തീ മിന്നൽ അപ്പേട്ടൻ – 1

ക്ലാസ്സില് അവളോടിപ്പോഴും കൂട്ടുള്ള കൊച്ചുണ്ണി, അവളുടെ ചുവന്ന മുടിയിഴ പുസ്തകത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നു ഞാൻ കേട്ടു, കണ്ടിട്ടൊന്നും ഇല്ല, ഞാൻ അവനോടു ചോദിക്കാനും പോയില്ല, അവൻ ഒരു വഷളൻ ആണ്, അവൾ എന്തിനാവോ ഇതുപോലുള്ളവരൊക്കെ ആയി കൂട്ട് കൂടുന്നതു അപ്പൂട്ടൻ ചെറിയൊരു ദേഷ്യത്തോടെ മനസ്സിൽ വിചാരിച്ചു.

നടന്നു ചന്ത എത്തിയപ്പോഴേക്കും അപ്പൂട്ടൻ വിശർപ്പിൽ കുളിച്ചിരുന്നു. നേരെ കുഞ്ഞി മാപ്പിളേടെ കടയിലേക്ക് നടന്നു, വില ഇത്തിരി കുറവാണെങ്കിലും, അവൻ കുഞ്ഞിക്കക്കെ സാധനം വിൽക്കാറുള്ളു. പണ്ട് ചെറുപ്പത്തിൽ, മാങ്കുവിനെയും കൊണ്ട് കഷ്ടപെടുമ്പോൾ അയാളും, ബീവിയും ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർക്കു രണ്ടു കുഞ്ഞു പെൺകുട്ടികൾ ആണ്, ഇരട്ടകുട്ടികൾ, ഒരേ പോലത്തെ ഡ്രെസ്സൊക്കെ ഇട്ടു അവർ അവിടവിടെ പൂമ്പാറ്റ കുഞ്ഞുങ്ങൾ പോലെ അവിടെ പാറി നടക്കുന്നുണ്ടായിരുന്നു.

അവർക്കു വയസാം കാലത്താണ് ഈ മാലാഖകുഞ്ഞുങ്ങൾ ഉണ്ടായതു. പാത്തുവും, ആമിനയും. അതിനു രണ്ടിനും അപ്പൂട്ടനെ പേടിയായിരുന്നു, മുഖത്തെ മുഴകളും രൂപവും എല്ലാം കൂടി കണ്ട്. അവര് പേടിക്കുമ്പോൾ അപ്പൂട്ടന് വിഷമം ആണ്. അവനു അവരെ ഒന്ന് എടുത്തു കൊഞ്ചിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. അവനു ലോകത്തുള്ള എല്ലാകുട്ടികളെയും ഇഷ്ടമാണ്. പക്ഷെ അവരുടെ അച്ഛനമ്മമാർ ഒരിക്കലും അവരെ അവനടുത്തേക്കു വിടാറില്ല, അവന്റെ അസുഖം കുഞ്ഞുങ്ങൾക്കു പകർന്നാലോ. അവൻ്റെ പേര് പറഞ്ഞു പേടിപെടുത്തി കുട്ടികൾക്ക് ചോറ് കൊടുക്കണതുവരെ അവൻ കണ്ടിട്ടുണ്ട്.
അവൻ്റെതൊരു ജനിതക രോഗം ആണെന്ന് അപ്പു ഒൻപതാം തരത്തിൽ പഠിച്ചിരുന്നു, പകരില്ല, പക്ഷെ അത് പഠിപ്പിച്ച പുഷ്പലത ടീച്ചർക്ക് തന്നെ അവൻ്റെ അടുത്ത് വരാൻ പേടിയായിരുന്നെന്നു അപ്പു ഓർത്തെടുത്തു.

“എന്താ അപ്പൂട്ട ഇന്ന് കൊറച്ചധികം സാധനങ്ങൾ ഉണ്ടല്ലോ, വല്ല കോളും കിട്ടിയോ.”

“ എവിടന്ന് ഇക്ക, എപ്പഴതേം പോലെ കൊറച്ചു തേനും, കുടംപുളിയും ഉണ്ട് അതിനപ്പുറത്തേക്ക് കോള് ഞാൻ എവിടെ പോയി ഒപ്പിക്കാൻ ആണ്. നിങ്ങള് ഇതെടുത്തു, വെക്കം കാശു തരീം. എനിക്ക് കോളേജി പൂവൻ ഇള്ളതാ.”

“ഇയ്യ്‌ ഇങ്ങനെ നടന്ന മത്യാ പുള്ളെ, അനക്കു പട്ടണത്തി പോയി വല്ല ജോലിക്കും കേറിക്കൂടെ. തൊട്ടാ തെറിക്കണ പ്രായം അല്ലെ, ഇപ്പഴാ അതൊക്കെ പറ്റുള്ളൂ. ഇത്തിരികൂടി ഒക്കെ പ്രായം ആയ ഈ മലമൂട്ടിൽ വേര് ഉറച്ചു പോവും ചെക്കാ”

“അതെ തൊട്ടാ ഞാൻ തെറിച്ചു വല്ലോടത്തും വീണ് ചാവും , അതെന്നെ ഇണ്ടാവുള്ളോ, അങ്ങനത്തെ പ്രായം, ഇവിടെ ആവുമ്പൊ സ്കോളർഷിപ് കാശെങ്കിലും കിട്ടണ്‌ണ്ട്, അവിടെ ഒക്കെ പോയാ പട്ടിണി കിടന്നു ചവണ്ടി വരും.”

“ അതൊക്കെ എത്ര നാളാന്നാ!!, എന്നാലും അൻ്റെരു, തലേലെഴുത്തു ഞാൻ ആലോയ്‌ക്കായിരുന്നു.”

“അതൊന്നും നമ്മള് കൂട്ടിയ കൂടില്ല ഇക്ക, അനുഭവിച്ചെന്നെ തീരണം”

അവൻ നോക്കുമ്പോ കുട്ടികൾ ഓട്ടം നിർത്തി, അവനെയും നോക്കി പേടിച്ചു പിന്നിൽ കൈയ്യുംകെട്ടി നിൽപ്പാണ്.

“ഇവരിത്ര നേരത്തെ എണീക്കോ ഇക്ക”

“എന്താ ചെയ്യാ മോനെ, ഇവറ്റോൾക്ക് ഒറക്കം ഇല്ല, മിന്നംവെളുക്കും മുന്നേ എണീറ്റ് കളി തൊടങ്ങും, ഞങ്ങളേം ഒറക്കില്ല. വയസ്സാം കാലത്തു പടച്ചോൻ ഒരു താമാശ കാണിച്ചതാണ്. എന്നാലും ഇവരുള്ളോണ്ട് ഞങ്ങൾക്ക് ജീവിക്കാൻ തോന്നണ്ണ്ട്‌. അല്ലെങ്കി ഞങ്ങക്കു ആരാ, അൻ്റെ പോലെന്നെ.”

ബീവിയാണ് ഉത്തരം പറഞ്ഞത്.
ശരിയാണ് മങ്കു ഇല്ലങ്കി ഞാനും എന്നേ കാറ്റാടികുന്നിൽ നിന്ന് ചാടിചത്തേനെ. ഞാൻ വെറുതെ മനസ്സിൽ ഓർത്തു.

തിരിഞ്ഞു നടക്കുമ്പോൾ, പിന്നിൽ പിള്ളേരുടെ കളിചിരികൾ വീണ്ടും കേട്ട് തുടങ്ങി, വളവു തിരിഞ്ഞപ്പോൾ ബീവി അവരെ പേടിപ്പിക്കാൻ പറയണേ കേട്ടു.

“അടങ്ങിയിരിക്ക് പിള്ളേരെ, ഇല്ലെങ്ങി ഞാൻ ഇപ്പൊ അപ്പൂട്ടനെ വിളിക്കുട്ടാ”

മാങ്കുനു വാങ്ങിച്ച ഡ്രസ്സ് അവൻ കാണാതെ, പഴേ മരഅലമാരിയിൽ മുകളിലത്തെ നിലയിൽ വച്ച് അടച്ചു. വിഷുനു ഇനിയും ഒരു മാസം ഉണ്ട്, പക്ഷെ എന്തോ, ആകെപ്പാടെ മനസ്സിൽ ഒരു പേടി. ഈ വിഷുനു മുന്നേ താൻ മരിച്ചു പൂവോന്നു. ക്ഷീണം ഓരോ ദിവസവും കൂടി കൂടി വരണതല്ലാതെ ഒരു കുറവില്ല.

താൻ മരിച്ചാൽ മങ്കുനു ആരാ, “കാട്ട്മുത്തിയമ്മേ , മങ്കുനെ കാത്തോണേ.” അപ്പോൾ പോലുമവൻ അവനെ കാക്കാൻ പ്രാർത്ഥിച്ചില്ല. അതാണ് അപ്പൂട്ടൻ. എല്ലാരോടും സ്നേഹം മാത്രം.

*********

അവൻ മങ്കു കിടക്കണ മുറിയിലേക്ക് ചെന്നു, അവിടെ അവൻ ഇല്ല, ഈ ചെക്കൻ ഇതെവിടെപ്പോയി. പുറത്തുപോയി ഉമിയിട്ടു പല്ലു തോക്കുന്നുണ്ടാവും, മിടുക്കൻ അപ്പു മനസ്സിൽ വിചാരിച്ചു.

പുതപ്പെടുത്തു മടക്കിയപ്പോൾ. അതിനടിയിൽ ഒരു ബനിയൻ, നല്ല ചെമ്പരത്തി പോലെ ചുമന്ന നിറം, അതിൻ്റെ നടുക്ക് നെഞ്ചിന്റെ ഭാഗത്തു , നല്ല മഞ്ഞകളറിൽ ഒരു ഇടിമിന്നൽ അടയാളം, ഇതെവിടന്നു വന്നു അപ്പുട്ടൻ അതെടുത്ത് പൊന്തിച്ചു നോക്കി. പിന്നിലെ ജനലിൽ നിന്നുള്ള പ്രകാശം അതിൽ വന്നടിച്ചു മുറിയിൽ ആകെ ചുവപ്പുവർണ്ണം വിതറി, ഇടിമിന്നൽ ഭാഗം തിളങ്ങി.

“ഹാപ്പി ബർത്ത ഡേ അപ്പേട്ടനു, ഹാപ്പി ബര്ത്ഡേ ടൂ യു…..” പിന്നിൽ നിന്നു മങ്കു ചാടി ചാടി ഓളിയിട്ടു വന്നു വലത്തേ വശത്തു വന്നുനിന്നു. അപ്പൂട്ടൻ അവനെ നോക്കി. ശരിയാണ് ഇന്ന് തൻ്റെ പിറന്നാളാണ്, എള്ള വർഷത്തെയും പോലെ മറന്നു പോയിരിക്കുന്നു.
ബനിയനിൽ നോക്കിയപ്പോൾ അവനു മനസ്സിലായി കഴിഞ്ഞയാഴ്ച , വിജ്ഞാനപരീക്ഷയിൽ കിട്ടിയ സമ്മാനതുകയാണ് ബനിയനായി തൻ്റെ കയ്യിൽ ഇരിക്കുന്നത്. പക്ഷെ ഇത്ര നല്ല ബനിയൻ ഈ നാട്ടിൽ കിട്ടില്ല, ഇത് പട്ടണത്തിൽ നിന്ന് വാങ്ങിയതാവണം. ഇതെങ്ങനെ!!!

“എന്തിനാണ് മങ്കു ഇതൊക്കെ, നിന്റെ അപ്പേട്ടൻ എന്താ സിനിമയിൽ അഭിനയിക്കണ നായകൻ ആണോ?, ഇത്ര കളർ ഉള്ള ഡ്രസ്സ് ഒക്കെ ഇട്ടു നടക്കാൻ.”

അവൻ കെറുവിച്ചു വഴക്കുപറഞ്ഞു,

“അപ്പേട്ടൻ എൻ്റെ ഹീറോ അല്ലെ, സൂപ്പർ ഹീറോ, അതോണ്ട് ഞാൻ അമ്പിളിയേച്ചിയെക്കൊണ്ട് ബനിയൻ പട്ടണത്തീന്നു വാങ്ങിപ്പിച്ചതാ”

“അമ്പിളിയോ അവള് വന്നിട്ടുണ്ടോ?”

“ആ, അമ്പിളിയെച്ചീടെ അമ്മക്കു വല്ലാണ്ട് വയ്യാണ്ട് ആയി കെടക്കായിരുന്നേ, അപ്പൊ അമ്പിളിയേച്ചി ഒരു മാസം ലീവെടുത്തു വന്നതാ, മിനിയാന്ന്, എന്നോട് കുരുവി പറഞ്ഞതാ,”

കുരുവി അമ്പിളിയുടെ പെങ്ങൾ ആണ് ശരിക്കുള്ള പേര് അരുവി ന്നാണ്, പക്ഷെ അതിലും നല്ല പേരല്ലേ കുരുവി.

“അപ്പോ ഞാൻ ഒരു ചോപ്പ ബനിയൻ വാങ്ങി കൊണ്ട് വരോ ചോയ്ക്കാൻ പറഞ്ഞു അപ്പേട്ടന് പാകത്തില്, ഒന്നും പറഞ്ഞില്ല പക്ഷേ ഭാഗ്യത്തിന് വാങ്ങിണ്ടായി.”

ഞാൻ എടുത്തു നോക്കി പോഴക്കം വളരെ കൂടുതൽ ആണ്, ഇത് ഞാൻ ഇട്ട ഹാങ്ങറിൽ തുണിയിട്ടപോലെ ഇരിക്കും, അവള് എന്നെ അടുത്ത് കണ്ടിട്ടെന്നെ ഒരുപാട് നാളായില്ലേ. എന്നാലും അമ്പിളി വാങ്ങിയതല്ലേ സൂക്ഷിച്ചു വെക്കാം.

Leave a Reply

Your email address will not be published. Required fields are marked *