“വാ ഹോസ്പിറ്റലിൽ പോകാം.” വാഹിദ് എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. എലിസബത് അവന്റെ കൈയിൽ കടന്നു പിടിച്ച് അവനെ വിലക്കി. അവൻ അവിടെത്തന്നെ ഇരുന്നു.
“എലീ, ന്താടീ ഇതൊക്കെ. നിനക്ക് എന്താ പറ്റിയെ. നീ എങ്ങിനെ ഈ അവസ്ഥയിൽ ഇവിടെ..” അവന്റെ ശബ്ദം ഇടറിപ്പോയി. വാഹിദ് ഇനിയും വിട്ടുപോയിട്ടില്ലാത്ത അമ്പരപ്പോടുകൂടി അവളെ തുറിച്ചു നോക്കി. അവൾ വേദനയോടെ പുഞ്ചിരിച്ചു. പിന്നെ കൈകൾ അരക്കെട്ടിലേക്ക് കൊണ്ടുപോയി അരയിൽ തിരുകി വച്ചിരുന്ന എന്തോ പുറത്തേക്ക് എടുത്ത് വാഹിദിന് നീട്ടി. അവൻ അത് വാങ്ങി എന്താണെന്ന് നോക്കി. ഒരു കടലാസിൽ പൊതിഞ്ഞു നൂലുകൊണ്ട് ചുറ്റിക്കെട്ടിയ ചെറിയൊരു പൊതി. അതിനുള്ളിൽ എന്താണെന്ന് അവൻ നോക്കിയില്ല. എലിസബത്തിന്റെ മുഖത്തേക്ക് നോക്കി.
“വിൻസെന്റ്.. എന്നെ ഇവിടെ കൊണ്ട് വന്നു..” അവൾ ഞരങ്ങുന്നത് പോലെ പറഞ്ഞു. വാഹിദും രമ്യയും അവൾ പറയുന്നത് ചെവികൂർപ്പിച്ചു ശ്രദ്ധിച്ചു. എലിസബത്ത് വീണ്ടും അതേ സ്വരത്തിൽ പറഞ്ഞു തുടങ്ങി.
“കൊണ്ട് വന്നിട്ട്.. ഒരു ഡെസർട്ട് ക്യാമ്പിൽ കൊണ്ടാക്കി. ആ ബാറകിന്റെ കൂടെ. അടിമയെ പോലെ..അടിച്ചു. പട്ടിണിക്കിട്ടു. എന്റെ താഴെയൊക്കെ അടിച്ചും, അരക്കെട്ടിൽ വണ്ണമുള്ള കയർ..” അവളുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു തുളുമ്പി. വാഹിദിന്റെ കണ്ണുകൾ നിറഞ്ഞു. ഭീകരമായൊരു കഥ കേൾക്കുന്നത് പോലെ രമ്യ വിരണ്ടു നിന്നു. മുറിഞ്ഞു പോയ വാക്കുകൾ ചുമച്ചു കഴിഞ്ഞ് എലിസബത് തുടർന്നു.
“വണ്ണമുള്ള കയർ അകത്തേക്ക് ഇറക്കിയും അതുമ്മലിട്ട് ഉരച്ചും അവിടെയൊക്കെ നശിപ്പിച്ചു. കഴുത്തിൽ കയർ ചുറ്റി.. വലിച്ചു ശ്വാസം മുട്ടിച്ചു… മാസങ്ങളോളം നരകമായിരുന്നു.” പറഞ്ഞു തീരുമ്പോഴേക്കും അവൾ അത്രനേരവും പിടിച്ച് നിർത്തിയ ആത്മവേദനയും സങ്കടവും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
ചുമയും കരച്ചിലും കൂടിക്കലർന്നു അസഹ്യമായ വീർപ്പുമുട്ടലോടെ അവളുടെ ഉടൽ കിടക്കയിൽ ചുരുണ്ടുകോടി. ആശ്രയതിനെന്ന പോലെ അവൾ വാഹിദിന് നേരെ കൈനീട്ടി. അവൻ അവളെ വാരിയെടുത്തു നെഞ്ചോട് ചേർത്ത് കഴുത്തിൽ മുഖം പൂഴ്ത്തി അവന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന കരച്ചിൽ ഒളിപ്പിച്ചു. അപ്പോഴാണ് അവളുടെ കഴുത്തിൽ തൊലിയുരിഞ്ഞ പോലെയുള്ള അനുഭവം അവന്റെ കഴുത്തിൽ അനുഭവപ്പെട്ടത്. എലിസബത്ത് അവനെ തളർന്ന കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു കവിളിലും നെറ്റിയിലും മാറിമാറി ഉമ്മവച്ചു. പിന്നെ തളർന്നത് പോലെ മുഖം അവന്റെ കഴുത്തിലേക്ക് താങ്ങി വച്ചു. തന്റെ ചുമലിൽ അവളുടെ കണ്ണുനീർ വീണു നനയുന്നത് വാഹിദ് അറിഞ്ഞു. അവൻ അവളെ കൂടുതൽ തന്നിലേക്ക് പുണർന്ന് കഴുത്തിൽ ഉമ്മ കൊടുത്തു.
എലിസബത്തിന്റെ കൈകൾ പതുക്കെ ബലം നഷ്ട്ടപ്പെട്ടു തളർന്ന് അവനെ ചുറ്റിപ്പിടിച്ചിരുന്ന പിടിവിട്ട് താഴേക്ക് കുഴഞ്ഞു വീണു. അവസാനമായൊരു ദീർഘശ്വാസമെടുത്തു കൊണ്ട് വാഹിദിന്റെ കഴുത്തിലേക്ക് ചുണ്ടുകൾ അമർത്തി വച്ചു തന്റെ ഒരേയൊരു പ്രണയത്തിലെ ഏകനായ രാജകുമാരന്റെ കരവലയത്തിൽ ഒതുങ്ങി, ആ മാറിന്റെ ചൂടിൽ ഒരു കുഞ്ഞു പൂമ്പാറ്റയെ പോലെ പറ്റിക്കിടന്ന്, സ്നേഹത്തിന്റെ മാലാഖയേ പോലെ യാതനകളുടെ മുറിപ്പാടുകൾ വികൃതമാക്കിയ ഈ ഭൂമിയിലെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ജീവൻ വെടിഞ്ഞ് അനന്തതയിലേക്ക് പറന്നകന്നു.
അദ്ധ്യായം 20
ഇൻഡസ്ട്രിയൽ ഏരിയയിലെ ആളൊഴിഞ്ഞ ഒരു വെയർഹൗസ്ന്റെ ഓഫീസിൽ ആൽബിയുടെ മുന്നിൽ നിസ്സഹായനായി വിൻസെന്റ് തളർന്നിരുന്നു. ആകാരണമായൊരു ഭയം അവനെ ഗ്രസിച്ചു. താൻ ഏത് നിമിഷവും പിടിക്കപ്പെടാം എന്നൊരു തോന്നൽ അവനെ ഭീരുവും ക്ഷീണിതനുമാക്കിയിരുന്നു. കൈകളിൽ മുഖം താങ്ങി മേശയിൽ കൈമുട്ടുകൾ ഊന്നി വിൻസെന്റ് കുറേനേരമായി ഒരക്ഷരം ഉരിയാടാതെ ഇരിക്കുകയാണ്
എലിസബത്തിന്റെ മരണം അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഒരാളും അറിയാതെ ആ മരുഭൂമിയിൽ ഇഞ്ചിഞ്ചായി നരകിച്ചു ചത്തൊടുങ്ങും എന്ന് കരുതിയിരുന്ന തന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് കൃത്യമായി തനിക്ക് വേണ്ടി തക്കം പാർത്തിരിക്കുന്ന കുറുക്കന്റെ കൂട്ടിൽ തന്നെ ചെന്നു കയറിയിരിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നുണ്ടാകും, ഒന്നും താൻ അറിയാഞ്ഞിട്ടായിരിക്കാം. തന്റെ ഫോൺ അവൾ എന്ത് ചെയ്തു കാണും? കളഞ്ഞു കാണുമോ അതോ ആ നാറി വാഹ്ദിനെ ഏൽപ്പിച്ചു കാണുമോ? അവളെ താൻ ഇങ്ങോട്ട് കൊണ്ടുവരാൻ തയ്യാറാക്കിയ പദ്ധതികൾ വിൻസെന്റിന്റെ ഓർമ്മകളിലൂടെ അരിച്ചിറങ്ങി വന്നു.
