ഞാൻ തുടർന്നു: “പിന്നെ… ഞാൻ വന്നിട്ട് ഇത്രയും നാളായിട്ടും എന്റെ പേര് ഉണ്ണിയെന്നല്ല, കണ്ണൻ എന്നാണെന്ന് എല്ലാവരും വിളിക്കുന്നത് കേട്ടിട്ടും ചെറിയമ്മയ്ക്ക് അറിയില്ലേ…?”
അത് കേട്ടതും ചെറിയമ്മയുടെ മുഖം വാടി… “എനിക്ക് അങ്ങനെ വിളിക്കാൻ ആരുമില്ല കുട്ട്യേ… മനസ്സിൽ എവിടെയോ അങ്ങനെ ഒരു വിളി കിടന്നിരുന്നത് കുട്ടിയെ കണ്ടപ്പോൾ അറിയാതെ പുറത്തുവന്നതാ…”
അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു! പെട്ടെന്ന് ചെറിയമ്മ തിരിഞ്ഞുനിന്ന് കണ്ണുകൾ തുടച്ചു.
ഞാൻ പെട്ടെന്ന് നടന്ന് ചെറിയമ്മയുടെ അടുത്തെത്തി പറഞ്ഞു: “ചെറിയമ്മ എന്നെ എന്തുവേണമെങ്കിലും വിളിച്ചോ… ഞാൻ ചുമ്മാ പറഞ്ഞതാ…”
ചെറിയമ്മ എന്നെ നോക്കി ചിരിച്ചു… എന്റെ നിറുകയിലൊന്ന് തലോടി.
ഞാൻ ചോദിച്ചു: “ചെറിയമ്മ എന്താ ഇങ്ങോട്ട് വന്നത്…?”
“ഉണ്ണി എന്താ ഉച്ചയ്ക്ക് കഴിക്കാൻ വരാത്തത്? ഞാൻ കഴിക്കാൻ വിളിക്കാൻ വന്നതാ…”
ഞാൻ മുഖം കുനിച്ചു നിന്നു. ചെറിയമ്മ തുടർന്നു: “എന്താ കുട്ട്യേ…?”
ഞാൻ പറഞ്ഞു: “ഞാൻ വന്നത് ഇവിടെ ആർക്കും ഇഷ്ടമല്ലെന്ന് എനിക്കറിയാം… അപ്പോൾ ഞാൻ കാരണം ഒരു പ്രശ്നവും ഉണ്ടാകണ്ട എന്ന് കരുതി…”
“എന്താ ഇത് കഥ!” ചെറിയമ്മ പറഞ്ഞു: “കുട്ട്യേ… ഇത് നിന്റെ കൂടെ വീടല്ലേ? പിന്നെന്താ അങ്ങനെ ചിന്തിക്കുന്നത്…?”
ഞാൻ പറഞ്ഞു: “എന്നോട് ആകെ കുറച്ചെങ്കിലും കരുണ കാണിച്ചിട്ടുള്ളത് ചെറിയമ്മ മാത്രമാണ്… വലിയമ്മയ്ക്ക് എന്നെ കണ്ണിനു മുന്നിൽ കാണുന്നത് തന്നെ ദേഷ്യമാണ്.”
“എന്റെ കുട്ട്യേ… അത് അവരുടെ സ്വഭാവമാണ്! കുട്ടി അത് കാര്യമാക്കേണ്ട.”
ചെറിയമ്മ പുഞ്ചിരിയോടെ തുടർന്നു: “ഇപ്പോൾ ഞാൻ വിളിച്ചല്ലോ, ഇനി ഉച്ചയ്ക്ക്
കഴിക്കാൻ വന്നൂടെ? എന്നും ഇങ്ങനെ മാമ്പഴം മാത്രം തിന്നാൽ പിന്നെ ഇവിടുത്തെ കിളികൾക്കും അണ്ണാന്മാർക്കും കഴിക്കാൻ എന്താ കിട്ടുക…?”
ചെറിയമ്മ അതും പറഞ്ഞ് എന്നെ നോക്കി മനോഹരമായി ചിരിച്ചു…
ആദ്യമായാണ് ചെറിയമ്മ എന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നത്!
