കല്യാണത്തെപ്പറ്റിയും ജിൻസിയെപ്പറ്റിയും ഒക്കെയോർത്തപ്പോൾ തോന്നിയ ഫ്രസ്ട്രേഷൻ ഇവിടെത്തീർത്തതാണ്. പക്ഷെയത് അവളെ അത്രയും വേദനിപ്പിക്കുമെന്ന് ഞാനോർത്തില്ല… ഓർക്കാൻ പറ്റുന്ന അവസ്ഥയിലും അല്ലായിരുന്നു.
“” അയ്യേ… ഡീ കരയാണോ…. നാണക്കേട്…. അവനെ നിനക്കറിഞ്ഞൂടെ… ദേഷ്യത്തിന്റെ പുറത്തെന്തേലും വിളിച്ചുപറഞ്ഞെന്നുവച്ച് നീയിങ്ങനെ കരയുവാണോ വേണ്ട…. ഏഹ്… ഉഷാറായ്‌ക്കെ… ആഹ്…!! “”
ജിൻസിയെന്നെയൊന്ന് തുറിച്ചുനോക്കി അമ്മുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഞാനും ആകെ വല്ലാതായി.
ശ്യേ വേണ്ടായിരുന്നു…
“” അമ്മു…. “”
ഞാൻ പറയാൻ തുടങ്ങിയപ്പഴേ ജിൻസിയെന്നെ തടഞ്ഞു.
“” നീയൊന്നപ്പർത്ത് പോയേടാ… അവൾക്ക് കുഴപ്പൊന്നുല്ല…! “”
പിന്നെ അവിടെയിരിക്കാൻ തോന്നിയില്ല… അമ്മുവിനെയും ജിൻസിയേം ഒന്ന് തിരിഞ്ഞുനോക്കി ഞാൻ എന്റെ ഫ്ലാറ്റിലേക്ക് കയറി.
താടക ഉറങ്ങാൻ പോയെന്ന് തോന്നുന്നു. അവളുടെ മുറിയുടെ കതക് അടഞ്ഞുകിടപ്പാണ്. ഒന്ന് ഫ്രഷ് ആയി ഞാനും കയറിക്കിടന്നു.
മനസിലേക്ക് കടന്നുവരുന്ന ചിന്തകളെ വഴിതിരിച്ചുവിടാൻ നോക്കിയെങ്കിലും അവയെന്നെ ചുറ്റിവരിയുകയായിരുന്നു.
അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി എപ്പഴോ ഉറക്കത്തിലേക്ക്.
*******************************
പിറ്റേന്ന് രാവിലേ എണീറ്റ് ഒന്ന് ഫ്രഷ് ആയി. ഇന്ന് ഓഫീസിൽ പോവാമെന്ന് കരുതി… ഇന്നലെയും ലീവ് ആയതിനാൽ ഒത്തിരി ജോലി ഉണ്ടാവും. ഇനിയും ലീവ് എടുത്ത് ഇരുന്നാൽ അത് കൂടത്തേയുള്ളു.
ഞാൻ ലിവിങ് റൂമിലേക്കു നടന്നു. തടകയുടെ റൂമിന്റെ കതക് ഇപ്പോഴും അടഞ്ഞുകിടപ്പാണ്.
ചെറുതായി വിശന്നു തുടങ്ങിയിട്ടുണ്ട്.
എത്രകാലം ജിൻസിയെ ബുദ്ധിമുട്ടിക്കാനാണ്.
ഒന്നും ഉണ്ടാക്കാൻ അറിയില്ലേലും ജിൻസിയെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനത്തിൽ ഞാൻ ആ സാഹസത്തിനുമുതിർന്നു… അത് തന്നെ പാചകം.
“എന്റീശ്വര… ഫുഡ്‌പൊയ്സൺ അടിച്ച് ചാവാണ്ടിരുന്നാ മതിയായിരുന്നു…”
സ്വന്തം കഴിവിൽ നല്ല വിശ്വാസം ഉള്ളോണ്ട് ഈശ്വരനെ വിളിച്ചുതന്നെ തുടങ്ങി.
അമ്മ ഉണ്ടായിരുന്നപ്പോൾ വാങ്ങിവച്ച സാധനങ്ങൾ ഒക്കെ ഇരിപ്പുണ്ട്. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ദേയിരിക്കണു രണ്ട് ദിവസം മുന്നേ അമ്മ ഫ്രിഡ്ജിൽ കയറ്റിയ ദോശമാവ്
“ഇതിപ്പോ ലാഭയല്ലോ… ”
അങ്ങനെ ഒരു പാൻ എടുത്ത് സ്റ്റവ് ഓൺ ചെയ്ത് അതിന് മേലെ വച്ചു.
പാൻ ചൂടായപ്പോൾ കുറച്ച് എണ്ണ പുരട്ടി മാവ് നടുവിൽ ഒഴിച്ച് തവി കൊണ്ട് തന്നെ പരത്താൻ നോക്കി.
ചന്ദ്രക്കല മുതൽ ഉള്ളിവടയുടെ ഷേപ്പ് വരെ ഓരോവട്ടം ഒഴിച്ച് പരത്തിയപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നു…എന്തിനേറെ അന്യഗ്രഹജീവി എന്ന് തോന്നിക്കുന്ന എത്രയെണ്ണം..!!
പക്ഷേ തൊറ്റ് പിന്മാറാൻ ഞാനൊരുക്കമല്ലായിരുന്നു. അങ്ങനെ ദോശമാവ് ഏതാണ്ട് തീരാറായപ്പോഴേക്കും ഏതാണ്ട് ദോശയുടെ ഷേപ്പിനോട് തട്ടിക്കാവുന്ന ഒരു രൂപത്തിലേക് ഞാൻ എത്തിച്ചേർന്നു.
യുറേക്കാ… യുറേക്കാ… എന്നും വിളിച്ച് ആർകിമിഡീസ് തുണിയില്ലാണ്ട് ഓടിയപോലേ ഓടാനുള്ള സന്തോഷം ആയിരുന്നെനിക്കപ്പോൾ.
അങ്ങനെ ഒരു മൂന്ന് ദോശ ചുട്ട് അതൊരു പ്ലേറ്റിലേക്ക് മാറ്റിവച്ച് നോക്കുമ്പോഴാണ് മീൻവേട്ടാനിരിക്കുമ്പോൾ നോക്കിയിരിക്കണ പൂച്ചയെപ്പോലെ എന്നെയും ദോശയേയും മാറിമാറി നോക്കുന്ന താടക എന്റെ കണ്ണിൽ പെട്ടത്.
ആള് കുളിച്ച് ഒരുങ്ങി നിൽപ്പാണ്. പുതിയ ഡ്രസ്സ് ആണ്. ഒരുപക്ഷെ ജിൻസിയോട് എങ്ങാനും പറഞ്ഞ് വാങ്ങിപ്പിച്ചതാവും.
” മ്മ്മ്മ് …. ന്താ…?! ”
അവളെക്കണ്ട ഞാൻ തിരക്കി.
“മ്മ്ച്ചും…”
അവളൊന്നുമില്ല എന്ന അർത്ഥത്തിലൊന്ന് തോളുകുലുക്കി. വീണ്ടും അവളുടെ നോട്ടം ദോശയിലേക്ക് നീണ്ടു.
അപ്പൊ ദോശയുടെ മണമടിച്ച് ഇറങ്ങിവന്നതാണ് ശവം. വിശപ്പ് കാണും.
എന്നോട് ചോദിക്കാനുള്ള മടികൊണ്ടാണ് ഇവിടെ ചുറ്റിപ്പറ്റി നിക്കണത്…
” ന്നാ… വേണേലുണ്ടാക്കിത്തിന്ന്… ”
എന്നുമ്പറഞ്ഞ് ഞാൻ മാവ് അവിടെ വച്ച് ഉണ്ടാക്കിവച്ച ദോശ എടുത്ത് കുറച്ച് പഞ്ചസാര എടുത്ത് ഇട്ടു. അല്ലാണ്ട് കറിയുണ്ടാക്കാനും മാത്രമൊക്കെയുള്ള അഹങ്കാരമൊന്നും എനിക്കില്ലായിരുന്നു.
