കൃതിക വേഗം എന്റെ അടുത്തേക്ക് വന്ന്, നെറ്റിയിൽ കൈവെച്ചു നോക്കി. പനി വിട്ടുമാറിയിട്ടുണ്ടോ എന്നറിയാനുള്ള വെപ്രാളമായിരുന്നു ആ മുഖത്ത്.
“കുഴപ്പമില്ല… കുറച്ചു ആശ്വാസമുണ്ട്…”
ഞാൻ മെല്ലെ പറഞ്ഞു. തൊണ്ട വരണ്ടു പോയിരുന്നു. സംസാരിക്കാൻ പോലും നാവു പൊങ്ങാത്ത അവസ്ഥ.
“ഹാവൂ… സമാധാനമായി…”
രാഹുൽ നെഞ്ചിൽ കൈവെച്ചു കൊണ്ട് ഒരു ദീർഘശ്വാസം വിട്ടു.
“നീ കണ്ണ് തുറക്കുന്നത് വരെ ഞങ്ങൾക്ക് ശ്വാസം നേരെ വീണിട്ടില്ലായിരുന്നു…”
സച്ചിൻ ബെഡിന്റെ അരികിൽ വന്നിരുന്നു. പാവങ്ങൾ… എന്നെയും കാത്ത് ഇത്രയും നേരം മുൾമുനയിൽ നിൽക്കുകയായിരുന്നല്ലോ ഇവർ.
“പിന്നെ… ആ മോതിരം…”
റോസ് പതുക്കെ, ശബ്ദം താഴ്ത്തി പറഞ്ഞു.
അവൾ പറഞ്ഞപ്പോഴാണ് എനിക്ക് അതിന്റെ കാര്യം ഓർമ്മ വന്നത്.
“അതെവിടെ…?”
ഞാൻ വെപ്രാളത്തോടെ ചുറ്റും നോക്കി.
“അത് ഞാൻ എടുത്തു വെച്ചിട്ടുണ്ട്…”
നിധി എഴുന്നേറ്റ് പോയി, മേശപ്പുറത്തിരുന്ന ഒരു ചെറിയ തടിപ്പെട്ടി എടുത്തു കൊണ്ടുവന്നു.
“ഇതിലുണ്ട്… ഇനി ആരും ഇത് തൊടരുത്… ആരും…”
അവൾ ഗൗരവത്തോടെ പറഞ്ഞു. അവളുടെ ശബ്ദത്തിൽ ഒരു താക്കീതുണ്ടായിരുന്നു.
ഞാൻ ആ പെട്ടിയിലേക്ക് നോക്കി. അതിനുള്ളിൽ, നിശബ്ദമായി ഉറങ്ങുന്ന ഒരു ദുരന്തം പോലെ ആ മോതിരം ഇരിക്കുന്നുണ്ടാവണം. അത് ഇനി പുറത്തു വരാതിരിക്കട്ടെ.
മുറിയിൽ വീണ്ടും നിശബ്ദത പടർന്നു. എല്ലാവരും പരസ്പരം നോക്കാൻ മടിക്കുകയായിരുന്നു. ഒടുവിൽ ആ മൗനം ഭേദിച്ചുകൊണ്ട് രാഹുൽ ചോദിച്ചു:
“ഇനി എന്ത് ചെയ്യും…? നമ്മുക്ക്… നമ്മുക്ക് തിരിച്ചു പോയാലോ….?”
അവന്റെ ചോദ്യത്തിൽ വലിയൊരു നിസ്സഹായത ഉണ്ടായിരുന്നു.
ആരും ഒന്നും മിണ്ടിയില്ല. എല്ലാവർക്കും മടുത്തു കാണണം. ഇനിയും ഇവിടെ നിന്നാൽ ജീവൻ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി എല്ലാവരുടെയും മുഖത്തുണ്ട്.
ഇപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ, ഭയം അവരെ കീഴ്പ്പെടുത്തും. ഞങ്ങൾ വന്ന കാര്യം
നടക്കാതെ പോകും.
“അയാളെ കണ്ടിട്ട് പോവാം….”
സർവ്വശക്തിയും സംഭരിച്ച് ഞാൻ പറഞ്ഞു.
“ആ പ്രൊഫസറെ കണ്ടിട്ട്… എന്നിട്ട് മതി തിരിച്ചു പോവുന്നത്…”
പക്ഷേ അതിനും മറുപടികളൊന്നും വന്നില്ല. എന്റെ തീരുമാനത്തോട് യോജിക്കാൻ അവർക്ക് കഴിയുന്നുണ്ടായിരുന്നില്ല.
ഇനി പറഞ്ഞിട്ട് കാര്യമില്ല, പ്രവർത്തിക്കണം എന്നെനിക്ക് തോന്നി.
ഞാൻ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. കൈകൾ കുത്തി പൊങ്ങാൻ നോക്കിയതും…
“ആഹ്…”
എന്റെ കാലുകൾക്ക് ജീവനില്ലാത്തത് പോലെ തോന്നി. നിലത്ത് കുത്താൻ കാലുണ്ടോ എന്ന് വരെ എനിക്ക് സംശയമായി. ശരീരമാകെ തളർന്നു പോയിരിക്കുന്നു. എല്ലുകൾ ആരോ ഊരിയെടുത്തതുപോലത്തെ ഒരു അവസ്ഥ.
എന്റെ ശരീരം വേച്ചു പോയി, ഞാൻ വീഴാൻ തുടങ്ങി.
കാലുകൾക്ക് ബലമില്ലാതെ ഞാൻ തളർന്നു വീഴാൻ തുടങ്ങിയതും, ആമി പെട്ടെന്ന് എന്നെ താങ്ങി ബെഡിലേക്ക് തന്നെ ഇരുത്തി.
“അനങ്ങല്ലേ… റസ്റ്റ് എടുക്ക്…” അവൾ പറഞ്ഞു.
“നമ്മൾ ആ പ്രൊഫസറെ കണ്ടിട്ടേ ഇവിടുന്ന് പോവുന്നുള്ളൂ…”
ഇടപെട്ടത് നിധിയായിരുന്നു ഒരു പക്ഷേ എന്റെ മുഖഭാവം കണ്ടതുക്കൊണ്ടാവണം….
“പക്ഷേ…” അവൾ തുടർന്നു. “അടുത്ത മൂന്ന് ദിവസത്തേക്ക് നമ്മൾ ഇവിടെ നിന്നും എങ്ങോട്ടും പോവുന്നില്ല. നിന്റെ ഈ ക്ഷീണം മാറി ആരോഗ്യം എപ്പോ ശരിയാവുന്നോ, അപ്പൊ നമുക്ക് പോവാം…..”
അവളുടെ ആ വാക്കുകളിൽ ഒരു മറുവാക്കിന് ഇടമുണ്ടായിരുന്നില്ല.
“അവർ… അവർ നമ്മളെ അന്വേഷിച്ച് വന്നാലോ…?”
രാഹുൽ സംശയത്തോടെ ചോദിച്ചു.
“ആ പെണ്ണ് നമ്മളെ വെറുതെ വിടുമെന്ന് തോന്നുന്നില്ല…”
“അത് നീ പേടിക്കേണ്ട…”
കൃതികയാണ് മറുപടി പറഞ്ഞത്.
“ഈ സ്ഥലത്ത് വന്ന് അവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അത് എന്റെ ഉറപ്പാണ്.”
