“അതെടീ, ഞാൻ കാര്യമായിട്ട് തന്നെയാണ്,”
കൃതികയുടെ സ്വരത്തിൽ അപ്പോഴും കടുത്തൊരു ഗൗരവമുണ്ടായിരുന്നു.
“നിഹാരയും സംഘവും നമ്മളെക്കാൾ എത്രയോ മുൻപേ അകത്തു കയറിയതാ. ദേവയും നിധിയുമൊക്കെ വരുമ്പോഴേക്കും ഒരുപക്ഷേ എല്ലാം കൈവിട്ടുപോയേക്കാം. നമുക്ക് ഇവന്മാരെ കൊല്ലാൻ പറ്റിയില്ലെങ്കിലും, അല്പം സമയം വൈകിപ്പിക്കാൻ നമുക്ക് സഹായിച്ചൂടെ?
ദേവ വരുന്നതുവരെ പിടിച്ചുനിൽക്കാൻ…”
കൃതികയുടെ ചോദ്യത്തിന് മുന്നിൽ റോസ് പെട്ടെന്ന് മൗനത്തിലായി. വാക്കുകൾ കിട്ടാതെ അവൾ ആ കാവൽക്കാരെയും കൃതികയെയും മാറിമാറി നോക്കി. ഉള്ളിൽ ഭയത്തിന്റെ പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും, കൃതിക
പറഞ്ഞതിലെ കാര്യവും ഉത്തരവാദിത്തവും അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു.
എന്നാൽ ആ മൗനം പൂർത്തിയാക്കാൻ പ്രകൃതി അവരെ അനുവദിച്ചില്ല.
തൊട്ടടുത്ത നിമിഷം! മലയുടെ ഉള്ളിലെ ആഴങ്ങളിൽ നിന്നും ഭൂമിയുടെ അടിത്തട്ട് പിളരുന്നതുപോലെയുള്ള ഒരു വലിയ പ്രകമ്പനം ഉണ്ടായി. കാതടപ്പിക്കുന്ന ശബ്ദമില്ലാത്ത, എന്നാൽ സർവ്വതിനെയും വിഴുങ്ങാൻ പോന്ന അതിശക്തമായ ഒരു പ്രഷർ വേവ് ഗുഹയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് ആഞ്ഞടിച്ചു!
ഒരു നിശബ്ദ പൊട്ടിത്തെറി! ശബ്ദം കുറവായിരുന്നെങ്കിലും അതിൽ നിന്നുമുണ്ടായ വായുമർദ്ദം ഒരു പ്രളയം പോലെയാണ് അലയടിച്ചെത്തിയത്. ഗുഹാമുഖത്തുണ്ടായിരുന്ന മരങ്ങളും ഭീമൻ പാറകളും ആ തരംഗത്തിൽ വിറച്ചുപോയി.
ആ തരംഗത്തിനൊപ്പം വായുവിൽ മാന്ത്രികതയുടെ അനേകം വർണ്ണക്കണികകൾ പാറിപ്പറന്നു കടുംനീലയും പച്ചയും രക്തവർണ്ണവും സ്വർണ്ണനിറവും ഇടകലർന്ന തിളങ്ങുന്ന ചെറുതരികൾ!
ഒരു സ്വപ്നലോകം പോലെയോ കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു മായാജാലം പോലെയോ ആ വർണ്ണങ്ങൾ ആകാശത്തേക്ക് ചുഴറ്റിയടിക്കപ്പെട്ടു. കണ്ണുകളെ ഭ്രമിപ്പിക്കുന്ന ആ മാന്ത്രികപ്രഭാവത്തിൽ ഗുഹാമുഖത്തുണ്ടായിരുന്ന രണ്ട് കാവൽക്കാർ പോലും നിലതെറ്റി ഒന്നുലഞ്ഞുപോയി.
റോസും കൃതികയും ആ അത്ഭുതക്കാഴ്ച കണ്ട് ശ്വാസമടക്കിപ്പിടിച്ച് ആ മരത്തിൽ മുറുകെപ്പിടിച്ചു.
ഗുഹയ്ക്കുള്ളിൽ തങ്ങൾ ഊഹിച്ചതിലും അപ്പുറമുള്ള ഏതോ ഭീകരമായതെന്തോ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നുവെന്നതിന്റെ വ്യക്തമായ വിളംബരമായിരുന്നു ആ അദൃശ്യ പ്രഹരം!
ആ മാന്ത്രികതരംഗത്തിന്റെ വർണ്ണപ്പൊടികൾ വായുവിൽ അടങ്ങിത്തീരും മുൻപേ റോസും കൃതികയും പരസ്പരം കണ്ണുകളിലേക്ക് നോക്കി.
സംശയങ്ങൾക്കോ ഭയത്തിനോ ഇനി അവിടെ സ്ഥാനമില്ലായിരുന്നു. ദേവയും മറ്റുള്ളവരും എത്തുംവരെ സമയം നീട്ടിക്കൊടുക്കുകയല്ല, ഈ മുന്നിൽ നിൽക്കുന്ന പ്രതിബന്ധങ്ങളെ തകർത്ത് ഗുഹയിലേക്ക് വഴിതുറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആ നോട്ടത്തിൽ അവർ ഉറപ്പിച്ചു.
തണുത്തുറഞ്ഞ കാറ്റ് ഗുഹാമുഖത്തെ കരിങ്കൽപ്പാറകളിൽ തട്ടി മൂളിക്കൊണ്ടിരുന്നു.
മരത്തിന്റെ മറവിൽ നിന്നും പുറത്തിറങ്ങിയ റോസും കൃതികയും പരസ്പരം ഒരക്ഷരം പോലും മിണ്ടിയില്ല. അവരുടെ ഓരോ ചുവടും മണ്ണിൽ പതിഞ്ഞത് അതിസൂക്ഷ്മമായാണ്.
എങ്കിലും, വർഷങ്ങളുടെ പരിശീലനത്തിലൂടെ അപായം മണത്തറിയാൻ ശീലിച്ച ആ രണ്ട് കാവൽക്കാരും ഞൊടിയിടയിൽ തിരിഞ്ഞു.
അതിലൊരാൾ ഉയരം കുറഞ്ഞ്, അതിവേഗം ചലിക്കാൻ കഴിയുന്ന തരത്തിൽ മെയ്വഴക്കമുള്ളവനായിരുന്നു. അവന്റെ കയ്യിൽ വിഷം പുരട്ടിയ രണ്ട് കനംകുറഞ്ഞ കുറുവടിവാളുകൾ തിളങ്ങി.
രണ്ടാമൻ ആറരയടിയിലധികം പൊക്കമുള്ള കൂറ്റൻ ശരീരപ്രകൃതിയുള്ളവൻ ഒരു വലിയ മഴു പോലെയുള്ള ആയുധവുമായാണ് തിരിഞ്ഞത്.
സംഭാഷണങ്ങൾക്കോ വീരവാദങ്ങൾക്കോ അവിടെ സമയമുണ്ടായിരുന്നില്ല.
വാളേന്തിയ ഒന്നാമൻ കൃതികയെ ലക്ഷ്യമാക്കി ഒരൊറ്റ കുതിപ്പായിരുന്നു.
കൺവെട്ടത്തിൽ നിന്നും മാഞ്ഞുപോകുന്നത്ര വേഗതയിലായിരുന്നു അവന്റെ ആ വരവ്. അവന്റെ വലതുകയ്യിലെ വാൾ കൃതികയുടെ കഴുത്തിന് നേരെ വിലങ്ങനെ പാഞ്ഞു.
കൃതിക തന്റെ രുദ്രദണ്ഡം നെഞ്ചോട് ചേർത്ത് പിടിച്ച് ആ വെട്ട് തടഞ്ഞു.
ലോഹങ്ങൾ തമ്മിലുരസി തീപ്പൊരികൾ ചിതറി.
ആ ആഘാതത്തിന്റെ ബലം അവളുടെ കൈക്കുഴകളെ വല്ലാതെ ഉലച്ചു. അവൻ വെറുമൊരു സാധാരണക്കാരനല്ലെന്ന് കൃതികയ്ക്ക് ആദ്യ സെക്കൻഡിൽത്തന്നെ വ്യക്തമായി.
