നിധിയുടെ കാവൽക്കാരൻ – 28 1അടിപൊളി  

അതേസമയം കൂറ്റൻ റോസിന് നേരെ നടന്നു തുടങ്ങി. അവന്റെ ഓരോ ചുവടിലും ഒരു വല്ലാത്ത ശാന്തതയുണ്ടായിരുന്നു. അവൻ തന്റെ വലിയ മഴു റോസിന്റെ തലയ്ക്ക് നേരെ ആഞ്ഞുവെട്ടി.

വെട്ടിന്റെ കാറ്റും ഭാരവും കണ്ട് റോസ് മുന്നോട്ട് കയറാൻ നിൽക്കാതെ പിന്നിലേക്ക് ചാടി.

മഴു കരിങ്കല്ലിൽ പതിച്ച് പാറക്കഷണങ്ങൾ പൊട്ടിത്തെറിച്ചു. ആ തക്കത്തിന് റോസ് തന്റെ കാലപാശം വായുവിൽ ചുഴറ്റി അവന്റെ കാലുകൾ ലക്ഷ്യമാക്കി നീട്ടിപ്പിടിച്ചു.

എന്നാൽ അവൻ തന്റെ കനത്ത ബൂട്ടുകൾ കൊണ്ട് ആ പാശത്തിന്റെ വള്ളി ചവിട്ടിപ്പിടിച്ച് അവളെ തന്നിലേക്ക് ഒറ്റവലിക്ക് വലിച്ചടുപ്പിച്ചു.

നിയന്ത്രണം വിട്ടുപോയ റോസ് തന്റെ സമനില വീണ്ടെടുക്കാൻ പാടുപെട്ടു. അവൻ തന്റെ കൂറ്റൻ കൈത്തണ്ട ചുരുട്ടി അവളുടെ മുഖം ലക്ഷ്യമാക്കി ആഞ്ഞടിച്ചു.

അവസാന നിമിഷം തല വെട്ടിച്ചെങ്കിലും, അവന്റെ മുഷ്ടി റോസിന്റെ ഇടതു തോളിൽ അതിശക്തമായി പതിച്ചിരുന്നു…. അസ്ഥി പൊട്ടുന്നതുപോലെയുള്ള വേദനയോടെ അവൾ മണ്ണിലേക്ക് നിരങ്ങി വീണു.

അപ്പുറത്ത് കൃതിക കടുത്ത പ്രതിരോധത്തിലായിരുന്നു. വാളേന്തിയവന്റെ തുടർച്ചയായ വെട്ടുകൾ അവളുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളെയും ലക്ഷ്യം വെച്ചു. ഒരു വശത്തുനിന്നുള്ള വെട്ട് ഒഴിവാക്കാൻ അവൾ ശരീരം വെട്ടിച്ചതും, അവന്റെ രണ്ടാമത്തെ വാളിന്റെ മുന കൃതികയുടെ ഇടതുവാരിയെല്ലിന് മുകളിലൂടെ ആഴത്തിൽ വരഞ്ഞുപോയി.

തുണി കീറി ചോരയിറ്റുവീണു. കടുത്ത എരിച്ചിൽ പടർന്നപ്പോഴും അവൾ പതറിയില്ല.

താഴെ വീണ റോസിന്റെ മേലേക്ക് ഭീമൻ മഴു ഉയർത്തുന്നത് കൃതികയുടെ കൺകോണിൽ പതിഞ്ഞു.

“റോസേ, ലെഗ് ലോക്ക്!”

കൃതിക അലറി.

തന്റെ മുന്നിൽ നിൽക്കുന്ന ഭീമന്റെ ഭാരമാണ് അവന്റെ ദൗർബല്യമെന്ന് റോസ് മനസ്സിലാക്കി. നിലത്തുകിടന്നുകൊണ്ട് തന്നെ അവൾ

കാലപാശത്തിന്റെ അഗ്രത്തിലെ കൊളുത്ത് ഭീമന്റെ വലതുകാലിലെ ഞരമ്പിലേക്ക് ശക്തിയായി കുത്തിയിറക്കി.

അവൻ വേദനയോടെ അലറി, അവന്റെ ശ്രദ്ധ പാളി.

