തീ മിന്നൽ അപ്പേട്ടൻ – 1

അപ്പൂട്ടൻ അപമാനഭാരത്തിൽ അങ്ങനെ കിടന്നു അപ്പോൾ അവന്റെ മുഖത്തു ചൂടുള്ള വെള്ളം വീണു, ദുർഗന്ധം, നോക്കുമ്പോൾ മൂത്രം ആണ് അപ്പൂട്ടൻ ഓക്കാനിച്ചു.

അവർ അവൻ്റെ മേത്തു കാർക്കിച്ചു തുപ്പി അവിടെ നിന്നും പോയി,

“അവളെ വേറൊരു ദിവസം ഒതുക്കത്തിൽ എൻ്റെ കൈയിൽ കിട്ടും” മുരുകൻ പറയുന്നുണ്ടായി.

അപ്പൂട്ടൻ കരഞ്ഞു കൊണ്ട് മുണ്ടെടുത്തു പുതച്ചു, അപ്പോഴേക്കും അവിടേക്ക്

“മോനെ അപ്പൂട്ടാ….” ന്ന് വിളിച്ചു ഓടി വന്ന പൈലിച്ചേട്ടൻ അവനെ മുണ്ടു ശരിക്കു ഉടുപ്പിച്ചു. മുഖം കീറിയ ഷർട്ടുകൊണ്ടു തൂത്ത്കൊടുക്കുമ്പോൾ, അയാൾക്ക് അവനോടു പാവം തോന്നി. അപ്പോൾ പിന്നാലെ അങ്ങോട്ട് അമ്പിളിയും പിള്ളേരും ഓടി വന്നു.

അമ്പിളി കുറച്ചു നേരം ഇതൊക്കെ കണ്ടു മരവിച്ചു നിന്നുപോയി. പിന്നെ ഓടിപോയി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു അവന്റെ മുറിവ് നോക്കി തുടങ്ങി. മുറിവിലെ ഗ്ലാസ് എല്ലാം സ്പിരിറ്റും പഞ്ഞിയും വച്ച് ശ്രദ്ധിച്ചു തുടച്ചു മാറ്റി, ബാറ്റഡിൻ പുരട്ടി പഞ്ഞി വച്ച് പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കുമ്പോഴും അവൾക്കു അവൻ്റെ അവസ്ഥകണ്ട്‌ കണ്ണീരു നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു, തനിക്കു വേണ്ടി അല്ലെ, ഇതൊക്കെ തനിക്കു സംഭവിക്കേണ്ടിയിരുന്നതല്ലേ, അവള് തേങ്ങികരഞ്ഞു കൊണ്ട് അവന്റെ മുറിവ് ഡ്രസ്സ് ചെയ്തു കൊടുത്തു. കുട്ടികൾ നിർത്താതെ കരയുന്നുണ്ടായിരുന്നു. അവർ ആകെ പേടിച്ചു പോയി. അപ്പൂട്ടൻ ആകെ മരവിപ്പിൽ തന്നെ ആയിരുന്നു.
അവർ എല്ലാരുംകൂടി പരസ്പരം ഒന്നും സംസാരിക്കാതെ വീട്ടിലേക്കു നടന്നു, അപ്പൂട്ടൻ ഒഴികെ, എല്ലാവരുടെയും തേങ്ങൽ ഇടയ്ക്കിടക്ക്, കേൾക്കുന്നുണ്ടായിരുന്നു. അപ്പൂട്ടൻ മാത്രം കരഞ്ഞില്ല, വിങ്ങുന്ന നെഞ്ചുംപൊത്തി പിടിച്ചു, ഷർട്ട് ഇടാതെ തന്നെ അവൻ വീട്ടിലേക്കു നടന്നു.

*************

രാത്രിയായപ്പോൾ അവനാകെ ഒരു പരവശം, എഴുന്നേറ്റു വെള്ളം കുടിച്ചു, അവൻ കുറച്ചുന്നേരം കട്ടിലിന്റെ വക്കിൽ ഇരുന്നു. മങ്കു കരഞ്ഞു തളർന്നു ഉറങ്ങുകയാണ്. അവൻ ആകെ പേടിച്ചു പോയിരുന്നു. അവന്റെ മനസ്സിൽ അപ്പേട്ടൻ ഇപ്പോഴും ഹീറോ ആയിരിക്കോ?… താൻ നല്ലതല്ലേ ചെയ്തത്?.. പക്ഷേ നായകന്മാർ ഇടികൊണ്ടു, അപമാനം ഏറ്റുവാങ്ങി വീട്ടിൽ വരുമോ.

