മരുമകൾ 21അടിപൊളി  

അവരുടെ മൂത്ത മകളുടെ കാര്യം ആദ്യമേ അറിഞ്ഞത് കൊണ്ട് അതിനെക്കുറിച്ചൊന്നും സംസാരിച്ചില്ല.

വിനയനും മായക്കും സംസാരിക്കാൻ വേണ്ടി കുറച്ചു നിമിഷങ്ങളും നൽകി കടന്നു പോയ ആ ചടങ്ങ് തീരുമ്പോ പെണ്ണിന്റെ അച്ഛൻ ഭാസ്കരൻ ഇപ്പോ തന്നെ ഉറപ്പിച്ച മട്ടാണ്. കാരണം അയാൾക്കറിയാം ഇതുപോലെ ഇനിയൊരു ആലോചന വരില്ലെന്ന്. പക്ഷെ മായയുടെ തീരുമാനണല്ലോ പ്രധാനം.

അത്കൊണ്ട് തന്നെ തീരുമാനം വിളിച്ചറിയിക്കാം എന്ന് പറഞ്ഞാണ് ഭാസ്കരൻ അവരെ തിരിച്ചയത്.

അന്ന് രാത്രി മായയുടെ വീട്ടിൽ ഈ ബന്ധത്തെ കുറിച് എന്തു വേണമെന്ന ആലോചനയായിരുന്നു. താൻ കല്യാണം കഴിക്കാൻ പോവുന്നയാൾക്ക് കാഴ്ച പ്രശ്നം ഉണ്ടെന്ന കാര്യം അവളെ ചെറുതായി അലട്ടി. നേരിട്ട് സംസാരിച്ചപ്പോഴും അത് പ്രകടമായി കണ്ടത് കൊണ്ട് അവൾക്കൊരു വിമ്മിഷ്ടം. ബാക്കിയെല്ലാം കൊണ്ട് ഓക്കെ ആയിരുന്നു.

വീടിന്റെ ഇറയത്ത് അമ്മയും അച്ഛനും കൂടെ സംസാരമാണ്. മായക്കറിയാം അവരിത് ഉറപ്പിച്ചു കഴിഞ്ഞെന്ന്. അവൾ അവരുടെ അടുത്ത് വന്നിരുന്നു.

“മോളെ.. നിന്റെ തീരുമാനം എന്താ.. അതറിയാന ഞങ്ങൾ നിക്കുന്നെ..?”

“ഈ ആലോചന വേണോ അച്ഛാ..?”

അൽപ്പ മൗനത്തിനു ശേഷമാണ് അവൾ സ്വരം താഴ്ത്തി ചോദിച്ചത്.

“എന്തു പറ്റി മോളെ..?”

അയാളുടെ ശബ്ദം ഇടറി.

“അത്….!”

“പറ.. എന്താണേലും പറയ്..!”

അവൾക്കതെങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. അവളുടെ മനസ്സ് വായിച്ചത് പോലെ ഭാസ്കരൻ ചോദിച്ചു.

“അവന്റെ കാഴ്ച പ്രശ്നമാണോ..?”

അവൾ മുഖം നോക്കാതെ തല കുലുക്കി.

“എനിക്ക് തോന്നി. അതെനിക്ക് മനസ്സിലാവുന്നുണ്ട്..”

അയാളുടെയും വാക്കുകൾ മുറിഞ്ഞു പോയി.

“ചിലപ്പോ നമുക്ക് തിരഞ്ഞെടുക്കാനുള്ള നിവൃത്തി ഉണ്ടാവില്ല മോളെ..!”

അവളൊന്നും മിണ്ടിയില്ല.

“നിനക്കറിയാലോ നിന്റെ ചേച്ചിയുടെ കാര്യം. അത് വച്ച് ഈ ആലോചന വന്നത് തന്നെ ഭാഗ്യമാണ്. പിന്നെ അവന് ഭാഗികമായേ കാഴ്ച പ്രശ്നമുള്ളൂ എന്നല്ലേ പറഞ്ഞേ.. നിന്നോടിന്ന് സംസാരിച്ചപ്പോ എന്ത് തോന്നി..?”

“ഒന്നുമില്ല..!”

മറുപടി അവൾ ഒരു വാക്കിലൊതുക്കി. അൽപ നേരം എല്ലാവരും മൗനമായിരുന്നു.

