ദർശന – 3

“ഇതിലിപ്പോ ഞാൻ എന്ത് ചെയ്യണം ന്നാ അച്ഛൻ പറേണെ….എനിക്ക് മനസ്സിലായില്ല…..”

കുറച്ച് നേരത്തേക്ക് അച്ഛന്റെ ഭാഗത്ത്‌ നിന്നും മറുപടി ഒന്നുല്ല… മൂക്കത്ത് വിരലും വച്ച് എന്തോ ആലോചിച്ചു നിക്കുവാണ്….

” നീ…നീ അവളെ വിവാഹം ചെയ്യണം…..!!!!”

ഇയാള് എന്നെ കളിയാക്കുവാണോ……എന്താലും തമാശ പറയേണ്ട സമയം അല്ലിത്….പിന്നെ പുള്ളിക്കാരൻ എന്താ അങ്ങനെ പറഞ്ഞെ….

“അച്ഛാ… ഇങ്ങള് എന്താ തമാശ പറയുവാണോ…!!!!?”

“ഇത് തമാശ പറയേണ്ട സമയം ആണോ???”

ഞാൻ ആകെ ഇഞ്ചി കടിച്ച അവസ്ഥേലാ ഉള്ളെ… അപ്പിയാള് പറഞ്ഞു വരുന്നത് ഞാൻ അവളെ….. ഛെ…..

“അച്ഛൻ എന്താ ഈ പറയണേ… ഞാൻ അവളെ വിവാഹം കഴിക്കണം എന്നാണോ!!….. എന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലാ ആ പെണ്ണിന്….ഇനി അതൊന്നും അല്ല… വയസ്സൊന്നും അല്ല എന്റെ പ്രശ്നം….. ഞാൻ ഇനി ജീവിതത്തിൽ ഒരു കല്യാണം കഴിക്കില്ല എന്ന് നിങ്ങളോട് എല്ലാരോടും പറഞ്ഞതല്ലേ…!”

“എഡി….ഞാൻ അവർക്ക് വാക്ക് കൊടുത്തു പോയി……!”

എനിക്ക് വിറഞ്ഞിങ്ങ് വന്നു……

“എന്നോട് ചോദിക്കാതെ അവരോട് സമ്മതം അറിയിക്കാൻ ഞാൻ പറഞ്ഞോ….. എനിക്കൊന്നും കേൾക്കണ്ടാ… ഞാൻ ഇറങ്ങുവാ…!”

സ്ഥലവും സാഹചര്യവും ഒന്നും നോക്കാതെ ചീരുവായിരുന്നു ഞാൻ….. അത്രക്ക്
പ്രഷർ കേറി നിക്കുവായിരുന്നു….

“എഡി നിനക്ക് പോകണെങ്കിൽ പോകാം….. പിന്നെ നീ ഒരിക്കലും നിന്റെ തന്തയെ കാണില്ല….!”

ഇത് വെറും കണ്ണീർ സീരിയലിലെ ഡയലോഗ് ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം……

“അച്ഛാ… അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാം….കേട്ടിട്ടും ണ്ട്….. പക്ഷെ ഇത്… ഇത് മാത്രം എന്നോട് ആവിശ്യപ്പെടരുത്….പ്ലീസ് ഒരു റിക്വസ്റ്റ് ആണ്….!”

എനിക്ക് ശരിക്കും കരച്ചിൽ വന്നു….. ഇനിയൊരിക്കലും ഒരു മാരേജിനെ കുറിച്ച് ചിന്തിക്കാൻ എനിക്ക് കഴിയുവായിരുന്നില്ല…..

“മോനെ….ഇത് എനിക്ക് വല്ല്യ ആളാവാനോ….. ഇവിടെ ഒരു രക്ഷകൻ ആവാൻ വേണ്ടീട്ടോ ഒന്നുമല്ല….. നീ അവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ….ആകെയവൾക്കുള്ളത് ഇവനാ…..ഇവനാണെങ്കിൽ ഇപ്പോ സെക്കന്റ്‌ സ്റ്റേജും കഴിഞ്ഞ് ഇരിക്കുവാ…….പാൻക്രിയാസിന് ആയത് കൊണ്ട് തന്നെ ഒരു ഉറപ്പും ഇല്ലടാ….. ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കെടാ മോനെ…..!”

അച്ഛൻ കെഞ്ചിയെന്നോട് പറയുന്നത് കേട്ടപ്പോ ശരിക്കും മനസ്സുരുകി പോയി….

