ദേവസുന്ദരി – 10

ദസറ ഉത്സവത്തിന്റെ ലീവ് ആണ് ( ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്റ.).

താടക എണീറ്റ് പോയിട്ടുണ്ട്. ഞാൻ ഒന്ന് ഫ്രഷ് ആയി ഹാളിലേക്ക് ചെല്ലുമ്പോൾ ജിൻസിയും അമ്മുവും ഹാജർ വച്ചിട്ടുണ്ട്.

എല്ലാരും ഇവിടന്നാണ് ഫുഡ്‌ കഴിക്കാറ്. ജിൻസി രാവിലെത്തന്നെ എല്ലാമുണ്ടാക്കി ഇവിടേക്ക് കൊണ്ടുവരും. അവിടെപ്പോയി കഴിക്കാന്ന് കുറേപ്രാവിശ്യം പറഞ്ഞതാണേലും അവളത് കേട്ടതായിപ്പോലും ഭാവിക്കില്ല.
കേൾക്കണ അവൾക്കില്ലേലും പറയണ എനിക്കു മടുത്തുതുടങ്ങിയതോടെ അത് നിർത്തി.

അന്നത്തെ അവളുടെയാ ഒറ്റയാട്ടോടെ ഞാനെന്റെ പാചകം പൂർണമായി നിർത്തിയിരുന്നു.

ഇടക്ക് എന്തേലും അരിഞ്ഞ് കൊടുക്കുവോക്കെ ചെയ്യുവെങ്കിലും അടുപ്പിനടുത്തേക്ക് അവളെന്നെ അടുപ്പിക്കില്ലായിരുന്നു. അതൊരുപക്ഷെ എന്റെ കഴിവിൽ നല്ല വിശ്വാസം ഉള്ളോണ്ട് ആയിരിക്കണം.

“” ആഹാ എണീറ്റോ കുമ്പകർണൻ… എന്തൊരുറക്കാടാ…!! “”

ഹാളിലെന്റെ തലവട്ടം കണ്ടതേ ജിൻസി എനിക്കിട്ടൊന്ന് കൊട്ടി. ഇവക്കിതീന്ന് എന്ത് സുഖവാണാവോ കിട്ടുന്നെ…!!

“” ഓഹ്… ഇന്ന് പുലരുമ്പഴേ എണീറ്റിട്ട് മലമറിക്കാനൊന്നുവില്ലല്ലോ…!! അല്ലേടിയമ്മൂ..!””

“” എന്നാലും ഇങ്ങനൊന്നുമുറങ്ങാമ്പാടില്ല…!!””

അമ്മുവോരു ചിരിയോടെ പറഞ്ഞപ്പോൾ ഞെട്ടിയത് ഞാനാണ്.

എന്ത് പറഞ്ഞാലുമെന്റെ വാലേൽ തൂങ്ങിയിരുന്ന പെണ്ണാ… ജിൻസിയുടെ കൂടെക്കൂടി അവളുമെനിക്കിട്ട് കൊട്ടാൻ തുടങ്ങിയിരിക്കുന്നു…!! ഇവളെ ഇനിയും വളരാനനുവദിച്ചൂട…!!

“” ഓഹ് പിന്നേ… ഒമ്പതുമണിയൊന്നും വല്യസമയമൊന്നുവല്ല…!! രണ്ടുങ്കൂടെ എനിക്കിട്ടുണ്ടാക്കാണ്ട് എന്തേലും കഴിക്കാൻ താ…!! “”

താടക ഇതൊക്കെ കേട്ട് അവിടിരിക്കുന്നുണ്ടേലും ഒന്നും മിണ്ടിയില്ല. അവൾക്കെന്നെ ഫേസ് ചെയ്യാൻ നല്ല ചമ്മലുണ്ടെന്ന് തോന്നുന്നു. ഇത്രേം കാലം ഉണ്ടാക്കിയെടുത്ത മാരക ബിൽഡപ്പല്ലേ ഒറ്റ രാത്രികൊണ്ട് തകർന്നടിഞ്ഞത്..!! അതിന്റൊരു വിഷമങ്കാണും.! അതോർത്തപ്പോ എനിക്ക് ചിരിവന്നു.

“” എടിയമ്മുവേ… ഇവന് കാര്യമായിട്ടേതാണ്ട് പറ്റീട്ടുണ്ട്ട്ടോ… നോക്യേ ഇരുന്ന് ചിരിക്കണത്…!! “”

അവൾടെ ഡയലോഗ് കേട്ട് ഒന്ന് ചൂളിയെങ്കിലും ഒന്നും പറയാണ്ട് അവള് കൊണ്ടുവന്ന ഇഡലി കുത്തിക്കേറ്റി…!

അല്ലാണ്ട് ജിൻസിയുടെ നാവിനു മുന്നിൽ പിടിച്ചുനിക്കാനുമ്മാത്രം ഞാൻ വളർന്നിട്ടില്ല.

കഴിച്ചോണ്ടിരിക്കുമ്പോഴാണ് പുറത്ത് കാളിംഗ് ബെൽ മുഴങ്ങുന്നത്. ജിൻസിയാണ് പോയി കതക് തുറന്നത്. വാതിൽക്കലേക് നോക്കിയിരുന്ന എനിക്ക് വന്നവരെക്കണ്ട് നല്ല സന്തോഷമായി. അച്ഛനും അമ്മേം അല്ലിയും.

ജിൻസി അമ്മേനേം ചുറ്റിപ്പിടിച്ചാണ് അകത്തേക്ക് കയറിയത്. അവൾക്കിപ്പോ എന്റെയമ്മ സ്വന്തം അമ്മയാണ്.

അല്ലി നേരെയെന്റെ അടുത്തേക്കാണ് വന്നത്.

വന്നുടനെ അവളെന്റെ നടുപ്പുറം കടപ്പുറമാക്കി !…

അവളുടെയാ അടിയിൽ പുളഞ്ഞുപോയി ഞാൻ.

“” എന്താടാ പട്ടി നിനക്കെന്നെ വിളിച്ചാല്…!! ഏഹ്… “”

അവളുടെ പെരുമാറ്റം കണ്ട് എല്ലാരും ഞെട്ടിയിരിക്കുകയായിരുന്നു. അവരാരും അല്ലിയുടെ സൈക്കോത്തരം കണ്ടിട്ടില്ലല്ലോ…! പിന്നെങ്ങനെ ഞെട്ടാണ്ടിരിക്കും?!. അമ്മയും അച്ഛനും ചെറിയൊരു ചിരിയോടെ ഞങ്ങളെ നോക്കുന്നുണ്ട്.
“” എടി ഞാനൊന്ന് പറയട്ടെ…!! ”

എന്റടുത്ത് ഇടുപ്പിൽ കയ്യുങ്കുത്തി നിന്ന അവളെ നോക്കി ഞാൻ കെഞ്ചി.

“” എനിക്കൊന്നുങ്കേക്കണ്ട… നിനക്കല്ലേലും ഇപ്പഴെന്നോട് സ്നേഹൊന്നുല്ല…!! “”

ഒന്ന് ചിണുങ്ങി തിരിച്ചുപോവാൻ നിന്നായവളെ ഞാനവിടെപ്പിടിച്ചിരുത്തി.

“” ഇവിടിരിക്കെടി പോത്തേ…!! “”

വീണ്ടുമൊന്ന് കുതറി എണീറ്റ് പോവാന്നിന്ന അവളെ ഒന്നൂടെ പിടിച്ചിരുത്തി ഞാൻ പറഞ്ഞു.

അതോടെ അവളൊന്നടങ്ങി.

ഞാനൊരു കഷ്ണം ഇഡലി എടുത്ത് സാമ്പാറിൽ മുക്കി അവൾക്ക് നേരെ നീട്ടി.

അവളെന്നെയൊന്ന് തുറിച്ചുനോക്കിയേ അല്ലാണ്ട് വാ തുറന്നില്ല.

“” ഓഹ്… വേണ്ടെങ്കി വേണ്ട… എന്തൊരു ജാടയാണപ്പാ…! “”

എന്ന് പറഞ്ഞ് നീട്ടിയ കൈ പിൻവലിക്കാൻ നിന്നപ്പോ അവളൊന്ന് മുന്നോട്ടാഞ്ഞ് അത് വായിലാക്കി.

“” ഡീ പ്രാന്തീ… ന്റെ കൈ…!! “”

കയ്യടക്കമാണ് തെണ്ടി കടിച്ചത്..!!

“” ഓഹ് സഹിച്ചോ…!! “”

എന്നൊരു ചിരിയോടെ പറഞ്ഞിട്ടവളെന്നെ ചുറ്റിപ്പിടിച്ചു. ഞാനും.

താടകയും ജിൻസിയും അമ്മുവുമൊക്കെ വിശ്വസിക്കാനാവാത്തപോലെ കണ്ണുമ്മിഴിച്ച് നോക്കുന്നുണ്ട്. അവർക്കിതൊക്കെ പുതുമയാണ്. പക്ഷേ അച്ഛനും അമ്മയും ഇതൊക്കെയെന്ത് എന്ന ഒരു ഭാവത്തിലായിരുന്നു.

“” അമ്മേ…””

ഞാനമ്മയെ നോക്കിയൊന്ന് ചിരിച്ചു.

“” നീയെന്താ എണീക്കാൻ വൈകിയോ…!! “”

“” ആഹ് ഇപ്പൊ എണീറ്റേയുള്ളു… ഇന്ന് ലീവാണല്ലോ..! “”

“”ഹ്മ്മ്… മോളേ… സുഖം തന്നല്ലേ…!! “”

എന്നോടൊന്ന് കനപ്പിച്ച് മൂളി അമ്മ താടകയുടെ വിശേഷം തിരിക്കിതുടങ്ങി.

“” കുഴപ്പൊന്നൂല്ലാന്റി… സുഖാണ്..!””

താടക ചെറിയൊരു ചിരിയോടെ മറുപടി കൊടുത്തു.

അമ്മ അവളുടെ അടുത്തേക്ക് നാടന്ന് അവളുടെ മുടിയിലൊക്കെ തഴുകി.

“” ഇനിയെന്നെ അമ്മേന്ന് വിളിച്ചാമതീട്ടോ…!!””

അത് പറഞ്ഞമ്മ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.

എന്തുകൊണ്ടോ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

അമ്മ തന്നെ അവളുടെ കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീരിനെ തുടച്ചുമാറ്റി.

“” ഇതമ്മേടെ വകയൊരു സമ്മാനം…! “”

അമ്മ അവളുടെ കയ്യിലേക്ക് ഒരു സ്വർണമാല വച്ചുകൊടുത്തു.
“” ഇതൊന്നും വേണ്ടമ്മേ… പ്ലീസ്.. “”

“” ഇതില് വേണം അവൻകെട്ടിയ താലി കോർത്തിടാൻ…!! അതെന്റെ ആഗ്രഹായിരുന്നു… അവന്റെ കല്യാണത്തിനുള്ള താലി എന്റേവകയാവണമെന്ന്…! മോളെന്റെയാഗ്രഹം സാധിച്ചുതരൂലേ…!””

ഞാനിതൊക്കെ കേട്ട് തരിച്ചിരിക്കുവായിരുന്നു. അഭിരാമിയെന്നെയൊന്ന് നോക്കി. അതിന്റെയർത്ഥമെന്താണ് എന്നെനിക്ക് മനസിലായില്ല. അതിന് ശേഷം അവളമ്മയെ നോക്കിയൊന്ന് ചിരിച്ചു. പിന്നേ അമ്മയുടെ കയ്യിൽനിന്നും ആ മാല വാങ്ങിച്ചു ശേഷം അമ്മയുടെ കാലുതൊട്ട് വണങ്ങി.

“” എന്താമോളെ ഈ കാണിക്കണേ…!! “”

എന്നും പറഞ്ഞ് അമ്മയാവളെ പിടിച്ചെണീപ്പിച്ചു. അവളെ അമ്മ ഇറുകെ പുണർന്നു.

എല്ലാവരും ഒരു ചിരിയോടെയാണ് അതൊക്കെ നോക്കിനിന്നത്. പക്ഷേ എനിക്ക് ഒരന്താളിപ്പായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാവാതെ അവരെയും നോക്കി ഇരിക്കുകയായിരുന്നു ഞാൻ.

അമ്മ അവളെയിങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ പേടിതോന്നുന്നുണ്ട്. കാരണം എനിക്കവളെ എന്റെ ഭാര്യയായി കാണാൻ കഴിയുന്നില്ല എന്നത് തന്നെ. എന്തുകൊണ്ടോ ഞങ്ങൾക്കിടയിൽ ഒരു അകൽച്ച…!! ഒരദൃശ്യവേലി ഞങ്ങളെ തമ്മിൽ വേർപെടുത്തുന്നുണ്ടായിരുന്നു. അതെന്താണ് എന്നുമാത്രമറിയില്ല.

കുറച്ചുനേരമെടുത്തപ്പോൾ ഞാൻ പഴയപടിയായി. എല്ലാവരും കൂടെ അടിപിടിയും പാട്ടും ബഹളവും ഒക്കെയായിരുന്നു പിന്നേ.

Leave a Reply

Your email address will not be published. Required fields are marked *