നിധിയുടെ കാവൽക്കാരൻ – 28 1അടിപൊളി  

റോസിന്റെ കണ്ണുകളിലെ ഭയം കണ്ടിട്ടും, യാതൊരു കുലുക്കവുമില്ലാതെ കൃതിക മറുപടിപറഞ്ഞു:

“നമുക്കും അവരുടെ പിന്നാലെ പോയാലോ?”

ആ ചോദ്യം കേട്ടതും റോസിന്റെ കണ്ണുകൾ തള്ളിപ്പോയി. ഒരു നിമിഷം അവൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല.

“നിനക്കെന്താ ഭ്രാന്താണോ?”

റോസ് അടക്കിപ്പിടിച്ച ശബ്ദത്തിൽ അവളോട് ദേഷ്യപ്പെട്ടു.

“അവർ എത്രപേരുണ്ടെന്ന് നീ കണ്ടതല്ലേ?

ആയുധവും പിടിച്ച് നിൽക്കുന്ന അവരുടെ മുന്നിൽ ചെന്ന് ചാടാനാണോ നിന്റെ ഉദ്ദേശം?”

റോസിന്റെ ചോദ്യത്തിന് കൃതിക ഉടനെ മറുപടി പറഞ്ഞില്ല. കുറച്ചുനേരം അവൾ ഗാഢമായ ആലോചനയിലാണ്ടു. അവരുടെ കണ്ണുവെട്ടിച്ച് എങ്ങനെ ആ മലയുടെ ഉള്ളിലേക്ക് കടക്കുമെന്ന് അവൾ ചുറ്റുപാടും നോക്കി കണക്കുകൂട്ടി.

പെട്ടെന്ന് അവളുടെ കണ്ണുകളിൽ ഒരു മിന്നൽ തിളങ്ങി.

“നേരെ പോയാലല്ലേ അവർ നമ്മളെ കാണൂ…”

കൃതിക റോസിന് നേരെ തിരിഞ്ഞ് പതുക്കെ പറഞ്ഞു,

“നമുക്ക് വളഞ്ഞു പോകാം!”

“വളഞ്ഞു പോകാനോ?” റോസ് അമ്പരപ്പോടെ ചോദിച്ചു.

“അതെ…” എന്ന് പറഞ്ഞുകൊണ്ട് കൃതിക തന്റെ വലതുകൈ ദൂരേക്ക് ചൂണ്ടി.

റോസ് ആ ദിശയിലേക്ക് സൂക്ഷിച്ചു നോക്കി. പ്രധാന വഴിയിൽ നിന്നും കുറച്ചുമാറി, ഇരുട്ട് തിങ്ങിനിറഞ്ഞ കാട്ടിലേക്ക് നീളുന്ന ചെറിയൊരു ഇടവഴി! ആ വഴി

കടന്നാൽ പിന്നെ വെളിച്ചത്തിന്റെ ഒരു തരിപോലും വീഴാത്ത അതിഭയാനകമായ കൊടുംകാടാണ്.

പകൽ സമയത്തുപോലും ആരും പോകാൻ ധൈര്യപ്പെടാത്ത ഇടം.

വെറുമൊരു കാടിനുപരി, നൂറ്റാണ്ടുകളായി ഈ നാട്ടുകാർ ഭയത്തോടെ മാത്രം നോക്കിക്കാണുന്ന ശപിക്കപ്പെട്ട മണ്ണ്… ‘ആത്മാക്കളുടെ വാസസ്ഥലം’!

ആ കാടിനെക്കുറിച്ചുള്ള ഭയാനകമായ കഥകൾ മനസ്സിലൂടെ കടന്നുപോയതും റോസിന്റെ ശരീരമാകെ ഒന്നുകുലുങ്ങി. അദൃശ്യമായ ഏതോ ഒരു കൈ വന്ന് കഴുത്തിൽ പിടിമുറുക്കിയതുപോലെ അവൾക്ക് തോന്നി.

