കാർത്തികേയം – 3 LikeNew 

“ടാ പോവല്ലേ,നിക്ക്”പിന്നിൽ നിന്നും അമലിന്റെ വിളി വന്നെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ല. മുന്നിലത്തെ ഡെസ്കിൽ കയ്യൂന്നി മുകളിലൂടെ രണ്ടു ഡസ്ക് അപ്പുറം ചാടി കടന്ന് ചാടിത്തുള്ളി ക്ലാസിനു പുറത്തേക്ക് വിട്ടു.

അഞ്ചു മിനിറ്റ് കഴിഞ്ഞ്,വന്ന ആവേശത്തിന്റെ പകുതി പോലും ബാക്കിയില്ലാതെ, വാലും ചുരുട്ടി തിരികെ ക്ലാസ്സിലേക്ക് കയറിയ എന്നെ കണ്ടതും താരയും അമലും മുഖത്തോട് മുഖം നോക്കി.

അടുത്ത നിമിഷം രണ്ടുപേരും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.

“ഹോ എന്തായിരുന്നു അവന്റെ അഭ്യാസം, ഓടുന്നു,ചാടുന്നു… എന്നെക്കൊണ്ട് വയ്യ..ഹ്ഹ്ഹ് “ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് താര പറഞ്ഞൊപ്പിച്ചു.

“എത്ര വട്ടം വിളിച്ചെട നിന്നെ, അതെങ്ങനാ അവളുടെ കാര്യം ആണേൽ പിന്നെ ചെക്കന് കണ്ണും കണ്ടുടാ ചെവിടും കേട്ടുടാ ഒരേ ഓട്ടമല്ലേ…”

“ഓട്ടം മാത്രമാണേൽ പിന്നേം പോട്ടെന്ന് വെക്കാം ഇത് മൂന്നാല് ഡെസ്കിന്റെ മേലേക്കൂടെ അല്ലെ ഒറ്റചാട്ടത്തിന് കടന്ന് പോയത്.”

“ശവത്തിൽ കുത്താതെടാ തെണ്ടികളെ!” ഇതുങ്ങൾ അങ്ങനെ ഒന്നും നിർത്താൻ ഉള്ള ഉദ്ദേശം ഇല്ല.ഞാൻ അടിയറവ് പറഞ്ഞപ്പോൾ താര ഒന്ന് അയഞ്ഞുതന്നു.

“അവൾ രണ്ടുദിവസത്തേക്ക് ലീവ് ആട…”

അതുംകൂടെ കേട്ടപ്പോൾ ചമ്മൽ മാറ്റാൻ താരെടെ തലക്കിട്ടൊരു മുട്ടും കൂടെ കൊടുത്തിട്ട് ഞാൻ എന്റെ സീറ്റിലേക്കിരുന്നു. രാവിലെ തന്നെ ശോകം അടിച്ചെങ്കിലും ശരിക്കുള്ള ശോകം അടിച്ചത് ലത മിസ്സ്‌ ഹാട്രിക് അടിച്ചപ്പോൾ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ നോട്ട് കംപ്ലീറ്റ് ആക്കുന്നതിന്റെ ഇടക്ക് ഇന്നത്തേക്കുള്ള നമ്പർ ചാർട്ട് assignment വെക്കാൻ മറന്നിരിക്കുന്നു.ആട്ടുപൊങ്കാല കഴിഞ്ഞ് കിളി പാറി ഇരിക്കുന്ന നേരത്താണ് സുജിത് സർ ക്ലാസ്സിലേക്ക് കേറി വന്നത്.

“എടാ പിള്ളേരെ അടുത്ത ഞായറാഴ്ച ഇന്റർ സ്കൂൾ

ഫുട്ബോൾ ടൂർണമെന്റ് ആണ് അപ്പൊ നാളെ തൊട്ട് പ്രാക്ടീസ് തുടങ്ങിക്കോളൂ, കാർത്തി??”പറഞ്ഞു കഴിഞ്ഞ് സർ ഞാൻ എവിടെന്നു ചോദ്യഭാവനെ നോക്കിയപ്പോൾ ഞാൻ കയ്യ് പൊക്കി കാണിച്ചു.

