അന്യൻ – 3

“രേഖേ.. എടി രേഖേ വാതിൽ തുറക്കടി” ആദി അലറി

രേഖ പേടിച്ചു വിറച്ചു അനങ്ങാനാവാതെ നിന്നുപോയി, റോയ്യിയും ഭയന്നിരുന്നു.

പെട്ടെന്ന് തന്നെ ബോധത്തിലേക്ക് വന്ന രേഖ റോയ്യിയെ അവളുടെ കട്ടിലിനടിയിലാക്കി തന്റെ മുടിയൊക്കെ നേരയിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ പോയി വാതിൽ തുറന്നു പുറത്തു നിൽക്കുന്ന ആദിയെ കണ്ടതും അവൾക്ക് പേടി തോന്നിയെങ്കിലും വളരെ തന്ത്രപരമായി അവളതു മറച്ചുപിടിച്ചു. അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൻ അകത്തേക്ക് കയറി, അവളുടെ സർവ്വ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് അവൻ നേരെ പോയത് അവരുടെ മുറിയിലേക്കാണ്.

“കടക്കടാ നാറി പുറത്ത് ” എന്നും പറഞ്ഞ് അവളവനെ തടയാൻ ശ്രമിച്ചെങ്കിലും അവളുടെ കൈ തട്ടിമാറ്റി കൊണ്ട് അവൻ അകത്തു കടന്നു. റോയ്യ് കട്ടിലിനടിയിൽ തന്നെ ഉണ്ടാവും എന്ന് ആദിക്കറിയാമായിരുന്നു,അവൻ റോയ്യിയുടെ കോളറിൽ പിടിച്ചു വലിച്ചു പുറത്തിട്ട് കരണം പുകയുന്ന ഒരു അടി കൊടുത്തു. ഇത്രയുമായപ്പോഴേക്കും തന്നെ രേഖ അവന്റെ മുന്നിൽ കയറി നിന്നു.

” അവനെ തല്ലാൻ നീയാരാടാ, ഞാൻ വിളിച്ചിട്ടാ അവൻ വന്നത്” അവൾ ആദിക്കു നേരെ ചീറി

പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അവളുടെ കാരണത്ത് ആദിയുടെ കൈ പതിച്ചിരുന്നു, അധികം ശക്തിയിൽ അല്ലെങ്കിലും അവളുടെ പാതി ബോധം പോകാൻ അത് മതിയായിരുന്നു, അടിയുടെ ആഘാതത്തിൽ അവൾ താഴെ വീണുപോയി.

വ്യക്തമായില്ലെങ്കിലും കണ്ണീരാൽ മങ്ങിയ കാഴ്ചയിൽ അവൾ കണ്ടു റോയ്യിയെ കോളറിൽ പിടിച്ചു വലിച്ചു പുറത്തോട്ട് പോകുന്ന ആദിയെ,അപ്പോഴേക്കും അവളുടെ ബോധം പൂർണ്ണമായും പോയിരുന്നു റോയിയെ തൂക്കിയെടുത്ത് പുറത്തേക്കു വന്ന ആദി അവനെ തൂക്കിയെടുത്ത് മുറ്റത്തേക്കിട്ടു.
” ഇനി നിന്നെ ഈ പരിസരത്ത് പോലും കണ്ടുപോകരുത്,ഇത് നിനക്കുള്ള അവസാന താക്കീതാണ്”റോയ്ക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.

വിറയാർന്ന കാലുകൾ വച്ച് റോയ് അവനെ കൊണ്ട് ആവുംവിധം ഓടി,ഓട്ടത്തിനിടയിലും അവൻ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു പകയോടെയുള്ള റോയുടെ നോട്ടം കണ്ടെങ്കിലും അതൊന്നും മൈൻഡ് ആക്കാതെ അവൻ അകത്തോട്ടു കയറി പോയി.

എഴുന്നേൽക്കുമ്പോൾ അവൾ കട്ടിലിലിരുന്നു എങ്ങനെയാണ് കട്ടിലിലെത്തിയത് എന്ന് എത്ര ചിന്തിചിട്ടും അവൾക്ക് ഓർമ കിട്ടിയില്ല.പക്ഷേ പെട്ടെന്ന് തന്നെ അവർക്ക് കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ മനസ്സിലാക്കുന്നു വന്നു. അവൾ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു പുറത്തേക്കു വന്നു, ആദി ടിവി കാണുകയായിരുന്നു അവനെ കണ്ടപ്പോൾ തന്നെ അവൾക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി.

