല , അത്രയ്ക്കും വലിയൊരു സഹായമാ നി ഞങ്ങളോട് ചെയ്തത്. ”

Leave a Reply

Your email address will not be published. Required fields are marked *