നിധിയുടെ കാവൽക്കാരൻ – 28 40

പക്ഷേ, അന്തരീക്ഷത്തിലെ ഭയാനകമായ മരവിപ്പ് അപായത്തിന്റെ സൂചന നൽകുന്നുണ്ടായിരുന്നു.

പെട്ടെന്ന്, ആ ശബ്ദം വീണ്ടും കേട്ടു!

കൃതിക ആ ശബ്ദം വന്ന ദിശയിലേക്ക് അതിവേഗം കണ്ണുകൾ പായിച്ചു.

കുറച്ചകലെയായി നിന്ന ഒരു കൂറ്റൻ മരത്തിന്റെ മറവിൽ നിന്നും രണ്ട് കണ്ണുകൾ തങ്ങളെത്തന്നെ ഉറ്റുനോക്കുന്നത് അവർ കണ്ടു. ഇരുട്ടിൽ തിളങ്ങുന്ന കൃഷ്ണമണികളില്ലാത്ത ആ കണ്ണുകളിലേക്ക് ഇരുവരും ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.

കുറച്ചു നിമിഷങ്ങൾക്കൊടുവിൽ, ആ മരത്തിന്റെ പിന്നിൽ നിന്നും ആ രൂപം പതുക്കെ പുറത്തേക്ക് നടന്നു വന്നു.

അതൊരു കൊച്ചുകുട്ടിയായിരുന്നു!

പതിവുപോലെ വെണ്ണീറിന്റെ ചാരനിറമായിരുന്നു ആ കുട്ടിയുടെ ശരീരത്തിന്. ജീവനില്ലാത്ത, വികാരങ്ങൾ തൊട്ടുതീണ്ടാത്ത മുഖം. തികച്ചും ഒരു പാവയെപ്പോലെ, ആത്മാവില്ലാത്ത ഒരു ജഡത്തെപ്പോലെ ആ രൂപം അവർക്ക് നേരെ നിശ്ശബ്ദമായി നടന്നുതുടങ്ങി.

കാഴ്ചയിൽ പാവമെന്ന് തോന്നിക്കുന്ന ആ രൂപം അടുത്തേക്ക് എത്തിയ ആ ക്ഷണത്തിൽ, യാതൊരു ദയയുമില്ലാതെ കൃതികയുടെ ചുണ്ടുകൾ ചലിച്ചു

“പോ…പുണ്ടച്ചി…!”

ഒരു അലർച്ചയോടെ

അവൾ തന്റെ കയ്യിലെ തിളങ്ങുന്ന രുദ്രദണ്ഡം ആ രൂപത്തിന് നേരെ സർവ്വ ശക്തിയുമെടുത്ത് ആഞ്ഞെറിഞ്ഞു! ആ വാൾ പാഞ്ഞുവരുന്നത് ആ ആത്മാവ് കണ്ടോ എന്ന് പോലും സംശയമായിരുന്നു.

അതിനുമുൻപ് തന്നെ, വായുവിനെ കീറിമുറിച്ചെത്തിയ ആ ഭീകരവാൾ അതിന്റെ ശിരസ്സിനെ നെടുകെ പിളർന്നു കളഞ്ഞിരുന്നു!

കാതടപ്പിക്കുന്നൊരു നിലവിളി ആ കാട്ടിൽ ഉയർന്നു. പിളർന്നുമാറിയ ആ രൂപത്തിന്റെ കണ്ണുകളിൽ നിന്നും വായയിൽ നിന്നും കറുത്ത കൊഴുത്ത ചോര ചീറ്റിയൊഴുകി.

അടുത്ത നിമിഷം, ഒരു മായക്കാഴ്ച പോലെ ആ ആത്മാവിന്റെ ശരീരം ഒന്നാകെ കരിഞ്ഞ് വെണ്ണീറായി മാറി. ആ കാട്ടിൽ വീശിയടിച്ച വന്യമായ കാറ്റിനൊപ്പം ആ ചാരം നിമിഷനേരം കൊണ്ട് അലിഞ്ഞുചേർന്നു!

