അപ്പോൾ ചെറിയമ്മ എന്നെ കൈകാട്ടി വിളിക്കുന്നത് കണ്ടു.
ഞാൻ അങ്ങോട്ട് ചെന്നപ്പോൾ പറഞ്ഞു:
“വിളക്ക് വെക്കുന്നതിന് മുൻപ് മേകഴുകി വരിൻ…”
‘മേകഴുകിയോ’ എന്ന് ചിന്തിച്ചെങ്കിലും പിന്നെ മനസ്സിലായി, മേലു കഴുകി വരാൻ പറഞ്ഞതാണെന്ന്.
ഞാൻ മുറിയിൽ പോയി നിക്കറും തോർത്തുമെടുത്ത് കുളിക്കാൻ വന്നപ്പോൾ, അച്ഛൻ കുളി കഴിഞ്ഞ് ഉമ്മറത്തേക്ക് പോകുന്നത് കണ്ടു.
ഞാൻ വേഗം കുളിച്ചുവന്നു. ഉമ്മറത്ത് വന്ന് ഭസ്മവും തൊട്ടു.
അപ്പോഴേക്കും ചെറിയമ്മ വിളക്ക് കൊളുത്തി നടുവാതിൽക്കൽ കൊണ്ടുവന്നു വെച്ചിരുന്നു.
വിളക്കുവെച്ചാൽ അതിനടുത്തിരുന്ന് രാമനാമം ജപിക്കണം എന്നത് പണ്ട് മുതലേ അമ്മ ശീലിപ്പിച്ചതാണ്.
അതുകൊണ്ട് ഞാൻ ഇവിടെയും അത് മാറ്റിയില്ല. ഞാൻ വിളക്കിനടുത്തിരുന്ന് നാമം ജപിച്ചു.
ഞാൻ നാമം ചൊല്ലുന്നത് ചെറിയമ്മയും വലിയമ്മയും വന്നു നോക്കുന്നത് ഞാൻ കണ്ടു.
കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്ന് വിളക്ക് തൊഴുതിട്ട് പുറത്ത് മാവിൻചുവട്ടിൽ പോയി ഇരുന്നു.
ഞാൻ നാമം ജപിച്ചു കഴിഞ്ഞു. ഇനി എന്തുചെയ്യണം എന്നറിയാതെ ചിന്തിച്ചു നിന്നു. ആരും എന്നോട് ഒന്നും മിണ്ടുന്നുമില്ല.
എനിക്ക് ശരിക്കും ഒറ്റപ്പെട്ടതുപോലെ തോന്നി. ഞാൻ കുറച്ചു മാറിയിരുന്ന് ഓരോന്ന് ആലോചിച്ചു…
‘ഇങ്ങോട്ട് പോരേണ്ടിയിരുന്നില്ല… അമ്മ മരിച്ചത് അച്ഛനെ അറിയിക്കേണ്ടിയിരുന്നില്ല. അങ്ങനെയെങ്കിൽ എനിക്ക് ഇപ്പോൾ ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കേണ്ടി വരുമായിരുന്നില്ല…’
പുറത്ത് രണ്ടു അമ്മമാരും വിളക്കുകൾ കൊളുത്തുന്നുണ്ടായിരുന്നു. നല്ലപോലെ ഇരുട്ടുവീണു…
കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ കാൽ കഴുകുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു. അച്ഛൻ അത്താഴം കഴിക്കാൻ വരാൻ പറഞ്ഞു.
ഞാനും അച്ഛനും കഴിക്കാൻ ഇരുന്നു. രണ്ടാൾക്കും വലിയമ്മ കഞ്ഞി പകർന്നു തന്നു.
നല്ല വിശപ്പുള്ളതുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ
അത് കുടിച്ചുതീർത്തു. കുറച്ചുകൂടി വേണമെന്നുണ്ടായിരുന്നു, പക്ഷേ ചോദിക്കാൻ മടി തോന്നി.
ഞാൻ ചുറ്റുമൊന്ന് നോക്കി, അച്ഛൻ ഒന്നും ശ്രദ്ധിക്കാതെ കഞ്ഞി കുടിക്കുകയാണ്. വേറെ ആരെയും കാണാനുമില്ല.
എന്നാൽ എഴുന്നേറ്റേക്കാം എന്ന് കരുതിയപ്പോൾ… ചെറിയമ്മ മുന്നിൽ നിൽക്കുന്നു!
ഒന്നും പറയാതെ അവർ എന്റെ കിണ്ണം നിറയെ കഞ്ഞിയും കറിയും പകർന്നു തന്നു.
മനസ്സു നിറഞ്ഞു… വയറും!
കഞ്ഞി കുടിച്ചു കഴിഞ്ഞ ശേഷം ഇന്നലത്തെ പേടിയുള്ളതുകൊണ്ട് ഞാൻ പുറത്തേക്ക് പോയില്ല. ഇടനാഴിയിലൂടെ കുറച്ചുനേരം നടന്നു.
പിന്നെ കിടക്കാനായി മുകളിലേക്ക് നടന്നു. അമ്മമാർ താഴെയിരുന്ന് കഞ്ഞി കുടിക്കുന്നുണ്ടായിരുന്നു.
ഞാൻ മുറിയിൽ വന്നു കിടന്നു. ക്ഷീണം കാരണം വേഗം തന്നെ ഉറങ്ങിപ്പോയി…
ദിവസങ്ങൾ ഒരേപോലെ കടന്നുപോയി…
അച്ഛൻ വീട്ടിലുള്ള ദിവസങ്ങളിൽ മാത്രമേ ഉച്ചയ്ക്ക് കഴിക്കാൻ ആഹാരം കിട്ടാറുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ മാങ്ങ, പേരക്ക, നെല്ലിക്ക ഒക്കെത്തന്നെയായിരുന്നു എന്റെ ഭക്ഷണം…
അങ്ങനെയിരിക്കെ ഒരു ദിവസം… രാവിലെ മുതലേ ചെറിയമ്മയാണ് വീട്ടുപണികളെല്ലാം ചെയ്യുന്നത്, വലിയമ്മയെ എങ്ങും കാണാനില്ലായിരുന്നു.
ഞാൻ രാവിലത്തെ ഭക്ഷണത്തിനു ശേഷം പറമ്പിലേക്ക് പോയി, എറുമാടത്തിൽ കയറിക്കിടന്നു.
കുറേ സമയം കഴിഞ്ഞപ്പോൾ ആരോ വിളിക്കുന്നതുപോലെ തോന്നി ഞാൻ താഴേക്കിറങ്ങി.
നോക്കുമ്പോൾ പറമ്പിൽ ചെറിയമ്മ നിൽക്കുന്നു!
ചെറിയമ്മ എന്നോട് ചോദിച്ചു: “ഇതാണോ ഉണ്ണിയുടെ ഒളിത്താവളം…..?
ഞാൻ ഇവിടെ വന്നിട്ട് ഇപ്പോൾ ഒരു മാസത്തോളമാകാൻ പോകുന്നു. ആദ്യമായാണ് ചെറിയമ്മ എന്നോട് ഇങ്ങനെ വന്നു മിണ്ടുന്നത്!
ഞാൻ അത്ഭുതത്തോടെ ചിന്തിച്ചുനിന്നു.
ചെറിയമ്മ ഒന്നു കൈകൊട്ടി വിളിച്ചു. ഞാൻ പതിയെ അങ്ങോട്ട് നടന്നു.
ചെറിയമ്മ വീണ്ടും ചോദിച്ചു: “ഉണ്ണി എന്നോട് മിണ്ടില്ലേ…?”
ഞാൻ പറഞ്ഞു: “എനിക്ക് അങ്ങനെ ഒന്നുമില്ല ചെറിയമ്മേ…
എന്നോട് ആരും മിണ്ടാത്തതുകൊണ്ട് ഞാൻ ആരെയും ശല്യപ്പെടുത്തണ്ട എന്ന് കരുതി മാറിനിന്നതാ…”
