തീ മിന്നൽ അപ്പേട്ടൻ – 1 2

ആർത്തുലച്ചു വന്ന മഴ, നിലത്തു താളംകെട്ടി കിടന്ന രക്തത്തെ അതിനൊപ്പം കൂട്ടി, ഒഴുകുന്ന അരുവിയിൽ കൊണ്ട് വിട്ടു. അരുവി ഇതറിയാതെ ഒഴുകിക്കൊണ്ടിരുന്നു.

കൊടുംകാടിനാൽ ചുറ്റപ്പെട്ട നരിമലഗ്രാമം ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലാണ്ടു.

***********************

അപ്പൂട്ടൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു, സൂര്യൻ പോലും ഉണർന്നിട്ടില്ല, നരിമല ഗ്രാമം ഇന്നലെ പെയ്ത പെരുമഴയുടെ ആലസ്യത്തിൽ ഉറക്കത്തിലാണ്ടു കിടന്നു. അവനു മാത്രം ഉറങ്ങാൻ പറ്റില്ല, ഇന്ന് ചന്തയുള്ള ദിവസമാണ്, കുറച്ചു നാളുകളായി പകൽ കോളേജിൽ പോയി വന്നതിനു ശേഷം കാട് കയറി അവൻ ശേഖരിച്ച കുറച്ചു തേനും, വള്ളിനാരങ്ങയും, കുടംപ്പുളിയും ഉണ്ട് അത് കൊണ്ട് പോയി വിൽക്കണം. വിഷുവാണ് വരുന്നത് മങ്കുവിന് ഒരു ജോഡി ഡ്രസ്സ് വാങ്ങി കൊടുക്കാം എന്ന് താൻ വാക്കു പറഞ്ഞതാണ്. അവൻ ഉറങ്ങി കിടക്കുന്ന കുഞ്ഞനിയനെ നോക്കി, മങ്കു, മഹേശ്വരൻ. നല്ല പേരാണ്, അച്ഛൻ ഇട്ടതാണ്.

ഈ നാട്ടിലെല്ലാവരും പഴയ രീതികളാണ്, പട്ടണത്തിൽ നിന്നും ഒരുപാട് അകന്ന ഒരു നാട്, ചുറ്റും കാടുള്ളതു കൊണ്ട് പെട്ടന്നാരും ഇങ്ങോട്ടു കടന്നു വരില്ല. അച്ഛൻ ഫോറസ്‌റ്റ് ഓഫീസർ ആയിരുന്നു. ഒരു പൗർണമി നാളിൽ, ചുള്ളിയോടിക്കാൻ പോയ ഒരു കുട്ടിയെ തിരഞ്ഞു കാടു കയറിയതാണ്. പിന്നെ ആരും അച്ഛനെ കണ്ടിട്ടില്ല. ഇവിടത്തെ ആളുകൾക്ക് അതൊരു സാധാരണ സംഭവം ആയിരുന്നു, ചോദിച്ചാൽ അതിനവർ നൂറുകൂട്ടം കെട്ടുകഥകളും പറയും. ആ ആധിയിൽ അമ്മയും പോയി, അന്ന് മങ്കു മുട്ടിൽ ഇഴയുന്ന പ്രായം ആണ്. ഇപ്പോൾ അവൻ ഇപ്പോൾ മൂന്നാം തരത്തിൽ എത്തി. അവൻ കുഞ്ഞായിരിക്കുമ്പോൾ താൻ പെട്ട പാട്. അവനെ ഒരിക്കലും പട്ടിണിക്കിട്ടിട്ടില്ല. അവൻ വെറുതെ ഒരു നെടുവീർപ്പിട്ടു. തനിക്കിനി അവൻ മാത്രമേ ഉള്ളു, അവന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെങ്കിലും സാധിച്ചു കൊടുക്കണം.

ഇരുപത്തിമൂന്ന് വയസ്സ് ഉള്ളു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.എല്ലാ കാര്യങ്ങളും അവൻ തന്നെ ചെയ്യണം, കാടിനോട് ചേർന്നൊരു വീടും പറമ്പും ഉണ്ട്. പക്ഷെ ജീവിക്കാൻ അത് പോരല്ലോ. എല്ലാപണികളും അപ്പൂട്ടൻ ചെയ്യും.
നാട്ടിൽ കോളേജ് ഉണ്ട്.,,, ചെറിയസ്കൂളും, പ്ലസ് ടു വും, കോളേജും, എല്ലാം ഒരേ കോമ്പൗണ്ടിൽ ആണ്. അവൻ മുടങ്ങാതെ ക്ലാസ്സിങ്ങിനു പോയിരുന്നു. പഠിക്കാൻ ബുദ്ധി ഇണ്ടായിട്ടോ, ആഗ്രഹം ഉണ്ടായിട്ടോ അല്ല, അവിടെ അച്ഛൻ, അമ്മ ഇല്ലാത്ത കുട്ടികൾക്ക് മാസാമാസം സ്കോളർഷിപ് കിട്ടും, അതില്ലെങ്കിൽ പട്ടിണിയാവും. അതോണ്ട് മാത്രം കോളേജിൽ പോണതാണ്. സയൻസ് ഭാഗം ഒന്നും അവിടെയില്ല, ഹ്യൂമാനിറ്റീസും, കോമേഴ്സും മാത്രേ ഉള്ളു. സോഷ്യോളജി ആണ് അവൻ എടുത്തത് അതാവുമ്പോ, വല്ലതും എഴുതി വച്ചാൽ ജയിക്കാലോ.

അമ്മ മരിച്ചതിനു ശേഷം അവൻ കുറെ ഉഴപ്പി പല ജോലിക്കും പോയി നോക്കി. ആരു ജോലി കൊടുക്കാൻ ആണ്, ശോഷിച്ചു ആവാതില്ലാത്ത രൂപം, പ്ലസ്ടു മുഴുവൻ ആക്കിയിട്ടില്ല, പോരാത്തതിന് മണ്ടനും. എടുപിടി പണികളും മറ്റും ചെയ്യാം എന്നല്ലാതെ, മറ്റൊന്നിനും കഴിയില്ല. തൻ്റെ ഒപ്പം ഉള്ള മറ്റു കുട്ടികളുടെ ബുദ്ധി ഒന്നും അവനില്ല. ഒരു പൊട്ടൻ.

അങ്ങനെ കണ്ണടച്ച് തുറക്കലെ രണ്ടു കൊല്ലം പോയി ഒപ്പം ഉള്ളവര് വലിയ ക്ലാസ്സുകളിൽ ആയി. അപ്പോൾ ആണ് സ്കോളര്ഷിപ്പിന്റെ കാര്യം അറിയണതു, ഒരു ആരോഗ്യവും ഇല്ലാത്ത തനിക്കു, പണിയെടുത്തു അത്ര കാശു ഉണ്ടാക്കാൻ പറ്റില്ലാന്ന് അവനു ഉറപ്പായിരുന്നു. അതുകൊണ്ടു അവൻ പഠിക്കാൻ ചേർന്നു എങ്ങനെയൊക്കെയോ തട്ടിമുട്ടി പാസ് ആയി പോയി കൊണ്ടിരിക്കുന്നു. ഇപ്പൊ മൂന്നാം വര്ഷം ആണ്, ഇതുകഴിഞ്ഞ പിജിക്കു കിട്ടാൻ ഒരു സാധ്യതയും കാണുന്നില്ല. എങ്ങനെ ജീവിക്കും. ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല.

അവൻ , പല്ലൊക്കെ തേച്ചു വന്നു ഷർട്ട് ഇല്ലാതെ കണ്ണാടിയിൽ നോക്കി, ഉണങ്ങി ആവതില്ലാത്ത എല്ലുകൾ എണ്ണിയെടുക്കാവുന്ന ശരീരം. ഇത്തിരി പൊഴക്കം കൂടുതൽ ഉള്ള ഷർട്ടുകൾ ആണ് ഇടുക, അത് ശരീരം തടി തോന്നിക്കാൻ വേണ്ടി മാത്രം അല്ല, അതെ ഉള്ളു. ആ അറ്റം പിഞ്ഞി തുടങ്ങിയ നാല് ഷർട്ടും അഞ്ചു മുണ്ടും (അതിൽ രണ്ടെണ്ണം പണിയെടുക്കുമ്പോഴും വീട്ടിലും മാത്രം ഉടുക്കുന്നതാണ്) മാത്രം വച്ചാണ് അവൻ കൊല്ലങ്ങൾ ആയി, ഓടിക്കൊണ്ടിരിക്കുന്നതു.
അവൻ മുഖത്തേക്ക് നോക്കി, മുടി വളർന്നു മുഖം മൂടി കിടപ്പുണ്ട്, അത് നന്നായി, മുഖത്തു അവിടവിടെ ഉള്ള മുഴകളും, കണ്ണിനോട് ചേർന്നുവട്ടത്തിൽ ഉള്ള ചൊറിയും ആളുകൾ കാണാതിരിക്കുമല്ലോ. അതെല്ലാം കൂടിക്കൂടി വരുന്നുണ്ട്. ചികിൽസിപ്പിക്കാൻ പണം ഇല്ല, വേറെ വഴിയില്ല അങ്ങനെ തന്നെ കിടക്കട്ടെ. അതിലും പ്രധാനപ്പെട്ട എത്ര കാര്യങ്ങൾ വേറെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *