അന്യൻ – 3

Related Posts


അവർ നേരെ പോയത് വീടിനോട് ചേർന്നു കിടക്കുന്ന വിറകുപുരയിലേക്കാണ് അതിലെ രണ്ടു മുറികളിൽ അധികം തുറക്കാത്ത ഒരു മുറിയിലേക്ക് അച്ഛൻറെ പുറകെ അവനും കയറി അയാൾ നേരെ പോയത് ആ മുറിയുടെ മൂലയിൽ പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത തരത്തിൽ ചാക്കുകൾക്കിടയിൽ പൊതിഞ്ഞു വച്ച ഒരു യന്ദ്രത്തിനടുത്തേക്കാണ്, ബോളാകൃതിയിലുള്ള ഒരു യന്ത്രം

“ഇതിൽ നിന്നാണ് 20 വർഷം മുമ്പ് നിന്നെ എനിക്ക് കിട്ടിയത് ” അതിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു

ഒന്നും മനസ്സിലാവാതെ തന്നെ തന്നെ നോക്കി നിൽക്കുന്ന ആദിയെയും കുട്ടി അയാൾ പുറത്തേക്ക് നടന്നു, അവർ നേരെ പോയത് പുഴക്കരയിലേക്കാണ് അവിടെ ഒരു പാറയുടെ മുകളിൽ ഇരുന്നുകൊണ്ടയാൾ, താൻ ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്ന ആ രഹസ്യം അവനു മുന്നിൽ കെട്ടഴിക്കാൻ തയ്യാറെടുത്തു.

” അന്ന് നല്ല തണുപ്പുള്ള ഒരു ദിവസമായിരുന്നു, കുറുക്കൻമൂല പള്ളിയിലന്ന് പെരുന്നാൾ നടക്കുന്ന സമയം, ഞാനും ദാസനും ശേഖരനും കൂടിയാണ് പെരുന്നാളിന് പോയത്,രാത്രി ബസ് ഇല്ലാത്തതുകൊണ്ട് നടന്നിട്ടാണ് ഞങ്ങൾ വന്നത്, ജംഗ്ഷനിൽ എത്തിയപ്പോൾ ഞങ്ങൾ വീടുകളിലേക്ക് മൂന്നു വഴിക്ക് പിരിഞ്ഞു,ഞാൻ നടന്നു നമ്മുടെ പറമ്പിന് അടുത്തെത്താൻ ആയപ്പോഴേക്കും ആകാശത്തുനിന്ന് എന്തോ ഒന്ന് ഭയാനകമായ ശബ്ദത്തോടുകൂടി നമ്മുടെ പറമ്പിലേക്ക് വീണു, ഞാനാദ്യം ഉൽക്കയാണെന്നാണ് വിചാരിച്ചത് പക്ഷേ അടുത്തേക്ക് വന്നപ്പോഴാണ് അതെന്തോ യന്ത്രമാണെന്ന് മനസ്സിലായത്. പേടിയോടെ ആണെങ്കിലും ഞാൻ അതിൽ തൊട്ടുനോക്കി, സാധാരണ ഉൽക്കകൾ ഒക്കെ ചുട്ടുപൊള്ളും എന്നു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇതിനൊരു ഇളംചൂട് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാനതിൽ തൊട്ട് നോക്കിയതും ഒരു ശബ്ദത്തോടുകൂടി അത് തുറന്നു വന്നു, അകത്തെ കാഴ്ച കണ്ട് ഞാൻ ഞെട്ടി പുറകിലോട്ട് വീണുപോയി,ഒരു ‘കുഞ്ഞ് ‘ എഴുന്നേറ്റ് ഓടാനാണ് ആദ്യം തോന്നിയത് പക്ഷേ ആ കുഞ്ഞിന്റെ നീല കണ്ണുകൾ എന്നെ അവിടെ പിടിച്ചുനിർത്തി ഓമനത്തമുള്ള മുഖത്തേക്ക് ഞാൻ നോക്കി ആ കുഞ്ഞ് എന്നെ നോക്കി ചിരിക്കും പോലെ എനിക്ക് തോന്നി ഞാൻ അവനെ കോരിയെടുത്ത് നെഞ്ചോട് ചേർത്തു തണുപ്പിലും അവൻറെ ചൂട് എൻറെ ഹൃദയത്തെ പതിഞ്മടങ് വേഗത്തിലിടിപ്പിച്ചു, ഞാൻ അവനെയും കൊണ്ട് വീട്ടിലേക്കോടി
“ശോഭേ…എടി ശോഭേ…” ഞാൻ വെപ്രാളത്തിൽ വിളിച്ചു

“എന്താ മനുഷ്യ നിങ്ങൾ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ” അഴിഞ്ഞുവീണ മുടികെട്ടി കൊണ്ട് അവൾ വാതിൽ തുറന്നു പുറത്തേക്കു വന്നു

എന്റെ കയ്യിലെ കുഞ്ഞിനേ കണ്ട് അവൾ സ്ഥബ്ധയായി നിന്നുപോയി

“ഇത്…ഇത് ആരുടെ കുഞ്ഞാണ്” വാക്കുകൾ കിട്ടുന്നില്ലെങ്കിലും അവൾ വിക്കി വിക്കി ചോദിച്ചു

“അറിയില്ല ജംഗ്ഷനിൽ ഒരു കടയുടെ മുന്നിൽ ആരോ ഉപേക്ഷിച്ചിട്ട് പോയതാണ് ഇവൻ കരയുന്നതു കണ്ടപ്പോൾ ഉപേക്ഷിച്ചിട്ട് വരാൻ എനിക്ക് തോന്നിയില്ല ഇവനെ നമുക്ക് വളർത്താടി നമ്മൾ എത്ര നാളായി ഒരു കുഞ്ഞിനു വേണ്ടി കൊതിക്കുന്നു നമ്മുടെ പ്രാർത്ഥന കേട്ട് ദൈവം തന്നതാവും ഇവനെ,ഇവൻ നമ്മുടെ കുഞ്ഞായി ഇവിടെ വളരട്ടെ “ഞാൻ കണ്ട സത്യങ്ങൾ ആരും വിശ്വസിക്കില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാൻ ഇങ്ങനെ ഒരു കള്ളം പറഞ്ഞു, ഞാൻ പറഞ്ഞത് പൂർണ്ണമായി വിശ്വാസം വന്നില്ലെങ്കിലും അവളെനിക്ക് അരികിലേക്ക് വന്ന് കുഞ്ഞിനെ വാങ്ങി

” സുന്ദരൻ അല്ലേ” അവൻറെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവൾ ചോദിച്ചു അത് കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു

‘നിങ്ങൾക്ക്‌ കുട്ടികളുണ്ടാവില്ല’ എന്ന ഡോക്ടറുടെ അവസാനവാക്കിൽ തകർന്നുപോയ ഞങ്ങളുടെ വീട്ടിലെ സന്തോഷങ്ങൾ ആ കുഞ്ഞിലൂടെ തിരിച്ചു വരികയായിരുന്നു,എല്ലാം അർത്ഥത്തിലും അവൾ ആ കുഞ്ഞിന് സ്വന്തം അമ്മതന്നെയായിരുന്നു,എന്നെക്കാൾ കൂടുതൽ അവളാ കുഞ്ഞിനെ സ്നേഹിച്ചു. ഞങ്ങളവന് ആദിത്യൻ എന്ന് പേരിട്ടു. അങ്ങനെ മാസങ്ങൾ കടന്നുപോയി അങ്ങനെ ഒരു ദിവസം പെട്ടെന്ന് അവൾ തലചുറ്റി വീണു ഹോസ്പിറ്റലിൽ കൊണ്ടുപോയി അപ്പോഴാണ് അറിഞ്ഞത് അവൾ മൂന്നുമാസം പ്രഗ്നൻറ് ആണെന്ന് ആ വാർത്ത കൂടി അറിഞ്ഞതോടെ വീട്ടിൽ ഉത്സവ പ്രതീതി ആയിരുന്നു, സന്തോഷം മാത്രം നിറഞ്ഞ നാളുകൾ,അങ്ങനെ കൃത്യം ആറു മാസം കൂടി കഴിഞ്ഞതും വീട്ടിൽ പുതിയ ഒരു അതിഥി കൂടി എത്തി ഒരു കൊച്ചു സുന്ദരി കോത ആദ്യത്തെ കുഞ്ഞിനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന സൗന്ദര്യമുള്ള ഒരു പെൺകുട്ടി, രണ്ടു കുഞ്ഞുങ്ങളെ ഒരുമിച്ച് നോക്കാൻ പറ്റാതായപ്പോഴാണ് അവളുടെ അമ്മയെ വീട്ടിലേക്ക് വിളിച്ചത്, അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. അവർക്ക് നിന്നെ ഇഷ്ടമല്ലായിരുന്നു മറ്റൊരു സ്ത്രീയിൽ എനിക്കുണ്ടായ അവിഹിതബന്ധം ആയിട്ടാണ് അവർ നിന്നെ കണ്ടത്, അവരുടെ വെറുപ്പ് അവർ ശോഭയിലും നിറച്ചു, ആദ്യമൊന്നും വിശ്വസിക്കാതിരുന്ന ശോഭ അവരുടെ നിത്യ പരിശ്രമത്തിനൊടുവിൽ നീന്നെ വെറുത്തു തുടങ്ങി, ആ വെറുപ് അവൾ രേഖയിലേക്കും പകർന്നുനൽകി, ബാക്കി ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ ” അതും പറഞ്ഞ് അയാളാ പാറയിലേക്ക് കണ്ണുമടച്ച് കിടന്നു,
കഴിഞ്ഞ 20 വർഷമായി താൻ മനസ്സിൽ കൊണ്ടുനടക്കുന്ന ഭാരം ഇറക്കി വെച്ച ആശ്വാസമായിരുന്നു അയാളുടെ മനസ്സു നിറയെ, ഒപ്പം താൻ അന്ന് പറഞ്ഞ നുണയിൽ ഉള്ള കുറ്റബോധവും, ഒരുപക്ഷേ താനന്ന് ശോഭയോട് എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ അവൾ ഇന്ന് ആദിയെ വെറുക്കില്ലായിരുന്നു.

