കാഞ്ഞിരക്കുറ്റി – 5 19

 

“അതൊക്കെ എന്തിനാ. നിങ്ങൾ പൊലീസാണോ? എഴുത്തുകാരനാണ് എന്നല്ലേ പറഞ്ഞത്.” അയാൾ സംശയ രൂപേണ വാഹിദിനെ നോക്കി.

 

“പോലീസ് ഒന്നും അല്ല ചേട്ടാ. ആവശ്യമുള്ളത് കൊണ്ട് തന്നെയാ ചോദിക്കുന്നെ. ഇതിന്റെയൊക്കെ പിന്നിൽ പ്രേതമാണോ അല്ലയോ എന്ന് സംശയിക്കുന്ന രീതിയിൽ ഒരു കഥയാണ് പ്ലാൻ.അതുകൊണ്ടാ.” വാഹിദ് അയാൾക്ക് പിടികൊടുക്കാതെ തടിതപ്പി. മമ്മാജി പിന്നെയും കുറച്ചു നിമിഷങ്ങൾ അവനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു.

 

“ഉം.. എന്തായാലും കഥപറയാൻ പറ്റിയ സ്ഥലവും സമയവും ഇതല്ലല്ലോ. നാളെ ഞായർ അല്ലെ, വീട്ടിലേക്ക് വന്നോളൂ.” അയാളൊന്ന് ഇരുത്തി മൂളിയിട്ട് പറഞ്ഞു. വാഹിദ് അയാളോട് നന്ദി പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. അക്ഷമയോടെ നിൽക്കുകയായിരുന്ന ആതിര അവനെയൊന്ന് ഇടങ്കണ്ണിട്ടു നോക്കിയിട്ട് അവന്റെ പിന്നാലെ ബുള്ളറ്റിൽ ചെന്നു കയറി.

 

“വീട്ടിലേക്ക് പോകാൻ വരട്ടെ. എന്നോട് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.” ആതിര പിന്നിലിരുന്നു ഗൗരവം നടിച്ചു പറഞ്ഞു. വാഹിദ് ഒന്ന് മൂളിയിട്ട് വണ്ടി റോഡിലേക്കിറക്കി പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പോയി. ഏതാണ്ട് പതിനഞ്ചു മിനുട്ട് സഞ്ചാര ദൂരമുണ്ട് പോലീസ് സ്റ്റേഷനിലേക്. അവൻ ബൈക്ക് നേരെ പോലീസ് സ്റ്റേഷനിലേക്ക് പായിച്ചു. അവിടെ കിഷോർ അവരെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വാഹിദിനെ കണ്ടതും അവന്റെ മുഖത്ത് ആഹ്ലാദം നിറഞ്ഞു, വാഹിദിന്റെയും. രണ്ടുപേരും പരസ്പരം ആശ്ലെഷിച്ചു, പിന്നെ കുശലം പറച്ചിൽ ആരംഭിച്ചു.

 

“എങ്ങിനെയുണ്ട് ഈ നാട്.?” അവൻ തമാശ രൂപത്തിൽ വാഹിദിനോട് ചോദിച്ചു. വാഹിദ് കിഷോറിന്റെ പിന്നാലെ അയാൾക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു, ഒപ്പം ആതിരയും.

 

“എന്റെ പോന്നോ, താൻ എന്ത് പാപം ചെയ്തിട്ടാടോ ഈ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടിയത്.?” വാഹിദ് അസഹ്യമായ നീരസത്തോടെ ചോദിച്ചു. കിഷോർ പൊട്ടിച്ചിരിച്ചു, കൂടെ വാഹിദും. ആതിര എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ പുഞ്ചിരി വരുത്തി ഇരുന്നതേയുള്ളൂ.

 

“തന്റെ കേസിന് പിന്നാലെ കൂടി തന്നെ സഹായിച്ചു. അതുതന്നെ ആ മഹാ പാപം.” കിഷോർ ചിരിച്ചു കൊണ്ട് പറഞ്ഞു. വാഹിദ് പുഞ്ചിരിച്ചതേയുള്ളൂ.