കാറ്റിൽ ആ ചാരം പാറിപ്പറന്നുപോയ ആ ശൂന്യതയിലേക്ക് നോക്കി റോസ് ഒരു നിമിഷം വാ പൊളിച്ചു നിന്നു. കണ്ണുമിഴിച്ച് രണ്ടുതവണ ചുറ്റും നോക്കിയ ശേഷം അവൾ കൃതികയുടെ അടുത്തേക്ക് തിരിഞ്ഞു.

“അല്ല കൃതികേ… സംഭവം ചത്തോ?”

റോസ് സംശയത്തോടെ ചോദിച്ചു.

“ചത്തെന്നോ? പപ്പടം പൊടിയുന്ന പോലെ പൊടിഞ്ഞ് കാറ്റിൽ പോയത് നീ കണ്ടില്ലേടീ!”

കൃതിക വാൾ കയ്യിലേക്ക് തിരിച്ചുപിടിച്ചുകൊണ്ട് ഗമയിൽ പറഞ്ഞു.

ആ വാക്കുകൾ കേട്ടതും റോസിന്റെ മുഖത്ത് അതുവരെയില്ലാത്ത ഒരു അലമ്പ് ചിരി വിരിഞ്ഞു. ഇത്രയും നേരം “അയ്യോ ആത്മാവ്, അമ്മേ പേടി” എന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്ന പെണ്ണാണ്!

ഇവറ്റകളെയും തല്ലിക്കൊല്ലാൻ പറ്റുമെന്ന വലിയൊരു ബോധോദയം ഉണ്ടായ ആ നിമിഷം, റോസിന്റെ ഉള്ളിൽ പണ്ടത്തെ ഏതോ ഗുണ്ടി നേതാവ് ഉണർന്നു.

ഭയം വഴിമാറി അഹങ്കാരം സിരകളിലേക്ക് അരിച്ചുകയറി.

“ഓഹോ… അപ്പോ ഈ കട്ടപ്പാര പോലുള്ള സാധനങ്ങൾ വെറും വെണ്ണീർ ബിസ്ക്കറ്റുകളാണല്ലേ!”

റോസ് തന്റെ കയ്യിലെ നീലവെളിച്ചം ചിതറുന്ന കാലപാശം ഒന്നുകൂടി വായുവിൽ വീശി.

“ഞാൻ വിചാരിച്ചു ഇവറ്റകളൊക്കെ എന്തോ വലിയ സംഭവമായിരിക്കുമെന്ന്. ഇതിപ്പോ തൊട്ടാവാടിയെക്കാൾ കഷ്ടം!”

കൃതികയും റോസും പരസ്പരം നോക്കി. രണ്ടുപേരുടെയും കണ്ണുകൾ ഇരയെക്കണ്ട പൂച്ചകളെപ്പോലെ കൂർത്തു. കാതുകൾ കാട്ടിലെ നേരിയ ഇലയനക്കങ്ങളിലേക്ക് പോലും മുറുകി നിന്നു.

ആ മുഖങ്ങളിൽ അതുവരെ ഉണ്ടായിരുന്ന ഭയം മാറി, ആരെയും പേടിപ്പെടുത്തുന്ന കൊലചിരികൾ വിരിഞ്ഞു.

വേട്ടക്കാരെ തേടിയിറങ്ങിയ ഇരകൾ, ഇപ്പോൾ

ആ കാടിനെ വിറപ്പിക്കുന്ന വേട്ടക്കാരായി മാറിയിരിക്കുകയാണ്!

“എടീ കൃതികേ…” റോസ് ഒരു വല്ലാത്ത ഭീകര സ്വരത്തിൽ ചോദിച്ചു,

“ഇനി ഇവറ്റകൾ കൂട്ടത്തോടെ വന്നാലോ?”

“വന്നാൽ… ബിരിയാണി ചെമ്പിൽ ചിക്കൻ കഷണങ്ങൾ വാരിയിടുന്ന പോലെ അങ്ങോട്ട് അരിഞ്ഞിടണം!”

കൃതിക പല്ലിറുമ്മി ചിരിച്ചു.

“എന്നാൽപ്പിന്നെ നോക്കി നിൽക്കണ്ട… ബാക്കി അവറ്റകൾ എവിടെ ഒളിച്ചിരുന്നാലും തപ്പിപ്പിടിച്ച് പൊതിച്ചോറാക്കാം! വാടീ മുന്നോട്ട്!”

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *