മരുഭൂ വസന്തം – 6 12

 

ശാരിക മരിച്ചു ഏതാണ്ട് രണ്ട് മാസത്തോളം അന്വേഷണങ്ങൾ സജീവമായി മുന്നോട്ട് പോയികൊണ്ടിരുന്ന സമയത്താണ് താൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നിരുന്നത്. വാഹിദ് ശാരീസ് ഗ്രൂപ്പ്‌ന്റെ പാർട്ണർ ആയതിന്റെ അടുത്ത നാളുകൾക്കിടയിൽ നടന്ന കൊലപാതകം സ്വാഭാവികമായും വാഹിദിന്റെ തലയിലേക്ക് തന്നെ തിരിച്ചു വിടാൻ ശ്രമം നടക്കുന്ന സമയം. പക്ഷേ പറയത്തക്ക തെളിവുകൾ ഒന്നും ലഭ്യമല്ലാത്തത് കൊണ്ട് ഉദ്ദേശിച്ച പോലെ കാര്യങ്ങൾ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല, തെളിവുകൾ എല്ലാം അവന് അനുകൂലവുമായിരുന്നു. ശാരികയുടെ ഫോണിലേക്ക് വരുന്ന പ്രൈവറ്റ് നമ്പർ കോൾ ലിസ്റ്റ് അവനിലേക്ക് നീണ്ട സംശയം അപ്പാടെ മാറ്റിക്കളഞ്ഞു. വാഹിദ് ആണെങ്കിൽ ആരെയും സംശയിച്ചു സ്വന്തമായൊരു അന്വേഷണവുമായി മുന്നോട്ട് പോകുന്നു. കൂടെ സ്ഥലം എസ്. ഐ കിഷോർ തികഞ്ഞ പിന്തുണയുമായി നേരായ വഴിക്ക് അന്വേഷണം നടത്തുകയും ചെയ്യുന്നു.

 

അതിനിടയിലാണ് ഷെറിൻ വഴി എലിസബത്തിന് വാഹിദിനോടുള്ള അടുപ്പം വിൻസന്റ് അറിയുന്നത്. അതുവരെ അവൾക്ക് പലരോടുമുള്ള കളിക്കഴപ്പ് മാത്രമായിരിക്കും വാഹിദിനോടും എന്നെ വിൻസെന്റും കരുതിയുള്ളൂ. ഒരിക്കലും ഒരു കാര്യത്തിലും അവളെ നിയന്ത്രിക്കേണ്ടി വന്നിരുന്നില്ല ആർക്കും. അതുകൊണ്ട് ആ സൗഹൃദത്തെ തുടക്കത്തിൽ വലിയ കാര്യമാക്കി എടുത്തിരുന്നില്ല. കഞ്ചാവ് കടത്തുന്നതിൽ തനിക്ക് പങ്കില്ലെന്നും താനൊന്നും അറിഞ്ഞിട്ടില്ലെന്നും അവൾ അവനോട് പറഞ്ഞത് സ്വാഭാവികമായും ഒരു യാഥാർഥ്യമായിരുന്നത് കൊണ്ട് വിൻസെന്റിനോ ജോർജ്നോ അവളോട് വൈരാഗ്യമോ വെറുപ്പോ തോന്നിയിരുന്നില്ല. മാത്രമല്ല, കേട്ടപാതി സ്വന്തം ഷെയർ ഷെറിന്റെ പേരിലേക്ക് മാറ്റിയപ്പോൾ ജോർജ് അതൊരു നേട്ടമായിട്ടാണ് കണ്ടിരുന്നതും. അത്കൊണ്ട് അയാൾക്ക് എലിസബത്തിനോട് പ്രത്യേകിച്ച് ശത്രുത തോന്നിയില്ല എന്നതാണ് വാസ്തവം.

