അങ്ങനെ ശനിയാഴ്ച… അവസാനത്തെ പ്രാക്ടീസും കഴിഞ്ഞു.
എല്ലാവരും ഗ്രൗണ്ടിന്റെ നടുവിൽ സുജിത് സാറിനെ ചുറ്റി വട്ടംകൂടി ഇരുന്നു. എതിരാളികളുടെ ശക്തിയും ദൗർബല്യങ്ങളും, ഗ്രൗണ്ടിൽ പാലിക്കേണ്ട അച്ചടക്കവും ഒക്കെ ഒന്നുകൂടി ഓർമിപ്പിച്ച ശേഷം സർ പോക്കറ്റിൽ നിന്ന് മടക്കി വെച്ചിരുന്ന ഒരു പേപ്പർ എടുത്തു.
“നാളത്തെ പ്ലേയിംഗ് ഇലവൻ…”
അതുകേട്ടതും എല്ലാവരും ഒറ്റയടിക്ക് മുന്നോട്ടാഞ്ഞു.
സർ ലിസ്റ്റ് എന്റെ കയ്യിലേക്ക് നീട്ടി.
ഞാൻ ഓരോ പേരും പതിയെ വായിച്ചു.
വിഷ്ണു…
കാർത്തി…
അമൽ…
ശരത്ത്…
ആര്യൻ…
അനന്ദു…
അൻവർ…
…
ഒരു നിമിഷം ഞാൻ വീണ്ടും ലിസ്റ്റിന്റെ മുകളിലേക്ക് കണ്ണോടിച്ചു.
ഇല്ല…
സീനിയർ പ്ലേയേഴ്‌സിൽ ഒരാളുടെ പേര് മാത്രം അതിലില്ലായിരുന്നു.
മനു.
അവനു പകരം ഏതോ ഒരു ജൂനിയർ പയ്യന്റെ പേരാണ് സ്‌ക്വാഡിൽ കിടക്കുന്നത്.
അറിയാതെ എന്റെ നോട്ടം സാറിലേക്ക് നീണ്ടു.
എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം, ബാക്കി എല്ലാവരും ലിസ്റ്റ് പിടിച്ചു വാങ്ങി നോക്കി.
അടുത്ത നിമിഷം ഗ്രൗണ്ടിലാകെ നിശ്ശബ്ദത പടർന്നു.
മനു ഒന്നും പറയാതെ തലതാഴ്ത്തി നിൽക്കുകയായിരുന്നു.
ഞാൻ വീണ്ടും സാറിനെ നോക്കി.
ഇതൊക്കെ മുൻകൂട്ടി പ്രതീക്ഷിച്ചതുപോലെ, ചുണ്ടിലൊരു നേർത്ത പുഞ്ചിരിയുമായി നിൽക്കുകയായിരുന്നു സുജിത് സർ.
“സാറേ… മനു എന്താ സ്‌ക്വാഡിൽ ഇല്ലാത്തെ? അവനെ എന്തിനാ പുറത്തിരുത്തിയത്?”
അത്ഭുതവും, ഒരു ക്യാപ്റ്റൻ എന്ന നിലയിലെ ആശങ്കയും കലർന്ന ശബ്ദത്തിലായിരുന്നു എന്റെ ചോദ്യം.
എന്തായാലും, ഒന്നും കണ്ടറിയാതെ സർ ഇങ്ങനെയൊരു തീരുമാനം എടുക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
“എടാ മോനെ… അവനെ ഞാൻ ഒഴിവാക്കിയതാണെന്നാണോ നിങ്ങളൊക്കെ കരുതി വെച്ചിരിക്കുന്നത്?”
ഒരു നിമിഷം നിർത്തിയിട്ട് സർ മനുവിനെ നോക്കി.
“അവനെ ഞാൻ ഒഴിവാക്കിയതല്ല… ഒഴിഞ്ഞുവെച്ചിരിക്കുകയാണ്.”
ആ ഡയലോഗിൽ കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം പിടികിട്ടിയിരുന്നു.
തലതാഴ്ത്തി നിന്ന മനുവിന്റെ താടി പതിയെ ഉയർത്തിയിട്ട് സർ ചോദിച്ചു.
“മനൂ… നീ കഴിഞ്ഞ തവണ ടൂർണമെന്റിൽ കളിച്ചിരുന്നോ?”
മനു ഇല്ലെന്ന അർത്ഥത്തിൽ പതിയെ
തലയാട്ടി.
സർ ഒന്ന് പുഞ്ചിരിച്ചു.
“അതാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ അഡ്വാന്റേജ്.”
“വേങ്ങൂരിലെ ഒരുത്തനും നിന്നെ കണ്ടിട്ടില്ല… നിന്റെ കളി അറിയില്ല. കഴിഞ്ഞ തവണ പരിക്ക് പറ്റിയതുകൊണ്ട് നീ ടൂർണമെന്റ് കളിച്ചില്ല.അതുകൊണ്ട് അവർ പഠിച്ചിട്ടുള്ളത് ഇവന്മാരെയാണ്.നിന്നെ അല്ല.”
സർ ഒരു നിമിഷം നിർത്തി എന്നെ നോക്കി.
“ക്യാപ്റ്റാ,കളി ജയിക്കുന്നത് എല്ലായ്പ്പോഴും ഏറ്റവും മികച്ച പതിനൊന്ന് പേരെ ആദ്യമേ ഇറക്കിയിട്ടല്ല… എതിരാളി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നീക്കം, ശരിയായ സമയത്ത് നടത്തുമ്പോഴാണ്.”
മനുവിന്റെ തോളിൽ കൈവെച്ചുകൊണ്ട് സർ തുടർന്നു.
“മനു… നീ ഈ ടീമിന്റെ ബെഞ്ച് പ്ലെയറല്ല.”
ഒരു നിമിഷം നിർത്തി സർ ചെറുതായി പുഞ്ചിരിച്ചു.
“നമ്മുടെ ട്രംപ് കാർഡാണ്.”
“എല്ലാം ക്ലിയർ അല്ലെ”
“യെസ് സർ.”
ഞാൻ അറിയാതെ ചിരിച്ചുപോയി.
മനുവിന്റെ മുഖത്തും നേരത്തെയുണ്ടായിരുന്ന നിരാശയ്ക്ക് പകരം ഒരു പുതിയ ആത്മവിശ്വാസം നിറയുന്നത് ഞാൻ കണ്ടു…
നാളത്തെ ടൂർണമെന്റിനായുള്ള ആവശ്ശത്തിലായിരുന്നു ഞങ്ങൾ എല്ലാവരും.കളി ഒക്കെ സെറ്റ് ആകുമോ, st antony’s ആയുള്ള കണക്കു തീർക്കാൻ പറ്റുമോ എന്നിങ്ങനെ പല ചോദ്യങ്ങളും ചർച്ചക്കളുമായെല്ലാം അങ്ങനെ ഒരാഴ്ച നീണ്ടുനിന്ന പ്രാക്ടീസിന് അവിടെ തിരശ്ശീല വീണു.
പക്ഷേ…
ആ സായാഹ്നം ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു ഓർമ്മയായി മാറുമെന്ന് കാർത്തി അപ്പോൾ അറിഞ്ഞിരുന്നില്ല.
ഒരുപക്ഷേ…
ആ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ഇത്രയും മനസുതുറന്ന് ചിരിച്ച അവന്റെ അവസാന സായാഹ്നം അതായിരുന്നുവെന്ന് പോലും…
ജീവിതം തനിക്കായി മറ്റൊരു മത്സരം ഒരുക്കിവെച്ചിരുന്നു എന്ന വാസ്തവതേപ്പറ്റി അന്നേരം കാർത്തിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.അതിന് റഫറിയും ഇല്ലായിരുന്നു… അധികസമയവും ഇല്ലായിരുന്നു…അവനെ കാത്തിരുന്നത് ജയപരാജയങ്ങൾക്കപ്പുറമുള്ള ഒരു കളിയായിരുന്നു. അതിന്റെ നിയമങ്ങളെയും എതിരാളികളെയും പറ്റി അവനിതുവരെ ഒരു ബോധ്യവുമുണ്ടായിരുന്നില്ല…
