ഞാൻ പറഞ്ഞു: “വീട്ടിൽ പഴയ മുണ്ടാണ് തിരിയാക്കുക. അത് കൈകൊണ്ട് തെറുത്താൽ മതി.”
ചെറിയമ്മ: “ഉവ്വോ? ഇവിടെ ഇതാണ് പതിവ്. ഞാൻ പറ്റാത്തപ്പോൾ ഏടത്തി ചെയ്യും.”
ഞാൻ മൂളി.
അപ്പോഴേക്കും ചെറിയമ്മ തിരി തെറുത്ത് കഴിഞ്ഞ് എഴുന്നേറ്റു. കൂടെ ഞാനും എഴുന്നേറ്റു.
“ഇനി എന്താ അടുത്ത പരിപാടി…?” എന്ന് ചോദിച്ചപ്പോൾ ചെറിയമ്മ പറഞ്ഞു: “ഇനി പശുവിനെ കറക്കണം.”
“ഞാനും വരട്ടെ…?” എന്ന് ചോദിച്ചപ്പോൾ “വന്നോളൂ” എന്ന് മറുപടി വന്നു.
ചെറിയമ്മ ഒരു പാത്രവുമായി മുൻപേ നടന്നു, ഞാൻ പുറകെയും.
അവിടെച്ചെന്ന് കറക്കാനുള്ളതിനെ മാറ്റിക്കെട്ടി. എന്നിട്ട് പശുവിന്റെ അകിട് കഴുകി കറക്കാൻ തുടങ്ങി. ചെറിയമ്മയുടെ ആ ഇരുപ്പ് കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ല… ഞാൻ അങ്ങനെ നോക്കിനിന്നു.
ചെറിയമ്മ ചോദിച്ചു: “ഉണ്ണി എന്താ നോക്കുന്നത്…?”
ഞാൻ ചിരിച്ചിട്ട് പറഞ്ഞു: “ചെറിയമ്മ കറക്കുന്നത് നോക്കിയതാ…”
ചെറിയമ്മ ഒന്നു മൂളിയിട്ട് ചോദിച്ചു: “ഉണ്ണി കറന്നു നോക്കുന്നോ…?”
ഞാൻ ചിരിച്ചു: “വീട്ടിൽ പശു ഉണ്ടായിരുന്നു. ഞാനും അമ്മയും കൂടെയായിരുന്നു കറക്കാറുള്ളത്.”
ചെറിയമ്മ ആശ്ചര്യത്തോടെ: “ഉവ്വോ! അപ്പോൾ കറന്നു നോക്കുന്നോ…?”
ഞാൻ ചെറിയമ്മയുടെ അടുത്ത് വന്നിരുന്നു.
കറക്കാൻ കൈ നീട്ടിയതും
പശു കാൽ പൊക്കി!
ഞാൻ പേടിച്ച് എഴുന്നേറ്റ് മാറി. ചെറിയമ്മ പശുവിനോടായി പറഞ്ഞു: “നന്ദിനീ… ഇത് എന്റെ ഉണ്ണിയാണ്, നീ തൊഴിക്കരുത് കേട്ടോ…” എന്ന് പറഞ്ഞ് ബാക്കി കറന്നു.
എന്നോടായി പറഞ്ഞു: “സാരമില്ല, നമുക്ക് അവളെ ആദ്യം ഒന്നു ഇണക്കാം, എന്നിട്ട് ബാക്കി…”
ഞാൻ മൂളി.
കറന്നു കഴിഞ്ഞു പാൽ അടുക്കളയിൽ വെക്കാൻ പറഞ്ഞ് ചെറിയമ്മ പാത്രം എന്നെ ഏൽപ്പിച്ചു.
ഞാൻ തിരിച്ചു വന്നപ്പോഴേക്കും ചെറിയമ്മ മൂന്നു പശുക്കളെയും മാറ്റിക്കെട്ടിയിരുന്നു.
എന്നോട് പറഞ്ഞു: “വാ, നമുക്ക് ഇവർക്കുള്ള വൈക്കോൽ എടുത്തുകൊണ്ടുവരാം.”
