“അതോ… അങ്ക ഇരുക്ക് പാരുങ്ക…”
(അതാ… അവിടെയുണ്ട് നോക്ക്…)
ഞങ്ങൾ അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.
അവിടെ കണ്ട കാഴ്ച ഞങ്ങളെ സ്തംഭപ്പിച്ചു കളഞ്ഞു.
അവിടെ… പാന്റും ഇൻസൈഡ് ചെയ്ത ടീഷർട്ടും ധരിച്ച ഒരാൾ…
അയാൾ തലയും കാലും മാത്രം നിലത്ത് കുത്തി, ശരീരം വില്ലുപോലെ വളച്ച്, കൈകൾ പിന്നിലേക്ക് കെട്ടി നിൽക്കുന്നു!
കാണുമ്പോൾ തന്നെ വേദന തോന്നുന്ന ഒരു നിൽപ്പ്. ഏതോ സ്കൂൾ കുട്ടികൾക്ക് കിട്ടുന്ന പണിഷ്മെന്റ് പോലെ അയാൾ ആ മൂലയിൽ നിൽക്കുകയാണ്.
ഞങ്ങൾ പരസ്പരം നോക്കി. ഇത് പ്രൊഫസർ തന്നെയാണോ?
രാഹുൽ സംശയത്തോടെ അയാളുടെ അടുത്തേക്ക് നടന്നു. അവൻ നിലത്ത് കുത്തിയിരുന്ന്, തല വെട്ടിച്ച് താഴെക്കൂടി ആ മനുഷ്യന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
എന്നിട്ട് തിരിഞ്ഞ് ഞങ്ങളെ നോക്കി തലയാട്ടി.
“ദേവാ… ഇതയാൾ തന്നെയാണ്…!”
അവന്റെ മറുപടി കേട്ടതും ഞങ്ങൾക്ക് വലിയൊരു ആശ്വാസമായി. അവസാനം ഞങ്ങൾ അയാളെ കണ്ടെത്തിയിരിക്കുന്നു.
തികട്ടി വന്ന സന്തോഷം കാരണം ഞാൻ അയാളുടെ അടുത്തേക്ക് വേഗത്തിൽ നടക്കാൻ തുടങ്ങി. അയാളെ ആ അവസ്ഥയിൽ നിന്നും മോചിപ്പിക്കണം.
പക്ഷേ, ഞങ്ങൾ ഒരടി വെക്കുന്നതിന് മുൻപ് തന്നെ ആ പെൺകുട്ടി വീണ്ടും ഞങ്ങളെ തടഞ്ഞു.
“അയ്യോ… കിട്ട പോകാതീങ്ക… അതു അമ്മ പണിഷ്മെന്റ് കൊടുത്തിറുക്ക്… യാർക്കും അവരെ ഹെൽപ്പ് പണ്ണവോ, അവര് കിട്ട പേസവോ പെർമിഷൻ ഇല്ല…”
(അയ്യോ… അടുത്ത് പോവല്ലേ… അത് അമ്മ പണിഷ്മെന്റ് കൊടുത്തിരിക്കുകയാണ്. ആർക്കും അയാളെ സഹായിക്കാനോ, അയാളോട് സംസാരിക്കാനോ അനുവാദമില്ല…)
അവൾ ഞങ്ങളെ ഗൗരവത്തിൽ നോക്കി തുടർന്നു:
“ഉങ്കളക്ക് അവര് കിട്ട എതാവത് പേസണംനാ… മൊതല് പോയി അമ്മയെ പാരുങ്ക…”
(നിങ്ങൾക്ക് അദ്ദേഹത്തോട് എന്തെങ്കിലും സംസാരിക്കണമെങ്കിൽ… ആദ്യം പോയി അമ്മയെ കാണൂ…)
ആ പെൺകുട്ടിയുടെ തടസ്സം കേട്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമല്ല. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആ പ്രൊഫസർ അല്ല, മറിച്ച് ഈ അമ്മയാണെന്ന്.
അവളുടെ വാക്കുകളിലെ ഗൗരവം കണ്ടപ്പോൾ തർക്കിച്ചിട്ട് കാര്യമില്ലെന്ന് തോന്നി.
“അമ്മ… അമ്മ എങ്കെ ഇരുക്കാങ്ക…?”
(അമ്മ എവിടെയാണ്?)
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
അവൾ ആ പൂജാമുറിയുടെ വശത്തുള്ള, മുകളിലേക്ക് ചുറ്റിപ്പോവുന്ന വലിയ തേക്ക് ഗോവണിപ്പടിയിലേക്ക് വിരൽ ചൂണ്ടി.
“മേലെ… റൂമിൽ ഇരുക്ക്…”
(മുകളിലെ മുറിയിലുണ്ട്…)
അവൾ പറഞ്ഞു.
ഞങ്ങൾ എല്ലാവരും ആ ഗോവണിപ്പടിയിലേക്ക് നോക്കി. വീടിന്റെ പഴമ വിളിച്ചോതുന്ന, കൊത്തുപണികൾ നിറഞ്ഞ വലിയ പടികൾ.
മുകളിലെ ഇരുട്ടിലേക്ക് അത് നീണ്ടുപോവുന്നു. അവിടെയാണ് ഈ വീടിന്റെയും, ഇപ്പോൾ ആ പ്രൊഫസറുടെയും നിയന്ത്രണം കയ്യിലുള്ള ആ സ്ത്രീ ഇരിക്കുന്നത്.
“വാ…”
ഞാൻ രാഹുലിനെയും മറ്റുള്ളവരെയും വിളിച്ചു.
ഞങ്ങൾ ആ പടികൾ കയറാൻ തുടങ്ങി.
ഓരോ പടി കയറുമ്പോഴും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ആരാണ് ഈ അമ്മ?
ഞങ്ങളെ തടഞ്ഞ ആ പെൺകുട്ടി താഴെ നിന്ന്, കയ്യിലെ മാലയും പിടിച്ച് ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ഒരു നിഗൂഢമായ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല…..
ഞങ്ങൾ മുകളിലേക്ക് കയറുന്ന പടികൾ അവസാനിച്ചത് ഒരു വലിയ ഇടനാഴിയിലായിരുന്നു. ഇരുവശത്തും കൊത്തുപണികൾ ചെയ്ത പഴയ വാതിലുകൾ.
തടിയിൽ തീർത്ത ആ വീടിന്റെ മുകൾഭാഗത്ത് വല്ലാത്തൊരു ഇരുട്ടുണ്ടായിരുന്നു.
പക്ഷേ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, പെട്ടന്നാണ് അറ്റത്തുള്ള മുറിയിൽ നിന്നും ഒരു ശബ്ദം കേട്ടത്….
അതൊരു തമിഴ് കുത്ത് പാട്ടാണ്!
കണങ്കാലുകൾ വരെ തരിപ്പിക്കുന്ന, ചെണ്ടയുടെ താളത്തിലുള്ള, എനർജി നിറഞ്ഞുനിൽക്കുന്ന പാട്ട്. വോളിയം കൂട്ടി വെച്ചിരിക്കുകയാണ്.
