ഇതൊന്നും സ്വന്തം തന്തയുടെ മുഖത്ത്
നോക്കി പറയാൻ കഴിവില്ലാത്തത് കൊണ്ട് സാന്ദ്ര കണ്ണടച്ചിരുന്ന് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചു. വിളിച്ചാൽ വിളിപ്പുറത്താണ് മുത്തപ്പൻ.
അങ്ങനെ മുത്തപ്പൻ കാണിച്ചു തന്നതാണ് ഔസേപ്പച്ചനെ. പുള്ളിയുടെ വീട്ടിൽ നിന്നും സ്കൂളിലേക്ക് ദൂരം കുറച്ചു കൂടുതൽ ആണെങ്കിലും അങ്ങേരുടെ പെരുമാറ്റവും കരുതലും കണ്ടപ്പോൾ സാന്ദ്രയുടെ അച്ഛൻ അങ്ങ് സമ്മതിച്ചു. പത്തെഴുപത് വയസ്സുള്ളൊരു നസ്രാണി. കൂടെ തങ്കം പോലൊരമ്മച്ചിയും. രണ്ടാളും മോളെ നന്നായി നോക്കിക്കോളും എന്ന ഉറപ്പിന്മേൽ അച്ഛൻ തിരികെ പോയി.
അപ്പച്ചനും അമ്മച്ചിയും നല്ല തറവാടികളായിരുന്നു. വാക്ക് പാലിച്ചു. സാന്ദ്രയെ അവർ സ്വന്തം മോളെ പോലെ നോക്കി. മക്കളെല്ലാം ജോലിക്കായി അങ്ങിങ് ചിതറിക്കിടക്കുന്നത് കാരണം അവർക്കുണ്ടായിരുന്ന ഏകാന്തത അവളെ വെച്ചു പരിഹരിച്ചു.
സാന്ദ്ര ഒരു മിണ്ടാപ്പൂച്ച ആയിരുന്നു. അധികമാരോടും സംസാരിക്കാനോ തന്റെ കാര്യങ്ങൾ നേടിയെടുക്കാനോ കഴിവില്ലാത്തൊരു പെണ്ണ്. പരിചയമില്ലാത്തൊരാൾ സംസാരിക്കാൻ വന്നാൽ പോലും അവളുടെ തൊണ്ട വരളും. നാലാളു കൂടുന്നിടത്തു നിന്നാൽ മുട്ട് വിറക്കും. സൈക്കോളജിയിൽ ഇതിനെ സോഷ്യൽ anxiety എന്നൊക്കെ പറയുമെങ്കിലും കാരണവന്മാർക്കിതിനൊരേയൊരു പേരെയുള്ളു…. അച്ചടക്കം😌.
അതുകൊണ്ട് അധികം വൈകാതെ തന്നെ അടക്കവും ഒതുക്കവും ഉള്ളൊരു പെങ്കൊച്ച് എന്ന പേര് സാന്ദ്ര നേടിയെടുത്തു. പ്രദേശവാസികൾക്കെല്ലാം പ്രിയങ്കരിയായി. അവിടുള്ള പിള്ളേർക്കെല്ലാം ട്യൂഷൻ ടീച്ചറും ആയി…
സാന്ദ്രയും ആ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു. ആളുകളോട് ഇടപെടാനും സൗഹൃദം സ്ഥാപിക്കാനുമെല്ലാം ജന്മനാ ഉള്ള കഴിവുകേട് കാരണം അവൾക്ക് സിനിമയിലെല്ലാം പെണ്ണുങ്ങൾ ആഘോഷിക്കുന്നത് പോലെ ജീവിതം ആഘോഷിക്കാൻ ഒന്നും സാധിച്ചില്ലെങ്കിലും രണ്ടു മൂന്നു കൊല്ലം മുന്നേ അവൾ ജീവിച്ചിരുന്ന ജീവിതം വെച്ചു നോക്കുമ്പോൾ ഇത് സ്വർഗം തന്നെ ആയിരുന്നു…
അങ്ങനെ സമാധാനപൂർണമായി ജീവിതം മുന്നോട്ട് പോകുന്നതിനിടക്കാണ്
അപ്പച്ചനും അമ്മച്ചിക്കും ഹൈദരാബാദിൽ നിന്ന് വിളി വന്നത്. വിളിച്ചത് മൂത്ത മോൻ ആന്റണിയാണ്. അവന്റെ ഭാര്യ രണ്ടാമത് പ്രസവിച്ച് കിടക്കുകയാണ്. അവൾക്ക് ജോലിയുടെ എന്തോ ട്രെയിനിങ്ങിന് ആറു മാസത്തേക്ക് ദൂരെയെങ്ങാണ്ട് പോണം… പോയി വരുന്ന വരെ അവരുടെ രണ്ട് പിള്ളാരെയും നോക്കാൻ അമ്മച്ചിയും അപ്പച്ചനും വരണം.
ഔസേപ്പച്ചന് ആ പോക്ക് വലിയ പുത്തരിയൊന്നുമല്ല. മൂത്ത കൊച്ചിനെ നോക്കാൻ ഇതു പോലെ പോയി നിന്നിട്ടുണ്ട്. പക്ഷേ, അന്നത്തെ പോലെയല്ല ഇന്ന്. വീട്ടിൽ സാന്ദ്രയുണ്ട്. അവളെയെന്തു ചെയ്യും?
സാന്ദ്ര ഓണം വെക്കേഷന് നാട്ടിൽ പോയ സമയത്താണ് ആന്റണി വീട്ടിലെത്തി ഇക്കാര്യമവതരിപ്പിച്ചത്. പോകുന്ന പോക്കിന് തന്നെ രണ്ടാളെയും കൂടെ കൊണ്ടു പോകാൻ ആയിരുന്നു അവന്റെ plan.
“ശോ, ഞാനിത് ആ സാന്ദ്രക്കൊച്ചിനോടെങ്ങനെ പറയുമെടാ ആന്റണി…അവളിനി വേറെ വീട് നോക്കേണ്ടി വരത്തില്ലേ….”
അപ്പച്ചന്റെ സങ്കടം കണ്ട് അവനും വിഷമം തോന്നി.
“അത് സാരൂല്ലപ്പാ… സണ്ണി എന്തായാലും നാട്ടിലേക്ക് വരാനിരിക്കുവല്ലേ… അവനോട് കൊറച്ച് ദിവസം നേരത്തേ വരാൻ പറയാം…ഇവിടെ ആരും ഇല്ലെലല്ലേ ആ കൊച്ചിന് വേറെ സ്ഥലം നോക്കണ്ടി വരത്തുള്ളൂ…. അവനിവിടൊണ്ടെങ്കിൽ പിന്നെന്തു പ്രശ്നം?”
“ഹാ… തോന്ന്യാസം പറയുന്നോ… സാന്ദ്രക്ക് കല്യാണം ആലോചിക്കണ സമയമാ…നമ്മളവളെ കെട്ടുപ്രായം കഴിഞ്ഞു നിക്കണ അവന്റെ കൂടെ ഇവടെ നിർത്തിയേച്ചും പോയെന്നറിഞ്ഞാൽ അവക്കടെ വീട്ടുകാരെന്നാ പറയും…..?”
ആന്റണി പറഞ്ഞത് കേട്ടപ്പോൾ മറിയാമ്മക്കാണ് ചൊടിച്ചത്. പുള്ളിക്കാരിക്ക് കൊച്ചുങ്ങളെ നോക്കാൻ പോണത് തന്നെ വെല്ല്യ ഇഷ്ടമല്ല..
“ഹാ… അതിപ്പോ അവരെങ്ങനെ അറിയാനാ… അവരു വയനാട്ടിൽ നിന്ന് ഇവടെ വരെ വന്ന് ചെക്ക് ചെയ്യോ? നിങ്ങളൊരു ആറു മാസം കൊണ്ടിങ്ങു വരില്ലേ… പിന്നെന്നാ?”
