“നൂറ മാം എന്ത് നല്ലൊരു കുട്ടിയാണെന്ന് അറിയുമോ. എന്ത് മാത്രം പയ്യന്മാരുടെ സ്വപ്നമായിരുന്നു. ഒന്ന് അറിയാതെ തട്ടിപ്പോകാൻ പോലും പല വായിനോക്കികളും ട്രൈ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ട് അവരുടെ മനസ്സ് ഇളക്കുന്ന ഒരുത്തനെ കണ്ടപ്പോൾ അവർ വീണു പോയില്ലേ. ഈ സെക്സ് എന്നൊക്കെ പറയുന്നത് മനസ്സിൽ ഒരിഷ്ടം തോന്നുന്നത് വരെ മാത്രമേ അശ്ലീലമാകുന്നുള്ളൂ. ഇഷ്ടപ്പെട്ടവരുടെ കൂടെയാവുമ്പോ അത് പരസ്പര പങ്കുവെക്കൽ മാത്രമാണ്. അതൊക്കെ ഓരോ വ്യക്തിയുടെയും ചോയ്സ് മാത്രമാണ്.” രമ്യ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയപ്പോഴേക്കും കോളിങ് ബെൽ ശബ്ദിച്ചു.
“ദേ ആളെത്തി.” രമ്യ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. അവളുടെ പിന്നിൽ കയറി വന്ന സ്ത്രീയെ ആദ്യം മനസ്സിലായില്ലെങ്കിലും ആ മുഖം തിരിച്ചറിഞ്ഞപ്പോൾ വാഹിദ് ഞെട്ടിപ്പോയി.
എലിസബത്ത്.!
അവൻ ചാടി എഴുന്നേറ്റ് അവളെ തുറിച്ചു നോക്കി. വിഷാദം കലർന്ന മുഖത്തോടെ, വാടിയ പുഞ്ചിരിയോടെ എലിസബത് വാഹിദിനെ നോക്കി.
“എലീ….!”അവൻ ആശ്ചര്യത്തോടെ അവളുടെ പേര് വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. ആ വിളി കേട്ടതും എലിസബത്തിന്റെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിതുമ്പലോടെ വിറച്ചു.
“വാഹിദ്…”
ഒരു മന്ത്രം കണക്കെ എലിസബത്തിൽ നിന്ന് അവന്റെ പേര് ഉതിർന്നു വീണു. പിന്നെ കണ്ണുകൾ മേലേക്ക് മറിഞ്ഞു ബോധം മറഞ്ഞു വാഹിദിന്റെ കൈകളിലേക്ക് വാടിയ പൂച്ചെണ്ടു പോലെ കുഴഞ്ഞു വീണു.
അവളുടെ കൈയിൽ നിന്ന് ഒരു വിലകൂടിയ ഫോൺ താഴെ വീണു. വാഹിദ് അവളെ വാരിയെടുത്തു കട്ടിലിൽ കൊണ്ട് പോയി കിടത്തി മുഖത്തു വെള്ളം തളിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ, വന്നിരിക്കുന്നത് അപരിചിതയല്ല എന്ന് തിരിച്ചറിഞ്ഞു, അന്തം വിട്ടു നിൽക്കുകയാണ് രമ്യ. അവൾ തളർന്നു കിടക്കുന്ന സുന്ദരിയായ സ്ത്രീയുടെ മെല്ലിച്ച കൈകളിലേക്കും അകത്തേക്ക് വലിഞ്ഞു ചുറ്റും കറുപ്പ് നിറം പടർന്ന മുഖത്തേക്കും വരണ്ട് പൊട്ടിയ ചുണ്ടുകളിലേക്കും, എണ്ണമയമില്ലാതെ ചെമ്പിച്ചു പൊട്ടിയടർന്നു അലങ്കോലമായി കിടക്കുന്ന മുടിയിലേക്കും നോക്കികൊണ്ട് നിന്നു.
എലിസബത്ത് പതുക്കെ കണ്ണുകൾ പാതിതുറന്നു. വാഹിദിനെ അവ്യക്തമായി കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറിയ മന്ദഹാസം വിടർന്നു. വാഹിദിൽ നിന്ന് നോട്ടം രമ്യയിലേക്ക് നീങ്ങിയപ്പോൾ എലിസബത്ത് പതിഞ്ഞ ശബ്ദത്തിൽ ബാറകിന്റെ പേര് ഉച്ചരിച്ചു. എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ രമ്യ മുഖം എലിസബത്തിലേക്ക് കുറച്ചു കൂടി അടുപ്പിച്ചു.
“ബാറക്.”! എലിസബത്ത് കൈകൾ ഉയർത്താൻ ശേഷിയില്ലാതെ, ചൂണ്ടുവിരൽ വാഹിദിന്റെ നേരെ ഉയർത്തി രമ്യയോട് മന്ത്രിച്ചു. വാഹിദ് എന്താണെന്ന് മനസ്സിലാവാതെ രമ്യയെ നോക്കി.
“ഒരു സുഡാനി ഇവരുടെ കൂടെ ണ്ടായിരുന്നു. എന്റെ വണ്ടിയിൽ ഇരിപ്പുണ്ടായിരുന്നു. അങ്ങേരുടെ പേരാണ്. ഇവർ പറഞ്ഞു തന്നതാ.” രമ്യ വാഹിദിനോട് പറഞ്ഞു.
അവൻ ഒന്ന് മൂളിയിട്ട് എലിസബത്തിനെ നോക്കി. അവൾ വല്ലാതെ തളർന്നിട്ടുണ്ടെന്നും എന്തൊക്കെയോ ഭീകരമായ വേട്ടയാടലുകൾ നേരിട്ടിട്ടുണ്ടെന്നും വാഹിദിന് മനസ്സിലായി. ആ മനോഹരമായ വെളുത്തു അമ്പിളിപ്പൊളി പോലെയുണ്ടായിരുന്ന നെറ്റിയിൽ വലിയൊരു പൊട്ടൽ ഉണങ്ങിയ പാട്. തൊട്ടാൽ വിരൽ പൂണ്ടുപോയിരുന്ന തുമ്പപ്പൂ പോലെ തെളിഞ്ഞു നിന്നിരുന്ന, ഒരു രാജകുമാരിയെ പോലെ വിളങ്ങി നിന്നിരുന്ന ആ കൊഴുത്ത മാദക ശരീരമാകെ വരണ്ട് കരുവാളിച്ചു, മെലിഞ്ഞു എല്ലു വ്യക്തമാവും വിധം അവശയായിരിക്കുന്നു. മുഖം ആ സൗന്ദര്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത് പോലെ തോന്നിച്ചു. എന്താണ് അവൾക്ക് സംഭവിച്ചത്. അവൾ എങ്ങിനെ ഇവിടെയെത്തി.?
“രമ്യാ, കുറച്ചു വെള്ളം കൊണ്ട് വായോ. കുടിക്കാൻ.” വാഹിദ് ദയനീയമായ സ്വരത്തിൽ രമ്യയെ നോക്കി. അവന്റെ കണ്ണുകളിലെ നനവ് കണ്ടപ്പോൾ രമ്യയ്ക്ക് സങ്കടം വന്നു. അവൾ കിച്ചനിലേക്ക് ഓടിപ്പോയി ഒരു ബോട്ടിൽ വെള്ളം എടുത്ത് വന്നു വാഹിദിന്റെ കൈയിൽ കൊടുത്തു. അവൻ കട്ടിലിൽ എലിസബത്തിനോട് ചേർന്നിരുന്നിട്ട് അവളുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു. കുറച്ചു വെള്ളം കുടിച്ചപ്പോൾ ശക്തമായി ചുമച്ചു തുടങ്ങി. വേദന സഹിക്കാൻ വയ്യാത്തത് പോലെ കണ്ണുകൾ ഇറുക്കിയടച്ചു, മുഖം ചുളിച്ചു കൊണ്ട് ക്ഷീണിച്ച കൈ വലിച്ചുയർത്തി അവൾ തൊണ്ടയിൽ തടവി.