“ആ, നീ ഒന്നിങ്ങു വന്നേ ടീം ഒക്കെ ഒന്ന് സെറ്റ് ആക്കാൻ ഒണ്ട്.”

അങ്ങനെ സാറിന്റെ ഇടപെടലിൽ എന്റെ പോയ കിളിയെല്ലാം തിരികെ വന്നു.സാറിന്റെയൊപ്പം ഇരുന്ന് ടീം എല്ലാം സെറ്റ് ആക്കി. ജൂനിയർ പിള്ളേരേം ഉൾപ്പെടുത്തണം അവന്മാർക്ക് ചാൻസ് കൊടുക്കണമെന്നും പ്രത്യേകം എന്നെ ഓർമിപ്പിക്കാനും സർ മറന്നില്ല.അങ്ങനെ ഫുൾ മൈൻഡ് ഓൺ ആയിത്തന്നെ സ്കൂളിൽ നിന്നും ഇറങ്ങി. സാധാരണ എന്റെ ചെവി തിന്നേണ്ട കാവ്യെടെ ചെവി ഇന്ന് ഞാൻ തിന്നു. അവളും അതിന്റെ ഒരു അന്തലാപ്പിലാണ് വീട്ടിലേക്ക് കേറിയത്.

ചെന്നപാടെ കാണുന്നെ ടീവിടെ മുന്നിൽ കുത്തിയിരിക്കുന്ന ഗൗരിയേച്ചിനെയാണ്. കയ്യ്കഴുകാൻ ഒന്നും നിന്നില്ല നേരെ അവളുടെ അടുക്കെ ചെന്നിരുന്നു കൊറേ നേരം കത്തിയടിച്ചു, അവളുടെ ഗ്ലാസിന്നുതന്നെ ചായേം കുടിച്ചിട്ട് നേരെ മേലോട്ട് വിട്ടു.

പൊതിഞ്ഞു കെട്ടി വച്ചിരുന്ന ബൂട്ട് എടുത്തു ഒന്ന് മിനുക്കി, ലെയ്സ് കോർത്തു ഒരുക്കി വച്ചു.

പിന്നെ അത്താഴം കഴിക്കാൻ നേരം എല്ലാവരോടും കാര്യം അവതരിപ്പിച്ചു.

“അപ്പോൾ നീ ഇനി വരാൻ വൈകുവാണെങ്കിൽ ഇവളെന്തു ചെയ്യും?” അമ്മയുടെ വക ചോദ്യമെത്തി.

“അയ്യേ ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. എനിക്ക് തനിയെ വരാനൊക്കെ അറിയാം.”അമ്മയെ നോക്കി ഗോഷ്ടി കാണിച്ചോണ്ട് കാവ്യ എതിർതെങ്കിലും ആ എതിർപ്പിനധികം ആയുസ്സുണ്ടായില്ല.അമ്മമാർ രണ്ടും അമ്പിനും വില്ലിനും അടുക്കുന്നില്ല.

“ഒന്ന് നിർത്ത് എല്ലാനും, ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ സ്കൂളിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ ഇറങ്ങി ഇവളേം കൂട്ടി വരാം എന്തെ അത് പോരെ…”ഒടുക്കം ഗൗരിയേച്ചിടെ ആ പ്രസ്താവന തന്നെ അന്തിമ വിധിയായി.

പിറ്റേന്ന് ക്ലാസ്സ്‌ കഴിഞ്ഞതും എല്ലാത്തിനേം കൂട്ടിപ്പെറുക്കി പ്രാക്ടീസ് തുടങ്ങി.പ്രാക്ടീസിന് എല്ലാവർക്കും പതിവിലും ആവേശം കൂടുതലായിരുന്നു.

അമൽ മച്ചാൻ വരെ കളിയും ചളിയും ഒക്കെ മാറ്റിവെച്ച് സീരിയസായി പന്ത് തട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *