അദ്ധ്യായം 18
താൻ എടുത്തുചാടി പോലീസിനെ വിളിച്ചിരുന്നെങ്കിൽ അബദ്ധമായേനെ എന്ന് വിൻസന്റനു തോന്നി. മുഴച്ചു നിൽക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് എന്ത് പറയണം.? തന്റെയാണ് ഈ ആടുവളർത്താൽ കേന്ദ്രം. ആരാണ് ഇവിടെ ജോലിക്കുള്ളത് എന്ന് ചോദിച്ചാൽ എന്ത് പറയും? താൻ എങ്ങിനെ ഇവിടെയെത്തി എന്ന് എങ്ങിനെ പറയും. ആ ബംഗാളികൾ വണ്ടിയുമായി കടന്ന് കളഞ്ഞു എന്ന് പറയേണ്ടി വരും. ഒന്ന് കോട്ടുവായിടുന്ന സമയത്തിനകം ഡ്രോണും വേണ്ടിവന്നാൽ ഹെലികോപ്റ്റർ സന്നാഹം തന്നെ വന്നെന്നിരിക്കും, മരുഭൂമിയിൽ നഷ്ടപ്പെട്ട രണ്ട് മനുഷ്യരെ തിരഞ്ഞു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ. ഇവിടെ മനുഷ്യർക്ക് അത്രത്തോളം മൂല്യം കൽപ്പിക്കുന്നുണ്ട്. അവരിപ്പോൾ എവിടെയായിരിക്കും. അവരെ എങ്ങിനെ കണ്ടെത്തും.? രാത്രിയല്ലേ, എത്ര വേണേലും നടക്കാം. തണുപ്പാണ്, ഏറെ നടന്നിട്ട് തൊണ്ട വരണ്ടാൽ കുടിക്കാൻ കൈയിൽ വെള്ളം കരുതിയാൽ മാത്രം മതി.
വിൻസന്റ് തിരികെ കൂടാരത്തിൽ എത്തിയിരുന്നു. അവൻ കൂടാരത്തിൽ നിന്ന് ബാറക്കും എലിസബത്തും ഉപയോഗിച്ചിരുന്ന പഴകിയ ബോട്ടിൽ എടുത്തു വെള്ളം നിറച്ചു പുറത്തേക്കിറങ്ങി താൻ വരുന്ന വഴിയിലേക്ക് വേഗം നടന്നു. അരണ്ട രാവിന്റെ വെളിച്ചത്തിൽ വിശാലമായ മരുഭൂമി ഏതോ ഇരുണ്ട ഗ്രഹം പോലെ തോന്നിച്ചു. തണുത്ത തരിശ് ഭൂമിയിലൂടെ വേഗത്തിൽ ഏതാണ്ട് ഒരു മണിക്കൂറോളം നടന്നപ്പോൾ തൊണ്ട വരണ്ട്, തളർച്ച തോന്നി അല്പസമയം മണലിൽ കുത്തിയിരുന്നു. കുറേ വെള്ളം ആർത്തിയോടെ കുടിച്ച് തളർച്ച മാറ്റി. തലയിൽ നിന്ന് വിയർപ്പ് നെറ്റിയുടെ പാർഷ്വഭാഗം വഴി കൺകോണിലൂടെ താഴോട്ട് കിനിഞ്ഞിറങ്ങി. അത് വിരൽ കൊണ്ട് വടിച്ചു മാറ്റി അവൻ വീണ്ടും എഴുന്നേറ്റ് നടന്നു. സമയം പോകുംതോറും ഇരുട്ടും മൂടൽ മഞ്ഞിന്റെ നരച്ച പുകമറയും കാരണം എളുപ്പം നടക്കാൻ കഴിയാതെ വന്നപ്പോളാണ് അവന് പെട്ടന്നൊരു കാര്യം ചിന്തയിൽ വന്നത്. വിൻസെന്റ് പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു. കോൺടാക്റ്റ് ലിസ്റ്റിൽ സെർച്ച് ചെയ്ത് ആൽബിയുടെ നമ്പർ സെലക്ട് ചെയ്ത് കോൾ ചെയ്തു. ഒന്ന് രണ്ട് തവണ റിങ് ചെയ്തതിനു ശേഷം അവൻ കോൾ അറ്റന്റ് ചെയ്തപ്പോൾ വിൻസന്റ് അവനോട് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. പക്ഷേ വാസ്തവം എന്താണെന്ന് മറച്ചു പിടിച്ചാണ് സംസാരിച്ചത്.
“ആൽബി എനിക്കൊരു അപകടം പിണഞ്ഞു. വണ്ടി ഡീസെർട്ടിൽ കുടുങ്ങിയപ്പോൾ ഞാൻ ഇറങ്ങി നടന്ന് വഴി തെറ്റി. താനൊന്ന് വണ്ടിയുമായി വന്ന് പിക്ക് ചെയ്യണം. ഞാൻ ലൊക്കേഷൻ അയക്കാം.” വിൻസെന്റ് നുണ പറഞ്ഞു.
“അളിയാ ശരി. ഞാൻ ഇപ്പൊ തന്നെ ഇറങ്ങി പെട്ടന്ന് എത്തിയേക്കാം.” ആൽബി മറുപടി പറഞ്ഞു. ഈ ബുദ്ധി ആദ്യമേ തോന്നിയില്ലല്ലോ എന്ന് വിൻസെന്റ് മണലിൽ മലർന്നു കിടന്ന് കിതച്ചു കൊണ്ട് ചിന്തിച്ചു. ഒപ്പം ആൽബിക്ക് അവൻ കിടക്കുന്ന ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു. ബോട്ടിലിൽ നിന്ന് കുറേകൂടി വെള്ളം ആർത്തിയോടെ കുടിച്ചിട്ട് വിൻസന്റ് കണ്ണുകൾ തുറന്ന് വിശാലമായ ആകാശത്തേക്ക് നോക്കി മലർക്കേ തളർന്നു കിടന്നു. ഇത്രനാളും എലിസബത്തിനെ കൊണ്ട് താൻ കുടിപ്പിച്ച, ഒട്ടകത്തിനും ആടിനും കുടിക്കാൻ കൊടുത്തിരുന്ന അതേ വെള്ളം തന്നെയാണല്ലോ താനും കുടിച്ചത് എന്ന് അവൻ ആലോചിച്ചപ്പോൾ വിൻസന്റിന് മനംപിരട്ടി.
എത്ര വിദഗ്ദമായിട്ടാണ് താൻ അവളെ ഇവിടെ എത്തിച്ചത്. യാതൊരു പഴുതും കൊടുക്കാതെ, വാഹിദ് പോലും അറിയാതെ, വിദഗ്ദമായി നടത്തിയ ഒരു പദ്ധതി. അപ്പനും അമ്മയും ഒരുകാര്യത്തിലും തലയിടാത്തത് കൊണ്ട്, ബിസിനസ് കാര്യങ്ങൾക്ക് വേണ്ടി പലപ്പോഴും കളിക്കാൻ വേണ്ടി മാത്രം, അവളെ പലയിടത്തും കൂട്ടിക്കൊണ്ട് പോയിട്ടുള്ളത് കൊണ്ട് അവരെ വിശ്വസിപ്പിക്കാൻ കുറച്ചു നുണകളും സത്യങ്ങളും കൂട്ടിക്കലർത്തി പറയേണ്ടി വന്നു എന്ന് മാത്രം.
“ശാരികയുടെ കൊലപാതകത്തിൽ വാഹിദ് എന്നെയും ജോർജ് അങ്കിൾനെയും സംശസയിക്കുന്നുണ്ട്, അത് കൊണ്ട് എലിസബത്തിനെ ബലിയാടാക്കും. അത് കൊണ്ട് കുറച്ചു കാലം ആരുമറിയാതെ തന്റെ കൂടെ വന്നു നിൽക്കട്ടെ.” താൻ പപ്പയോടും മമ്മയോടും പറഞ്ഞു വിശ്വസിപ്പിച്ചതും തന്നെ സംശയിക്കാതിരിക്കാൻ കരുക്കൾ നീക്കിയതും അങ്ങിനെയായിരുന്നു. ഒരു വിധം ഇവിടെ എത്തിച്ച്, ഒടുവിൽ നുണപറഞ്ഞും പേടിപ്പിച്ചും ഈ മരുഭൂമിയിൽ കൊണ്ടിട്ടത് ഇഞ്ചിഞ്ചായി പട്ടിണി കിടന്നും വെയിലും മഞ്ഞും കൊണ്ട് ചുക്കിച്ചുളിഞ്ഞു ഉരുകിയിരുകി സ്വയം ചത്തൊടുങ്ങട്ടെ എന്ന് കരുതി തന്നെയാണ്. സ്വന്തം ചോരയായ തന്നെക്കാൾ കൂടുതൽ കാമുകനെ സ്നേഹിച്ച, തങ്ങളെ ഒറ്റിക്കൊടുത്തതിനുള്ള ശിക്ഷ.!
