നിധിയുടെ കാവൽക്കാരൻ – 19 64അടിപൊളി  

 

“ആമീ… എഴുന്നേൽക്ക്…”

 

വെള്ളം വീണപ്പോൾ അവളൊന്നു ഞരങ്ങി. പല്ലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. ശരീരം വിറയ്ക്കുന്നുണ്ട്.

 

ആമിയുടെ ഈ അവസ്ഥ കണ്ട് എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ആ ഫൈറ്റ്… ആ മോതിരം… അത് അവളുടെ ഊർജ്ജം മുഴുവൻ വലിച്ചെടുത്തിരിക്കുന്നു.

 

“പേടിക്കണ്ട… ഒന്നും ഉണ്ടാവില്ല…”

 

നിധി എന്റെ കൈയ്യിൽ മുറുകെ പിടിച്ചു. അവളുടെ കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. ആമിയുടെ ചൂട് ഞങ്ങളിലേക്ക് പടരുന്നത് പോലെ… കാറിനുള്ളിലെ അന്തരീക്ഷം ആകെ വഷളായിക്കൊണ്ടിരുന്നു.

 

കാർ ചീറിപ്പാഞ്ഞു പോവുകയാണ്. എന്റെ മടിയിൽ കിടക്കുന്ന ആമിയുടെ ശരീരം ഓരോ നിമിഷവും കഴിയുന്തോറും കൂടുതൽ കൂടുതൽ ചൂടുപിടിക്കുകയായിരുന്നു.

 

അവളുടെ വിരലിലേക്ക് ഞാൻ നോക്കി. ആ മോതിരം… അതൊരു കനൽക്കട്ട പോലെ തിളങ്ങുന്നുണ്ട്.

 

“ഇതാണ്… ഇതാണ് ഇതിനെല്ലാം കാരണം…”

 

ഞാൻ പല്ലിറുമ്മിക്കൊണ്ട് ആ മോതിരം അവളുടെ വിരലിൽ നിന്നും ഊരാൻ തുടങ്ങി.

 

എന്നാൽ അത് കണ്ടതും നിധി വെപ്രാളത്തോടെ എന്റെ കൈ തട്ടിമാറ്റി.

 

“വേണ്ട ദേവാ… നീ അതിൽ തൊടണ്ട… ഞാൻ ഊരാം…”

 

എന്നെ അപകടപ്പെടുത്തണ്ട എന്ന് കരുതി, അവൾ വേഗം ആ മോതിരത്തിൽ പിടിച്ചു.

പക്ഷേ, നിധിയുടെ വിരൽ ആ മോതിരത്തിൽ തൊട്ടതും വലിയ ശബ്ദത്തോടെ,ശക്തമായൊരു ഷോക്കേറ്റതുപോലെ അവൾ സീറ്റിൽ നിന്നും പിന്നിലേക്ക് തെറിച്ചുപോയി. അവളുടെ തല ഡോറിൽ ശക്തിയായി ഇടിച്ചു.

 

“അയ്യോ… നിധി…!!”

 

ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. കൃതിക വേഗം അവളെ താങ്ങിപ്പിടിച്ചു.

നിധി വേദനകൊണ്ട് പുളഞ്ഞെങ്കിലും, പെട്ടെന്ന് തന്നെ തല ഉഴിഞ്ഞുകൊണ്ട് എഴുന്നേറ്റു.

 

“കു… കുഴപ്പമില്ല… എനിക്ക് കുഴപ്പമില്ല…”

 

അവൾ കിതച്ചുകൊണ്ട് പറഞ്ഞു. പക്ഷേ അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞുനിന്നിരുന്നു.

 

അപ്പോഴേക്കും ആമിയുടെ അവസ്ഥ കൂടുതൽ വഷളായി. അവളുടെ വെളുത്ത മുഖത്ത്, കണ്ണിന് ചുറ്റുമായി കറുത്ത നിറത്തിലുള്ള ഞരമ്പുകൾ തെളിഞ്ഞു വരാൻ തുടങ്ങി. അത് പതുക്കെ പതുക്കെ മുഖമാകെ പടരുന്നു. അവൾ ശ്വാസം മുട്ടുന്നതുപോലെ തോന്നി. വായ തുറന്ന് അവൾ വായുവിനായി പിടയുകയാണ്.

കാണാൻ പോലും പേടിപ്പിക്കുന്ന ഒരവസ്ഥ.

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചുപോയി. നിധിക്ക് പോലും തൊടാൻ പറ്റാത്ത ആ മോതിരം… ഇത് ഊരിയില്ലെങ്കിൽ ആമി മരിക്കും, ഉറപ്പാണ്.

 

ആ നിമിഷം, എന്റെ ഉള്ളിൽ എവിടെ നിന്നോ ഒരു ഉൾപ്രേരണ ഉണ്ടായി. ആരോ എന്റെ ചെവിയിൽ മന്ത്രിക്കുന്നത് പോലെ…

ചിന്തിക്കാൻ സമയമില്ലായിരുന്നു. ഞാൻ കുനിഞ്ഞ്, വിറയ്ക്കുന്ന ആമിയുടെ മുഖം കൈകളിൽ കോരിയെടുത്തു.

ശേഷം ഒട്ടും വൈകാതെ, ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്തു അമർത്തി ചുംബിച്ചു.

അതേ സമയം തന്നെ, എന്റെ വലംകൈ അവളുടെ വിരലിലെ ആ മോതിരത്തിൽ മുറുകെ പിടിച്ചു.

 

“ആാാാാാ….!!!!”

 

എന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി പുറത്തേക്ക് വരാൻ വെമ്പിയെങ്കിലും, ആമിയുടെ ചുണ്ടുകൾ അതിനെ തടഞ്ഞുനിർത്തി.

എന്റെ ശരീരം മുഴുവൻ ലാവ കോരിയൊഴിച്ചതുപോലെ ചുട്ടുപൊള്ളാൻ തുടങ്ങി. ആരോ എന്റെ തൊലി ഉരിയുന്നത് പോലത്തെ വേദന. എന്റെ സിരകളിലൂടെ തീ ഒഴുകുന്നതുപോലെ… ശരീരം കീറിമുറിക്കുന്ന വേദനയിൽ ഞാൻ പിടഞ്ഞു.

എന്റെ ഈ അവസ്ഥ കണ്ട് നിധിയും കൃതികയും ഭയന്നുപോയി.

 

“ദേവാ… വേണ്ട… വിട്…”

 

അവർ എന്നെ ആമിയിൽ നിന്നും ബലമായി പിടിച്ചുമാറ്റാൻ ശ്രമിച്ചു.

 

ഞാൻ സർവ്വശക്തിയുമെടുത്ത് അവരെ തട്ടിമാറ്റി. വേദനകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ പിടി വിട്ടില്ല.

ഞാൻ ആമിയുടെ ചുണ്ടുകളിലേക്ക് എന്റെ ജീവൻ പകർന്നുകൊടുത്തു കൊണ്ട്, ആ മോതിരം അവളുടെ വിരലിൽ നിന്നും ശക്തിയായി വലിച്ചൂരി.

അതൊരു സാധാരണ മോതിരമായിരുന്നില്ല, അവളുടെ മാംസത്തോട് ഒട്ടിപ്പിടിച്ച ഒന്നായിരുന്നു.

അവസാനം, വലിയൊരു ബലപ്രയോഗത്തിനൊടുവിൽ ആ മോതിരം ഊരിപ്പോന്നു.

Leave a Reply

Your email address will not be published. Required fields are marked *