‘തന്റെ സന്തോഷങ്ങലില്ലാതാക്കാൻ താൻ എന്ത് തെറ്റാണ് അവനോട് ചെയ്തത്, എത്ര തവണയാണ് അവൻ തന്റെ സുഖങ്ങൾ ഇല്ലാതാക്കിയത് ‘ മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ തിരിച്ചു നടന്നു.മുറിയിൽ വന്ന് അവൾ ഫോൺ എടുത്ത് റോയിയെ വിളിച്ചു മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തെങ്കിലും സംസാരമൊന്നുമില്ല. അവൾ എത്ര പറഞ്ഞിട്ടും അപ്പുറത്തിനിന്ന് മറുപടിയില്ലാതായപ്പോൾ അവൾ ഫോൺ വച്ചു. അവൾക്ക് അപ്പോൾ തന്നെ വാട്സാപ്പിൽ മെസ്സേജ് വന്നു

‘താടിയെല്ല് ഇളകിയിരിക്കുകയാണ് സംസാരിക്കാൻ പറ്റില്ല’ അത് കണ്ടപ്പോൾ അവർക്ക് വിഷമം ഒന്നും തോന്നിയില്ലെങ്കിലും ആദിയെ കൊല്ലാനുള്ള ദേഷ്യം തോന്നി. അവൾ കാട്ടിലിലേക്ക് കിടന്നു അടികിട്ടിയ ഭാഗം തലയണയിൽ അമർന്നതും ” സ്സ്‌ സ്സ്‌ ” എന്നെരി വലിച്ചു കൊണ്ട് അവൾ പൊന്തി പോയി.

വൈകിട്ട് അമ്മ വന്നപ്പോൾ തന്റെ മുഖത്തെ അടിയുടെ പാട് കാണാതിരിക്കാൻ വേണ്ടി രേഖ പരമാവധി ഒഴിഞ്ഞുമാറിയെങ്കിലും അമ്മ അത് കണ്ടുപിടിച്ചു. അതിനു കാരണക്കാരൻ ആദിയാണെന്ന് അറിഞ്ഞതും കാരണം പോലും ചോദിക്കാതെ ശോഭ ആദിക്കരികിലേക്ക് കുതിച്ചു. ശോഭ വരുന്നത് കണ്ടപ്പോൾ തന്നെ ആദിക്ക് കാര്യം പിടി കിട്ടിയിരുന്നു. ശോഭ നേരെ വന്ന് കാര്യം പോലും പറയാതെ അവൻറെ മുഖത്ത് അടിച്ചു, വേദന എടുത്തില്ലെങ്കിലും അത് അവന്റെ മനസ്സിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അവന്റെ നിറകണ്ണുകൾ നിറഞ്ഞെങ്കിലും സമർത്ഥമായി അവനത് മറച്ചു പിടിച്ചു. അടിയുടെ ഒച്ച കേട്ടുകൊണ്ടാണ് രാജൻ അകത്തോട്ടു കയറി വന്നത്. വന്നതും അയാൾ കാര്യം തിരക്കി.
“നിങ്ങളുടെ മോൻ എന്റെ മോളെ ഒരു കാര്യവുമില്ലാതെ തല്ലി ” ആദിക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് ശോഭ അലറി

അയാൾ ആദിയെ നോക്കി അവൻ അതെയെന്ന് തലയാട്ടി. അവൻ

“കാര്യമൊന്നും ഇല്ലാതെ ഇവളെ തല്ലില്ലല്ലോ. നീ അവളോട് ചോദിച്ചു നോക്ക് അല്ലെങ്കി വേണ്ട ഞാൻ തന്നെ ചോദിക്കാം” അതും പറഞ്ഞു അയാൾ അവളുടുക്കലേക്ക് ചെന്നു,