 

പക്ഷേ പിന്നീട് ഷെറിൻ പറഞ്ഞാണ് അറിഞ്ഞത്, ശാരിക മരിക്കുന്നതിന്റെ മുമ്പ് തന്നെ അവർതമ്മിൽ മാനസികമായി അടുത്തിരുന്നു എന്നും തങ്ങളുടെ എസ്റ്റേറ്റ്ഹൌസിൽ അവനെയും കൂട്ടി അടിക്കടി താമസിക്കുന്നുണ്ട് എന്നും. അവൾ വിവാഹം വേണ്ടന്ന് വച്ചിട്ടുണ്ട്, വാഹിദിന്റെ കുഞ്ഞിന് വേണ്ടിയുള്ള കണ്ടുമുട്ടലുകൾ ആണെന്നും, അവളോട് ഇതുവരെ അവൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ന്നും അത്കൊണ്ട് മാത്രമാണ് അത് സംഭവിക്കാത്തത് എന്നുമൊക്കെ ഷെറിൻ പറഞ്ഞപ്പോൾ മാത്രമാണ് പന്തികേട് മണത്തു തുടങ്ങിയത്. ഒടുവിൽ ശാരീസ് ഗ്രൂപ്പിന്റെ എല്ലാ അണ്ടർഗ്രൗണ്ട് സത്യങ്ങളും അവൾ വാഹിദിന് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് കൂടി അറിഞ്ഞപ്പോൾ രാജൻ വഴി ഒരാന്വേഷണം നടത്തി കേട്ടതൊക്കെ സത്യങ്ങൾ ആണെന്നും ശാരീസ് ഗ്രൂപ്പിന്റെ ശത്രുപക്ഷത്താണ് വാഹിദ് എന്നും അറിയാൻ സാധിച്ചു.

 

“അവനോടുള്ള പ്രണയം മൂത്ത് ഞങ്ങളുടെ എല്ലാ പദ്ധതികളും രഹസ്യങ്ങളും ഒപ്പം സ്വന്തം കമ്പനിയുടെ ഇല്ലീഗൽ ബിസിനസ്സും അവൾ തന്നെ വാഹിദിനെ അറിയിച്ചു. വാഹിദിനോട് പാർട്ണർഷിപ്പിൽ നിന്ന് പിന്മാറുന്നതാവും നല്ലത് എന്നും ഉപദേശിച്ചു. അതിന് ശേഷം വാഹിദും ശാരികയും തമ്മിൽ ശക്തമായ സംസാരം നടന്നു. പക്ഷേ അതിനേക്കാളൊക്കെ മുമ്പേ, തന്റെ അമ്മായിയപ്പന്റെയും തന്റെയും കഞ്ചാവ് കയറ്റുമതി അക്ഷരം തെറ്റാതെ തന്റെ അനുജത്തി തന്നെ അവനെ പറഞ്ഞു മനസ്സിലാക്കി എല്ലാ കുറ്റങ്ങളിൽ നിന്നും വിദഗ്ദമായി തലയൂരി രക്ഷപ്പെട്ടിരുന്നു. തനിക്ക് ഇത് വല്ലതും അറിയുമോ ടോ.?”

 

രാജൻ പരിഹാസത്തോടെ ചോദിച്ചത് വിൻസെന്റിന്റെ തലയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

അന്നുമുതൽ അവളൊരു വെറുപ്പ് മാത്രമായി വിൻസെന്റ്ന്റെയുള്ളിൽ പുകഞ്ഞു തുടങ്ങി. ജോർജിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അവളുകൂടിയാണെന്ന തിരിച്ചറിവ് തന്റെ നിലനിൽപിനെ കൂടി ബാധിച്ചു തുടങ്ങിയപ്പോൾ വിൻസെന്റിന് അവളെ ഇല്ലാതാക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥ വന്നു. കാരണം ആൽബിയുടെ കൂടെ പിന്തുണയിലാണ് ഗൾഫിലെ അവന്റെ എല്ലാ ബിസിനസ്സും മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. നിയമപരമായി തന്റെ പേര് കമ്പനിയിൽ നിന്ന് പിൻവലിച്ചു മറ്റു ചില സ്ഥാപനങ്ങൾ തുടങ്ങി അതിന്റെ മറവിൽ സെക്സ് മാർക്കറ്റ് നടത്തി എളുപ്പം സമ്പാദിക്കാൻ സാധിച്ചത് ആൽബിയുടെ പിന്തുണയിലാണ്. അത്കൊണ്ട് ജോർജ് എലിസബത്തിനെ നരകിപ്പിച്ചു കൊന്നുകളയണം എന്ന് ആവശ്യപ്പെട്ടപ്പോൾ ആൽബിയുടെ തലയിൽ തോന്നിയ ബുദ്ധിയായിരുന്നു അവളെ ആട് വളർത്തു കേന്ദ്രത്തിൽ എത്തിച്ചു പതുക്കെ പതുക്കെ നരകിച്ചു മരിക്കാനുള്ള വഴിയൊരുക്കൽ.

Leave a Reply

Your email address will not be published. Required fields are marked *