ആ ഇരുണ്ട കാട്ടിലേക്ക് നോക്കുന്തോറും അവളുടെ സിരകളിലെ ചോര തണുത്തുറയുകയും, ദേഹമാസകലം വല്ലാത്തൊരു ഭയം ഇരച്ചുകയറി രോമാഞ്ചം പൊടിയുകയും ചെയ്തു.

വെറുമൊരു ഭയമായിരുന്നില്ല അത്, അതിലും വലിയ എന്തോ ഒന്ന് ആ കാടിനുള്ളിൽ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു!

“എടീ… അത് വേണോ? അതിനുള്ളിൽ എന്താണെന്ന് നിനക്കും അറിയുന്നതല്ലേ?”

റോസിന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.എത്രയൊക്കെ ശക്തിയുണ്ടെന്ന് പറഞ്ഞാലും ആ ഇരുണ്ട കാട്ടിലേക്ക് നോക്കാൻ പോലും അവൾക്ക് ഭയമായിരുന്നു.

മറുപടിയായി കൃതിക അവൾക്ക് നേരെ തിരിഞ്ഞു. അവളുടെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല.

“എടീ, എന്തായാലും നമുക്ക് ആ ആത്മാക്കളെ നേരിട്ടേ മതിയാകൂ. ആ കാവൽ നിൽക്കുന്ന അവറ്റകളെ തീർക്കാതെ നമുക്കൊരിക്കലും ആ ഗുഹയിലേക്ക് എത്താൻ കഴിയില്ല.

പിന്നെന്തിനാ കാത്തുനിൽക്കുന്നേ? നമുക്ക് അവറ്റകളെ അവയുടെ മടയിൽ ചെന്ന് തന്നെ കൊല്ലാം!”

കൃതികയുടെ ശബ്ദത്തിൽ ഒരു വലിയ പോരാളിയുടെ ആവേശവും ചോരത്തിളപ്പുമുണ്ടായിരുന്നു.

അവളുടെ ആ ധൈര്യംഅല്ലെങ്കിൽ ഭ്രാന്ത് കണ്ട് ആ കാട്ടിലെ ആത്മാക്കളെക്കാൾ കൂടുതൽ റോസിന് ഇപ്പോൾ പേടി തോന്നിയത് കൃതികയെ നോക്കിയപ്പോഴാണ്.

ഒരു പക്ഷെ സ്വന്തം മരണത്തിലേക്ക് അങ്ങോട്ട് ചെന്ന് ടിക്കറ്റെടുക്കാൻ നിൽക്കുന്ന അവളെക്കണ്ട്

“എന്റെ ദൈവമേ…” എന്ന് വിളിച്ച് തലയിൽ കൈ വെക്കാനേ അവൾക്ക് സാധിച്ചുള്ളൂ….

“എടീ… ബാക്കിയെല്ലാവരും കൂടി വന്നിട്ട് നമുക്ക് പോയാൽ പോരേ?”

റോസ് വീണ്ടും അവളോട് യാചിച്ചു.

“ആ കാണുന്ന സാധനങ്ങൾ ചാകുമോ എന്ന് പോലും നമുക്കറിയില്ല. ഒരു മരണക്കളിയാടി നമ്മളീ കളിക്കാൻ പോവുന്നത്… സത്യമായിട്ടും ഇത് വേണോ?”

“ഓ… ഒരു മരണക്കളി! നീയൊന്ന് പോയേടീ…”

കൃതിക പുച്ഛത്തോടെ മുഖം തിരിച്ചു.

“എന്തായാലും ചാവും, പിന്നെന്താ? നീ വരുന്നുണ്ടെങ്കിൽ

വാ…”

അത്രയും പറഞ്ഞ് കൃതിക മറ്റൊന്നും ചിന്തിക്കാതെ ആ ഇരുണ്ട കാട്ടുപാതയിലേക്ക് നടന്നുതുടങ്ങി. ഇനി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന് മനസ്സിലായ റോസിന് വേറെ വഴിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *