അതിന് മറ്റൊരു കാരണം കൂടെയുണ്ട്.
വേങ്ങൂർ st antony’s hss.
കഴിഞ്ഞ തവണ അവന്മാരോട് സെമിയിൽ തോറ്റിട്ടാണ് ഞങ്ങൾ പുറത്തായത്.റഫറിയുടെ കണ്ണുവെട്ടിച്ച് നടത്തിയ ഫൗളെന്നു പറഞ്ഞാൽ കുറഞ്ഞുപോകുന്ന തരം ഉന്തും,തള്ളും,ചവിട്ടും,കുത്തും ഒടുവിൽ വിവാദമായ ഒരു ഗോളും.
അന്നേ ഗ്രൗണ്ടിൽ വെച്ച് കൈയാങ്കളിയുടെ വക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു.ഇത് പോരാത്തതിന് ആ വർഷത്തെ ശിവക്ഷേത്രത്തിലെ ഉത്സവത്തിന് അവരുടെ ക്ലാസ്സിലെ ചില പിള്ളേർ വന്നിരുന്നു. അന്ന് ഗ്രൗണ്ടിൽ കൊടുക്കാതെ വിട്ടത് ഇത്തവണ അവന്മാർ ഇരന്നു മേടിച്ചു.അത് പിന്നെ വള്ളിയായി ആ മൈരന്മാർ അന്ന് രാത്രി തന്നെ ബാക്കിയുള്ള പഹയന്മാരേം കൂട്ടി വന്ന് പ്രശ്നം ആകെ വഷളായി.ഒടുക്കം കൂട്ടത്തല്ലായിരുന്നു. വന്നവനും പോയവനും കണ്ടുന്നിന്നവന് വരെയും തല്ലുകിട്ടി.എന്നായാലും ആ അടിക്ക് അമലിന്റെ കയ്യൊടിഞ്ഞു, എന്റെ ചുണ്ട് പൊട്ടി,കാലിൽ നീരുവീണു, വിഷ്ണുവിന്
മാത്രം ഒരു ചുക്കും പറ്റിയില്ല. ആ തെണ്ടി എങ്ങനെയോ എല്ലാത്തിനും ഇടയിൽ നിന്ന് ഊരിപ്പോയി.അന്ന് വേദനകൊണ്ട് കാലും വലിച്ചാണ് വീട്ടിലേക്ക് കയറിയത്. കയറിയപാടെ എല്ലാംകൂടിയെന്നെ വളഞ്ഞിട്ട് കുടഞ്ഞു.അപ്പോഴാണ് വേറൊരു കാര്യം ഞാൻ അറിഞ്ഞത്:പ്രശ്നം തുടങ്ങിയത് മുതൽ ഗൗരിയേച്ചി എല്ലാം കണ്ടുകൊണ്ട് അവിടെയുണ്ടായിരുന്നത്രേ.
അടിപൊട്ടി എനിക്ക് ഓരോന്ന് കിട്ടുന്നത് കണ്ടതും പുള്ളിക്കാരി സ്പോട്ടിൽ ബോധംകെട്ട് വീണു.അന്ന് അച്ഛനെക്കാൾ കൂടുതൽ വഴക്കുപറഞ്ഞതും തല്ലിയതുമെല്ലാം ചേച്ചി തന്നെയായിരുന്നു.ഒടുക്കം അവൾ തന്നെ നീരുവെച്ച കാലിൽ മരുന്നിട്ട് തടവിതന്നു.ഓരോ ഒഴിയലിലും വേദനിച്ച് മുഖം മുറുക്കിയിരുന്ന എനിക്ക് കാവ്യ കുറെ ചോക്ലേറ്റ് കൊണ്ടുതന്നു. ഇവളിത് എവിടെ കൊണ്ടാണോ ഒളിപ്പിച്ചുവെക്കുന്നെ, ഞാൻ കൊറേ നോക്കാറുണ്ടെങ്കിലും ഒരു മിട്ടായി പോലും ഇന്നേവരെ കിട്ടിയിട്ടില്ല എന്നായാലും എന്റെ രണ്ടു പെങ്ങമ്മാരുടെ കരുതലിൽ ആ വേദനക്ക് അല്പം ശമനം കിട്ടി.
അങ്ങനെ ആ കണക്കെല്ലാം ഇരുകൂട്ടരുടെയും ഉള്ളിൽ ഉള്ളതുകൊണ്ട് ഇത്തവണത്തെ ടൂർണമെന്റ് എന്തുകൊണ്ടും ‘അടി’പൊളി ആയിരിക്കും.
***
ഞങ്ങൾ ഇടക്കൊക്കെ ഒന്നിച്ച് കളിക്കാറുള്ളതുകൊണ്ട് പ്രാക്ടീസിന്റെ ഫസ്റ്റ് ഡേ ആയിട്ടുപോലും എല്ലാവർക്കും നല്ലൊരു കോർഡിനേഷൻ തോന്നിയിരുന്നു. അമലാണ് ഞങ്ങളുടെ മെയിൻ സ്ട്രൈക്കർ. മച്ചാൻ ഇടയ്ക്ക് ഓഫ് സൈഡിൽ കേറിപ്പോകുമെന്നെ ഉള്ളൂ, ബാക്കിയെല്ലാം പൊളിയാണ്. ബോൾ എങ്ങനെയെങ്കിലും ഒന്ന് ബോക്സിൽ എത്തിച്ചു കൊടുത്താൽ മതി, ബാക്കി അവൻ നോക്കിക്കോളും.
വിഷ്ണുവാണ് മിഡ്‌ഫീൽഡ് ഭരണം. കളിയുടെ ടെമ്പോ കൺട്രോൾ ചെയ്യുന്നതും ഗ്യാപ്പ് നോക്കി പാസുകൾ വിതറുന്നതുമെല്ലാം അവന്റെ പണിയാണ്. ഞാൻ ലെഫ്റ്റ് വിങ്ങിലാണ്. ഗ്രൗണ്ടിൽ വിഷ്ണുവും ഞാനും തമ്മിൽ ഭയങ്കര കണക്ഷനാണ്. അത് മിക്കപ്പോഴും വർക്ക് ആകാറുമുണ്ട്. അവൻ ഇട്ടുതരുന്ന ത്രൂ ബോളുകൾ കണ്ണുംപൂട്ടി നിന്നാൽപ്പോലും എനിക്ക് കാലിലേക്ക് റിസീവ് ചെയ്യാൻ പറ്റും.റൈറ്റ് വിങ്ങിൽ മനുവാണ് ഉള്ളത്. അവൻ പക്കായൊരു ‘പേസ് അബ്യൂസർ’ ടൈപ്പാണ്. മച്ചാൻ ഒരുവട്ടം ഓട്ടം തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. സ്കൂളിലെ ഓട്ടമത്സരങ്ങൾക്കൊക്കെ കൊറേ പ്രൈസ് വാരിക്കൂട്ടിയ ഐറ്റമാണ് കക്ഷി.ഡിഫെൻസിൽ ശരത്തും ആര്യനും അനന്ദുവും കൂടെ അവിടെയൊരു മതിൽ തീർത്തോളും. ഞങ്ങളുടെ വല കാക്കാൻ അൻവറും റെഡിയാണ്.
പെട്ടെന്നാണ് സുജിത് സാർ ഇടയ്ക്ക് വിസിൽ മുഴക്കി കളി നിർത്തി ഗ്രൗണ്ടിലേക്ക് കയറിവന്നത്. പുള്ളി ടീമുകളെയൊന്ന് പൊളിച്ചെഴുതി. അറ്റാക്കിങ് ലൈൻ മുഴുവൻ ഒരു ടീമായി. ഞാനും വിഷ്ണുവും അമലും മനുവും പിന്നെ ബാക്കി ജൂനിയർസും ആ ടീമിൽ. ഡിഫൻസീവ് ലൈൻ മുഴുവൻ ഞങ്ങൾക്കെതിരെ മറുവശത്ത് അണിനിരന്നു. ശരത്തും ആര്യനും അനന്ദുവും പിന്നെ അന്ന് റോഡിൽ കിടന്ന് അടികൂടിയ ആ ജൂനിയർ പയ്യന്മാരും അടങ്ങുന്നതായിരുന്നു അവരുടെ ടീം.