കുഞ്ഞികുട്ടികൾ, എങ്ങനെയാണു നായകന്മാരെ തീരുമാനിക്കുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ. അവനിന്നും അപ്പേട്ടൻ ഹീറോ ആണോ, അല്ലയോ എന്ന് തനിക്ക് കണക്കുകൂട്ടാം ആയിരുന്നു.

ആ…. എന്തായാലും, അന്ന് അമ്പിളി പറഞ്ഞ പോലെ, ഒരു ദിവസം അവനു മനസ്സിലാവും അപ്പേട്ടനു ആരേം രക്ഷിക്കാൻ ഉള്ള ശക്തിയൊന്നും ഇല്ല എന്ന്. അപ്പേട്ടൻ വെറും ഒരു പൊട്ടൻ പേടിച്ചുതൂറി ആണെന്ന്.

എങ്കിലും, അവനെന്തോ സങ്കടം, അത് ഇന്ന് വേണ്ടായിരുന്നു. തന്നെ വിശ്വസിക്കുന്നവരെ, താൻ സ്നേഹിക്കുന്നവരെ ആപത്തിൽ നിന്നു രക്ഷിക്കാൻ കഴിയുക എന്നത് സ്നേഹം തന്നെയാണ്. പക്ഷേ തന്റെ സ്‌നേഹത്തിന്, എഴുന്നേറ്റു നില്ക്കാൻ നട്ടെല്ല് ഇല്ലാതെ പോയി, അപമാനിക്കപ്പെട്ടു, ദയനീയം ആയി അപമാനിക്കപ്പെട്ടു. എങ്കിലും അമ്പിളിയും പിള്ളേരും, രക്ഷപ്പെട്ടില്ലേ തനിക്കതു മതി.

അവൻ മങ്കുവിന്റെ തലയിൽ വെറുതെ തലോടി. അവൻ ഉറക്കത്തിൽ ഒന്ന് ഞെട്ടി

“ൻ്റെ അപ്പേട്ടനെ തല്ലല്ലേ, അപ്പേട്ടൻ പാവാ..” അവൻ ഉറക്കത്തിൽ അവ്യക്തമായി പറഞ്ഞു, അത് കേട്ട് അപ്പൂട്ടന്റെ മനസ്സ് നീറി.

അവൻ എഴുന്നേറ്റു പുറത്തേക്കു ഇറങ്ങി. വാതില് പൂട്ടി. ഇടയ്ക്കു വല്ലാതെ വിഷമം ആയ അവനിതു ഉള്ളതാണ്, കാടുകയറി കാറ്റടിക്കുന്നിൽ നീണ്ടു കിടക്കുന്ന നെടുനീളൻ പാറയിൽ പോയിരിക്കും.
വീടിന്റെ പടികൾ ഇറങ്ങി, അവൻ തിരിഞ്ഞു നിന്ന് വീടിന്റെ പേര് വായിച്ചു.

“കൊട്ടാരം വീട്”.

കഞ്ഞികുടിക്കാൻ വകയില്ലാത്തവൻ്റെ വീട്ടുപേരാണ്, ‘കൊട്ടാരം വീട്’. അവൻ വെറുതെ ചിരിച്ചു കൊണ്ട് നടന്നു.

അപ്പൂട്ടൻ, ‘കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ’ , അവൻ കാടുകേറുന്നതിനൊപ്പം വെറുതെ മനസ്സിൽ പറഞ്ഞു. പണ്ട് ജയറാമിന്റെ ഒരു പടം ഉണ്ടായിരുന്നു ആ പേരിൽ, ആ പടത്തിൽ നായികയുടെ പേര് അമ്പിളി എന്ന് തന്നെ ആണ്. അത് കണ്ടതിനു ശേഷം ഒരുപ്പാട്‌ കൊതിച്ചിട്ടുണ്ട്, തന്നെ ആരെങ്കിലും അമ്പിളിയെ വച്ച് അതും പറഞ്ഞൊന്നു കളിയാക്കിയിരുന്നെങ്കിൽ എന്ന്. പക്ഷെ തൻ്റെ പേരു പോലും അധികം പേർക്ക് അറിവുണ്ടായില്ല, പിന്നെ അല്ലെ വീട്ടുപേര്. ഇതൊക്കെ അറിയാങ്ങി തന്നെ ആരെങ്കിലും, തന്നെയൊക്കെ ജയറാം ആയി സങ്കൽപ്പിക്കുമോ, ഒരിക്കലും ഇല്ല, അവൻ വെറുതെ മുഖത്തെ മുഴകളിൽ തഴുകി.