ഞങ്ങൾ അങ്ങോട്ട് നടന്നു. വൈക്കോൽ എടുത്തു വരുമ്പോൾ, വലിയമ്മ ഇരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ അകത്തുനിന്ന് ശബ്ദം കേട്ടു:
“ഏടത്തീ… വെള്ളം തീർന്നോ…?”
“ഓ, നീ ഇപ്പോഴെങ്കിലും ഒന്നു തിരക്കിയല്ലോ! വെള്ളമുണ്ട്… അത്താഴം കുറച്ചു നേരത്തെ എത്തിച്ചോ.
അന്നേരം കുറച്ചു വെള്ളം കൂടെ കൊണ്ടുവരൂ.
നീ ആരോടാ സംസാരിക്കുന്നത് കേട്ടത്…?”
ചെറിയമ്മ എന്നെ നോക്കി, എന്നിട്ട് പറഞ്ഞു: “ഇവിടെ ഒരു കുട്ടിച്ചാത്തൻ വന്നിട്ടുണ്ട്, അതിനോടാ പറഞ്ഞത്…” എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ പിണങ്ങിയതുപോലെ കാട്ടി.
അപ്പോൾ അകത്തുനിന്ന്: “കുട്ടിച്ചാത്തനോ… നീ എന്താ പറയുന്നത്…?”
ചെറിയമ്മ പറഞ്ഞു: “അതെ ഏടത്തീ, കുട്ടിച്ചാത്തൻ… ഇവിടുത്തെ ചെറിയ മന്നാടിയാർ!”
വലിയമ്മ പറഞ്ഞു: “ആ, അത് ശരിയാ… എരണംകെട്ട ചാത്തൻ! നീ എന്തിനാ അവനെ കൂടെ കൂട്ടിയത്…?”
“അവൻ എന്നെ എല്ലാത്തിനും സഹായിക്കുന്നുണ്ട് ഏടത്തീ… ആൾ പാവമാണ്.”
വലിയമ്മ ഒന്നു മൂളി.
ചെറിയമ്മ പറഞ്ഞു: “ഏടത്തീ, എന്നാൽ ഞങ്ങൾ പോട്ടെ… പശുവിന് വൈക്കോൽ കൊടുക്കട്ടെ.”
“ഏടീ, ആ സുനന്ദയുടെ പാൽ കുട്ടി കുടിക്കുന്നില്ലെങ്കിൽ കറന്നു
കളഞ്ഞേക്കണേ…”
“ഞാൻ നോക്കിയിരുന്നു ഏടത്തീ, അത് കുടിക്കുന്നുണ്ട്.”
“എന്നാൽ ശരി…” എന്ന് വലിയമ്മ പറഞ്ഞു. ഞങ്ങൾ വൈക്കോൽ പശുക്കൾക്ക് കൊടുത്തു.
അപ്പോൾ ചെറിയമ്മ പറഞ്ഞു: “ഈ പശുക്കൾ ഏടത്തിക്ക് ജീവനാണ്…”
ഞാൻ മൂളി.
ചെറിയമ്മ പറഞ്ഞു: “ഇനി ഞാൻ മുറ്റം അടിക്കാം. ഉണ്ണി പോയി മേലു കഴുകി വന്നോളൂ…”
ഞാൻ പറഞ്ഞു: “മുറ്റം അടിക്കാൻ ഞാനും സഹായിക്കാം.”
“ആൺകുട്ടികൾ മുറ്റം അടിക്കാനോ! അത് ഞാൻ ചെയ്തോളാം കുട്ട്യേ…”
“എന്നാൽ ഞാൻ വെള്ളം തളിക്കാം, ചെറിയമ്മ മുറ്റം അടിക്കുന്നിടത്ത്…”
ചെറിയമ്മ ചിരിച്ചിട്ട് പറഞ്ഞു: “എന്നാൽ വന്നോളൂ…”
ഞാനും ചെറിയമ്മയും കൂടെ നടന്നു. ചെറിയമ്മ മുറ്റം അടിച്ചു മുൻപേ പോയി, ഞാൻ പുറകെ നടന്നു വെള്ളം തളിച്ചു.
അത് കഴിഞ്ഞ് ചെറിയമ്മ പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു. എന്നോട് തോർത്തുമെടുത്ത് കുളിക്കാൻ റെഡിയായി നിന്നോളാൻ പറഞ്ഞു.