കേട്ടതൊന്നും വിശ്വസിക്കാനാവാതെ അച്ഛനെ തന്നെ നോക്കി നിൽക്കുകയാണ് ആദി അച്ഛനിൽ നിന്നും കണ്ടെടുത്ത അവൻ ആകാശത്തേക്ക് നോക്കി തന്റെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു അത് അവന്റെ മനസ്സിൽ ഒരു തരം സംതൃപ്തി പരത്തി, എങ്കിലും അറിയാത്തതായി ഒന്നുണ്ട് താൻ എവിടെ നിന്നു വന്നു

” നീ എവിടെ നിന്ന് വന്നു എന്ന് എനിക്കറിയില്ല പക്ഷേ ഒരു കാര്യം അറിയാം നീ വന്നത് ഭൂമിയിൽ നിന്നല്ല, നീ ഒരു മനുഷ്യനുമല്ല ” അവൻറെ മനസ്സ് വായിച്ചതു പോലെ അയാൾ അവനോട് പറഞ്ഞു എന്നിട്ട് എഴുന്നേറ്റു പതിയെ ആദിക്കടുത്തേക്ക് നടന്നു

“നീ വന്നത് എവിടെനിന്നും ആയിക്കോട്ടെ ഇന്ന് നീ എൻറെ മകനാണ് നീ വന്നത് ഒറ്റയ്ക്കാണ് പക്ഷേ ഇന്ന് നിനക്ക് ഒരു കുടുംബമുണ്ട് നിന്നെ ഞാൻ സ്നേഹിക്കുന്നത് പോലെ നിൻറെ അമ്മയും രേഖയും നിന്നെ സ്നേഹിക്കും എല്ലാം ഒരു ദിവസം ശരിയാകും, ആ ദിവസം വിദൂരമല്ല അതും പറഞ്ഞു അവനെ കെട്ടിപ്പിടിച്ചു കൊണ്ട് അയാൾ വീട്ടിലേക്ക് നടന്നു എന്തെന്നില്ലാത്ത സന്തോഷം തോന്നി തൻറെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിരിക്കുന്നു താൻ ഒരു സാധാരണ മനുഷ്യൻ അല്ല എന്നവന് മനസ്സിലായിരിക്കുന്നു അവൻറെ മുഖത്ത് പതിയെ ഒരു പുഞ്ചിരി വിരിഞ്ഞു,എന്തോ തീരുമാനിച്ചുറപ്പിച്ചവന്റെചിരി.

Leave a Reply

Your email address will not be published. Required fields are marked *