കാഞ്ഞിരക്കുറ്റി – 5 19

 

“കാടു വഴി കുറച്ചു മുന്നോട്ട് പോയപ്പോൾ അവിടെ പുല്ലും കമ്പുകളും ചുവുട്ടി മെതിച്ചതുപോലെ പാടുകൾ ഉണ്ടായിരുന്നു. അവിടെ വച്ചായിരിക്കണം അവളും അവൾ ചേട്ടൻ എന്ന് പറഞ്ഞ അയാളും തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ടാവുക. സാധ്യതകൾ കണ്ടിട്ട് പിടിവലി നടന്നത് പോലെയല്ല, വെപ്രാളത്തിൽ അങ്ങുമിങ്ങും ചവുട്ടിയരച്ചത് പോലെയാണ് മനസ്സിലായത്. പിന്നെ കുറേക്കൂടി മേലേക്ക് ചെല്ലുമ്പോൾ കാഞ്ഞിര മരം നിൽക്കുന്ന ഭാഗത്തുള്ള പറമ്പിലേക്ക് കയറാനൊരു മണ്ണിടിഞ്ഞ തിട്ടുണ്ട്. ആ വഴി കാഞ്ഞിര മരത്തിന്റെ ഭാഗത്തേക്ക് നടന്നപ്പോൾ, കാടിനടുത്തുള്ള അതിരിലൂടെ എന്തോ ഭാരം ചുമന്നു ആരോ നടന്ന് പോയ ബൂട്ടിന്റെ പാടുകൾ ഉണ്ട്. അതായത്, നല്ല ക്രിമിനൽ ബുദ്ധിയുള്ള ആരോ ഇതിന്റെ പിന്നിലുണ്ട് എന്നർത്ഥം.”

 

വാഹിദ് താൻ കണ്ടെത്തിയ നിഗമനങ്ങൾ വിശദമാക്കിക്കൊടുത്തു. ആതിര അത്ഭുതത്തോടെ വാഹിദിനെ തുറിച്ചു നോക്കിക്കൊണ്ട് അതെ ഇരിപ്പ് തുടർന്നു. കിഷോറിന്റെ മുഖത്ത് ആഹ്ലാദകരമായ ഒരു ആശ്വാസം തെളിഞ്ഞു നിന്നു. താൻ ഊഹിച്ചത് വെറുതെയായില്ല, വാഹിദിനു ഇതിൽ എന്തെങ്കിലും ഇടപെടൽ സാധ്യമാകും എന്ന് തനിക്ക് ഉറപ്പായിരുന്നു എന്നൊരു ആത്മവിശ്വാസം കിഷോറിന്റെ മുഖത്ത് വ്യക്തമായിരുന്നു.

 

“ഗംഭീരം മകനെ, അതി ഗംഭീരം. ആട്ടെ, ക്രിമിനൽ ബുദ്ധിയുള്ള ആരോ ആണ് ഇതിന്റെ പിന്നിൽ എന്ന് തോന്നാനെന്താ കാരണം?” കിഷോർ കുറേക്കൂടി വ്യക്തത വരുത്താൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.

 

“കാരണം അവിടെ കണ്ട പാടുകൾ ബൂട്ടിന്റേത് പോലെയാണ് തോന്നിയത്. അഥവാ, കാലിൽ മുള്ളോ കല്ലിന്റെ ചീളുകളോ മറ്റോ തട്ടി രക്തം വീഴരുത് എന്ന് വ്യക്തമായ ബോധ്യമുള്ള ഒരാൾ. അല്ലെങ്കിൽ കാട്ടിലോ ചെളിയോളോ മറ്റോ സഞ്ചരിക്കുമ്പോൾ ധരിക്കേണ്ട ബൂട്ട് ഇങ്ങനെയൊരു സാധാരണ ഗ്രാമത്തിൽ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.” വാഹിദ് മേശയിലേക്ക് കൈകൾ ഊന്നിക്കൊണ്ട് വ്യക്തമാക്കി.

 

“പക്ഷേ വാഹിദ്, അത്ര ബുദ്ധിയുള്ള ഒരാൾ ഇതേ കാര്യം ചിന്തിക്കുകയും പരമാവധി ആ സംശയം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യില്ലേ.? ആതിര വ്യക്തമായ സംശയം പ്രകടിപ്പിച്ചു.

 

“എക്സാറ്റ്ലി. അങ്ങിനെയും ഒരു സാധ്യതയില്ലേ.?” കിഷോർ അവളെ ശരിവെക്കുന്ന രീതിയിൽ പിന്താങ്ങി.

 

“അവിടെയാണ് രണ്ട് സാധ്യതകൾ. ഒന്ന് ഇതിന്റെ പിന്നാലെ പോകാൻ ആരെങ്കിലും ഉണ്ട് എന്നൊരു തോന്നൽ അയാൾക്ക് വന്നിട്ടില്ല. കാരണം മുമ്പ് നടന്ന മൂന്നു മിസ്സിംഗ്‌ കേസ് ഉണ്ടായിട്ടും അയാളിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് ആ കാഞ്ഞിരക്കഥ. എല്ലാവരും ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നത് കൊണ്ട് ആ ഭാഗത്തേക്ക് അന്വേഷണത്തിന് പോയിട്ടില്ല, അല്ലെങ്കിൽ ഇത്ര ദൂരം സഞ്ചരിച്ചു ഇരയെ കൊണ്ടുപോകേണ്ടി വന്നിട്ടില്ല.” വാഹിദ് അവരുടെ ന്യായമായ സംശയത്തിനുള്ള തന്റെ നിഗമങ്ങൾ വ്യക്തമാക്കി.

 

“അപ്പൊ, ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ,ഇത്ര ന്യൂട്രൽ ആയ ഒരു പ്രദേശത്ത്, ആ കാണാതായവർ എവിടെ? കൊന്നു കുഴിച്ചു മൂടിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് വേണ്ടേ.?” ആതിര തന്റെ സംശയം ഉന്നയിച്ചു. കിഷോർ തലകുലുക്കി കൊണ്ട് ആ ചോദ്യം ശരിവെക്കുന്ന രീതിയിൽ വാഹിദിനെ നോക്കി. എന്നിട്ട് കൂട്ടിച്ചേർത്തു.

 

“ആദ്യത്തെ മിസ്സിംഗ്‌ രേഖപ്പെടുത്തിയപ്പോൾ തന്നെ കൊലപാതക സാധ്യത പോലീസ് പരിശോധിച്ചിരുന്നു. ആ ഗ്രാമം മുഴുവൻ അരിച്ചു പെറുക്കിയിട്ട് എവിടെയും അങ്ങിനെയൊരു ലക്ഷണം കണ്ടിട്ടില്ല. അതാണ് ഇതിലെ നിഗൂഢത.” കിഷോർ യാഥാർഥ്യം വ്യക്തമാക്കി.

 

വാഹിദ് കുറച്ചു നേരം ആലോചനയിൽ ഇരുന്നു. പിന്നെ തന്നോട് തന്നെയെന്നവണ്ണം പതുക്കെ പറഞ്ഞു.

 

“എങ്കിൽ അങ്ങോട്ട് പോയി നോക്കാം, വല്ലതും തടയാതിരിക്കില്ല.” അവൻ തലയിളക്കി കൊണ്ട് സ്വയം പറഞ്ഞു. എന്താണ് അവൻ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ലെങ്കിലും കിഷോർ ഒന്നും ചോദിച്ചില്ല. ആതിരയും.

 

Leave a Reply

Your email address will not be published. Required fields are marked *