 

“എന്താ ആതിര, നമ്മുടെ ഡീറ്റെക്റ്റീവ് എങ്ങനിരിക്കുന്നു. പ്രോബ്ലം ഉണ്ടെങ്കിൽ വേറെ ആളെ നിർത്താം. തനിക്ക് മറ്റെന്തെങ്കിലും കേസ് തരാം. ഇഷ്ടം പോലെ കിടപ്പുണ്ട്.” കിഷോർ ആതിരയെ നോക്കി പറഞ്ഞു. പെട്ടന്ന് ആതിരയുടെ മുഖം മങ്ങി.

 

“അയ്യോ വേണ്ട സാർ. ഞാൻ ഓക്കേയാണ്.” അവൾ ചാടിക്കേറി പറയുന്നത് പോലെ മറുപടി നൽകി.

 

“ആഹാ, കൊള്ളാല്ലോ. ഗുഡ്.! എങ്കിൽ അന്വേഷണം എവിടം വരെയെത്തി? ഇന്നേക്ക് മൂന്നു ദിവസമായില്ലേ നിങ്ങൾ രണ്ടാളും ഒന്നിച്ചു കഴിഞ്ഞിട്ട്.? ” ആതിരയോട് തന്നെയാണ് ചോദ്യം. അവൾ ഇതുവരെയുണ്ടായ അനുഭവങ്ങൾ കിഷോറിനു പറഞ്ഞു കേൾപ്പിച്ചു. അയാൾ എല്ലാം തലയാട്ടിക്കൊണ്ട്, ഇടക്ക് ഗൗരവത്തിൽ തലകുനിച്ചിരുന്നും, മറ്റു ചിലപ്പോൾ താടിക്ക് കൈകൊടുത്തും മറ്റും മുഴുവനും കേട്ടു.

 

“അപ്പൊ എന്തോ ആസ്വഭാവികമായൊരു സാന്നിധ്യം അവിടെയുണ്ട് എന്നാണ് നിങ്ങൾ പറഞ്ഞുവരുന്നത്. അഥവാ ആത്മാവിന്റെ പ്രേത വിശ്വാസം ഒരു യാഥാർഥ്യം ആണെന്ന്.” കിഷോർ രണ്ടുപേരെയും നോക്കിക്കൊണ്ട് ചോദിച്ചു.

 

“ഹേയ്, ഒരിക്കലുമല്ല. കിഷോർ അത് വിശ്വസിക്കുന്നുണ്ടോ. പ്രേതമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. But നിങ്ങൾക്ക് കിട്ടിയ മിസ്സിംഗ്‌ കേസ് വാസ്തവമാണെങ്കിൽ അതിന് പിന്നിൽ പ്രേതമല്ല, ഇല്ലാത്ത പ്രേതത്തെ സഹായിക്കുന്ന ഏതോ മനുഷ്യനാണ്.” വാഹിദ് തീർത്തു പറഞ്ഞു.

“അതെന്താ താൻ അങ്ങനെ തീർത്തു പറയാൻ കാരണം?” കിഷോറിന്റെ നെറ്റി ചുളിഞ്ഞു. ആതിരയും അതിശയത്തോടെ അവനെ നോക്കി.

 

“ഞാൻ ഇന്ന് രാവിലെ ആ കാട് വഴിയൊന്നു നടന്നുനോക്കി. ഇന്നലെ പ്രേതത്തെ കണ്ട് ഓടിയ പെണ്ണ് പറഞ്ഞ സ്ഥിതിക്ക് വല്ല തെളിവും കിട്ടുമോ എന്നറിയാൻ വേണ്ടി ഒന്ന് ശ്രമിച്ചതാ.” വാഹിദ് വിശദീകരിച്ചു. കിഷോറും ആതിരയും അവൻ തുടരാൻ വേണ്ടി മൗനം ഭജിച്ചു. വാഹിദ് തുടർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *