സുധീർ വാഹിദിനെ നോക്കി കണ്ടു എന്ന് മുഖമിളക്കി മൗനമായി സംസാരിച്ചു. എന്നിട്ട് സുധീർ ഫോൺ എടുത്തു ഒരു നമ്പർ പ്രെസ്സ് ചെയ്തിട്ട് ഒന്നിങ്ങോട്ട് വരൂ എന്ന് പറഞ്ഞു. അൽപ്പം കഴിഞ്ഞ് ഒരു പെൺകുട്ടി വാതിൽ തുറന്ന് അകത്തേക്ക് വന്നു.
ഇറുകിയ നീല ജീൻസും മഞ്ഞ ഷർട്ടുമാണ് വേഷം. ഷർട്ടിനുള്ളിൽ വീർപ്പു മുട്ടിനിൽക്കുന്ന മുലകൾക്ക് മുന്നിൽ കറുത്ത ബ്രാ അവ്യക്തമായി കാണാം. അധികം ഉയരമില്ലെങ്കിലും കടഞ്ഞെടുത്തത് പോലെ വടിവൊത്ത ശരീരം അവളുടെ സൗന്ദര്യം വ്യക്തമാക്കുന്നുണ്ട്. ഇടതൂർന്ന എണ്ണമയമില്ലാത്ത മുടി രണ്ട് ഭാഗത്തേക്ക് ചുമലിലേക്ക് തിരമാല പോലെ വീണു കിടക്കുന്നു. കറുത്ത് വിടർന്ന മനോഹരമായ മിഴികളിൽ ഒരു ലാസ്യ ഭാവമുണ്ട്.
അല്പം നീണ്ട മുഖവും അതിന് ചേർന്ന നീണ്ട നാസികയും മധ്യഭാഗത്തു നിന്ന് രണ്ട് ഭാഗത്തേക്ക് വില്ല് പോലെ വളഞ്ഞു പോകുന്ന ചുവന്നു തുടുത്ത വണ്ണമുള്ള ചുണ്ടുകൾ. എല്ലാം കൂടി അവൾക്ക് പ്രത്യേകമായൊരു സൗന്ദര്യം തോന്നിച്ചു. അവൾ വാഹിദിനെ നോക്കി ബഹുമാനത്തോടെ വിഷ് ചെയ്തു പുഞ്ചിരിച്ചു. വാഹിദ് തിരിച്ചും. നൂറ ഒരു ഞെട്ടലോടെ സുധീറിനെ നോക്കി.
“സാർ, ഇത് രമ്യ. എന്റെ പേർസണൽ സെക്രട്ടറിയാണ്. നമ്മുടെ കമ്പനിയുടെ സെയിൽസ് കൊഓർഡിനേറ്ററും. കണ്ണൂർകാരിയാണ്.” സുധീർ അവളെ വാഹിദ്ന് പരിചയപ്പെടുത്തി.
“ഹെലോ രമ്യ,എന്തുണ്ട് വിശേഷം, സുഖല്ലേ.” വാഹിദ് അവളോട് എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി ചോദിച്ചു.
“നന്നായിരിക്കുന്നു സാർ. താങ്ക്സ്.” അവൾ മധുരമായി മന്ദഹസിച്ചു കൊണ്ട് മറുപടി നൽകി. നൂറ ദഹിപ്പിക്കുന്ന ഒരു നോട്ടം അവളെ നോക്കി. രമ്യ അത് കണ്ടപ്പോൾ “ഹായ് മാം” എന്ന് അവളോടും പറഞ്ഞു.
” സീ രമ്യ, നമ്മുടെ സാറിന് ഡ്രൈവിംഗ് ലൈസെൻസ് എടുക്കണം. നാട്ടിലെ ലൈസെൻസ് ഉണ്ട്. ഗോൾഡൻ ചാൻസ് try ചെയ്ത് പെട്ടന്ന് സെറ്റ് ആക്കി എടുക്കാൻ നോക്ക്. ലൈസെൻസ് കിട്ടുന്നത് വരെ തന്നേ സാറിന്റെ വണ്ടിയുടെ ഡ്രൈവർ പണി കൂടി ഏൽപ്പിച്ചാൽ ബുദ്ധിമുട്ട് ആവുമോ. ” സുധീർ രമ്യയോട് ചോദിച്ചു.
