തീ മിന്നൽ അപ്പേട്ടൻ – 1

മേഘം വടക്കോട്ട്‌ കാടിനെ നോക്കി നരിമലയെ നോക്കി പയനംചെയ്തു. തണുത്ത അരുവിക്ക്‌ മുകളിൽ എത്തിയപ്പോൾ മേഘങ്ങൾക്ക് കുളിരു കോരി തുടങ്ങി, അവ പ്രണയാർദ്രമായി. ആൺ മഴമേഘം, കറുത്ത് തുടുത്തു സുന്ദരിയായ ഒരു പെൺമേഘത്തെ ചേർത്തണയ്ക്കാൻ നോക്കി. അവൾ സ്ത്രീസഹജമായ നാണത്തോടെ ഓടിയകന്നു. കാടിനു മുകളിലെ തണുപ്പും, പാലപൂത്ത ഗന്ധവും അവരിലെ കാമത്തിന് തിരികൊളുത്തി. നാണത്തിൽ കലർന്ന രതിദേവിയെന്നോണം, പെൺമേഘം ആൺമേഘത്തെ മാടി വിളിച്ചു അവർ രാസകേളികൾ ആടാൻ കൊതിയോടെ, കാറ്റടിക്കുന്നു ലക്ഷ്യമാക്കി നീങ്ങി. പ്രണയത്തിന്റെ, കാമത്തിന്റെ, തുഷ്ടി തുടികൊട്ടിയ ആകാശം.

************

അപ്പൂട്ടൻ കാറ്റാടികുന്നിൽ ചെങ്കുത്തായ ഒരു പാറയിൽ ആകാശം നോക്കി കിടക്കുകയായിരുന്നു. സാധാരണ അവൻ അവിടെ കിടക്കാറില്ല, ഒന്നു നിലതെറ്റിയാൽ താഴെ ഒരു ഇരുപതടി താഴ്ചയിൽ വലിയ ഗർത്തമാണ്. അതിനു കീഴെ കൂറ്റൻ ഉരുളൻ പാറക്കല്ലുകളും, വീണാൽ മരണം ഉറപ്പാണ്. ഇന്നവൻ അതൊന്നും ചിന്തിച്ചില്ല, മനസ്സിൽ അത്രത്തോളം ഉണ്ട് സങ്കടം. നെഞ്ച് വിങ്ങുന്നുണ്ട്. അമ്പിളി പറഞ്ഞ ഗുളിക കഴിച്ചു എന്നാലും നല്ല കുത്തൽ ഉണ്ട്. നെഞ്ചിനുള്ളിലും പുറത്തും വേദനയുമായി അവൻ അങ്ങനെ കിടന്നു. കഴിച്ച ആന്റിബയോട്ടിക് ൻ്റെ, ക്ഷീണത്തിൽ അൽപ്പം മയങ്ങിപോയി.
തന്നെ വിശ്വസിക്കുന്നവരെ, തന്നെ സ്നേഹിക്കുന്നവരെ രക്ഷിക്കാൻ ഉള്ള നിസ്സാര ശക്തി പോലും ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ ജീവിച്ചിട്ട് തന്നെ എന്താണ് കാര്യം….

***************

പ്രേമപരവശരായ കാർമേഘങ്ങൾ, താഴെ അപ്പൂട്ടൻ കിടക്കുന്നതു കാണാതെ മുകളിൽ രാസകേളിയാടിക്കൊണ്ടിരുന്നു. നാണിച്ചുനിന്ന സുന്ദരിയായ കരിനീലഗാത്രി, നമ്മുടെ ആളി, പെൺമേഘത്തിനു, കാർമേഘവർണ്ണൻ നമ്മുടെ തോഴൻ ആൺമേഘം ആശയിൽ ഒരു ചുടുചുംബനം നൽകി. ആ ചുംബനത്തിൽ രൂപപ്പെട്ട, പോട്ടെൻഷ്യൽ ഡിഫറെൻസിൽ, ഒരു വൈദ്യൂത പ്രവാഹം രൂപപ്പെട്ടു. അത് മനോഹാരിണിയായ ധാത്രി, നമ്മുടെ സുന്ദരഭൂവിൽ വന്നു പതിച്ചു. സർവ്വംസഹയായ ഭൂമി സന്തോഷത്തോടെ അത് സ്വീകരിച്ചു.

“പ് ട്ടോ………….”

കർണ്ണ കടോരമായ ആ ശബ്ദം കേട്ട് അപ്പൂട്ടൻ ഞെട്ടിയുണർന്നു. ചുറ്റും തീ മിന്നലുകൾ ഇടുത്തീ പോലെ വന്നു വീഴുന്നു അവനു പേടിച്ച്‌ അനങ്ങാൻ പറ്റിയില്ല. കൈകൾ തലയ്ക്കു പിന്നിൽ വച്ച് അനങ്ങാതെ അവൻ ആകാശം നോക്കി കിടന്നു. വലതു വശത്തെ അത്തിമരം തീ മിന്നൽ ഏറ്റ് നിന്ന് കത്തുന്നുണ്ട്. പിന്നെയും ഞെട്ടിക്കുന്ന ശബ്ദത്തിൽ മിന്നലുകൾ അവനു ചുറ്റും വീണു കൊണ്ടിരുന്നു. ഭയത്തിലും അവൻ ആകാശത്തിൻ്റെ ഭംഗി കണ്ടു അത്ഭുതപരവശനായി അമ്പരന്നു നിന്നു.

അവ സാധാരണ മേഘങ്ങൾ ആയിരുന്നില്ല, പല പല മൂലകങ്ങൾ, മിന്നലിൽ ഉണ്ടായ വൈദ്യൂത ചാർജിൽ കത്തി, പലവർണ്ണങ്ങൾ മേഘങ്ങൾക്കു കൈവന്നു. പച്ച, മഞ്ഞ, ചുവപ്പു, പിങ്ക് അതോ മജണ്ടയോ, നീല കടുത്തതും, നേർത്തതും മങ്ങിയതും. നിറങ്ങൾ കൊണ്ട് ആകാശം വർണ്ണശബളമായി നിറഞ്ഞുതൂവി. മിന്നൽ പിണരുകൾക്കു പോലും നിറങ്ങൾ ഉണ്ടായിരുന്നു. ഇതെന്തു മാറിമായം.

പെട്ടന്ന് ആകാശത്തെ പിളർത്തി ഏറ്റവും വലിയ ഘോരഘോരമായ ഒരു മിന്നൽ കടന്നുവന്നു, അതിനു കടുത്ത മഞ്ഞ നിറം ആയിരുന്നു. അപ്പൂട്ടന് എന്തെങ്കിലും ചിന്തിക്കാൻ കഴിയുന്നതിനു മുൻപേ മിന്നൽ അവനിൽ പതിച്ചു.
ഹൃദയ മർമ്മത്തിനു കീഴെ, നാഭി മർമ്മത്തിനു മുകളിൽ , രണ്ടു സ്ഥനമൂല മർമ്മങ്ങൾക്ക് നടുവിൽ . അപ്പുറം പ്രധാനപ്പെട്ട വ്രിഹഥി മർമ്മം ആണ്. അവിടെ ചെറിയൊരു കല്ല് കൊണ്ടാൽ പോലും, മരണം സുനിശ്ചിതം.

മുന്നൂറ് ദശലക്ഷം വോൾടേജ് ഒരു ഞൊടിയിൽ അവന്റെ ശരീരത്തിലൂടെ കടന്നു പോയി. അവൻ ഒന്ന് വിറച്ചു കണ്ണുകൾ അടഞ്ഞു. മരിച്ചു. ആ നിമിഷത്തിൽ തന്നെ അപ്പൂട്ടൻ മരിച്ചു. തന്റെ എല്ലാ സ്വപ്നങ്ങളും, അവന്റെ പ്രിയപ്പെട്ട മങ്കുവിനെയും തനിച്ചാക്കി അവൻ പോയി.

ഒന്ന് വിറകൊണ്ട അവൻ്റെ ഛേതനയറ്റ ശരീരം, കാറ്റാടിക്കുന്നിൻ്റെ ഉച്ചിയിൽ നിന്ന് ഇഴുകി താഴേക്ക് വീണു. ഇരുപതടി താഴെ വലിയ ഒരു ഉരുളൻ കല്ലിൽ ആ മൃതദേഹം അലച്ചുതല്ലി വീണു.

അങ്ങനെ ആ കഥ അവസാനിച്ചു, ഒരുപാട് സ്നേഹം ഉള്ള മാങ്കുവിന്റെ സൂപ്പർഹീറോ, നമ്മുടെ പ്രിയപ്പെട്ട അപ്പേട്ടന്റെ കഥ.

**************

പ്രണയാതുരമായ മേഘങ്ങൾ ഇതൊന്നും അറിയാതെ അവിടെ നിന്നും ഒഴുകിയിറങ്ങി, കാട്ടിൽ എവിടേയോ, പെയ്തിറങ്ങി. എല്ലാ മൃഗങ്ങളും അതിൽ നനയാതെ മാറി നിന്നു. ആ മഴ, അതൊരു സാധാരണ ഒരു മഴ ആയിരുന്നില്ല. അത് വീഴുന്നിടം പൊള്ളി വീർത്തു കരിഞ്ഞു ഉണങ്ങി വികൃതമായി. ഒരു പുല്ലു പോലും മുളയ്ക്കാത്ത അവസ്ഥയായി. ഒന്നും നോക്കാതെ, ആരെയും ഭയക്കാതെ അത് പലവർണ്ണത്തിൽ പെയ്തിറങ്ങി. ഇതൊന്നുമറിയാതെ ഒരു ഉണക്ക മരത്തിൽ തൂങ്ങിയാടിയിരുന്ന വവ്വാൽകുട്ടൻ, ആ വിഷജലം ഒരുപാട് കുടിച്ചു, അതിൽ നനഞ്ഞു കുതിർന്നു. അത് ചത്തു താഴെ വീണു. താഴെ വന്നു പതിക്കുന്നതിനു അത് മുൻപേ ചിറകടിച്ചു പറന്നുയർന്നു. അതിനു സാധാരണ കടവാതിലുകളിൽ നിന്ന് എന്തൊക്കെയോ മാറ്റങ്ങൾ വന്നിരിക്കുന്നു, കണ്ണിൽ കടുത്ത രക്തവർണ്ണം ഈ കുറ്റാകുറ്റിരുട്ടിലും തിളങ്ങി നിന്നു. വരാൻ ഇരിക്കുന്ന കൊടുംഭീകരതയുടെ മുഖപടമെന്നോണം.

*************
കൂറ്റൻ ഒരു ഉരുണ്ട കരിങ്കല്ലിൽ വീണു അപ്പൂട്ടൻ മരിച്ചു കിടന്നു, പെട്ടന്ന് അവന്റെ കൈപ്പത്തി വന്നിടിച്ച ഭാഗം പാറ മുകളിലേക്കും താഴേക്കും നെടുങ്ങനെ വിണ്ടുകീറി പൊട്ടിവിടർന്നു വിരിഞ്ഞു വന്നു. മുകളിൽ നിന്ന് നോക്കിയാൽ അതൊരു മിന്നലിന്റെ ആകൃതി ആയിരുന്നു. മങ്കു കൊടുത്ത ബനിയനിൽ അവൻ വരച്ചത് പോലെ അതും പൂർണ്ണതയൊത്തോരു മിന്നൽ ആയിരുന്നില്ല. എങ്കിലും അത് നയനസുഭഗമായ ഒരു കാഴ്ച തന്നെ ആയിരുന്നു എന്ന് ഞാൻ ഒട്ടും സംശയിക്കാതെ തന്നെ നിങ്ങളോടു പറയും.

അവൻ്റെ ചുരുട്ടി പിടിച്ച ആ കൈകൾക്കു രചിക്കാൻ, ഇനിയും കഥകളുണ്ടായിരുന്നു…..

കാടും… ഈ മേടും പ്രകമ്പനം കൊള്ളുന്ന ശൗര്യത്തിൻ്റെ കഥകൾ….

***************

മീനാക്ഷി കല്യാണത്തിൻ്റെ ക്ലൈമാക്സിനു ശേഷം ഇതിന്റെ ബാക്കി ഭാഗം പബ്ലിഷ് ചെയ്യും….

അപ്പേട്ടൻ്റെ സ്നേഹം നിങ്ങൾ കണ്ടു, ഇനി അപ്പേട്ടൻ്റെ വീരം കാണാം….

Leave a Reply

Your email address will not be published. Required fields are marked *