ഞാൻ ചെറിയമ്മയ്ക്കൊപ്പം വീട്ടിലേക്ക് തിരിച്ചുനടന്നു.
നേരെ അടുക്കളയിൽ കയറി. നോക്കിയപ്പോൾ അവിടെ വലിയമ്മയില്ല. അപ്പോൾ ചെറിയമ്മ ഒരു പാത്രത്തിൽ ചോറും കറിയുമായി വരുന്നു.
ഞാൻ ചോദിച്ചു: “ഇത് എങ്ങോട്ടാ…?”
ചെറിയമ്മ പറഞ്ഞു: “ഇവിടെ ഉച്ചയ്ക്ക് നമ്മൾ കഴിക്കുന്നതിന് മുൻപ് ഒരു ഭൂതത്തിനെ ഊട്ടുന്നത് കുട്ടി കണ്ടിട്ടില്ലേ…?”
“ഇല്ലല്ലോ…” ഞാൻ പറഞ്ഞു.
“എന്നാൽ കൂടെ വന്നോളൂ…” ചെറിയമ്മ പറഞ്ഞു.
ഞാൻ പുറകെ നടന്നു. ചെറിയമ്മ വൈക്കോൽപ്പുരയുടെ അടുത്തുള്ള ഒരു ഒഴിഞ്ഞ പത്തായപ്പുരയുടെ അടുത്തേക്ക് പോകുകയാണ്.
അത് കണ്ടപ്പോൾ എനിക്കും സംശയമായി. ചെറിയമ്മ പറഞ്ഞത് ശരിയാണോ? ഞാൻ പേടിയോടെ പുറകെ ചെന്നു. ഇതുവരെ ഇതിൽ ആരും ഉള്ളതായി ഞാൻ കണ്ടിട്ടില്ലല്ലോ, അപ്പോൾ ചെറിയമ്മ പറഞ്ഞതിൽ എന്തോ കാര്യമില്ലേ എന്ന് ഞാൻ ചിന്തിച്ചു.
ചെറിയമ്മ അവിടെ ജനലിന് താഴെയുള്ള ചെറിയൊരു തുളയിലൂടെ ആ പാത്രം വെച്ചുകൊടുത്തു. എന്നിട്ട് ജനലിൽ ഒന്നു മുട്ടി.
പെട്ടെന്ന് ആ പാത്രം അകത്തേക്ക് പോയി!
ഞാൻ പേടിച്ച് “ചെറിയമ്മേ…” എന്ന് വിളിച്ചു. ചെറിയമ്മ എന്നോട് മിണ്ടരുതെന്ന് കൈകാട്ടി കാണിച്ചു.
എന്നെയും കൂട്ടി ചെറിയമ്മ വീട്ടിലേക്ക് വന്നു. പേടിച്ചിരിക്കുന്ന എന്റെ മുഖം കണ്ട് ചെറിയമ്മ പൊട്ടിചിരിച്ചു. ഞാൻ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ചെറിയമ്മയെ നോക്കി.
“എന്റെ ഉണ്ണ്യേ… അതിൽ ഏടത്തി മാത്രമേയുള്ളൂ!”
ഞാൻ ചോദിച്ചു: “വലിയമ്മ എന്തിനാ അവിടെ പോയത്…?”
ചെറിയമ്മ പറഞ്ഞു: “ഏടത്തിക്ക് തീണ്ടലായി, അതാ അവിടെ ഇരിക്കുന്നത്.”
“തീണ്ടലോ… അതെന്താ…?” ഞാൻ ചോദിച്ചു.
ചെറിയമ്മ ഒന്നാലോചിച്ചിട്ട് പറഞ്ഞു: “നിന്റെ വലിയമ്മ പുറത്തായിരിക്കുകയാണ്, അതാ അവിടെ.”
ഞാൻ തലയാട്ടി. ‘ഇവിടെ അങ്ങനെയൊക്കെ ഉണ്ടോ? അവിടെ അമ്മ പുറത്താകുമ്പോൾ വീട്ടിലെ വേറൊരു മുറിയിലിരിക്കും, മൂന്നു ദിവസം എന്നെ തൊടില്ല…’ ഞാൻ മനസ്സിലോർത്തു.