ആ സമയം കൃതിക തന്നെ ആക്രമിച്ചുകൊണ്ടിരുന്നവന്റെ കണ്ണുവെട്ടിക്കാൻ തന്റെ ഇരട്ടവാളുകൾ വായുവിൽ അതിശക്തമായി കൂട്ടിമുട്ടിച്ച് തീപ്പൊരികൾ ചിതറിച്ചു. പെട്ടെന്നുണ്ടായ ആ പ്രകാശത്തിൽ അവന്റെ കാഴ്ച ഒരു നിമിഷം മങ്ങി.

ആ ഒരൊറ്റ സെക്കൻഡ് ആയിരുന്നു കൃതികയ്ക്ക് വേണ്ടിയിരുന്നത്.

അവൾ താഴേക്ക് കുനിഞ്ഞ് അവന്റെ കാൽമുട്ടിന് താഴെ ചവിട്ട് വെച്ചുകൊടുത്തു.അവന്റെ തുലനാവസ്ഥ തെറ്റിയ ആ നിമിഷത്തിൽ, കൃതിക തന്റെ വാളിന്റെ പിടികൊണ്ട് അവന്റെ കഴുത്തിന്റെ പിൻഭാഗത്തായി അതിശക്തമായി ഇടിച്ചു.

അവൻ വേച്ചുപോയ തക്കം നോക്കി, റോസ് കാലപാശം സർവ്വ ശക്തിയുമെടുത്ത് വലിച്ച് ഭീമന്റെ കാലുകൾക്കിടയിലേക്ക് കുരുക്കിട്ട് അവനെ നിലത്തേക്ക് മലർത്തിയടിച്ചു. ഒരു വലിയ പാറ വീഴുന്ന ശബ്ദത്തോടെ അവൻ നിലംപതിച്ചു.

നിലത്തുവീണ ഭീമൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിന് മുൻപ്, റോസ് അവന്റെ നെഞ്ചിലേക്ക് ചാടിക്കയറി തന്റെ ആയുധത്തിന്റെ മൂർച്ചയേറിയ അറ്റം അവന്റെ കഴുത്തിലെ പ്രധാന ധമനിയിലേക്ക് ആഴ്ത്തിയിറക്കി. പിടച്ചിലോടെ അവന്റെ ശരീരം തണുത്തുറഞ്ഞു.

തന്റെ കൂട്ടാളിയുടെ മരണം കണ്ട് പകപ്പോടെ കൃതികയ്ക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിച്ച ഒന്നാമന്റെ വാളുകൾ അവൾ തന്റെ രണ്ട് വാളുകൾക്കിടയിൽ കുരുക്കി പൂട്ടി.

അവരുടെ മുഖങ്ങൾ തമ്മിൽ ഒരടി മാത്രം അകലം. അവന്റെ കണ്ണുകളിലെ വന്യതയെ മറികടക്കുന്ന ശാന്തതയായിരുന്നു കൃതികയുടെ മുഖത്ത്.

തന്റെ സർവ്വ ബലവുമെടുത്ത് അവന്റെ വാളുകളെ ഒരൊറ്റ തിരിവിലൂടെ അവൾ തെറിപ്പിച്ചു കളഞ്ഞു. നിരായുധനായ അവൻ പിന്നോട്ട് മാറാൻ തുടങ്ങിയ നിമിഷം, കൃതിക ഒരു സർപ്പത്തെപ്പോലെ മുന്നോട്ട് കുതിച്ച് തന്റെ രുദ്രദണ്ഡം അവന്റെ നെഞ്ചകം തുളച്ച് പുറകിലേക്ക് കടത്തിവിട്ടു.

അവന്റെ വായയിൽ നിന്നും ചോര പതഞ്ഞൊഴുകി. കൃതിക വാൾ വലിച്ചൂരിയെടുത്തതും അവൻ വിറച്ചുകൊണ്ട് മണ്ണിലേക്ക് കുഴഞ്ഞുവീണു.

വീണ്ടും മരണത്തിന്റെ നിശ്ശബ്ദത പടർന്നു.

Leave a Reply

Your email address will not be published. Required fields are marked *