അന്നത്തെ ദിവസം ഞാൻ തനിയെ ആണ് കിടന്നുറങ്ങിയത്. ദേവുവും അഞ്ജലിയും ശ്രുതിയും വന്നിരുന്നെങ്കിലും ഞാൻ അവരോടു അന്നെനിക്കു തനിയെ കിടക്കണം എന്ന് ആവശ്യപ്പെട്ടു.
അടുത്ത ദിവസം എഴുന്നേറ്റ് ഓരോരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. ഉച്ചയായിട്ടും മീരച്ചേച്ചിയെ അവിടെയെങ്ങും കാണാനില്ല.
ഞാൻ വീടിനു ചുറ്റും ചുമ്മാ നടക്കുന്ന പോലെ നടന്നു, പക്ഷേ മീരച്ചേച്ചിയെ കാണാനായിരുന്നു ആ നടത്തം. മൈൻഡ് ചെയ്യണ്ട, പക്ഷേ ആ മുഖത്തിന്റെ ദർശനം മാത്രം ഒന്നു കിട്ടിയാൽ മതിയായിരുന്നു, എവിടെയും കാണാനില്ല.
ഞാൻ ദേവുവിനെ സമീപിച്ചു.
“മീരച്ചേച്ചി എവിട ഇന്നു കണ്ടേ ഇല്ലല്ലോ?”
ഞാൻ സാധാ പോലെ ചോദിച്ചു.
“അവള് ബാംഗ്ലൂർക്കു തിരിച്ചു പോയല്ലോ….”
ഞാൻ ഒന്നു സ്തംഭിച്ചു, ശ്വാസം എടുക്കാൻ പറ്റുന്നില്ല, നെഞ്ചിലാകെ ഭാരം കയറുന്ന പോലെ.
“ഇനി തിരിച്ചു വരവ് എപ്പോഴാണെന്നു ഉറപ്പിച്ചു പറഞ്ഞില്ല, ഒന്നോ രണ്ടോ അതിൽ കൂടുതൽ ആഴ്ചകൾ എടുക്കാം എന്നു പറഞ്ഞേ.”
“പോവാനെന്താ കാരണം പറഞ്ഞേ?”
ഭാരമേറിയ ശബ്ദവുമായി ഞാൻ അവളോടു ചോദിച്ചു.
“എന്തോ വർക്കിന്റെ അത്യാവശ്യത്തിനായി പോകുവാന്നു
പറഞ്ഞേ.”
എനിക്കതു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
കള്ളം, പച്ചക്കള്ളം.
അവളെന്നെ വെറുക്കുന്നു, എന്റെ മുഖം കാണുന്നതു പോലും അവൾക്കിഷ്ടമല്ല.
എന്നെ കാണാതെ ഇരിക്കാൻ പോയതാ.
എന്റെ മനസ്സിൽ ഓരോരോ കാരണങ്ങൾ ഉരുണ്ടു കയറി വന്നുകൊണ്ടിരുന്നു.
ആകെ ഒരു വല്ലായ്മ.
ഞാൻ അവളുടെ മുമ്പിൽ നിന്നും നടന്നു നീങ്ങി.
പോകുന്ന വഴി മീരച്ചേച്ചിയുടെ മുറിയിൽ കയറി , അവളെ വിശ്വസിക്കാൻ പറ്റുല്ല, ചിലപ്പോൾ എന്നോടു കള്ളം പറഞ്ഞതാണെങ്കിലോ?
നോക്കുമ്പോൾ വൃത്തിയായി വിരിച്ചിട്ടിരിക്കുന്ന കിടക്ക, സൈഡിൽ ബാഗുകൾ ഒന്നും കാണാനില്ല. ആ കട്ടിലിലായി മീരച്ചേച്ചിയുടെ അഴിച്ചിട്ടിരിക്കുന്ന ഉടുപ്പു മാത്രം. സൈഡിലെ കസേരയിൽ നനഞ്ഞ ഒരു തോർത്തും വിരിച്ചിട്ടിരിക്കുന്നതു കണ്ടു.
മനസ്സിലായി, അവൾ പറഞ്ഞതു കള്ളമല്ല, അവൾ പോയിരിക്കുന്നു.
അവസാനമായി ഉടുത്തിട്ടു അഴിച്ചിരിക്കുന്ന വസ്ത്രം.
എനിക്കെന്തോ നെഞ്ചത്തു കത്തി കുത്തി ഇറക്കുന്ന വേദന, ആകെ തളർന്നു പോകുന്നു.
ഞാൻ പതുക്കെ ആ ബെഡ്ഡിലേക്കിരുന്നു, അഴിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങൾ എടുത്തു മണത്തു.
മീരച്ചേച്ചിയുടെ ഗന്ധം, ആദ്യമായി വന്ന ദിവസം മീരച്ചേച്ചി കുളിച്ചിറങ്ങിയപ്പോൾ കിട്ടിയ അതേ റോസാപ്പൂവിന്റെ മണം.
ഞാൻ ആ വസ്ത്രം നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ട് പൊട്ടിക്കരയാൻ ആരംഭിച്ചു.
ഞാൻ മനസ്സിൽ പലവട്ടം മാപ്പു പറഞ്ഞു.
“സോറി ചേച്ചി, എന്നോടു ക്ഷമിക്കൂ, പറ്റി പോയി.”
മനസ്സിൽ പറഞ്ഞിട്ടെന്താ കാര്യം, നേരിട്ടു വേണ്ടായിരുന്നോ പറയാൻ.
ഞാൻ കരച്ചിൽ നിർത്തി.
നേരെ എഴുന്നേറ്റ് മുകളിലെ കോണിലെ മുറിയിലേക്കു പോയി, അവിടെ അമ്മാവന്മാർ കൊണ്ടുവന്നു വെച്ച കുപ്പികളിൽ ഒരെണ്ണം എടുത്ത് അണ്ണാക്കിലേക്കു കമഴ്ത്തി.
നെഞ്ചെരിയുന്നുണ്ടായിരുന്നു, വായിൽ എന്തോ ആളുന്ന പോലെ, മൂക്കിൽ നിന്നും തീ പോകുന്ന പോലെ, തൊണ്ടയാകെ കയ്പ്പു
രസം, കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
നിർത്തിയില്ല.
കുപ്പി പാതിയോളം കുടിച്ചിരുന്നു.
ചുണ്ടുകൾ കൈ കൊണ്ട് തുടച്ചു, കുപ്പി അവിടെ തിരിച്ചു വെച്ചു മുറി ലക്ഷ്യമാക്കി നടന്നു.
മനസ്സിൽ മീരച്ചേച്ചിയോടുള്ള സ്നേഹം മാറി മുഴുവൻ ദേഷ്യമായി.
“അവളില്ലെങ്കിൽ എനിക്കു ചുക്കാണ്” ഞാൻ മനസ്സിൽ ദേഷ്യത്തോടെ പറഞ്ഞു.
മുറിയിൽ കയറി മേശയിൽ ഇരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു കത്തിച്ചു വലിച്ചു.
ഞാൻ ഫോൺ എടുത്ത് മീരച്ചേച്ചിയെ വിളിച്ചു. എടുക്കുന്നില്ല, പിന്നെയും പിന്നെയും വിളിച്ചു, എടുക്കുന്നില്ല.
മനസ്സു ശാന്തമാക്കാൻ നോക്കിയെങ്കിലും ദേഷ്യം ഇരട്ടിച്ചുകൊണ്ടിരുന്നു.
പെട്ടന്നു പുറകിൽ നിന്നും തോളിലേക്ക് ഒരു കൈ വന്നു തൊട്ടു.
പെട്ടെന്നുള്ള ദേഷ്യത്തിൽ എടുത്തു കത്തിച്ചതാണ്, സ്ഥലകാല ബോധം ഉണ്ടായിരുന്നില്ല.
ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി.
