മന്നാടിയാർ കോട്ട – 2 7അടിപൊളി  

മുന്നോട്ട് കുറച്ചുകൂടി നടന്നപ്പോൾ

കാടുപിടിച്ച ഒരു സ്ഥലത്തെത്തി.

ഈ ഉച്ചസമയത്തും അവിടെ നല്ല ഇരുട്ടും കുളിർമയുമുള്ള തണുപ്പുമായിരുന്നു.

ഞാൻ ഒരു വലിയ മരത്തിന്റെ ചുവട്ടിലിരുന്ന് മാങ്ങ തിന്നു.

നല്ല മധുരമുള്ള മാങ്ങ!

തിന്നു കഴിഞ്ഞപ്പോൾ കയ്യിൽ മുഴുവൻ മാങ്ങാനീരായി.

ഇതൊന്നു കഴുകണം എന്ന് കരുതി ഞാൻ മുന്നോട്ട് നടന്നു.

കാടുപോലെ കിടക്കുന്നതുകൊണ്ട് മുന്നോട്ടുപോകാൻ പേടിയുണ്ടായിരുന്നു. എങ്കിലും ഞാൻ നിൽക്കുന്നിടത്തേക്ക് ഏതോ ഒരു നടവഴി തെളിഞ്ഞുകാണാമായിരുന്നു. ഇടയ്ക്കൊക്കെ ഇതിലൂടെ ആരോ നടക്കാറുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാൻ ആ വഴിയിലൂടെ തന്നെ മുന്നോട്ടു നടന്നു. കുറച്ചു ചെന്നപ്പോൾ വഴി രണ്ടായി പിരിയുന്നു.

നേരെ പോകാതെ ഞാൻ വശത്തുകൂടിയുള്ള വഴിയിലൂടെ പോകാൻ തീരുമാനിച്ചു.

കുറച്ചു നടന്നപ്പോൾ ചെന്നുനിന്നത് വലിയൊരു കുളത്തിന്റെ മുൻപിലാണ്!

കാണാൻ നല്ല രസമുണ്ട്…

വെള്ളത്തിന് നല്ല പച്ചനിറം. കുളത്തിന്റെ മൂന്നു വശവും കാടുപിടിച്ചു കിടക്കുകയാണ്, മറു വശത്ത് വിശാലമായ പടവുകളും. ഒരു വശത്ത് ഓടുമേഞ്ഞ ഒരു മറപ്പുര പോലെയുമുണ്ട്.

ഞാൻ പടവുകളിലേക്ക് ഇറങ്ങി കൈ കഴുകി. അവിടെ ഒരു വശത്ത് തുണി നനയ്ക്കുന്ന സോപ്പും മറ്റും ഇരിക്കുന്നത് കണ്ടു.

അപ്പോൾ ഇവിടെ ആളുകൾ വരാറുണ്ടെന്ന് മനസ്സിലായി.

കുറച്ചുനേരം ഞാൻ അവിടെയിരുന്ന് വെള്ളത്തിൽ കളിച്ചു.

അപ്പോൾ ഓർത്തത്, വഴി പിരിഞ്ഞ ഭാഗത്തുണ്ടായിരുന്ന മറ്റേ വഴിയിലൂടെ പോയി നോക്കിയാലോ എന്നാണ്.

ഞാൻ അവിടെനിന്ന് തിരികെ നടന്ന് പഴയ സ്ഥലത്തെത്തി.

അവിടെനിന്ന് മുന്നോട്ട് നടന്നു.

വഴിയൊക്കെയുണ്ട്, പക്ഷേ അടുത്തകാലത്തൊന്നും അതിലൂടെ ആരും പോയിട്ടില്ലെന്ന് തോന്നുന്നു. വഴിയിലാകെ പുല്ല് മൂടിക്കിടക്കുകയാണ്.

കുറച്ചധികം മുന്നോട്ടു ചെല്ലുമ്പോൾ ആ നടവഴി ഒരു പന്തൽ പോലെ കാട്ടുവള്ളികൾ പടർന്നു പന്തലിച്ചു കിടക്കുന്നതായി കണ്ടു.

വളരെ മനോഹരമായ കാഴ്ച! ചില വള്ളികളിൽ നീലനിറത്തിലുള്ള മനോഹരമായ പൂക്കളുമുണ്ടായിരുന്നു.

കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ അരമതിൽ കണ്ടു.

അതിലൊരു ചെറിയ കവാടവുമുണ്ട്. കവാടത്തിന്റെ തൂണുകളിൽ വിളക്കേന്തി നിൽക്കുന്ന രണ്ട് സ്ത്രീകളുടെ ശില്പങ്ങൾ…

ഞാൻ അവിടുന്ന് അകത്തേക്ക് കയറി.

ആ അരമതിൽ കുറെ നീളത്തിൽ പോകുന്നുണ്ടായിരുന്നു.

വഴി ഇനിയുമുണ്ടെന്ന് തോന്നിയതുകൊണ്ട് ഞാൻ അങ്ങോട്ട് നടന്നു.

കണ്ടാൽ ഒരു കാവ് പോലെ തോന്നും. അമ്പലം പോലെ ഒന്നും കാണാനില്ല. വഴി ഏതാണ്ട് അവസാനിക്കുന്നിടത്ത്…

മുൻപിൽ വലിയൊരു തറ കണ്ടു. ഞാൻ അതിനു ചുറ്റും നടന്നു നോക്കി. കരിങ്കല്ലിൽ തീർത്ത വലിയൊരു കട്ടിൽ പോലെയാണ് അത് കാണാൻ…

നിറയെ ശില്പങ്ങളൊക്കെയുണ്ട്. പക്ഷേ കാട്ടുവള്ളികൾ കയറി മൂടിക്കിടക്കുന്നതുകൊണ്ട് ഒന്നും വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നില്ല.

ഞാൻ കുറച്ചുനേരം അവിടെയൊക്കെ നടന്നു കണ്ടതിനുശേഷം തിരികെ വീട്ടിലേക്ക് നടന്നു.

നേരം കുറെയായിരുന്നു. വീടെത്താറായപ്പോൾ പോകുന്ന വഴിയിൽ തൊഴുത്തിൽനിന്ന് ശബ്ദം കേട്ട് അങ്ങോട്ട് നോക്കി. വലിയമ്മ പശുവിനെ കറക്കുകയാണ്.

എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തൊരു പുച്ഛഭാവം മിന്നിമറഞ്ഞു.

ഞാൻ പതുക്കെ നടന്ന് ഉമ്മറത്തെത്തി. അവിടെ ആരുമുണ്ടായിരുന്നില്ല.

നല്ല ദാഹം തോന്നി, പക്ഷേ വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോകാൻ ഭയം.

രാവിലെ പടിപ്പുരയിൽ പോയപ്പോൾ അവിടെ ഒരു കൂജയിൽ വെള്ളം ഇരിക്കുന്നത് കണ്ടിരുന്നു. ഞാൻ നേരെ അങ്ങോട്ട് നടന്നു.

വീടുമുതൽ അവിടം വരെ തണലൊന്നുമില്ലായിരുന്നു.

ഇത്രയും നേരമായിട്ടും വെയിലിന്റെ ചൂടിന് ഒരു കുറവുമുണ്ടായിരുന്നില്ല.

ഞാൻ കൂജയിൽനിന്ന് വെള്ളമെടുത്ത് കുടിച്ച് അവിടെത്തന്നെ ഇരുന്നു.

ചെറിയമ്മയാണെന്ന് തോന്നുന്നു മുറ്റം അടിക്കുന്നത്. പുറകെ വെള്ളവും തളിക്കുന്നുണ്ട്.

നേരം ഇരുട്ടാറാകുന്നു… ഞാൻ അവിടുന്ന് എഴുന്നേറ്റ്

മുറ്റത്തെ മാവിൻചുവട്ടിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *