“ എനി മോൻ കുടിക്ക്.. “ ബോട്ടിൽ ജിനുവിന് നേരെ നീട്ടി.
“ എനിക്ക് വേണ്ട.. ദാഹം ഇല്ല.. “ ജിനു പറഞ്ഞു.
“ കൊറച്ചു കുടിക്ക് മോനെ.. “ അയാൾ വീണ്ടും നിർബന്ധിച്ചു.
ഒടുവിൽ ജിനു ഒരു കവിള് വെള്ളം കുടിച്ച് ബോട്ടിൽ തിരികെ നൽകി.
ശേഷം അവരെല്ലാം ക്യാന്റീനിലേക്ക് ചെന്നു. ഇരുവർക്കും കഴിക്കാൻ മസാല ദോശയും, കാപ്പിയും മേടിച്ചു കൊടുത്തു.
“ ചേട്ടൻ കഴിക്കുന്നില്ലേ..? “ ജിനു ചോദിച്ചു.
“ ഞാൻ കഴിച്ചതാ.. “ അയാൾ മറുപടി നൽകി.
ജിനുവും, ഷിജുവും അല്പാൽപ്പം കഴിച്ച് തുടങ്ങി.
“ എല്ലാവരും ആകെ കൺഫ്യൂഷനിലാ.. ഒരാഴ്ചക്കുള്ളിൽ കൂട്ടുകാർക്കൊക്കെ ഇങ്ങനെ സംഭവിക്കാന്ന് വച്ചാൽ..? പോലീസിനും ഇപ്പൊ എന്തൊക്കെയോ സംശയങ്ങളൊക്കെ ഉണ്ട്.. “
“ എന്ത് സംശയം..? “ ജിനു ഭയത്തോടെ ചോദിച്ചു.
“ നിങ്ങളെല്ലാം കൂടെ ഒപ്പിച്ച വല്ല എടാകൂടത്തിന്റെ തിരിച്ചു പണിയാണോ ഇതെന്നാ സംശയം..? ഷിജു പോലീസിന്റെ റെടാറിലുണ്ട്. വൈകാതെ നീയും ആ ലിസ്റ്റിൽ വരും. “ അയാൾ ജിനുവിനെ നോക്കി പറഞ്ഞു.
“ ഞാൻ എങ്ങനെ ഈ.. തിൽ പെടും…? “ ജിനു ഭയത്തോടെ ചോദിച്ചു.
“ നിങ്ങളൊക്കെയല്ലേ കൂട്ടുകാര്.. “
“ അല്ല.. ഞാൻ ഇവർടെ അത്ര അടുത്ത കൂട്ടുകാരൊന്നും അല്ല.. കൂടെ പഠിക്കുന്നെ ഉള്ളു.. “ ജിനു വിറച്ചുകൊണ്ട് പറഞ്ഞു.
“ അല്ല.. മോൻ ഇത്ര പേടിക്കുവൊന്നും വേണ്ട.. ഞാൻ ജസ്റ്റ് പറഞ്ഞെന്നെ ഉള്ളു. “ അയാൾ സമാധാനമായി പറഞ്ഞു.
പെട്ടന്ന് ജിനു കസേരയിൽ നിന്ന് എഴുന്നേറ്റു.
“ എന്ത് പറ്റിയെടാ..? നീ മുഴുവൻ കഴിച്ചില്ലല്ലോ..? “ അയാൾ സംശയത്തോടെ ചോദിച്ചു.
“ ഞാൻ ബാത്‌റൂമിൽ പോയിട്ട് വരാം.. “ പേടികൊണ്ട് അവന് ടോയ്ലറ്റിൽ പോകാൻ മുട്ടി.
“ എന്നാ മോൻ വേഗം പോയിട്ട് വാ.. “ അയാൾ മറുപടി നൽകി. ജിനു ഉടനെ ടോയ്ലറ്റ് ലക്ഷ്യം വച്ചു നടന്നു.
ഷിജു ഇപ്പഴും എന്തോ ചിന്തിച്ചുകൊണ്ട് ദോശ കഴിക്കുകയാണ്.
“ മോനെ ആ ഫോണോന്ന് തരുവോ..? “ അയാൾ ചോദിച്ചു.
“ എന്തേ..? “ ഷിജു ചോദിച്ചു.
“ ഒന്ന് വീട്ടിലേക്ക് വിളിക്കാനാ..? എന്റെ ഫോൺ ചാർജ് കഴിഞ്ഞ് ചത്ത് കിടക്കുവാ.. “ അയാൾ നിഷ്കളങ്കമായി പറഞ്ഞു.
ഷിജു കൂടുതൽ ഒന്നും പറയാതെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊടുത്തു.
“ താങ്ക്യൂ മോനെ.. താങ്ക്യൂ.. “ അയാൾ ഫോൺ മേടിച്ച് ഡയൽ ചെയ്തു.
“ ആ.. അമ്മേ.. ഇത് ഞാനാ. സതീശൻ.. ഇത് വേറെ ആൾടെ നമ്പറാണ്.. “ അയാളുടെ സംസാരം ഒരുപാട് നേരം നീണ്ടു നിന്നു. ഈ സമയം ഷിജു ഭക്ഷണം കഴിച്ചു കഴിഞ്ഞു.
“ ചേട്ടാ ഞാൻ കൈ കഴുകിയേച്ച് വരാം. “ ഷിജു ബാത്‌റൂമിലേക്ക് ചെന്നു. കൈയ്യൊക്കെ കഴുകി തിരികെ വന്നു. ഈ സമയം ടോയിലറ്റിൽ നിന്ന് ജിനുവും പുറത്തു വന്നു.
“ എടാ.. അങ്ങേര് പറഞ്ഞപോലെ പ്രശ്നം ആവുമോ..? “ ജിനു ഇപ്പഴും പേടിച്ചു തന്നെയാണ് നിൽപ്പ്.
“ നീ ഒന്നും പേടിക്കണ്ട.. ഒരു സീനും ഉണ്ടാവില്ല.. “ ഷിജു എന്തോ മനസ്സിൽ കുറിച്ച് കൊണ്ട് പറഞ്ഞു.
തിരികെ ഭക്ഷണം കഴിച്ച ടേബിളിന്റെ അരികിൽ വന്നപ്പോൾ ചേട്ടനെ അവിടെ കണ്ടില്ല.
“ അങ്ങേര് എവിടെ..? “ ജിനു ചോദിച്ചു.
“ അറിയില്ല.. ഇവിടെ ഉണ്ടായിരുന്നതാ.. എന്റെ ഫോണ് പുള്ളീടെ കൈയ്യിലാ.. “ ഷിജു വെപ്രാളത്തോടെ പറഞ്ഞു.
ഉടനെ ഇരുവരും ക്യാന്റീനിലെ കൌണ്ടറിലേക്ക് ചെന്നു. “ ചേട്ടാ ഞങ്ങടെ കൂടെ ഉണ്ടായിരുന്ന ഒരു കറുത്ത ഷർട്ട് ഇട്ട ആളെ കണ്ടോ..? “
“ പുള്ളി ബില്ലും അടച്ച് ഇപ്പൊ താഴോട്ട് പോയെ ഉള്ളു.. “ സ്റ്റാഫ് മറുപടി നൽകി.
ഷിജു ഉടനെ പുറത്തേക്ക് ചെന്നു.
“ അയാള് എന്റെ ഫോണും എടുത്ത് എവിടെ പോയി..? “ ഷിജുവിന് നല്ല പോലെ ദേഷ്യം വന്നു. ജിനുവും പിന്നാലെ ചെന്നു.
അപ്പഴാണ് പാർക്കിങ്ങിൽ നിന്ന് ബൈക്കും എടുത്ത് അയാൾ പോകുന്നത് കണ്ടത്.
“ ടാ.. വണ്ടി നിർത്തെടാ.. “ ഷിജു ഉറക്കെ വിളിച്ചു.
അയാൾ തിരിഞ്ഞു നോക്കി. ഇരുവരെയും മുഖത്ത് നോക്കി ചെറുതായി ചിരിച്ച ശേഷം വണ്ടി മുന്നോട്ടെടുത്തു.
“ ഇയാൾ ആരാ..? വിഷ്ണുവിന്റെ ബന്ധു അല്ലെ അപ്പൊ..? “ ജിനു സംശയത്തോടെ ചോദിച്ചു.
“ ബന്ധുവും അല്ല.. ഒരു പറിയും അല്ല.. ഇയാളെ പിടിച്ചാൽ.. ഇതുവരെ നടന്നതിന്റെയെല്ലാം ഉത്തരം കിട്ടും. “ ഷിജു ഉടനെ പാർക്കിങ്ങിൽ ചെന്ന് തന്റെ ബൈക്കെടുത്തും, പിന്നിൽ ജിനു ഇരുന്നു. ഷിജു മനസ്സിലെ ദേഷ്യം കൂട്ടി വണ്ടി കത്തിച്ചു വിട്ടു.

Continue cheyyanam stop cheyyaruthu