“അച്ഛാ….നമ്മക്ക് എങ്ങനേലും ഒരാളെ കണ്ടെത്താം….ഞാൻ ഇനി ഒരു നല്ല പയ്യനെ ഇവർക്ക് കാണിച്ചു കൊടുത്തിട്ടേ തിരികെ പോകു….. നല്ല കൊച്ചല്ലേ അച്ഛാ… നല്ല വിദ്യാഭ്യാസോം ണ്ട്….. നമ്മക്ക് മുന്നിട്ട് ഇറങ്ങി നടത്തി കൊടുക്കാം…..പ്ലീസ്….ഒന്ന് മനസ്സിലാക്ക്….!”

എങ്ങനേലും അച്ഛനെ കാര്യം പറഞ്ഞു മനസ്സിലാക്കി ഇതിൽ നിന്ന് തലയൂരണം എന്ന ഒറ്റ ചിന്തയെ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളു….

“അത് വരെ ഇവൻ ജീവിച്ചു ഇരുന്നില്ലെലോ…..!!…. ഡാ ഇപ്പ തന്നെ വീടും പണയത്തിലാക്കിയാ ഈ കല്ല്യാണം നടത്തിയേക്കുന്നെ….. ഇനിയൊരു കല്ല്യാണം നടത്താനുള്ള ശേഷിയൊന്നും അവനില്ല….. ഡാ നല്ല കൊച്ച് ആഡ….എനിക്ക് ചെറുപ്പം തൊട്ട് അറിയുന്നതല്ലേ….ഇതിപ്പോ രണ്ടാമത്തെ തവണയാണ് ആ കൊച്ചിന്റെ കല്ല്യാണം മുടങ്ങണെ……നിന്നേകൊണ്ട് പറ്റുമെങ്കിൽ പറ….!”

“ഇല്ല…!” എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല….ഇനിയിപ്പോ അച്ഛൻ ദേവലോകത്ത് നിന്ന് ഊർവശിയെ കൊണ്ട് തരാമെന്ന് പറഞ്ഞാലും എനിക്ക് അത് പറ്റില്ല…..

“എന്നാ എന്റെ മോൻ ഇതുകൂടി കേട്ടോ….അവനെന്തേലും പറ്റിയാൽ….. പിന്നെ ഞാൻ ജീവിച്ചിരിക്കും ന്നെന്റെ മോൻ കരുതണ്ട…..!”

തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ എന്നോട് ഒരു ഭീഷണിയോടെ ആയിരുന്നു അച്ഛനത് പറഞ്ഞത്….അച്ഛന്റെ വാക്കുകൾക്ക് വിലയില്ലാഞ്ഞിട്ടോ ഇവിടത്തെ സാഹചര്യം അറിയാഞ്ഞിട്ടോ അല്ല….എന്നെ കൊണ്ട് ഇതിന് പറ്റില്ല എന്നെനിക്ക് നന്നായിട്ട് അറിയാമായിരുന്നു….തിരിച്ചു നടന്ന് വരുമ്പോൾ കലങ്ങിയ കണ്ണുമായി എന്നെ നോക്കിയിരിക്കുകയാണ് ദർശനയുടെ അച്ഛൻ….ആ കണ്ണുകളിൽ എവിടെയോ ഒരു പ്രതീക്ഷ ബാക്കി നിൽക്കുന്നത് കാണാം… എന്നോട്
ചോദിക്കുക വരെ ചെയ്യാതെ അച്ഛൻ ഉറപ്പ് നൽകിയിട്ടുണ്ടാകാം…..അധിക നേരം ആ കണ്ണുകളിൽ നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല….. ഞാൻ ഉമ്മറത്തേക്ക് വരുമ്പോൾ എനിക്ക് അഭിമുഖാമായി ഭാഗ്യ ചെറിയമ്മ വരുന്നത് കണ്ടു….. ആ കണ്ണുകളിൽ എന്തോ എന്നോട് പറയാൻ ഉള്ളത് ഞാൻ കണ്ടു…

“എഡി… നീ ഇങ്ങ് വന്നേ….”

എന്താ എന്ന് ചോദിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ എന്റെ കയ്യും പിടിച്ചു അകത്തേക്ക് ചെറിയമ്മ നടന്നിരുന്നു….ആ സമയത്ത് യാന്ത്രികമായി പുറകെ പോകാനേ എനിക്ക് കഴിഞ്ഞുള്ളു….എന്നെയും കൂട്ടി അകത്തുള്ള ഒരു റൂമിലേക്ക് കയറി….അവിടെയുള്ള എല്ലാരോടും ചെറിയമ്മ പുറത്തേക്ക് പോകാൻ പറഞ്ഞ ഉടനെ എല്ലാവരും പോയി….ഡോറും ലോക്ക് ചെയ്ത് ചെറിയമ്മ എന്റടുത്തേക്ക് വന്നു….പറയാനുള്ളത് ഈ കാര്യം തന്നെ ആണെന്ന് എനിക്ക് അറിയാം….അച്ഛനെ പോലെ ചെറിയമ്മയോട് പറഞ്ഞു ഒഴിയാൻ എനിക്ക് കഴിയില്ല….ഒരു മൈരിലും വിശ്വാസം ഇല്ലാഞ്ഞിട്ട് കൂടി ഞാൻ സർവേശ്വരനോടും പ്രാർത്ഥിച്ചു….എനിക്ക് അതിനുള്ള ശക്തി തരണേ എന്ന്….

“എഡി… ഞാൻ പറയാൻ പോകുന്ന കാര്യം നീ എങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ല… പക്ഷെ ഞാൻ പറഞ്ഞിട്ട് നിനക്ക് തീരുമാനിക്കാം….”

” ചെറിയമ്മ പറയാൻ പോകുന്ന കാര്യം എനിക്ക് അറിയാം… അച്ഛൻ എന്നോട് എല്ലാം പറഞ്ഞു….ല്ല ചെറിയമ്മേ പറ്റത്തില്ല….. ഞാൻ പോണു വീട്ടിൽ കാണും….ന്തേലും ഉണ്ടേൽ വിളിക്ക്….. ”

“ഡാ…!”

പ്രതീക്ഷിച്ചത് ആയിരുന്നു ആ പുറകിൽ നിന്നുള്ള വിളി….

“കല്യാണം മുടങ്ങീന്ന് അറിഞ്ഞപ്പോ പെണ്ണൊന്ന് തൂങ്ങി ആയിരുന്നു….. നിന്റെ അമ്മ കണ്ടത് കൊണ്ട് ഇപ്പഴും ഒരു കൊഴപ്പോം ഇല്ലാണ്ട് നിക്കണ്….. ആരും അറിഞ്ഞിട്ടില്ല ഇത്….നിന്റെ അച്ഛൻ പോലും….ആ റൂമിന്റെ കൊളുത്ത് പോയികിടക്കുന്നത് കൊണ്ട് രക്ഷപ്പെട്ടു….ഇല്ലേ പെട്ട് പോയേനെ….. ഇവിടെ ഇപ്പൊ ആര് ചത്താലും അതിന്റെ ശാപം ഒന്നും എന്റെ കുട്ടിക്ക് കിട്ടാൻ പോണില്ല….. മോനെ….. പക്ഷെ മരിക്കാണ്ട് നോക്കാൻ നമ്മളെ കൊണ്ട് പറ്റില്ലേ…..!

“ചെറിയമ്മേ….ഒരു കാര്യം ചോദിക്കട്ടെ….!”

“ചെറിയമ്മക്ക് എന്റെ പ്രായത്തിൽ ഒരു മകൻ ഉണ്ടായിരുന്നേൽ ഇവളെ അവന് കെട്ടിച്ചു കൊടുക്കുവായിരുന്നോ….!!!”

“ഉറപ്പായിട്ടും….!!”

അത് വെറുതെ എന്നെ ബോധിപ്പിക്കാൻ വേണ്ടി പറഞ്ഞ വാക്കുകൾ
ആയിരുന്നില്ല….അത്രക്കും തീവ്രമായ തീരുമാനം ആണ്… ആ കണ്ണുകളിലെ തീക്ഷണത എനിക്ക് വായിക്കാൻ പറ്റി…..

“സമ്മതം ആണെന്ന് പറഞ്ഞോളൂ ചെറിയമ്മേ….!”
എനിക്ക് പിന്നെ രണ്ടാമത് ഒന്ന് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല….. ഹൃദയം പറയുന്ന വേദനയിലും….ഇനി ഞാൻ കാരണം ഒരു മരണം കൂടെ….. ഇവളോ ഇവളുടെ അച്ഛനോ മരിച്ചാൽ ഒന്നും ആ ശാപം എന്നെ ഏൽക്കാൻ പോണില്ല….. പക്ഷെ ആ ജീവൻ രക്ഷിക്കാൻ എന്നെ കൊണ്ട് കഴിയും എന്നിവരെല്ലാം പറയുമ്പോൾ…..എല്ലാരുടെയും സന്തോഷമല്ലേ നടക്കട്ടെ……

Leave a Reply

Your email address will not be published. Required fields are marked *