എങ്കിലും അമ്പിളിക്ക് പിന്നാലെ “ചന്ദനക്കുറി നീ അണിഞ്ഞതിൽ,…… എന്റെ പേര് പതിഞ്ഞില്ലെ….” എന്ന വരിയും പാടി ഒരുപ്പാട്‌ കപട അപ്പൂട്ടൻ പൂവാലന്മാർ നടന്നിരുന്നു. അവൻ അതോർത്ത് ചിരിച്ചു.

കാടു കൂടുതൽ, കൂടുതൽ ഇരുണ്ടു വന്നു അവൻ്റെ മനസ്സെന്ന പോലെ.

************

പുഴക്കപ്പുറത്തെ തുകൽ ഫാക്ടറി……

മുതലാളി അന്ന് വളരെ ചൂടിൽ ആയിരുന്നു. തുകൽ ഒരിക്കലും കേടാവാതെ ഒരുപാട് നാൾ അതേപോലെ തന്നെ,ഭംഗിയിൽ ഇരിക്കാൻ ചേർക്കുന്ന പ്രത്യേക മിശ്രിതം “എക്സ്” അമേരിക്കയിൽ നിന്ന്, ഒരു വലിയ തുകക്ക് വരുത്തിയതാണ്. അത് ഉപയോഗിക്കണ്ട രീതി മാത്രം ആർക്കുമറിയില്ല.

മറ്റു ആസിഡുകൾക്കും, സംയുക്തങ്ങൾക്കും ഒപ്പം ചൂടാക്കി ഉപയോഗിക്കാം എന്ന ധീരമായ തീരുമാനം, പ്ലാന്റിലെ പ്രധാന ബംഗാളി ചോട്ടു എടുത്തു. മുതലാളി എതിർക്കാൻ നിന്നില്ല, ചോട്ടു എട്ടാം ക്ലാസ്സു വരെ പഠിച്ചിട്ടുണ്ട്. താൻ നാലാംക്ലാസ്സു വരെ കഷ്ടി ഉപ്പുമാവ് കഴിക്കാൻ സ്കൂളി പോയി എന്നെ ഉള്ളു. അവർ ബർണറിൽ ചൂടാക്കി കൊണ്ടിരുന്ന മറ്റു സംയുക്തങ്ങളിലേക്കു , ക്രൈൻ ഉപയോഗിച്ച് “മിശ്രിതം എക്സ്” വച്ചിരുന്ന വലിയ കണ്ടെയ്നർ ചെരിഞ്ഞു. മുഴുവനായും ഒഴിച്ചു.
ഒന്നും സംഭവിച്ചില്ല, മുതലാളി ചോട്ടുവിനെ ആരാധനയോടെ നോക്കി, ചോട്ടു കോളർ പിന്നോട്ടാക്കി, ഇതൊക്കെ എന്ത് എന്ന രീതിയിൽ മനോഹരമായ ഒരു ബംഗാളി ചിരിചിരിച്ചു.

“പ് ഡോ…….” പിന്നെ കാതടപ്പിക്കുന്ന ഒരു പൊട്ടിത്തെറി ആയിരുന്നു. ആകെ പുക പൊടി, ആർക്കും ബോധം ഇല്ല. മുതലാളി കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കി, കമ്പനിയുടെ മേൽക്കൂര കാണാൻ ഇല്ല. ‘ഇങ്ങനെ കിടന്നാൽ നക്ഷത്രങ്ങളെയും, അമ്പിളി മാമനെയും കാണാം’, സ്ഥിരബുദ്ധി നശിച്ച അയാൾ ചിന്തിച്ചു, പിന്നെ കൊച്ചു കുട്ടികളെ പോലെ വിടർന്ന ആകാശവും നോക്കി അതെ കിടപ്പു കിടന്നു.

***********

പൊട്ടിത്തെറിയിൽ സൾഫർ ഓക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് , ലെഡ്, മെർക്കുറി, ആര്സെനിക്, കാഡ്മിയും പോലുള്ള വിഷവസ്തുക്കൾ, മിശ്രിതം എക്‌സിനോടൊത്തു മുകളിലേക്ക് ബാഷ്പമായി ഉയർന്നു. അത് തിങ്ങി നിന്നിരുന്ന മഴമേഘങ്ങളിൽ അലിഞ്ഞു ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *