: അപ്പൊ സാർ ഇതുവരെ കല്യാണം…
: എന്റെ മണ്ടിപ്പെണ്ണേ…ഞാൻ നേരത്തെ പറഞ്ഞതിന്റെ അർഥം ഭാര്യയുണ്ട് എന്നാലും നീ പ്രേമിച്ചോ എന്നല്ല… ഭാര്യയുണ്ടെന്ന് തെറ്റിദ്ധരിച്ച് പ്രേമിക്കാതിരിക്കണ്ട എന്നാണ്….
: ഓഹ് …ഇപ്പൊ ആശ്വാസമായി…
: അപ്പൊ എങ്ങനാ വീട്ടിലേക്ക് ആളെ വിടട്ടെ…
: അത്….. പിന്നെ..
: മതി മതി….ഇപ്പൊ ഒന്നും പറയണ്ട… സമയമെടുത്ത് നന്നായി ആലോചിച്ച് പറഞ്ഞാൽ മതി..
: ഉം…
ഓഫിസിലേക്കുള്ള വഴിയിൽ മുഴുവനും സ്വപ്നയുടെ മനസ്സിൽ ഇതാണ് ചിന്ത.. അവളുടെ മനസ് ആകെ താളംതെറ്റി. കോളേജിൽ പഠിക്കുമ്പോൾ കുറച്ചുപേർ പുറകെ നടന്നിട്ടുണ്ടെങ്കിലും അവരൊക്കെ വഴിയരികിൽ കാത്തുനിന്ന് വായിനോക്കിയതും പുറകേ നടന്ന് ചെരുപ്പ് തേഞ്ഞതുമല്ലാതെ വേറെ പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടില്ല. സംസാരത്തിനിടയിൽ ഈ വിഷയം കയറിവന്നതാണെങ്കിലും ഹരി സാർ എത്ര കൂളായിട്ടാണ് പ്രൊപ്പോസ് ചെയ്തത്… സ്വപ്നയുടെ ചിന്തകൾ ഹരിയെ ആദ്യമായി കണ്ട ദിവസം മുതൽ ഇപ്പോവരെയുള്ള നിമിഷങ്ങളെ ചികഞ്ഞുകൊണ്ടിരുന്നു… ആദ്യമായി കണ്ടപ്പോൾ ഹരിയുടെ മുഖത്ത് കണ്ട പ്രസന്നത, സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ച പിറ്റേന്ന് കാലത്ത് ക്യാബിനിലേക്ക് കയറിചെന്നപ്പോൾ അതിശയിച്ച് നോക്കിനിന്ന ഹരിയുടെ മുഖം, ഓഫീസ് കാര്യങ്ങളിൽ ഇടപെടുമ്പോൾ തന്റെ കണ്ണിലേക്ക് തന്നെ നോക്കുന്ന ഹരിയുടെ കണ്ണുകൾ, തെറ്റുകൾ കണ്ടാലും വഴക്ക് പറയാതെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി തരുന്ന ഹരിയുടെ സൗമ്യത, തന്റെ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ കാണിച്ച ലാളിത്യം, എല്ലാത്തിലുമുപരി തന്നോട് കാണിക്കുന്ന കരുതൽ… അങ്ങനെ ഓരോ നല്ല നിമിഷങ്ങളും സ്വപ്നയുടെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു.
: ഹലോ മാഡം… എന്താണ് സ്വപ്നം കാണുകയാണോ… ഓഫീസെത്തി, ഇറങ്ങുന്നില്ലേ
: സോറി സാർ…
അൽപ്പം ചമ്മലോടെ സ്വപ്ന കാറിൽനിന്ന് ഇറങ്ങി വേഗം ഓഫീസിലേക്ക് ഓടിക്കയറി. ഹരി വരുന്നതിന് മുൻപ് ക്യാബിൻ തുറക്കുന്നതും വൃത്തിയായി വയ്ക്കുന്നതും സ്വപ്നയുടെ ദിനചര്യകളിൽ ഒന്നായി മാറിയിരുന്നു. രാവിലെ എത്രയൊക്കെ ഭംഗിയാക്കി വച്ചാലും വൈകുന്നേരം പോകാൻ നേരം ഹരി എല്ലാം തകിടം മറിച്ചിട്ടാണ് പോകുക. അതുകൊണ്ട് സ്വപ്നയുടെ ആദ്യത്തെ ജോലി അതൊക്കെ വൃത്തിയായി വയ്ക്കുന്നതാണ്. ഈ ജോലി അവളെ ആരും ഏല്പിച്ചതല്ല. അവളുടെ ഇഷ്ടപ്രകാരം ചെയ്യുന്നെന്ന് മാത്രം. അത് ഹരിക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. അതുകൊണ്ട് അവളെ തടയാനും പോയില്ല.
ഹരി ഓഫീസിലേക്ക് കയറിവരുമ്പോൾ കാണുന്നത് വെപ്രാളത്തോടെ എല്ലാം ചെയ്യുന്ന സ്വപ്നയെ ആണ്.. അവന് ചെറിയ ചിരി വന്നെങ്കിലും പുറത്തുകാണിച്ചില്ല.
: സ്വപ്ന… ദൃതി പിടിക്കണ്ട. പതുക്കെ മതി. ഞാൻ രാമേട്ടനെ കണ്ടിട്ട് വരാം.
: ശരി സാർ..
രാമേട്ടനുമായി സംസാരിച്ച് തന്റെ ക്യാബിനിൽ എത്തിയ ഹരി നോക്കുമ്പോൾ സ്വപ്ന ഏതോ സ്വപ്നലോകത്താണ്.. ഉടനെ ഹരി തന്റെ ഫോണെടുത്ത് വൈഗയെ വിളിച്ചു.
: എന്താ ഏട്ടാ…
: നീ ആ കാമറ ഓണാക്കി നോക്കിയേ…. അതിൽ കാമറ 6 നോക്ക്..
: എന്താ സംഭവം.. അവിടെ വല്ല തീയും പിടിച്ചോ..
: ആഹ്.. ചെറിയൊരു സ്പാർക്കുണ്ട്..ആളിക്കത്തുമോന്ന് നോക്കാം….നീ വേഗം നോക്കെടി പോത്തേ
: ഏട്ടൻ ഫോൺ വയ്ക്ക്.. ഞാൻ നോക്കിയിട്ട് വിളിക്കാം
വൈഗയുടെ ഫോൺ വച്ച ശേഷം ഹരി സ്വപനയെ നോക്കിയെങ്കിലും അവൾ അറിഞ്ഞതേ ഇല്ല. താടിക്ക് കയ്യുംകൊടുത്ത് കമ്പ്യൂട്ടറിന്റെ സ്ക്രീനിലേക്ക് നോക്കിയിരിപ്പാണ് പെണ്ണ്. ഓഫീസ് ബോയ് വന്ന് ചായ കൊണ്ടുവച്ചതൊന്നും അവളറിഞ്ഞതേ ഇല്ല… അതിനിടയിൽ രാമേട്ടൻ ക്യാബിനിലേക്ക് വന്നപ്പോൾ ഹരി ഈ രംഗം രാമേട്ടന് കാണിച്ചുകൊടുത്തു.
: ഇവളെ ഞാനിന്ന്…. ഈ പെണ്ണ് ഇതെന്ത് കിനാവ് കാണുവാ. ഞാൻ ഇപ്പൊ വരാം
: ഈ കിളവനെകൊണ്ട്… എന്റെ രാമേട്ടാ, ഇതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല.. അവൾ നന്നായി ആലോചിക്കട്ടെ
: നീ എന്തെങ്കിലും കുഴപ്പംപിടിച്ച ജോലി കൊടുത്തുകാണും.. അല്ലാതെ എന്താ ഇത്ര ചിന്തിക്കാൻ
: രാമേട്ടാ ഒരു മിനിറ്റ്.. വൈഗ വിളിക്കുന്നുണ്ട്
