കിഷോർ വളരെ സന്തുഷ്ടനായിരുന്നു. കാരണം കൂടുതൽ ദിവസങ്ങൾ എടുക്കും എന്തെങ്കിലും ഒരു ധാരണയിൽ എത്താൻ എന്ന് കരുതിയ കാര്യങ്ങളാണ് കൃത്യമായി അനാവരണം ചെയ്യപ്പെട്ടത്. അയാൾക്ക് അവർ രണ്ടുപേരോടും മതിപ്പു തോന്നി. തനിക്ക് തെറ്റുപറ്റിയിട്ടില്ല എന്ന ആത്മവിശ്വാസം കിഷോറിനെ സന്തുഷ്ടനാക്കി. അല്ലെങ്കിലും, വാഹിദിന്റെ കഴിവിൽ തനിക്ക് സംശയം ഒട്ടുമില്ലല്ലോ.!
“നൂറ ഇപ്പൊ വിളിയൊന്നും ഇല്ലേ. എങ്ങനിരിക്കുന്നു അവൾ.?” കിഷോർ വാഹിദിന്റെ വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടന്നു. വാഹിദിന്റെ ചുണ്ടിൽ കള്ളച്ചിരി വന്നുപോയി. ആതിര രണ്ടുപേരെയും മാറിമാറി നോക്കി.
“പിന്നല്ലാതെ. വിളിയും മൂക്ക് ചീറ്റലും കൊല്ലുമെന്ന ഭീഷണിയും ചത്തുകളയുമെന്ന ഭീഷണിയും എല്ലാമുണ്ട്.” വാഹിദ് അധികം ശബ്ദമില്ലാതെ പൊട്ടിച്ചിരിച്ചു. കിഷോറും അവന്റെയൊപ്പം ചേർന്നു.
“അതാരാ നൂറ.? എന്നോട് അങ്ങനൊരാളെ കുറിച്ചൊന്നും പറഞ്ഞില്ല ല്ലോ.” ആതിര വാഹിദിനെ നോക്കി കണ്ണുമിഴിച്ചു.
“നൂറ എന്റെ പെണ്ണ്, അല്ലാണ്ടാരാ. അതൊക്കെ മാഡത്തോട് പറയണം ന്ന് എന്നോട് ഇവൻ പറഞ്ഞിരുന്നില്ല.” വാഹിദ് അവളെ നോക്കി തമാശ കലർന്ന സ്വരത്തിൽ പറഞ്ഞു.
കിഷോർ ചിരിച്ചു, ഒപ്പം വാഹിദും. പക്ഷേ ആതിരയുടെ മുഖം മ്ലാനമായി. അവൾക്ക് അകാരണമായൊരു നിരാശ അനുഭവപ്പെട്ടു. വാഹിദ് വിവാഹിതൻ ആയിരിക്കാം എന്ന് തന്നെയാണ് അവൾ കരുതിയിരുന്നത്, എന്നാലും അവനതു തുറന്ന് പറഞ്ഞത് കേട്ടപ്പോൾ എവിടെയോ ഒരു ഏകാന്തത അനുഭവപ്പെട്ടതുപോലെ തോന്നി അവൾക്ക്. താൻ ഏതോ അജ്ഞാതമായൊരു ചോദനയുടെ പ്രേരണ കൊണ്ടാണ് അവന്റെ കൂടെ കിടന്നത്. അത് പ്രണയം കൊണ്ടോ വിവാഹം കഴിക്കാൻ കൊതിച്ചു സ്വയം സമർപ്പിച്ചതോ ഒന്നുമായിരുന്നില്ല. ചില പുരുഷന്മാരെ കാണുമ്പോൾ പെണ്ണുങ്ങൾക്ക് തോന്നാറുള്ള വൈകാരികമായ ആർത്തി, അത്രേ ഉണ്ടായിട്ടുള്ളൂ. ഒരുപക്ഷെ ആ ആർത്തി കൊണ്ടാവും മിക്ക പെണ്ണുങ്ങളെ കാണുമ്പോളും ആണുങ്ങൾ ഇങ്ങനെ വായി നോക്കുന്നത്. വാഹിദ് തങ്ങളുടെ കൊതി തീരുന്നത് വരെ കളിച്ചു തരാൻ കഴിയുന്ന പുരുഷനാണ് എന്ന് ഒറ്റനോട്ടത്തിൽ പെണ്ണുങ്ങൾക്ക് മനസ്സിലാവുന്ന ഒരു ജന്മമാണ്, ആ അസ്വസ്ഥത പിടിച്ചു നിർത്താൻ സാധിക്കാതെയാണ് അവന്റെ ഒപ്പം ചെന്നു കിടക്കാൻ തന്നെ പ്രേരിപ്പിച്ചത്. എന്നാലും, അവൻ തന്റെ പെണ്ണ് എന്ന് പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് മനസ്സിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. നിറഞ്ഞു വരാൻ കൊതിച്ചു നിൽക്കുന്ന കണ്ണുനീർ അവർ കാണാതിരിക്കാൻ അവൾ മുഖം അവരിൽ നിന്ന് മറച്ചു വച്ചു.!
(അദ്ധ്യായം 13)
രാത്രി.!
ചീവീടുകൾ നിർലോഭം നിലവിളിച്ചു കരയുന്ന പ്രകൃതിയിൽ നിഷീഥിനിയുടെ നിശ്ശബ്ദത്ത കടലുപോലെ പരന്നു കിടന്നു. അകലെയുള്ള ഏതോ വീട്ടിൽ നിന്ന് പട്ടിക്കുരക്കുന്ന ശബ്ദം അവ്യക്തമായി ഇടക്ക് കേൾക്കുന്നുണ്ട്. നിബിഢമായ ഇരുട്ടിന്റെ സാന്ദ്രതയിൽ കുളിര് പുതച്ചു നിൽക്കുന്ന തൊടിയിലെ ഇടതൂർന്ന മരങ്ങളുടെ ചില ചില്ലകളിൽ മിന്നാമിനുങ്ങുകൾ ഇണയെ തേടി മിന്നിപ്പൊലിയുന്നു. അപൂർവ്വം ചില രാകുരുവികളുടെ നിശാസംഗീതവും കേൾക്കാം. ഇടവിട്ടിടവിട്ട് കുളിരിന്റെ പാളികൾ തള്ളിക്കൊണ്ട് കടന്നുവരുന്ന ഗ്രാമകാറ്റിന്റെ സമ്മർദ്ധത്തിൽ ചില്ലകൾ ഉലയുകയും ഇലകൾ അരിശത്തോടെ പഴിപറയുകയും ചെയ്യുന്ന ശബ്ദം ആ മൂകരാത്രിയുടെ ശാന്തയെ ഭംജിക്കുന്നുണ്ട്.
വാഹിദും ആതിരയും വലിയേടത്തു വീടിന്റെ മുകളിലത്തെ നിലയിൽ, വരാന്തയിലെ കസേരയിൽ ഇരുന്നു പാതി ബോധത്തിൽ ഇരുന്നു ഗ്ലാസ് കാലിയാക്കുന്ന സുരേട്ടനെ നോക്കിക്കൊണ്ടിരുന്നു. പാതിപറഞ്ഞു വച്ച ഓർമ്മകളുടെയും കേട്ടുകേൾവികളുടെയും പഴമയുടെ പൊടിപടലങ്ങൾക്കിടയിൽ അയാൾ ശ്വാസം മുട്ടുന്നുണ്ടെന്നു രണ്ടുപേർക്കും തോന്നി.
ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്കു കുടിച്ചു തീർത്ത് ആതിരയുടെ കൈയിലെ ഗ്ലാസിലേക്ക് നോക്കി അയാൾ അക്ഷമനായി.
“മോളിനിയും അത് തീർത്തില്ലേ. ആകെ ഒരെണ്ണമല്ലേ തന്നുള്ളൂ, ഒറ്റവലിക്കങ്ങു തീർക്കൂ ന്നേ.” അയാൾ പ്ലേറ്റിൽ നിന്ന് ഒരു കഷണം ചിക്കൻ ഫ്രൈ എടുത്ത് വായിലേക്കിട്ടിട്ട് ആതിര കുടിച്ചു പാതിയാക്കിയ ഗ്ലാസിലേക്ക് നോക്കി പറഞ്ഞു. വാഹിദ് ചെറിയ ചിരിയോടെ അവളെ നോക്കി ഇരുന്നതേയുള്ളൂ. കലങ്ങിയ കണ്ണുകളിലൂടെ അവൾ ആ മധ്യവയസ്കനെ നോക്കി പുഞ്ചിരിച്ചിട്ട് ഗ്ലാസ് വായിലേക്ക് കമിഴ്ത്തി ഒറ്റവലിക്കു മദ്യം അകത്താക്കി. എന്നിട്ട് ഗ്ലാസ് മേശയിലേക്ക് വച്ചു. സുരേട്ടൻ രണ്ടുപേരുടെ ഗ്ലാസിലും വീണ്ടും മദ്യം പകർന്നു. ആതിര വിലക്കിയെങ്കിലും അയാൾ അത് ശ്രദ്ധിക്കാതെ അവളുടെ ഗ്ലാസിലേക്ക് തണുത്ത വെള്ളം പകർന്നിട്ട് തന്റെ ഗ്ലാസ് എടുത്ത് കൈയിൽ പിടിച്ചു.