“നെവർ സാർ. അതൊക്കെ നമ്മുടെ ഉത്തരവാദിത്തം അല്ലേ. ഞാൻ നോക്കിക്കോളാം.” അവൾ സന്തോഷത്തോടെ പറഞ്ഞു. അത് കേട്ടപ്പോൾ സുധീറിന് സന്തോഷമായി. നിറഞ്ഞു വന്ന മിഴികൾ സുധീറിൽ നിന്ന് ഒളിപ്പിച്ച് നൂറ വാഹിദിനെ ഒരു നോട്ടം നോക്കി. അവൻ ഭവമേതമില്ലാതെ അവളെയൊന്നു നോക്കി പോകാനായി എഴുന്നേറ്റു.
“താങ്ക്സ് രമ്യ. ഇവിടെ സാറിന് കുറച്ചു താത്പര്യം ഉള്ള ഒരാൾ ണ്ടായിരുന്നു. ബട്ട് ആള് ചുമ്മാ വഴക്കുണ്ടാക്കുന്നു, സാറിനെ അത്ര പിടിച്ചില്ല ന്ന് തോന്നുന്നു. അത് കൊണ്ടാ ബുദ്ധിമുട്ടിക്കേണ്ടി വന്നത്. ക്ഷമിക്കണം ട്ടോ.” സുധീർ നൂറയെ കേൾപ്പിക്കാനായി രമ്യയോട് പറഞ്ഞു.
“ഇട്സ് ഓൾറയ്റ്റ് സാർ. ഞാനെന്ന പൊയ്ക്കോട്ടേ. സാർ പറഞ്ഞാൽ മതി.” രമ്യ അനുവാദത്തിന് കാത്തു നിന്നു.
വേണ്ട, ഞാൻ കൊണ്ടുപോയിക്കോളാം. ആവശ്യം ണ്ടെങ്കിൽ രമ്യയെ വിളിക്കാം.” നൂറയുടെ ശബ്ദം നേർത്തു. അവൾക്ക് കാരണമാറിയാത്ത ദുഃഖം തോന്നി. തന്റെയുള്ളിൽ തനിക്ക് വളരെ പ്രിയപ്പെട്ടതായി എന്തോ ഒന്ന് വളർന്നു വരുന്നതായി അനുഭവപ്പെടുന്നതും എന്നാൽ അതിനൊരു ഉത്തരമില്ലാത്ത ചോദ്യം തന്റെയുള്ളിൽ ഉയർന്നു വരുന്നതും അവളറിഞ്ഞു. അവൾക്ക് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. വാഹിദിനും സുധീറിനും അവളുടെ അവസ്ഥ മനസ്സിലായി. അവർ പരസ്പരം നോക്കി ചിരിച്ചു.
പക്ഷേ നൂറ ജോലിത്തിരക്കിൽ മുഴുകിയതിനാൽ വാഹിദ് പുറത്തേക്ക് പോയതോ രമ്യ അവനെ ഡ്രൈവിംഗ് ഇന്സ്ടിട്യൂട്ടിൽ കൊണ്ട് പോയതോ ഒന്നും അറിഞ്ഞില്ല. അവൻ സുധീറിനോട് താൻ ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ സുധീർ രമ്യയെ വിളിച്ചു കാര്യം പറഞ്ഞു. അവൾ കാറിന്റെ താക്കോൽ വാങ്ങി വാഹിദിന്റ കൂടെ പുറത്തേക്കിറങ്ങി അവനെയും കൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് പോയി.
അധ്യായം 5
നരച്ച ആകാശത്ത് പതുക്കെ കാർമേഘങ്ങൾ വഴിതെറ്റി വന്നത് പോലെ അടിഞ്ഞു കൂടുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില നക്ഷത്രങ്ങൾ മാത്രം അങ്ങിങ്ങു കാണാം. കാറ്റിൽ ചെറിയ തണുപ്പ് കലർന്നിട്ടുണ്ട്. ഒരു പക്ഷേ മഴപെയ്തേക്കാം. കാലാവസ്ഥ വ്യതിയാനത്തിനു മുമ്പ് മരുഭൂമിയിൽ മഴപെയ്തു അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുന്ന ഒരു പതിവുണ്ട്. പിന്നീട് തണുപ്പ് കാലം പടിയിറങ്ങി വരും.
