“അവടെ നല്ല വെടിയിറച്ചി കിട്ടില്ലേ?”
‘ആ പുല്ല്!!!’
സാന്ദ്രക്ക് ചിരിയാണ് വന്നത്… ‘വെടിയിറച്ചി നിയമവിരുദ്ധമല്ലാത്ത കാലത്തെങ്ങാണ്ട് നാട് വിട്ടവനാണ് കക്ഷി 😂….’
അവൾ ഊറിച്ചിരിക്കുന്നത് കണ്ട് അവനും ചിരിച്ചു.
“ചുമ്മാ ചോദിച്ചതാ… ടീച്ചറിതും പറഞ്ഞ് എന്നെ ഫോറെസ്റ്റുകാർക്കിട്ട് കൊടുക്കരുത്… ”
“ഇല്ലാ…. 😌”
സിറ്റുവേഷൻ ഒന്ന് ലൈറ്റ് ആയത് പോലെ തോന്നി സാന്ദ്രക്ക്. സണ്ണി പിന്നെയും ഒന്നു രണ്ട് ചോദ്യങ്ങളൊക്കെ ചോദിച്ചു. രണ്ടു പേരും ഒരു സംഭാഷണം മുന്നോട്ട് കൊണ്ട് പോകാൻ അത്ര മിടുക്കരല്ലാത്തത് കൊണ്ട് കൂടുതൽ സമയവും നിശബ്ദതയായിരുന്നു. അപ്പോഴേക്കും അവളുടെ ട്യൂഷൻ പിള്ളേർ വന്നു. സണ്ണി അകത്തോട്ടു വലിഞ്ഞു.
അമ്മച്ചി പോയതോടെ കുക്കിങ് ഒറ്റക്ക് ചെയ്യണം എന്നൊരു ഗതികേട് കൂടി സാന്ദ്രക്കുണ്ട്. അവളുടെ കയ്യിലാണെങ്കിൽ ഒരു ഇൻഡക്ഷൻ കുക്കർ മാത്രമേയുള്ളു. രാത്രിയിലേക്കുള്ളതും അടുത്ത ദിവസം രാവിലേക്കുള്ളതും അതിൽ വെച്ച് തട്ടിക്കൂട്ടി ഉണ്ടാക്കി. ഉച്ചക്ക് സരിതയുടെ ഫുഡ് കഴിക്കാമെന്ന് വെച്ചു.
“എടി, ഫുഡ് തരത്തില്ലെങ്കി അതിനൊള്ളത് റെന്റിൽ നിന്ന് കുറക്കുമെന്ന് പറഞ്ഞേക്കണം കേട്ടോ….”
സരിത അവളെ ഇടക്കിടക്ക് ഓർമിപ്പിച്ചു. പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലെന്ന് സരിതക്ക് തന്നെ അറിയാം. സാന്ദ്രക്ക് ഇതൊക്കെ തന്റേടത്തോടെ പറയാനുള്ള കഴിവൊന്നും ഇല്ല.
എന്തായാലും ഒരാഴ്ച്ചത്തേക്കുള്ള പച്ചക്കറിയും മറ്റും വാങ്ങിയാണ് അവളന്ന് വൈകുന്നേരം പോയത്…
“ആഹാ… താൻ കുക്ക് ചെയ്യുവോ.. എന്നാ പിന്നെ ഞാനിങ്ങനെ പൊറത്തൂന്ന് കഴിച്ച് മെനക്കേടണ്ടല്ലോ. ഇനിത്തൊട്ട് ഒരാൾക്കൂടെ ഉള്ളത് എക്സ്ട്രാ ഒണ്ടാക്കണേ….”
രണ്ടു കയ്യിലും പച്ചക്കറിയും തൂക്കിപ്പിടിച്ചു നിൽക്കുന്ന തന്നെ നോക്കി സണ്ണി പറഞ്ഞത് കേട്ട് സാന്ദ്ര
തിരിച്ചൊരു പിണ്ണാക്കും പറയാതെ തലയാട്ടി.
“ആ തേങ്ങ…. ഇതിപ്പോ നീയങ്ങേരുടെ കുശിനിക്കാരിയായോ……. വാടക കൊറച്ചേ തരൂ എന്ന് പറയാനല്ലെടി പരട്ടേ നീ പോയത്? ”
“സാരല്ലെടി…. 🥲🥲… ഫുഡ് അല്ലേ… അതിനൊക്കെ കണക്ക് പറയാവോ?”
“സാന്ദ്രേ…. ഒരു നേരത്തെ ഫുഡ് ആണേൽ പോട്ടെ…. ഇതാ കാട്ടുപോത്ത് എത്ര കാലം ആ വീട്ടിലൊണ്ടാകുവോ അത്ര കാലം നീ കൊടുക്കേണ്ടി വരും. ഓരോ ബാധ്യതകൾ….”
സരിത പറയുന്നത് ശരിയാണെന്നു സാന്ദ്രക്കുമറിയാം…
“എന്നാ പിന്നെ നീയൊന്ന് വന്ന് സംസാരിക്ക് 😞…. അന്ന് അപ്പച്ചനോട് എനിക്ക് ചിക്കന്റെ കരൾ ഇഷ്ടമല്ലെന്ന് പറഞ്ഞില്ലേ അത് പോലെ ഒരു hint കൊടുത്താ മതി…”
“പ്ഫാ…..”
സരിതയുടെ ആട്ട് നാല് മേശക്കപ്പുറമിരുന്ന ശന്തനു സാർ വരെ കേട്ടു. അങ്ങേർക്ക് പണ്ടേ സരിതയെ കണ്ടൂടാ…. വിവാഹിതനും രണ്ട് പിള്ളേരുടെ തന്തയുമായ ശന്തനു പണ്ട് സാന്ദ്രയെ വളക്കാനൊരു ശ്രമം നടത്തിയിരുന്നു… അതിനു തടയിട്ടത് സരിതയാണ്. അതോടെ സരിതയെന്ന് കേട്ടാൽ മൂപ്പർക്ക് അസ്കിതയാണ്.
എന്തായാലും സ്കൂളിൽ പിള്ളേരുടെ പിറകേ ഓട്ടവും വീട്ടിലെത്തിയാൽ ട്യൂഷനും അതിനിടക്ക് പാചകവുമായി സാന്ദ്ര ടീച്ചർ വല്ലാതങ്ങു ക്ഷീണിച്ചു. ഇനീപ്പോ കാലൻ അങ്ങ് മേലോട്ട് കൊണ്ട് പോകാൻ വന്നു നിൽക്കുകയാണെങ്കിൽ പോലും ആരേലും എന്തേലും വന്ന് ചോദിച്ചാൽ ചെയ്ത് കൊടുക്കും സാന്ദ്ര. മനസ്സിന്റെ നന്മ കൊണ്ടല്ല…. No പറയാനുള്ള കഴിവില്ലാത്തത് കൊണ്ടാണ്.
അങ്ങനെ ഒന്നു രണ്ടു മാസങ്ങൾ കടന്നു പോയി….. സണ്ണിയെ കാണുന്നതിലുള്ള awkwardness ഒഴിവാക്കാനായി സാന്ദ്ര അതിരാവിലെ എണീറ്റ് താഴെ അടുക്കളയിൽ വന്നു ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഉണ്ടാക്കി വെച്ച് അവനെണീക്കുന്നതിനു മുന്നേ അടുക്കളയിൽ നിന്നു പോകും.
വൈകുന്നേരം അവനില്ലാത്ത നേരം നോക്കി വല്ലതും ഉണ്ടാക്കി വെച്ച് മുകളിലേക്കോടും.
അവളുടെ ഈ സ്വഭാവം ഏറെക്കുറെ മനസ്സിലായത് കൊണ്ട് അവൾ അടുക്കളയിൽ ഉള്ള സമയത്തൊന്നും സണ്ണി പുറത്തിറങ്ങില്ല. ലോകത്തൊരു പിജി യും ഓണർക്ക് ഫുഡ് ഉണ്ടാക്കിക്കൊടുത്ത് വീണ്ടും അതിന്റെ പൈസയുമടച്ചു ജീവിക്കേണ്ടി വന്നിട്ടില്ല എന്ന് അവനറിയാം. എന്നിട്ടും ഇവളെന്തു കൊണ്ട് no പറയാതെ ഇങ്ങനൊരു ദുരന്തം സഹിക്കുന്നു എന്നായിരുന്നു അവന് മനസ്സിലാകാത്തത്.