“ഞാൻ അവരെ വിളിച്ചു പറഞ്ഞോട്ടെ. ഒക്കെയാണെന്ന്..??”

ചോദ്യം ആവർത്തിക്കാൻ നിന്നില്ല. അവൾ തല കുലുക്കി സമ്മതം നൽകിയിരുന്നു.

ആ വിവരം അറിഞ്ഞ ബാലൻ അതീവ സന്തോഷവാനായിരുന്നു. എന്നാൽ ഭാരതിയമ്മ അത്ര സന്തോഷവതിയല്ല. ആ കുടുംബത്തിൽ നിന്നൊന്നും പെണ്ണിനെ വേണ്ടെന്ന് പറഞ്ഞ് ഭാരതി അയാളോട് വഴക്കായി.

“നിങ്ങൾക്കറിയോ മനുഷ്യ. അവളുടെ ചേച്ചി മുൻപ് ഒരുത്തന്റെ കൂടെ ഒളിച്ചോടിയതാണ്. അങ്ങനൊരു ബന്ധമേ നമ്മുടെ മകന് കിട്ടിയുള്ളോ നിങ്ങൾക്ക്…?”

അതും പറഞ്ഞ് ഭാരതി ശബ്ദമുയർത്തി.

“നീ നോക്കുന്ന ബന്ധങ്ങളെക്കാൾ എത്രയോ ഭേദമാണ്..!”

അയാളും വിട്ടു കൊടുത്തില്ല. ഭാരതി ഓരോന്നും പറഞ്ഞ് എതിർത്തു കൊണ്ടിരുന്നു.

“ഇത് ഞാൻ ഉറപ്പിച്ചു. ഇനി മാറ്റമില്ല. ഇവിടെ കഴിയുമ്പോ എന്റെ വാക്ക് കേട്ട് നിന്നാൽ മതി..!”

ഭാരതി ഓരോന്ന് പറഞ്ഞ് കയർക്കുമ്പോഴും ബാലൻ അയാളുടെ വാക്കുകൾ കട്ടായം പറഞ്ഞു നിർത്തി.

വിനയന് ആരുടെ പക്ഷം നിക്കുമെന്ന് ഓർത്ത് ഒരെത്തും പിടിയും കിട്ടിയില്ല.

അവസാനം ബാലന്റെ തീരുമാനം തന്നെ നടന്നു.

വിനയന്റെയും മായയുടെയും വിവാഹം..!

ബാലൻ അവൾക്ക് ഒരച്ഛനെ പോലെ തന്നെയായിരുന്നു. ഭാരതിയുടെ സ്വഭാവം

പിന്നെ ഇടയ്ക്കിടെ മാറുന്നത് കൊണ്ട് അത് വലിയ കാര്യമാക്കേണ്ടെന്ന് ബാലൻ തന്നെ അവൾക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്. എങ്കിലും അവൾക്ക് നല്ല പേടി തോന്നി.

ആദ്യമൊന്നും മായക്കവിടെ ആരുടെ വാക്ക് കേൾക്കണമെന്ന് യാതൊരു പിടിയും കിട്ടിയില്ല. അച്ഛൻ വീട്ടിലുള്ളപ്പോൾ അയാളുടെയതാണ് അവസാന വാക്ക്. എന്നാൽ ഇല്ലാത്തപ്പോൾ ഭാരതിയമ്മ ഒരു മുതലാളിച്ചിയെ പോലെ പെരുമാറുമ്പോ പേടിയോടെ അവളതും അനുസരിക്കും. തന്റെ ഭർത്താവിന്റെ വാക്കുകൾക്ക് അമ്മയുടെ താഴെയാണ് വിലയെന്നത് വൈകാതെയവൾ മനസ്സിലാക്കി.

പക്ഷെ പറഞ്ഞിട്ടും കാര്യമില്ല. വിനയേട്ടൻ ആള് പാവമാണ്. നല്ല ബുദ്ധിയൊക്കെയുണ്ട്. കാഴ്ച വൈകല്യം കാരണം ഒതുങ്ങിയ ജീവിത രീതിയിൽ പോകുന്നു എന്ന് മാത്രം. അങ്ങേരെകൊണ്ട് ഗുണവുമില്ല ദോഷവുമില്ല എന്നൊരു രീതി.

Updated: November 19, 2026 — 5:39 pm

Leave a Reply

Your email address will not be published. Required fields are marked *