“എന്തിനാ മോളെ അവൻ നിന്നെ തല്ലിയെ” തലയിൽ തലോടിക്കൊണ്ടയാൾ ചോദിച്ചു

” എനിക്കറിയില്ല അച്ഛാ ഞാൻ ഇവിടെ ഇരുന്ന് ടിവി കാണുകയായിരുന്നു പെട്ടെന്നാണ് ഇവൻ കയറി വന്നത് വന്നയുടൻ എന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ചുവാങ്ങാൻ നോക്കി ഞാൻ കൊടുക്കില്ല എന്ന് പറഞ്ഞപ്പോ എന്നെ തല്ലി.”അവൾ ഒന്ന് പതറിയെങ്കിലും അച്ഛന്റെ മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞു

“ഒരു റിമോട്ട് വേണ്ടിയാണോ നീ ഇവളെ തല്ലിയത്” രാജന്റെ ശബ്ദമുയർന്നു അയാൾ ആദിയോട് ചോദിച്ചു.

ആദി അവളെ രൂക്ഷമായി നോക്കികൊണ്ട് അതെയെന്ന് തലയാട്ടി.

അവൻറെ നോട്ടം താങ്ങാനാകാതെ അവൾ തലതാഴ്ത്തി.

” കൊച്ചു കുട്ടി ആണോ നീ, ഇനിയെങ്കിലും കുറച്ചു പക്വത കാണിച്ചു കൂടെ കഷ്ടം” അത്രയും പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്ക് പോയി.

“അങ്ങനെ അങ്ങ് പോയാലോ നീ അവളോട് മാപ്പ് പറഞ്ഞിട്ട് പോയ മതി ” റൂമിലേക്ക് പോകാൻ നിന്ന ആദിയെ തടഞ്ഞുകൊണ്ട് ശോഭ പറഞ്ഞു

ആദി ശോഭയ്ക്കു നേരെ തിരിഞ്ഞു

“മാപ്പ് ” നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി അവൻ പറഞ്ഞു

“എന്നോടല്ല അവളോട് പറയടാ “അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് ശോഭ രേഖയ്ക്കു നേരെ കൈ ചൂണ്ടി. ആദി രേഖയ്ക്ക് നേരെ നോക്കി, അവൾ ഇപ്പോഴും തലതാഴ്ത്തി നിൽക്കുകയാണ്

“മാപ്പ്” അത്രയും മാത്രം പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു. ശോഭയുടെ മുഖത്ത് അപ്പോൾ ഒരു വിജയചിരി ഉണ്ടായിരുന്നു. എന്നാൽ രേഖയ്ക്ക് ആശ്വാസമായിരുന്ന ഇത്രയൊക്കെ നാണംകെടുത്തിയിട്ടും തല്ലിയിട്ടും അവൻ സത്യം പറയാത്തതിൽ അവൾക്ക് ആശ്വാസവും അതോടൊപ്പം തന്നെ അശ്ചര്യവും തോന്നി, ഒപ്പം അവനടി കിട്ടിയതിൽ സന്തോഷവും,എന്നാലും മനസ്സിൽ ഏതോ ഒരു കോണിൽ കുറ്റബോധവും അവൾക്ക് തോന്നി.
വളരെയധികം ദേഷ്യത്തിലായിരുന്നു ആദി. അവനൊന്ന് ഉറക്കെ അലറാൻ വരെ തോന്നി പോയി. പെട്ടന്നാണ് റൂമിന്റെ ഡോർ തുറന്നു രാജൻ അങ്ങോട്ട് കയറിവന്നത്. രാജൻ വന്നതും ആദി തല വെട്ടിച്ചു കൊണ്ട് തന്റെ നീരസം പ്രകടിപ്പിച്ചു.

“കേവലം ഒരു റിമോട്ട്ന് വേണ്ടി നീ അവളെ തല്ലില്ല എന്നെനിക്കറിയാം, ആ കാര്യം നീ പറയാൻ മടിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല അതിനെക്കുറിച്ച് എനിക്ക് അറിയുകയും വേണ്ട പക്ഷേ ഇന്ന് നിന്നെ കുറ്റപ്പെടുത്തുക എന്നതല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു അച്ഛനോട് മോൻ ക്ഷമിക്കടാ “അവൻറെ കയ്യിൽ ഒന്നമർത്തി പിടിച്ച് അയാൾ പുറത്തേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *